Sunday, 26 August 2018

സ്വാതന്ത്ര്യദിനത്തിൽ ഗൗരവതമമായ ആലോചനകൾ വേണം / അസ്ലം മാവില

സ്വാതന്ത്ര്യദിനത്തിൽ
ഗൗരവതമമായ
ആലോചനകൾ വേണം

അസ്ലം മാവില

ഇന്ത്യ ഇന്ന് 72-ാം സ്വാതന്ത്ര്യദിനത്തിലാണ്. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.

ഓരോ വർഷം കഴിയുന്തോറും രാജ്യം നേരിടുന്നത് പുതിയ ആശങ്കകളാണെന്ന് പറയാതെ വയ്യ. അതിലൊന്നാണ് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും നേരിടുന്ന ഭീഷണി.

നെഹ്റു പറഞ്ഞു വെച്ചു : മതാഷ്ഠിത രാഷ്ട്രം ഇന്ത്യയെ കൂടുതൽ വരിഞ്ഞു മുറുക്കും, അതിനനുവദിക്കരുത്. ആ ദിർഘദർശിത്വം നടന്നടുക്കുന്നത് പോലെ! ഭയം , ആശങ്ക, സംശയങ്ങൾ പ്രയാസപ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു.

"സാംസ്കാരിക ദേശിയത" ചർച്ചയ്ക്ക് വന്നു കഴിഞ്ഞു. ഇന്ത്യയിൽ മതം തിരിച്ച് പൗരത്വത്തിൽ മൂപ്പിളമകൾ വരാൻ വലിയ കാലം വേണ്ട. വർഗ്ഗിയതയുടെ തിണ്ണ ബലത്തിൽ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ അധികാരം മതാടിസ്ഥാനത്തിൽ ദുരുപയോഗം ചെയ്യാൻ മടിയില്ലാതായിരിക്കുന്നു.

എഴുത്തുകാർക്ക് സ്കെച്ചിടുക എന്നതാണ് ഇപ്പോൾ കാണുന്ന വലിയ ആശങ്ക.  കലബുർഗി, പൻസാരെ, ഗൗരി ലങ്കേഷ്, ധബോർക്കർ ... അങ്ങിനെ എത്ര പേർ. അവരെ കൊന്ന കേന്ദ്രമൊന്ന് - അതിന്റെ മുഖ്യ ആസൂത്രകൻ സനാതനാകട്ടെ സ്വകാര്യ ഹിന്ദുസേന രൂപീകരണ ത്തിരക്കിലും !

എഴുതുന്നവരെ ആദ്യം ഭയപ്പെടുത്തിക്കളയാമെന്നത് ഫാസിസ്റ്റു മുഖഛായയുള്ളവരുടെ ലക്ഷണങ്ങളിലൊന്നാണ്. അനുകൂലമാക്കുകയോ ഐഡിലാവസ്ഥയിൽ നിർത്തുകയോ ചെയ്യുക. പൊതുജനത്തിന് മറു വായനയ്ക്കവസരം നൽകാതിരിക്കുക. (എതിര് )മിണ്ടിയാൽ ചുണ്ടsക്കുമെന്ന തോന്നൽ പ്രജകളിലുണ്ടാക്കി, ആലോചന സ്വതന്ത്ര്യം ഇല്ലാതാക്കുക.

ആൾക്കൂട്ടക്രമണങ്ങൾ കണ്ടില്ലേ ? നടപടി എന്തെങ്കിലും ? ഭക്ഷണ പാത്രങ്ങൾ വരെ സോപ്പിട്ട് കഴുകുന്നത് വൃത്തിയാക്കാനല്ല, തിന്നതെന്താണെന്ന്  ഭരണാധികാരികൾ അറിയാതിരിക്കാൻ കുടിയാണെന്നത് പാത്രം വൃത്തിയാക്കലിന്റെ പുതിയ ഉദ്ദേശങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഭയക്കണം. കാലിസമ്പത്തിൽ നിന്നും മത്സ്യസമ്പത്തിലേക്ക് അപഖ്യാപിത നിരോധനം തുടങ്ങി വെച്ചു !

2022 പുതിയ ഇന്ത്യയെന്ന് പറയുന്നു. അത് ശരിയായ അർഥത്തിൽ വായിക്കാനും വായിച്ചു കൊടുക്കാനും മതേതര പ്രസ്ഥാനങ്ങൾ 2019 ലെ അധികാരാരോഹോണത്തോടെ തയ്യാറെടുക്കുക എന്നതാണ് ഇന്നത്തെ സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശമായി ഓരോ ഇന്ത്യക്കാരനും കാണേണ്ടത് , കണക്കിലെടുക്കേണ്ടത്. സെക്യൂലറിസം ഇന്ത്യൻ ഭരണഘടനയിൽ ചുരണ്ടാതെ അവശേഷിക്കണമെങ്കിൽ വിട്ട് വീഴ്ചാ മനസ്ഥിതിയോടുള്ള രാഷ്ട്രിയ ഇരുത്തങ്ങൾ നടന്നേ തീരൂ.

ചെങ്കോട്ടയിൽ അടുത്ത സ്വാതന്ത്ര്യ ദിനപ്പുലരിയിൽ, ഒരു മതേതര വക്താവ് ത്രിവർണ്ണ പതാക ഉയർത്താൻ കയ്മെയ് ഓരോ പൗരനും പ്രവർത്തന രംഗത്തിറങ്ങിയേ മതിയാവു, അഭിപ്രായ വ്യത്യാസങ്ങൾ നമുക്ക് പിന്നെയും ചർച്ചക്കെടുക്കാമല്ലോ.

ഇന്ത്യ ജയിക്കട്ടെ,
ഇന്ത്യ ഉയരട്ടെ, വാനോളം !
ഗാന്ധിയും നെഹ്റുവും ആസാദും മനസ്സിൽ കണ്ട ഇന്ത്യ എന്നുമെന്നും നിലനിൽക്കട്ടെ.

No comments:

Post a Comment