Monday, 27 August 2018

പാഠം 2, എന്‍റെ കൈസര്‍.... / അസീസ്‌ പട്ള

കുട്ടികാലം...*

*പാഠം 2, എന്‍റെ കൈസര്‍....*

*അസീസ്‌ പട്ള*
__________________

“പാഠം രണ്ടു, എന്‍റെ കൈസര്‍...., കൈസര്‍ എന്നാണ് എന്‍റെ നായയുടെ പേര്, കറുത്ത നിറം....”

പഴയ “റ” ഷേപ്പ് സ്കൂളിലെ ഇടത്തെ കോര്‍ണര്‍ മുറിയിലായിരുന്നു ഞങ്ങളുടെ രണ്ടാം ക്ലാസ്, കുമാരന്‍ മാഷാ കൂടുതലും, മുരളി മാഷും വരും, അങ്ങനെ കാലവും സമയമൊന്നുമില്ല.. മോഹനന്‍ മാഷ് നാലിന്നും മേലെ, കണ്ടാ പേടിയാ, ക്ലാസ്സ്മുറിയില്‍ മാഷമ്മാര്‍ ആരുമില്ലാത്ത തക്കം നോക്കി സഖാവ് അബ്ദുള്ളയുടെ കൂടെ വരാന്തയ്ക്ക് നേരെയുള്ള വാതലില്‍ എത്തിനോക്കി... അതിലും വേഗത്തില്‍ തല പിന്‍വലിച്ചു.. മോഹനന്‍ മാഷ് ഒരു കൈ മരത്തൂണില്‍ പിടിച്ചു നാക്ക്പുറത്തിട്ടു പുക ഊതുവാ, കയ്യില്‍ നല്ല മണമുള്ള സിഗരട്ടുമുണ്ട്, ആ മണം കുറെ നേരം തളം കെട്ടിനില്‍ക്കും.

കൊര്‍ണറിന് ഇരുവശത്തും തടി കൊണ്ടുണ്ടാകിയ വാതില്‍പ്പലകയോട് കൂടിയ ജനാല, ജനാലയ്ക്ക് ഒത്ത നടുവില്‍ ഞാനെന്തുവേനമെന്ന മട്ടില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയ നരപിടിച്ച കറുത്ത ബോര്‍ഡ്, ഉറപ്പിച്ച കുറ്റിയില്‍ ഡസ്ടര്‍ തൂങ്ങുന്നുണ്ടാവും. വൈകുന്നേരമായാല്‍ ബീരമ്മയാത്രെ ജനലെല്ലാം  അടച്ചിടുന്നത്, ഞാന്‍ കണ്ടിട്ടില്ല, അപ്പോഴേക്കും ഞങ്ങള്‍ കൂട്ടത്തോടെ പോയിരിക്കും, ബീരമ്മ് പോവില്ല, ഒട്ടുമിക്കകതകുകളും കുളത്തോ സാക്ഷയോ ഇല്ലാത്തതാണ്.

ഒച്ചത്തില്‍ വായിക്കുന്നതിനിടയില്‍ പിന്നോട്ട് തിരിഞ്ഞു നോക്കും, അത് ഒന്നാം ക്ലാസ്സാണ്, അതിനപ്പുറത്താണ് അരക്ക്ലാസ്, ഞാനൊന്നിലെന്ന്യാ ഇരുന്നത്, കുട്ടികള്‍ കൂടുമ്പോള്‍ ഇരുത്തുന്നതോ എന്തോ.. അവിടെ കുറച്ചു കുട്ടികള്‍ മൂക്കിളയോലിപ്പിച്ചു ഉമ്മാനെ വിളിച്ചും കരഞ്ഞും കൂട്ടുന്നത്‌ കാണാം, ചേര്‍ത്ത ഉടനെയുള്ള കാര്യമാ, പിന്നെ പിന്നെ ശരിയായി വരും അതാ ഒരു രീതി., ഒന്നാം ക്ലസ്സുകാര്‍ക്കും അതെ, ഇരിക്കാന്‍ തറയിലെ പലകയാണ്, ചമ്രംപടിഞ്ഞിരിക്കും.. അതെ....ഇന്നത്തെപ്പോലെ സ്കൂള്‍ ബാഗൊന്നൂല്ല.. പ്ലാസ്റ്റിക് കവര്‍, രണ്ടെണ്ണം ഒന്ന് സജ്ജികക്ക്, ചില കുട്ടികള്‍ അത് തുറക്കുമ്പോള്‍ ഒരു വളിച്ച മണം പറക്കും, തലേദിവസം  നേരാംവണ്ണം കഴുകീട്ടുണ്ടാവില്ല, അതാ...

ഒന്നാം ക്ലാസ്സില്‍ നിന്ന് കുമാരന്‍മാഷ്‌ ഇടയ്ക്കിടയ്ക്ക് വായിക്കുന്നുണ്ടോയെന്നു ക്ലാസ്സുകള്‍ വേര്‍തിരിക്കുന്ന കര്‍ട്ടന്‍ശീലകെട്ടിയ ഫ്രെയിമിന്‍റെ മേളിലൂടെ തുറിച്ചു നോക്കുന്നുണ്ടാവും.... ഞാന്‍ പേടിച്ചു അങ്ങോട്ട്‌ ശ്രദ്ധിക്കരെയില്ല, സഖാവ് അബ്ദുള്ള എല്ലാം കാണും, ഞങ്ങള്‍ ഒരേ ക്ലസ്സിലാണെങ്കിലും പ്രായത്തില്‍ മൂത്തതാ, ഉമ്മയുടെ (الله يرحمه)   തറവാട്ടില്‍ പോയപ്പോഴാ അബ്ദുല്ലയെ അടുത്തറിയുന്നത്, സ്കൂളില്‍ പോകുന്നതിനു മുമ്പേ ഉള്ള പരിചയം. അത് വല്യ കഥയാണ്, സീതുന്‍ച്ചയുടെ (الله يرحمه)    തറവാട്ടു വീട്ടിനു പിന്നാമ്പുറത്ത് ഒരു വലീയ മാവുണ്ടായിരുന്നു, അതിന്നടിയില്‍ ഞങള്‍ കാത്തിരിക്കും ഒരു മാങ്ങ വീണു കിട്ടാന്‍, ഹമീദ് കാക്കയാണ് എന്നെക്കൊണ്ട്പോയത്. “കുണ്ടോച്ചാ..മാറോച്ചാ... ഞാങ്ങക്കൊരു മാങ്ങ താ... എന്നൊക്കെ പാടിത്തുടങ്ങിയത്‌ അബ്ദുല്ലയാണ്, ... അവനു എല്ലാം അറിയാം.... മാഷമ്മാരുടെ പേര്, എന്തിനു ബന്നൂരിന്നു വരുന്ന കുട്ടികളുടെ പേരു പോലും...ഒക്കെ അറിയാം... പിന്നെ കുറെ കഥകളും, അവന്‍ നെല്ലിക്കുന്ന് ഉറൂസിന്‍റെ കഥ പറഞ്ഞാല്‍ തീരാറില്ല, ഞങ്ങള്‍ പോകാന്‍ പറ്റാത്ത നിരാശരായി കേട്ടിരിക്കും.... അതുമല്ല അവന്‍ ഞങ്ങള്ല്‍ക്കെല്ലാം തുപ്പല്‍ കൊള്ളിച്ചു നഖത്തില്‍ വെക്കാന്‍ ഉറൂസ് പൂമാലയുടെ കടുംചെമപ്പ് കടലാസ് കഷ്ങ്ങള്‍ തരും, പെങ്കുട്ട്യോള്‍ക്കും കൊടുക്കും, ഞങ്ങള്‍ എല്ലാവരും വറുത്ത പുളിങ്കുരുവോക്കെ ഷെയര്‍ ചെയ്യാറുണ്ട്., പുളിങ്കുരു തിന്ന ഉടനെ വെള്ളം കുടിക്കാന്‍ പാടില്ലാന്നും ചില കുട്ടികള്‍ പറയും...വയറിളക്കം വരുമത്രേ...

തുടരും...

😃😃

No comments:

Post a Comment