Monday, 27 August 2018

യോഗ നടപടികളിൽ* *മിനുട്സിന്റെ വില / അസ്‌ലം മാവില

*യോഗ നടപടികളിൽ*
*മിനുട്സിന്റെ വില*

അസ്‌ലം മാവില

__________________

ഒരു പൊതു വിഷയം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. സൗകര്യമുള്ളവർക്ക് വായിക്കാം. , MOM - മുമായി ബന്ധപ്പെട്ട ഒരു പരാമർശം അവസാനം ഉള്ളത് കൊണ്ടാണ് അങ്ങിനെ എഴുതിയത്)

പരിചയമുള്ളവർ തന്നെയാണ്. എല്ലാ ദിവസവും കാണുന്നവർ. കാര്യവും തമാശയും പറയുന്നവർ. തോളിൽ കയ്യിട്ടു നടക്കുന്നവർ.

പക്ഷെ, അവരടക്കം ഒരു യോഗം ചേർന്നാൽ അത് തമാശയാകരുത്, കളിയാകരുത്, നേരമ്പോക്കോ ഒരൊഴുക്കൻ മട്ടിൽ പറയുന്നതുമാകരുത്. അതിനൊക്കെ ചെക്ക് ( തടയിടുന്ന ) ചെയ്യുന്ന ഒന്നാണ് ഒരു യോഗത്തിലെ മിനുട്സ് ബുക്ക്. യോഗം വിളിച്ച് കൂട്ടിയവരിൽ ഏറ്റവും ഉത്തരവാദിത്വമുള്ള (ജ: സെക്രട്ടറി) ഒരാൾ അപ്പപ്പോൾ  രേഖപ്പെടുത്തുന്ന ഒന്ന്.

യോഗാവസാനം യോഗ തീരുമാനങ്ങളും നിർദേശങ്ങളും എഴുതിയ പ്രസ്തുത മിനുട്സ് വായിച്ച് ഹാജറുള്ള അംഗങ്ങളെയവ കേൾപ്പിച്ച് യോഗാധ്യക്ഷനെ കൊണ്ട് ദസ്കത്തുമിടീച്ച് നിർത്തുമ്പോൾ പിന്നെ ഒരംഗത്തിന്നും അതിൽ നിന്ന് തടിയൂരാൻ സാധിക്കില്ല. കണ്ടില്ല, കേട്ടില്ല, ശ്രദ്ധയിൽ പെട്ടില്ല,  മുമ്പേ സ്ഥലം വിട്ടു, അവ്യക്തണ്, ഞാൻ ഉദ്ദേശിച്ചത് അങ്ങിനെ, ഇങ്ങിനെ, ഫോണിൽ ബിസിയായിരുന്നു ഇമ്മാതിരി ഒരു കൺഫ്യൂഷനും പിന്നെ ചാൻസില്ല.

മിനുട്സ് എഴുതുന്ന യോഗ നടപടികളിൽ നിന്നും ഒരംഗവും മതിയായ കാരണമില്ലാതെ യോഗം പൂർത്തിയാകുന്നതിന് മുമ്പ് തടിയെടുക്കില്ല. ഇനി അഥവാ പോകുമ്പോൾ അധ്യക്ഷന്റെ  അനുവാദം വാങ്ങും. അതോടെ മിനുട്സ് തീരുമാനങ്ങൾ അവർക്കും ബാധകമാകും, ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാത്തവർക്ക് ബാധകമാകുന്നത് പോലെ.

ചില യോഗങ്ങളിൽ മിനുട്സ് ഒരു തുണ്ട് കടലാസിൽ ആരും അറിയാത്ത ഭാഷയിൽ സെക്രട്ടറിമാർ കുറിച്ച് വെക്കും. അടുത്ത യോഗത്തിൽ വൃത്തിയിൽ എഴുതി വായിക്കാനെന്നാണ് ഞായം. പ്രസിഡന്റും ഈ തരികിടത്തിന് കൂട്ടുപ്രതിയാകും. എന്തു മായവും ചേർക്കാമല്ലോ.. ഏത് ദുർവ്യാഖ്യാനവും നടത്തുകയും ചെയ്യാം.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, അബദ്ധവശാൽ ഇത്തരം  യോഗങ്ങളിൽ സംബന്ധിക്കേണ്ട ഗതികേട് ജീവിതത്തിൽ അപൂർവ്വമെങ്കിലും എനിക്ക് ഉണ്ടായിട്ടുണ്ട്.  നിങ്ങളുടെ ഉള്ള നിലയും വിലയും  പോകാൻ, മിനുട്സ് വായന ഇല്ലാത്തത്  മൂലമുണ്ടായേക്കാവുന്ന ഒരു യോഗത്തിൽ സംബന്ധിക്കുകയും, തുടർന്നുണ്ടാകുന്ന ചീപ് വിവാദങ്ങളിൽ പെടുകയും ചെയ്താൽ മാത്രം മതി !

Minutes, also known as protocols or, informally, notes, are the instant written record of a meeting or hearing. They typically describe the events of the meeting and may include a list of attendees, a statement of the issues considered by the participants, and related responses or decisions for the issues.
ഇതാണ് മിനുട്സിന്റെ ലളിതമായ നിർവ്വചനം.

യോഗത്തിലെ മിനുട്സിനെ MOM എന്ന് ചുരുക്കി പറയും മിനുട്സ് ഓഫ് മീറ്റിംഗ്.  ഇക്കഴിഞ്ഞ കുറച്ച് മാസങ്ങൾ ലോകോത്തര എണ്ണക്കമ്പനികളിൽ ഒന്നിലെ ഒരു ചെറിയ പ്രൊജക്ടിൽ വാരാന്ത്യ പ്രവൃത്തിയവലോകന യോഗങ്ങളുടെ  MOM തയ്യാറാക്കുന്ന ടീമിൽ പ്രവർത്തിച്ചത് കൊണ്ട് തന്നെ, മിനുട്സ് ഓഫ് മീറ്റിംഗിൽ വരുന്ന  ചെറിയൊരു വാക്ക് പിഴ പോലും അംഗങ്ങൾക്കിടയിലും കമ്പനികൾക്കിടയിലും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എനിക്ക് നന്നായറിയാം. ജോലി തെറിച്ച കേസൊക്കെയുണ്ട്. അതിന്റെ ഗൗരവം പറയാനാണ് ഇതെഴുതിയത്.

യോഗം തുടങ്ങുമ്പോൾ മിനുട്സ് ബുക്ക് മുമ്പിൽ കാണാത്ത ഒരു കൂടിയിരുത്തത്തിലും പങ്കെടുക്കില്ലെന്ന്  വാശിപിടിക്കാൻ മാത്രം പ്രബുദ്ധത ഓരോ അംഗത്തിനും /ക്ഷണിതാവിനുമുണ്ടാകണം യോഗം ഗുണമില്ലാതാവുന്നതും യോഗത്തിൽ സംബന്ധിക്കുന്നവരുടെ വിലയില്ലാതാകുന്നതും മിനുട്സ് എഴുതാതിരിക്കുമ്പോഴും യോഗാവസാനം വായിച്ച് ബോധ്യപ്പെടുത്താതിരിക്കുമ്പോഴുമാണ് !

മിനുട്സുള്ള യോഗങ്ങൾ നടക്കട്ടെ.  മിനുട്സ് ബുക്കുകൾ അനാഥമായി മഴ നനയാതിരിക്കട്ടെ, വെയിൽ  കൊള്ളാതിരിക്കട്ടെ.

_______________🔲

No comments:

Post a Comment