Thursday, 9 August 2018

ഓര്‍മ്മക്കുറിപ്പ്‌ / അസീസ്‌ പട്ള

ഓര്‍മ്മക്കുറിപ്പ്‌*


*അസീസ്‌ പട്ള✍*


ചില ഓര്‍മ്മകള്‍ അങ്ങിനെയാ.... മായാതെ, മങ്ങാതെ കൂടെയുണ്ടാവും, ഓര്‍ക്കുമ്പോള്‍ ഒരു സുഖം. ആ കഥയെയോ കഥാപാത്രങ്ങളെയോ അല്ല, സശ്രദ്ധം ശ്രവിച്ചു നിന്ന ആ നിമിഷങ്ങള്‍, ആ ചുറ്റുപാടുകള്‍, ഹൃദ്യമിടിപ്പിന്‍റെ താളം തെറ്റിച്ച ആ പരിസരത്തെയും കൂടെയുള്ളവരെയും.

എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്മാഷും, ഇംഗ്ലീഷ് മാഷുമായ രവീന്ദ്രന്‍ പിള്ള സര്‍ ഒരു കഥ പറഞ്ഞുതന്നു, മുന്‍ബെഞ്ചില്‍ ഇരുന്നത് കൊണ്ടോ എന്തോ ക്ലാസ് മുറിയിലെ അപസ്വരങ്ങള്‍ എന്നെ അലോസരപ്പെടുത്തിയാതേയില്ല .

ഹിപ്പിസ്റ്റൈലില്‍ ചീകിയ മുടിയും, കൊമ്പന്‍ മീശയോടുകൂടിയ, തടിയും പൊക്കവുമുള്ള സാറിന്‍റെ വേഷ്ടിയുടെ കറുത്ത റിബ്ബണ്‍ കരയും നൂല്‍ കരയും മേശയില്‍ ചാരി നിന്ന് രണ്ടു കയ്യും പിന്നിലൂന്നി നിന്നപ്പോള്‍ സമാന്തരമായി പാദം വരെ നീണ്ടു., കാലിലെ തുകല്‍ചെരുപ്പും ഷേട്ടിന്‍റെഅറ്റത്തു ഇരുവശങ്ങളിലും “റ” ശേപ്പിലെ കട്ടിങ്ങും സൌന്ദര്യത്തിനു മാറ്റ് കൂട്ടി.

യൂറോപ്പില്‍ നടന്ന ദരിദ്രരായ ഡെല്ല-ജോണ്‍ ദമ്പതികളുടെ കഥയായിരുന്നു സര്‍ പറഞ്ഞു തുടങ്ങിയത്, രണ്ടു പേര്‍ക്കും ജോലിയില്ലാതെ അരവയറായി കഴിഞ്ഞിരുന്ന ഒരു ശൈത്യ കാലത്ത് ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ അയല്‍ക്കാരും നാട്ടാരും ലോകക്രിസ്ത്യാനികളും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു., രാവിലെ ജോലി തേടിയിറങ്ങിയ ജോണ്‍ വെറും കയ്യോടെ വീട്ടില്‍ കയറുമ്പോള്‍ നിസ്സഹായനായി ഡെല്ലയെ നോക്കും, നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ സ്നേഹത്തിന്‍റെ മാധുര്യം നല്‍കി കൈ പിടിച്ചാനയിക്കും, സാന്ത്വനിപ്പിക്കും, തലേ ദിവസത്തെ വെജിറ്റബിള്‍ സൂപ്പോ മറ്റോ ചൂടാക്കി രണ്ടുപേരും പങ്കിടും.

അയാള്‍ക്ക്‌ ഡെല്ലയെ ജീവനായിരുന്നു, ഒരു നല്ല ഉടുപ്പ് പോയിട്ട് അവള്‍ക്കു വിശപ്പടക്കാനുള്ള ആഹാരം പോലും നല്‍കാന്‍ കഴിയാത്തതില്‍ സദാ ദു:ഖിതാനായിരുന്നു.,എന്തിനു.. അവളുടെ സ്വര്‍ണ്ണക്കളറുള്ള മുടിയില്‍ (അക്കാലത്ത് യൂറോപ്പില്‍ വില്‍ക്കാനാണെങ്കില്‍ വിശിഷ്ട മുടികള്‍ക്കു നല്ല വില കിട്ടുമായിരുന്നു) വയ്ക്കാനുള്ള ക്ലിപ്പ് പോലും.... ആകെയുള്ളത് ഒരു ലതര്‍സ്ട്രാപ്പ് റിസ്റ്റ് വാച്ച്.

ഡെല്ലയും സങ്കടപ്പെട്ടു, തന്‍റെ അരുമ ഭര്‍ത്താവ് ജോലിയന്വേഷിച്ചു വരുമ്പോള്‍ കഴിക്കാന്‍ കൊടുക്കാന്‍ ഒന്നുമില്ലല്ലോ?! ദാരിദ്രത്തെയും, ദു:ഖത്തെയും അതിജീവിച്ചുകൊണ്ട് ജീവിതം സസന്തോഷം മോമ്പോട്ടു പോയി, പരസ്പരം സ്നേഹിച്ചും പ്രണയിച്ചും മാധുര്യം നുകര്‍ന്നു.


ഡിസംബര്‍ 24, രാവിലെ അയാള്‍ നേരെ പോയത് തന്‍റെ റിസ്റ്റ് വാച്ച് വിറ്റ്‌ കിട്ടുന്ന കാശു കൊണ്ട് ഡെല്ലയ്ക്ക് ഒരു “ഹയര്‍ ക്ലിപ്പ്” വാങ്ങാനായിരുന്നു, ബാക്കി കാശ് കൊണ്ട് ഒരു കേക്കും ഇത്തിരി വീഞ്ഞും വാങ്ങി, ഡെല്ലയ്ക്ക് കൊടുക്കാന്‍ താനഗ്രഹിച്ച ഗിഫ്ടുമായി നിറഞ്ഞ സന്തോഷത്തോടെ വീട്ടിലേക്കൊടിയെത്തി.

തന്‍റെ മുമ്പിലേക്ക് നീണ്ടുവരുന്ന അവളുടെ കയ്യാണ് ആദ്യം കണ്ടത്, എന്‍റെ കയ്യിലെ വച്ചു അവള്‍ക്കു കണ്ടില്ല, കരുതിയ ആ ഗിഫ്റ്റ് ജോണിനു കൊടുത്തുപറഞ്ഞു, എന്‍റെ ക്രിസ്തുമസ്‌ ഗിഫ്റ്റ്.,  പൊതിയിലല്ലാതതിനാല്‍ അയാള്‍ക്ക്‌ മനസ്സിലായി...വാച്ചിന്‍റെ സ്ട്രാപ്...കണ്ണുകളുയര്‍ത്തി മുഖത്തേക്കു നോക്കി...സ്നേഹത്ത്തിന്‍റെ തീക്ഷ്ണത ആ കണ്ണുകളെ ഈറനണിയിച്ചിരുന്നു, അവളുടെ തലമുടി... അയാള്‍ക്ക്‌ മനസ്സിലായി........

ഗദ്ഗദത്തോടെ പൊതി തുറന്നു ഹയര്‍ക്ലിപ്പ്‌ ഡെല്ലയുടെ നേരെ നീട്ടി...വിതുമ്പിക്കൊണ്ട് മുറിഞ്ഞു മുറിഞ്ഞു പറഞ്ഞു.... എ..ന്‍റെ ..ക്രിസ്മസ്സ് ഗിഫ്റ്റ്,  അവള്‍ വാരിപ്പുണര്‍ന്നു, നിഷ്കളങ്കമായ ആ സ്നേഹപ്രകടനത്തിനു മുമ്പില്‍ അവര്‍ ഒന്നായ് അലിഞ്ഞു ചേര്‍ന്നു.. പരസ്പരം മുതുകുകള്‍ നനയുന്നത് വരെ ചുടുകണ്ണീര്‍ വാര്‍ത്തു... മാറോടു ചേര്‍ത്തമര്‍ത്തിപ്പിടിച്ചു.

സര്‍ കഥ പറഞ്ഞു തീര്‍ന്നതും ഞാന്‍ കണ്ണ് തുടയ്ക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോയെന്നു കണ്ണുകള്‍ വട്ടം കറക്കിയപ്പോള്‍ കണ്ണുകള്‍ തുടയ്ക്കുന്ന സഹപാഠികളെയാണ് കാണാന്‍ കഴിഞ്ഞത്.



ശുഭം

▪ ▪ ▪

No comments:

Post a Comment