Wednesday, 8 August 2018

പാഠശാലകളിലെ കുട്ടിക്രിമിലനുകളും ക്രിമിനൽ മെൻറാലിറ്റിയും ഉണരണം പിടിഎ സംവിധാനങ്ങൾ /അസ്ലം മാവിലെ

പാഠശാലകളിലെ
*കുട്ടിക്രിമിലനുകളും*
*ക്രിമിനൽ മെൻറാലിറ്റിയും*
*ഉണരണം പിടിഎ*
*സംവിധാനങ്ങൾ* 
...............................

അസ്ലം മാവിലെ
...............................

കുറച്ച് മാത്രമേ ഇന്നെഴുതുന്നുള്ളൂ. അത് തന്നെ ധാരാളമാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം കേട്ടുകൊണ്ടിരിക്കുന്ന വാർത്ത അത്ര സുഖം നൽകുന്നില്ല. മലയാളത്തിന് കേട്ടുകേൾവിയില്ലാത്ത വാർത്തയാണ് ഇന്നലെ കേട്ടത്. വടക്കേ അറ്റത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് 13 വയസ്സുള്ള ഒരു കുട്ടി തന്റെ സഹപാഠിയാൽ അതിദാരുണമായി കൊല്ലപ്പെടുന്നു ! ഇളം നെഞ്ചു കൂടത്തിൽ കത്രികയിട്ടു "ആനന്ദം" കണ്ടെത്തിയ കുട്ടിരാക്ഷസന് പ്രായം അത്ര തന്നെ ! വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം വായിച്ച രണ്ടാം രക്തസാക്ഷിത്വം.

മനസാക്ഷി മരവിപ്പിക്കുന്ന അങ്ങിനെയൊരു ഹീനകൃത്യത്തിന് പ്രേരിപ്പിച്ച കാരണമെന്തൊന്നോ ? പഠന സാമഗ്രിയുമായി ബന്ധപ്പെട്ട പേപ്പറുകൾ മുറിച്ച് വെക്കുന്ന വിഷയവും ! എന്തൊരു സഹിഷ്ണുത ! എന്തൊരു അഖ്ലാഖ് ! ഒന്നും രണ്ടും പറഞ്ഞ് മൂത്ത് മൂത്ത് ദേഷ്യം തീർക്കാൻ ഈ കുട്ടിക്രിമിനൽ നോക്കി വെച്ച സ്ഥലം .കണ്ടില്ലേ ? ഹൃദയം ! നെഞ്ചകം !  കണ്ണേ മടങ്ങുക !

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ക്രിമിനൽ സ്വഭാവം കുട്ടികളിൽ ആർക്കാണ് കൂടുതൽ കാണുന്നതെന്ന് ? സ്വന്തം നാട്ടുകാരിൽ ഉണ്ടാകില്ല. അവന് ആ നാടിന്റെ പൊതു സ്വഭാവമറിയാം. ആദരവിന്റെ ശരീരഭാഷ അറിയാം. ബന്ധങ്ങളുടെ ഇഴ എങ്ങിനെ ചേർന്നതെന്നറിയാം. താനും തന്റെ കുടുംബവും എങ്ങിനെയാണ് ആ പതമുള്ള മണ്ണിൽ വേര് താഴ്ത്തിയതെന്നറിയാം.

അന്യനാട്ടുകാർക്ക് ഇതറിയണമെന്നില്ല. നാട്ടിലെ ശല്യം തീർക്കാൻ ചിലർ ഇത്തരം പോക്കിരികളെ പുറം സംസ്ഥാനത്തും പുറം ജില്ലകളിലും കൊണ്ട് പോയി വല്ല സ്കൂളിലോ മത പാഠശാലയിലോ ചേർത്തു കളയും. മാന്യത്തേക്ക് പണ്ട് കാലികളെ കൊണ്ട് വിടുന്നത് പോലെ, പിന്നെ ആ രക്ഷിതാവ് തിരിഞ്ഞും മറിഞ്ഞും നോക്കില്ല. പെരുന്നാളിനോ ഓണത്തിനോ ക്രിസ്മസിനോ വന്നാൽ വന്നു. ഒരു പൊതുശല്യം ഒഴിവാക്കിയ അവർക്കെന്ത് മക്കളും കുട്ട്യോളും.

കർണ്ണാടകയിൽ റാഗിംഗ് നടക്കുന്ന ഏതെങ്കിലും പ്രൊഫഷനൽ കോളേജുകളുടെ കേസ് സ്റ്റഡി എടുത്തു നോക്കൂ. ആ നാട്ടുകാർ, ചുറ്റുവട്ടത്തുള്ളവർ മുൻപന്തിയിലുണ്ടാകില്ല. പുറം സംസ്ഥാനങ്ങളിലുള്ളവരായിരിക്കും എല്ലാ ഗുലുമാലും വലിച്ചിടുക. കുറെ പറയേണ്ടല്ലോ, നമ്മുടെ കേരളത്തിലെ സ്കൂളുകളിലെ റാഗിംഗ് കേസുകൾ  ഒന്നു കണ്ണോടിച്ചാൽ വിഷയം പെട്ടെന്ന് മനസ്സിലാകും.

വിരൽ ചൂണ്ടുന്ന ഒന്നുണ്ട്. കേരളത്തിൽ  ഏതെങ്കിലുമൊരു ഹിനവൃത്തിക്ക് ഒരുത്തൻ തുടക്കമിട്ട്,  അത് ഗൗരവമായി പൊതു സമൂഹം  എടുത്തില്ലെങ്കിൽ കൈവിട്ടു പോകാറുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളും കുടുംബ സഹിത തൂങ്ങി മരണങ്ങളും ഒളിച്ചോട്ടങ്ങളും ഉദാഹരണം. ഇന്നതൊരു വെറും വാർത്തകളായി മാറിക്കഴിഞ്ഞുവല്ലോ.

നന്മകളും സൽസ്വഭാവങ്ങളും ഇടപെടൽ രീതി ശാസ്ത്രവും പഠിക്കേണ്ട സ്ഥാപനങ്ങളിൽ നിന്നു ഇത്തരം വാർത്തകൾ കേട്ടാൽ ഒറ്റപ്പെട്ട സംഭവമായി ആരും തള്ളിക്കളയരുത്. നിസ്സംഗത പാലിച്ചാൽ കുട്ടികളിൽ അക്രമ വാസനയ്ക്ക് വഴിമരുന്നിടും. PTA പോലുള്ള സംവിധാനങ്ങൾ നിർബന്ധമായും സജിവമായി പ്രവർത്തിക്കണം. അമിത ബഹുമാനത്തിന്റെ പേരിലോ അവരൊക്കെ നോക്കിക്കൊള്ളുമെന്ന ധാരണയുടെ പുറത്തോ അധ്യാപർക്ക് എല്ലാം വിട്ടുകൊടുക്കരുത്. പുറത്ത് നിന്ന് വന്ന് താമസിക്കുന്ന കുട്ടികളെ നിർബന്ധമായും മാസത്തിൾ ഒരു വട്ടമെങ്കിലും അവരുടെ വീടുകളിലേക്ക് ഉത്തരവാദിത്വത്തോടെ പറഞ്ഞയക്കണം. 
താമസിച്ച് പഠിക്കുന്ന കുട്ടികളുമായി  ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ രക്ഷിതാക്കൾ ബന്ധപ്പെടുന്നുണ്ടോ എന്നും വാർഡൻ ചാർജു വഹിക്കുന്നവർ ഉറപ്പു വരുത്തണം.  ചേർക്കാൻ വരുന്ന രക്ഷിതാക്കളോട് മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നു കയറിയിറങ്ങാൻ നിർബന്ധിക്കണം. ആ സ്ഥാപനത്തിന് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലെ സാമുഹ്യ സേവന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കുട്ടികളോട് അധ്യാപകരും പിടിഎയും ആവശ്യപ്പെടണം. ആരും വല്യോരല്ല, ആരെ കണ്ടാലും മുട്ടുവിറക്കേണ്ടതുമില്ല.

മുമ്പൊക്കെ പാശ്ചാത്യൻ നാടുകളിൽ നിന്നാണ് പാo ശാലകളിൽ നിന്നുള്ള ദുരന്തവാർത്തകൾ കേട്ടു കൊണ്ടിരുന്നത്. ഈ വർഷം കേരളത്തിൽ ഒരു കോളേജിൽ നിന്നാണ് കൊലപാതകത്തിന് തുടക്കമിട്ടത്.  ഇപ്പോൾ അത് എട്ടാം ക്ലാസ്സിലേക്കെത്തിയിട്ടുണ്ട്. സൂക്ഷിച്ചാൽ നന്ന്. പി.ടി.എ (അത് മതപാഠശാലയായാലും ഭൗതിക പാഠശാലയായാലും) ഒന്നു കണ്ടറിഞ്ഞ് സജീവമാകണം. കൊല്ലങ്ങളോളം മീറ്റിംഗ് വിളിക്കാത്ത പി.ടി.എ കമ്മറ്റികൾ പല ചുറ്റുവട്ടത്തും കാണും, അവരൊക്കെ ഒന്ന് ഉറക്കിൽ നിന്നു ഉണരുന്നത് നല്ലതാണ്.
.............................🌱

No comments:

Post a Comment