Saturday, 12 August 2017

സർഗോത്സവനിറവിൽ* *നാം ആതിഥ്യരാകുമ്പോൾ,* *ചില ആലോചനകൾ പങ്കിടുന്നു / അസ്ലം മാവില

*സർഗോത്സവനിറവിൽ*
*നാം ആതിഥ്യരാകുമ്പോൾ,*
*ചില ആലോചനകൾ പങ്കിടുന്നു*
_______________

അസ്ലം മാവില
_______________

,ഉമ്മയുടെ വയ്യായ്ക കാരണം വാട്ട്സ്ആപ്പിൽ നിന്ന് മാറിയതാണ്. ദീനമിപ്പോളൽപം മെച്ചപ്പെട്ടു. എല്ലാവരുടെയും സ്നേഹവായ്പിനും അകമഴിഞ്ഞ പ്രാർഥനയ്ക്കും  കടപ്പാടുണ്ട്.  

വളരെ വ്യത്യസ്തമായൊരു  സർഗോത്സവത്തിന് ഇന്ന് പട്ല സ്കൂൾ   ആതിഥ്യമരുളുകയാണ്. വിദ്യാരംഗം കാസർകോട് സബ് ജില്ലാ സർഗോത്സവം.

യു.പി. , ഹൈസ്കൂൾ തലത്തിലെ കലാ-സാഹിത്യാഭിരുചിയുള്ള കുട്ടികളുടെ പണിപ്പുരയാണ് ശരിക്കും ഇന്നത്തെ സർഗോത്സവം. കഥ, കവിത, ചിത്രരചന, നാടൻപാട്ട് തുടങ്ങി 6 ഇനങ്ങളിൽ നടക്കുന്ന വർക്ക്ഷാപ്പുകളിൽ നിന്ന്, മികച്ച പ്രതിഭകളെ കണ്ടെത്തുവാനാണീ സർഗോത്സവം, ഒപ്പം മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും കലയുടെയും എഴുത്തിന്റെയും ചിന്തയുടെയും സർഗ്ഗവാസനകളുടെയും പുതിയ അനുഭവങ്ങൾ ഈ പണിപ്പുരകൾ പ്രദാനം ചെയ്യും. സർഗ്ഗ ലോകത്തെ  പുതിയ വായനയും ചിന്തയും പകുത്തും പങ്കിട്ടുമായിരിക്കും ഇന്ന് നമ്മുടെ സ്കുൾ അങ്കണത്തിൽ എത്തുന്ന കുഞ്ഞു അതിഥികൾ തിരിച്ച് പോവുക. ഭാഷയുടെ ഈ ഉപാസകരെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.

പട്ല സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം സംരംഭങ്ങളും സാഹിത്യോത്സവങ്ങളും പുതുതലമുറയിൽ  സാംസ്കാരിക ചലനങ്ങൾക്ക് വഴിയൊരുക്കും;  ചാലകശക്തിയായി മാറും.
അതിനുള്ള പ്രതലവും പശ്ചാത്തലവുമൊരുക്കലാകട്ടെ ഇന്നത്തെ സർഗോത്സവം.

വരും മാസങ്ങളിൽ നമ്മുടെ സ്കൂൾ കേന്ദ്രീകരിച്ചു കൊണ്ട് എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ വാതായനങ്ങൾ തുറക്കാനുള്ള ദീർഘകാല പദ്ധതികൾക്കാണ് സ്കൂൾ അധ്യാപകരും നാട്ടിലെ സാംസ്കാരിക പ്രവർത്തകരും പൂർവ്വ വിദ്യാർഥികളും കൂട്ടായാലോചിച്ച് തുടക്കമിടാൻ ഉദ്ദേശിക്കുന്നതെന്ന് കൂടി സാന്ദർഭികമായി സൂചിപ്പിക്കുന്നു. റീeഡഴ്സ് തിയേറ്ററിനെപ്പോലുള്ള കൂട്ടായ്മകൾ ഈ വിഷയത്തിൽ കാണിക്കുന്ന ഉത്സാഹവും അവരുടെ ഭാഗത്ത് നിന്നുള്ള ക്രിയേറ്റിവ് ഇനീഷിയേറ്റീവ്സും  ഏറെ ശ്ലാഘനീയമാണ്.

ഓരോ  മാസവും  വിവിധ സാഹിത്യ ശാഖകളിൽ അറിവും അനുഭവവുള്ളവരെ പങ്കെടുപ്പിച്ച്, നമ്മുടെ സ് സ്കൂളിൽ നിന്നും 7, 8, 9 ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി നടത്താനുദ്ദേശിക്കുന്ന LIT - VISION പദ്ധതി,  ഭാഷയിലും സാഹിത്യത്തിലും കലയിലും താത്പര്യമുള്ള സഹൃദയരുടെ പിന്തുണയുണ്ടെങ്കിൽ ദീർഘകാലം മുന്നോട്ട് കൊണ്ട് പോകുവാനും സർഗ്ഗ സിദ്ധിയുള്ള ഒരു ക്രിയേറ്റിവ് ജനറേഷന്റെ നിത്യസാന്നിധ്യമൊരുക്കുവാനും നമുക്ക് സാധിക്കും. അവരെ പാകപ്പെടുത്തിയെടുക്കുവാനുള്ള  നല്ല അധ്യാപകവൃന്ദം നമ്മുടെ പള്ളിക്കൂടങ്കണത്തിൽ ഉണ്ടെന്നതും ഏറെ പ്രതീക്ഷ നൽകുന്നു.

സാംസ്കാരിക പട്ലയുടെ ഗതകാല ചരിത്രം നമ്മുടെ ഓർമ്മയിലുണ്ടല്ലോ. തികച്ചും ക്രിയാത്മകമായ ഒരു തൂവൽ സ്പർശം  പൊയ്പ്പോയ മനസ്സുകളിലും മനീഷികളിലും പൊയ്പ്പോകാതെ ഉണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ നമ്മുടെ അലസതയുടെയും അലംഭാവത്തിന്റെയും വേദനയും വേപഥുവും നമുക്കുണ്ട് താനും. അത് make up ചെയ്യാനെങ്കിലും വീണു കിട്ടുന്ന സന്ദർഭങ്ങൾ ഒഴിവാക്കരുത്. ഈ ഒരു ഭൂമികയിൽ നിന്നായിരിക്കണം നമ്മുടെ സാംസ്കാരിക മുന്നൊരുക്കങ്ങൾക്ക് തുടക്കമിടേണ്ടത്.

ഇന്ന് നടക്കുന്ന സർഗോത്സവത്തിന് കാസർകോടിന്റെ  വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്ന്  വന്നെത്തുന്ന പ്രതിഭകൾക്കും അവരുടെ അധ്യാപകർക്കും നമ്മുടെ സ്കൂളന്തരീക്ഷവും എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് നേടിയെടുത്ത നമ്മുടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും നേരിട്ട് കാണുവാൻ ഇന്നത്തെ സർഗോത്സവം വഴിയൊരുക്കുമെന്നതും കൂട്ടത്തിൽ പറയട്ടെ.

ഭാവുകങ്ങൾ - പുതു തലമുറയിലെ കുഞ്ഞു കലാകാരന്മാർക്കും സാഹിത്യ വിദ്യാർഥികൾക്കും, നാം, പട്ലക്കാർ, നല്ല ആതിഥ്യരാകാം.
_____________________
Rtpen.blogspot.com

No comments:

Post a Comment