Thursday, 9 August 2018

ജിദ്ദയിലെ പ്രവാസം, ഒരോര്‍മ്മ! / അസീസ്‌ പട്ള

ജിദ്ദയിലെ പ്രവാസം, ഒരോര്‍മ്മ!*

അസീസ്‌ പട്ള

തൊണ്ണൂറ്റി രണ്ടു തൊണ്ണൂറ്റി മൂന്നു കാലഘട്ടത്തില്‍  ജിദ്ദ - അല്‍-സലാമ ഡിസ്ട്രിക്ടില്‍ താമസിച്ചുരുന്ന കാലം എല്ലാവരും മലപ്പുറത്തുകാര്‍, ഞാന്‍ മാത്രം ഒരു കസറഗോട്കാരന്‍, അങ്ങിനെ തിലകന്‍റെ ടയലോഗ് പോലെ ഞാന്‍
 “മൂര്‍ഖന്‍ പാമ്പിന്‍റെ കൂട്ടില്‍ കിടക്ക്ണ അണലി പോലെയായി”

ഉംറ വിസയില്‍ ഉള്ള ഒരു ബീരാന്‍കുട്ടി ആയിരുന്നു ഞങ്ങളുടെ പാചകക്കാരന്‍ അത് കൊണ്ട് തെന്നെ കൂടുതല്‍ സമയവും ഫ്ലാറ്റില്‍ തെന്നെ കാണും, പുറത്തിറങ്ങിയാല്‍ പോലീസ് പിടിക്കുമെന്ന ഭയം കൂടാതെ അറബി ഭാഷ വല്ല്യ പിടിയുമില്ല നാട്ടില്‍ വലീയ കുക്ക് ആയിരുന്നു വല്യ ഹോട്ടലില്‍ പണി എടുത്തിട്ടുണ്ടെന്നും സ്വന്തമായി ചെറിയ ചായക്കട ഉണ്ടായ വിവരമൊക്കെ തരാം കിട്ടുമ്പോഴൊക്കെ വച്ച് കാച്ചും, എന്നാലും നല്ല കൃത്യനിഷ്ടത ഉള്ള ആളായിരുന്നു.

പറയുമ്പോ പറയണല്ലോ, ഈ പെരുമ പറഞ്ഞതിന്‍റെ ഗുണം ഒന്നും ഫുഡില്‍ കാണാനുണ്ടായിരുന്നില്ല, ഒട്ടു മിക്ക ദിവസവും പാലക്ക് ഇല കൊണ്ട് കഞ്ഞി വെള്ളത്തില്‍ ഒരു താളിച്ചലും  ചിരങ്ങ കൊത്തിയരിഞ്ഞു ഒരു തൂമ്പിച്ചലും പിന്നേ ഒരു പൊരിയും, വല്ലപ്പോഴും ഒരു പപ്പടം. വെള്ളിയാഴ്ചയായാല്‍ പള്ള നെറച്ചും ബിരിയാണിയും പായിസവും!

നാട്ടില്‍ അത്യാവശ്യം നല്ല നിലയില്‍ വളര്‍ന്ന ചെര്‍ക്കനാ സാദിഖ്, ഡിഗ്രി പാസായപ്പോള്‍ കാരണവരു സൈദ്ക്ക അയാള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ കയറ്റി, താമസം ഞങ്ങളുടെ കൂടെ, ഭക്ഷണവും ചുറ്റുപാടും പിടിച്ചു വരുന്നതെയുള്ളു..  അന്ന് ചിക്കന്‍ കറി ഇത്തിരി കുറുകിയതോ അതോ  തെങ്ങാപ്പോടിയുടെ അളവ് കുറഞ്ഞതോ എന്തോ.. സാദിഖിനു നന്നായി തോന്നി,  ബീരാന്‍കാകാക്ക് അത് ഒരു ക്രെഡിറ്റ്‌ ആവട്ടെ എന്ന് കരുതി സാദിഖ്‌ പറഞ്ഞു
“ബീരാന്‍കാ, ഇന്നത്തെ കറി നനായിക്കുണ്‌ട്ടാ..”, 
അയില് ബീരാന്‍ സാദിഖിന്‍റെ നേരേ തിരിഞ്ഞു

“ അല്ലങ്ങായി....  ജ്ജു പ്പൊ പറഞ്ഞല്ലോ, നന്നായിക്കുണുന്നു,, എന്നങ്ങായി നന്നാവാത്തത്, ജ്ജ്  അതൊന്നു പറഞ്ഞാണ്ണി”, ബീരാന്‍ വെച്ചത് നന്നായിട്ടില്ലന്നു  അന്‍റെ കാരണോര്‍ സൈദ്ക്ക പോലും പറഞ്ഞിട്ടില്ല, പിന്നല്ലേ ഇന്നലെ ബന്നജ്ജ്”

സാദിഖ്‌ വല്ലാതായി, ഞങ്ങളെയൊക്കെ മുഖത്തു നോക്കാതെ നേരേ റൂമില്‍ പോയി. സത്യത്തില്‍ ബീരാനേ എല്ലാവരും വേറെ കൂക്കിനെ കിട്ടാത്തത് കൊണ്ടു സഹിക്കുകയാരിരുന്നു,

ഒരു ദിവസം ഉച്ചക്ക് ഒരു പതിനൊന്നു മണി സമയത്ത് ഫ്ലാറ്റില്‍ ബീരാന്‍ തനിച്ചാണ്, വാതിലിനു നിര്‍ത്താതെ മുട്ടുന്നു, അടുക്കളയില്‍ കറിക്കരിയുന്ന തിരക്കില്‍ ബീരാന്‍ കേട്ടിരുന്നില്ല, മോയസ്സഹ (ശുദ്ദ ജലം) വിതരണക്കാര്‍ ആവും എന്ന മട്ടില്‍ ഉച്ചത്തില്‍ പറഞ്ഞു
 “നിക്ക് ങ്ങായി, അന്കെത്ത ഇത്ര തേര്ക്ക്, അന്‍റെ ബാലിന് തീ പിട്ച്ചങ്ങായി”

കുറേ മുട്ടിയിട്ടും തുറക്കാത്ത ദേഷ്യത്തില്‍ പുറത്തു നിന്നും സൗദി ഉച്ചത്തില്‍ ചോദിച്ചു

“ഏശ്ഫീ..? ഇഫ്തഹ് ബാബ്, മീന്‍ ഇന്‍ത ..?”

ഡോര്‍ വ്യൂവറി ല്‍ കൂടി ആള് സൗദി ആണെന്ന് മനസ്സിലായ ബീരാന്‍കുട്ടി ഒന്നടിമുടി വിയര്‍ത്തു,  നെഞ്ചിടിപ്പ്‌ കൂടി കൂടി വന്നു , വല്ല പോലീസോ പാസ്പോര്‍ട്ട് ഓഫീസറോ മറ്റോ ആണോ?, ഫ്ലാറ്റ് വാടകക്കെടുത്ത മമ്മദ്കുട്ട്യാക്ക പ്രത്യേഗം പറഞ്ഞതാ ആര് വന്നു വിളിച്ചാലും വാതില്‍ തുറക്കരുത് എന്ന്, സൗദി പോകുന്ന മട്ടുമില്ല... വാതില്‍ തട്ട് നിര്‍ബാധം തുടര്‍ന്ന്...

“വൈന്‍ കുത്തീ..... മാഫീ അഹദ്?, യാ കുത്തീ .... ഇഫ്തഹ് ബാബ് യാ കുത്തീ...” എവിടേ കുട്ടീ (വാടകക്കാരന്‍ ആഹ്മെദ്‌ കുട്ടീ), ആരും ഇല്ലേ? വാതില്‍ തുറക്ക് യാ കുട്ടീ..

ഹവൂ.. കുത്തീ എന്ന് കേട്ടപ്പോള്‍ കുട്ട്യാക്ക “സൗദി വന്നാല്‍ ഞാന്‍ താഴെ ഉണ്ട് എന്ന് പറയാന്‍” പറഞ്ഞ കാര്യം ഓര്‍ത്തു, പക്ഷേ എങ്ങനെ പറയും, അറബി അറിയില്ലല്ലോ! ആകെ കുഴങ്ങി, പെട്ടെന്ന് രണ്ടും കല്പിച്ചു ബീരാന്‍ ഉറക്കെ പറഞ്ഞു “കുത്തീ തായത്തു”

“ കുത്തീ തഹ്ത്, ശുക്രന്‍ യാ സദീഖ്, അന റുഹു തഹ്ത്”, തായത്തു എന്ന് പറഞ്ഞത് സൌദിക്ക് മനസ്സിലായത്‌ തഹ്ത് എന്നാണു, ഫലത്തില്‍ രണ്ടും ഒന്നാണ്, ഒന്നും മനസ്സിലാവാതെ ബീരാന്‍ കുറേ നേരം പകച്ചു നിന്നു, അടുപ്പത്തു ചെരങ്ങ തൂമ്പിച്ചാന്‍ കടുക് പൊട്ടിക്കാന്‍ ഇട്ടതിന്‍റെ കരിഞ്ഞ മണം ബീരാനെ ഒരു ഞെട്ടലോടെ ഉണര്‍ത്തി...

ഒന്നാം നിലയിലെ  നാലു വലീയ മുറികളും ഒരു ഹാളും അതാണ്‌ ഞങ്ങളുടെ ഫ്ലാറ്റ്, ഞാനും മൊയ്തീന്‍ക്കയും മകന്‍ ബീരാന്‍ ബാവയും ഒരു മുറിയില്‍.

ബാവ ഒരു സംഭവമാണ്  അക്കാലത്ത് ഡിഗ്രി കഴിഞ്ഞു കമ്പ്യൂട്ടറില്‍ ഡിപ്ലോമ!, അന്നത്തെ ഡിപ്ലോമ ഇന്നത്തെ ഒരു എം.സി.എ. യ്ക്ക് തുല്യം വരും, കാരണം അന്നത്തെ കമ്പ്യൂട്ടര്‍ പരിജ്ഞാനം അത്രയ്ക്കങ്കടു വ്യാപിചിരുന്നില്ല, വിന്‍ഡോസ്‌ വരുന്നതിനും മുമ്പ്, എം.എസ്.ഡോസ് ഉപയോഗിച്ച് പഠിച്ചവരാണ് ഈ പറയുന്ന ഞാനടക്കം കമ്പ്യുട്ടറിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്,  ഇന്നു സാഗരമാണെങ്കിലും  അന്ന് വെറും കിണറിലൊതുങ്ങുന്ന വിവരമേ കമ്പ്യുട്ടറിനെ  ചുറ്റിപറ്റി ഉണ്ടായിരുന്നുള്ളൂ അത് കൊണ്ട് തെന്നെ ബാബാക്ക് മുഴുവനും ഊറ്റി കുടിക്കുവാനും കഴിഞ്ഞു.


   നമ്മുടെ കഥാപാത്രം ബീരാന്‍കുട്ടി, തലേ ദിവസം വന്ന നാട്ടുകാരന്‍ വഴി കെട്ട്യോളുടെ കത്തും, അരി മുറുക്കും, അവിലും പിന്നേ അച്ചാറും ഒക്കെ ആസ്വദിച്ച സംതൃപ്തി ആ കണ്ണുകളില്‍ കാണാമായിരുന്നു, എല്ലാ വിഭവത്തിന്‍ന്‍റെ പകുതി ഞങ്ങളുടെ തീന്‍ മേശയിലും നിരത്തി, കൂട്ടത്തില്‍ പൂജാരി പൂജക്ക്‌ നിവേദ്യം അര്‍പിക്കുന്ന മാത്രയില്‍ നാടന്‍ അവില്‍ പൊലിഞ്ഞു നിന്നു, “ഭക്ത കുചേല” യില്‍ ശ്രീ കൃഷ്ണനെ കാണാന്‍ അവിലും കൊണ്ട് ചെന്ന ഭക്തന്‍റെ  വായിച്ചു മറന്ന ഒരു പദ്യമാണ് മനസ്സില്‍ തെളിഞ്ഞത്., അവരുടെ നാട്ടില്‍ ഇത് വല്യ കാര്യമത്രേ; പനി പിടിച്ചാല്‍ വെള്ളത്തില്‍ കുതിര്‍ത്തു  കുടിക്കുമത്രേ!, ഇനി പനി പിടിച്ചപ്പോള്‍ കുടിക്കാന്‍ കഴിഞ്ഞില്ലെങ്ങില്‍ പിന്നീട് കുടിച്ചാലും ഫലം കിട്ടുമെന്നാ വിശ്വാസം!


തുടരും.....



*ജിദ്ദയിലെ പ്രവാസം, ഒരോര്‍മ്മ!*
(തുടര്‍ച്ച)

*അസീസ്‌ പട്ള*


ഉണ്ണി മമ്മു സര്‍;
അത് മറ്റൊരു കഥാപാത്രം, കൊണ്ടോട്ടിക്കാരന്‍ വളരെ നല്ല പ്രകൃതം, വിദ്യാസമ്പന്നന്‍ നാട്ടില്‍ വില്ലജ് ഓഫീസര്‍ ആയിരുന്നു, തഹശീല്‍ദാര്‍ ആയി പ്രോമോഷന്‍ കിട്ടാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്രവാസം!

ഞങ്ങള്‍ സ്നേഹത്തോടെ മമ്മു ഹാജി എന്നാ വിളിച്ചിരുന്നത്‌, ചില വീര ശൂര പരാക്രമാങ്ങളുടെ കഥ ഞങ്ങള്‍ കൌതുകത്തോടെ കേട്ടിരിക്കും., നല്ല ഹരമാ., ഞാനും ബാവയും അദ്ദേഹത്തെ കാത്തിരിക്കും.


അഞ്ചു ദിവസം കൂടുമ്പോള്‍ ഗ്യാസ് കുറ്റി കൊണ്ട് വരുന്ന കുഞ്ഞാപ്പ ഇന്നലെ വരേണ്ടതായിരുന്നു, ബീരാന്‍ വീണ്ടും ഒഴിവായ കുറ്റി ഒന്ന് കൂടി പൊക്കി നോക്കി ഉറപ്പു വരുത്തി, കിച്ചനിനു തൊട്ടപ്പുറത്ത് ബാല്‍ക്കണി ആണ്, പള്ളിക്കുളത്തിലെ  മീനുകള്‍ ഒരാശ്വാസത്തിനെന്നോണം  ഉപരിതലത്തില്‍ ഊളിയിട്ടു മുങ്ങുന്നത് പോലെ  ബീരാനും ഇടക്കിടയ്ക്ക് ക്ക് ബാല്‍കണിയില്‍ പോയി വരും, അതും വളരെ സൂക്ഷിച്ചു താഴെ പോലിസ് ജീപ് പോയിട്ട് ഒരു ലിമോസിന്‍  കാര്‍ ഉണ്ടെങ്കില്‍ തിരിച്ചു വരും.



കുഞ്ഞാപ്പ ബീരാന്‍റെ  അടുത്ത നാട്ടുകാരന, വന്നാല്‍  കുറേ സങ്കടം പറയും,  കഴിഞ്ഞ വരവിനു ബീരാനിട്ട കട്ടന്‍ കുടിക്കുന്നതിനിടയില്‍ കുഞ്ഞാപ്പ പറഞ്ഞു,


 “ടാ ബീരാനെ, ഇജ്ജു ഭാഗ്യോള്ളോന, അന്‍ക് പോലീസുകാരെ പെടിച്ചണ്ടല്ലോ?, സൈക്കള്‍മേ തൂക്കിയ ഗാസിന്‍ കുറ്റിയുമായി
റുമിന്നെറങ്ങുമ്പോ ചങ്ങായി....തിരിച്ചു പോവ്വുംന്നോര്‍പിചിട്ടല്ല!, എപ്പോ പുട്ച്ചുംന്നു പറയാന്‍ പറ്റൂല, അമ്മാതിരി ചെക്കിങ്ങാ പോര്‍ത്തു.”,


കേട്ടപ്പോള്‍ ബീരാനും ഒന്ന് നടുങ്ങി, പുറമേ കാണിക്കാതെ ആശ്വസിപ്പിച്ചു,, ഒരു കുറ്റിക്ക് ഏഴ് റിയാലാണ്, ഒരു കുറ്റിയില്‍ രണ്ടോ മൂന്നോ റിയാല്‍ കിട്ടും, ചിലവ് കഴിച്ചു എന്തെങ്കിലും മിച്ചം വരും., വൈകുന്നേരമായാല്‍ വണ്ടിയും കഴുകും.



“അനക്ക്  ഒന്നും ബരൂലങ്ങായി,”  ഇജ്ജ് പേടിച്ചണ്ട, ബന്നോട്ത് ബെച്ചു കാണാന്നു, അല്ലാണ്ടെത്ത?!,

 ചിന്തിച്ചാലൊരന്തവൂല്ല, ചിന്തിച്ചില്ലേ ഒരു കുന്തവൂല്ല, എന്‍റെ അവസ്ഥ നോക്കുയങ്ങായി, കച്ചറ കളയാനും വെള്ളിയാഴ്ച ജുമക്ക് പള്ളിക്കലും, അതേയ് എന്‍റെ പുറം ലോകയിട്ടുള്ള ബന്ധം!, അക്കണക്കിന് ഇജ്ജാണ് ഭാഗ്യവാന്‍, ഉരല് മദ്ദളത്തോട് പരാതി  പറഞ്ഞത് പോലെ രണ്ടു പേരും പരസ്പരം അയവിറക്കി.



മമ്മു ഹാജി ജോലി കഴിഞ്ഞെത്തിയാല്‍ ബാവയും ഞാനും ഇടവും വലവും ഇരിക്കും,
“ഗ്വാര്‍ട്സ്”  സിഗരറ്റ് ആണ് അദ്ദേഹം വലിച്ചിരുന്നത്‌,  പാക്കറ്റില്‍ നിന്നെടുത്തു  ഞങ്ങളെ കാണിച്ചു പറയും


 “എനിക്ക് വേണമെങ്ങില്‍ ഈ പുകവലി നിര്‍ത്താം, പക്ഷേ എന്തിനാ..?”


ഞാനും ബാവയും ചിരി അടക്കിപ്പിടിച്ചു   മുഖത്തോട്  മുഖം  നോക്കും., പറഞ്ഞു പറഞ്ഞു ഞങ്ങള്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കേട്ടാല്‍ മമ്മു ഹാജിന്‍റെ സിദ്ധാ ന്തം” എന്ന് വരെ പറയാന്‍ തുടങ്ങി, അത്രയ്ക്കും ലോക വിവരമായിരുന്നു, സര്‍ക്കാര്‍ ജീവനക്കാരായിരുന്നല്ലോ! പിനെ വേറെയ പണി ഒന്നും ഉണ്ടായിക്കാണില്ല!!.

നാട്ടിലെ വര്‍ത്തമാന പത്രങ്ങള്‍ നാല് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് കിട്ടാരുള്ളത്, അതും ഏല്‍പിച്ച സ്ഥലത്തിന്നു പോയി കൊണ്ട് വരണം, മിക്കവാറും മൊയ്തീന്‍ക്കയാണ് കൊണ്ട് വരാറ്, പിന്നേ കത്തിലൂടെയും വല്ലപ്പോഴുമുള്ള ഫോണിലൂടെ, അതുമല്ലെങ്ങില്‍ ആരെങ്കിലും നാട്ടില്‍ നിന്ന് വരണം,

സൗദി ടെലിവിഷന്‍റെ  രണ്ട് ചാനല്‍, അറബിയും ഒരു ഇംഗ്ലീഷും. വീഡിയോ കാസറ്റ് വാടകയ്ക്ക് വാങ്ങും, മാസത്തില്‍ നൂറു എണ്ണം, ഇഷ്ടമുള്ളത് എടുക്കാം,
“ വീഡിയോ ഒഴിവ് ആയിട്ട് വേണ്ടേ നമുക്കിഷ്ടപ്പെട്ട സിനിമ കാണാന്‍”, മുഴുവനും കണ്ടു തീര്‍ക്കാമെന്ന് ശപദം ചെയ്ത പ്രതീതിയില്‍ ഓരോരുത്തരായി കണ്ടുകൊണ്ടേയിരിക്കും., രാവു രണ്ടാം യാമത്തില്‍ കടക്കും വരെ...!

ബാപ്പുട്ടിയായിരുന്നു വീഡിയോകാസറ്റ് ഇന്‍ ചാര്‍ജ്, ആഴ്ചയുടെ അവസാനത്തില്‍ ഒരു ചടങ്ങേന്നപോലെ എല്ലാരും കേള്‍കേ ചോദിക്കും


 “വീഡിയോ കാസറ്റ് എല്ലാരും കണ്ടു കൈഞ്ഞില്ലേ?”


ഉടനെ കിച്ചനില്‍ നിന്നും തല പുറത്തിട്ടു  ബീരാന്‍കുട്ടി
 “ങാ ... ഞാന്‍ കണ്ടിക്ക്ണ്”,

“ഓ.. ഒരാളെങ്കിലും മുഴുവന്‍ കണ്ടല്ലോ”,
കായി കൊട്ത്തത് മൊതലാവണം.”
ബാപ്പുട്ടിന്‍റെ കമാന്‍ഡ്., ബീരാന്‍റെ  ചമ്മല്‍ ഒന്ന് കാണേണ്ടത് തെന്നെ, ഹാത്സ്യനാടി ഫിലോമിന വരെ തോറ്റു പോകും.

പതിവ് പോലെ ഉച്ച സമയത്ത് ബീരാന്‍ ഒന്ന് ബാല്കൊനിയിലേക്ക് ഇറങ്ങാന്‍ വാതില്‍ തുറന്നത... ഇരുന്നൂറു സ്പീഡില്‍ വാതിലടച്ചു പുറം തിരിഞ്ഞു നിന്നു,

“ഹെന്‍റെ റബ്ബേ... പോലീസ്, നല്ല ചെക്കിങ്ങാണ്”,

ബീരാന്‍ വാതില്‍ ചില്ലിലൂടെ ഒന്ന് പാളി നോക്കി, മതിലിനപ്പുറത്തെ വളവു തിരിഞ്ഞു കുഞ്ഞാപ്പ വരുന്നു!!

വളവു തിരിഞ്ഞാലേ പോലീസിനെ കാണുകയുള്ളൂ, വളവു തിരിഞ്ഞാല്‍ തിരിച്ചു പോകാനും പറ്റൂല, അമ്മാതിരി കെണി ഒരുക്കിയിട്ടാ പോലീസുകാരുടെ നിപ്പ്.,

ബീരാന്‍ കുറെ ആലോചിച്ചു .കുഞാപ്പ .. എന്താ ചെയ്യാ.... അവനെ പിടിച്ചാല്‍ എന്‍റെ പേര് പറയും!,  ഇവിടെയും പോലീസ് വരും?! എന്നേയും കൂടി കൊണ്ട് പോകും.... ചിന്ത കാട് കയറി!

പണ്ട് നാട്ടില്‍ എം. എസ്. പി (മലബാര്‍ സ്പെഷ്യല്‍ പോലീസ്) ഓടിച്ചപ്പോള്‍ ഈ ഒറ്റ നിലയെക്കാളും ഉയരമുള്ള മതില്‍ ചാടിയവനാ ബീരാന്‍,

തന്‍റെ ഗദകാല സ്മരണാവേശത്താല്‍ ബീരാന്‍റെ പേശി ഞരമ്പുകള്‍ വലിഞ്ഞു മുറുകുകയായിരുന്നു, രണ്ടും കല്പിച്ചു മനസ്സിലുറച്ചു.

“ഹല്ലാ പിന്നേ, ചാത്തപ്പനെന്തു മഹ്ഷറ,”
 ബീരാന്‍ പിറകു വശത്തിലൂടെയ് ചാടാന്‍ തെന്നെ തീരുമാനിച്ചു, ഉള്ളതില്‍ നല്ല ഷര്‍ട്ടും ധരിച്ചു കയ്യിലുള്ള റിയാല്‍ ഒരു കുറിപ്പ് സ ഹിതം മോയിദീന്‍ കാക്കാന്‍റെ തലയണക്കടിയില്‍ വെച്ചു, അത്യാവശ്യത്തിനുള്ള കായും പോക്കറ്റിലിട്ടു സ്റ്റോവ് ഒക്കെ ഓഫ്‌ ചെയ്തു ഒന്നൂടി വാതല്‍ ചില്ലില്‍ ഒളിഞ്ഞു നോക്കി.


കുഞ്ഞാപ്പ വളവു തിരിയുന്നു, പോലീസുകാരന്‍ കൈ പൊക്കി വിളിച്ചു., തിരിഞ്ഞു പോകാനോ ഓടാനോ പറ്റാത്ത ധര്‍മസങ്കടത്തില്‍ സൈക്കിളില്‍ നിന്നിറങ്ങി  തള്ളിഉരുട്ടിക്കൊണ്ട്‌ പോലീസിന്‍റെ അടുത്തേക്ക് നീങ്ങി,

ബീരാന്‍കുട്ടി ഒന്ന് കൂടി വലിഞ്ഞു ഒളിഞ്ഞു നോക്കി, അവര്‍ ഇവിടേയ്ക്ക് വരുന്നെങ്ങില്‍ ഒറ്റ ചാട്ടം.

‘ഥാല്‍  ഹീന, ഫേന്‍ ഇകാമ?”, ഇവിടെ വരൂ.. ഇകാമ എവിടെ? പോലീസുകാരന്‍ ചോദിച്ചു ...


കുഞ്ഞാപ്പ ആകെ ഒന്നുലഞ്ഞു, ഉലച്ചലില്‍ സൈകിളും ചരിഞ്ഞു, ഒരു കാലി കുറ്റിയും, നിറച്ച കുറ്റിയും  സൈകിള്‍കാരിയരിന്‍റെ ഇരു വശങ്ങളില്‍ തൂക്കിയിട്ടതായിരുന്നു., സ്വാഭാവികമായും നിറഞ്ഞ കുറ്റിയുള്ള ഭാഗം ചരിയും, വെപ്രാളം കണ്ട പോലീസുകാരന്‍ ഒരു കൈ സഹായിച്ചു,


“ഇത് തെന്നെ തക്കം, കുഞ്ഞാപ്പ പരിസരം ഒന്ന് സ്കാന്‍ ചെയ്തു,  വിജനം., ഒരു പോലീസ് ജീപിനകത്താ, ഒന്നും ആലോചിച്ചില്ല,

സൈക്കിള്‍ പൂര്‍ണമായും പോലീസിനെ ഏല്പിച്ചു ഇകാമ എടുക്കാനെന്ന ഭാവേന പോക്കെറ്റില്‍ കയ്യിട്ടു,

 സൈക്കിള്‍ വീഴാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയായിരുന്നു പോലീസ്, ഇതൊക്കെ കണ്ടു നിന്ന ബീരാന്‍ അന്തം വിട്ടു നോക്കി നിന്നു,

പെട്ടെന്നതാ.... കുഞ്ഞാപ്പ ഒരു മിന്നായം പോലെ വളവിലൂടെ ഓടി തിരിഞ്ഞു അങ്ങേപ്പുറത്തെ മെയിന്‍ റോഡ്‌ മുറിച്ചു കണ്‍ വെട്ടത് നിന്ന് മറഞ്ഞു., പോലീസുകാരന്‍ അപ്പോഴും സൈക്കിള്‍ താഴെ വെക്കണോ പിടിച്ചു നിക്കണോ എന്ന  ത്രിശങ്കുവിലായിരുന്നു., എല്ലാം കണ്ടു നിന്ന ബീരാന്‍ ഒരു മൂക സാക്ഷിയായി കുഞ്ഞാപ്പയുടെ മിടുക്കിനെ  മനസ്സ് കൊണ്ടു വാനോളം പുകഴ്ത്തി  ഷര്‍ട്ട്‌ മാറ്റി  പാചകക്കലയില്‍ മുഴുകിയ ബീരാന്‍ സന്തോഷത്താല്‍ ആനന്ദനൃത്തം ചവിട്ടി.

ശുഭം


▪▪

No comments:

Post a Comment