Monday, 25 November 2019

കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നു; ഈ സംഘശക്തിക്കതിനർഹതയുണ്ട്*/ അസ്ലം മാവിലെ

* കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നു; ഈ സംഘശക്തിക്കതിനർഹതയുണ്ട്*
................................
അസ്ലം മാവിലെ
................................

സേവനമെന്നാൽ എന്തെന്ന് ഇക്കഴിഞ്ഞ ആഴ്ചയും ഞാനെഴുതിയിരുന്നു. മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും  മനുഷ്യോപകാരപ്രദവുമായ ഒരു പ്രവൃത്തി. അങ്ങിനെയുള്ളയൊന്ന്,  അത് ഏറ്റവും ആവശ്യമായ സമയത്ത്, മറ്റെല്ലാം മാറ്റി വെച്ച് ഏറ്റവും ആദ്യം ചെയ്യുമ്പോൾ അതാണ് സേവനത്തിന്റെ പരമകോടി, നാടൻ പറച്ചിൽ പറഞ്ഞാൽ അവ്വല് സ്വബീ(ഹ്).

കുറച്ച് മെനക്കടാണ്. സമയം അതിനായി മാറ്റിവെക്കണം. സ്വകാര്യപരിപാടികൾക്ക് അവധി നൽകേണ്ടി വരും. ആവശ്യക്കാരന് മുന്നിൽ At Your Service എന്ന മട്ടിൽ വിനയാന്വിതനാകണം. ശരീരഭാഷവരെ ഭൂമിയോളം താഴണം.

ഇന്നലെ ഒരു സേവനം പട്ലയുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്റെ മകൻ ഇടക്കിടക്ക് അതിന്റെ അപ്ഡേഷൻ എനിക്ക് അറിയിച്ചു കൊണ്ടേയിരുന്നു, ബൈ സെൻഡിംഗ് ഫോട്ടോസ്.

എത്ര ക്ഷമാപൂർവ്വം എത്ര ഭംഗിയായാണ് പെന്‍ഷന്‍ മസ്റ്ററിങ് ക്യാംപ് യൂത്ത് ലീഗ് പട്ലയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. പട്ലയിലെ മുതിർന്ന പൗരന്മാർക്കും വൈധവ്യത്തിൽ പ്രയാസമനുഭവിക്കുന്നവർക്കും ദിവ്യാംഗവിഭാഗത്തിലുള്ള അശരണർക്കും ഇന്നലത്തെ ദിവസം അത്രമാത്രം സന്തോഷം നൽകിയിരിക്കും.  അവർക്ക് പെൻഷൻ മുടങ്ങാനിടയുള്ള ചില സാങ്കേതിക തടസ്സങ്ങളാണ് മസ്റ്ററിങ് ക്യാംപിൽ കൂടി ഇന്നലെ മുതൽ നീങ്ങിയത്. 120 പേർ (token )  ആയിരുന്നുവത്രെ ഇന്നലത്തെ ടാർജറ്റ്. അത്രയും പേരുടെ പ്രോസസ്സ് പൂർത്തികരിക്കുക എന്നർത്ഥം. പക്ഷെ,  സിസ്റ്റം അൽപം സ്ലോ ആയത് കൊണ്ട് 82 ൽ നിർത്തേണ്ടി വന്നു - എൺപത്തിരണ്ടാമൻ എത്തുമ്പോൾ സമയം രാത്രി 10:10 !

ഇന്നലെ അഞ്ചു മണിക്ക് തുടങ്ങിയ ഈ സേവനത്തിന് ഒരുപാട് ഗൃഹപാഠം നടത്തിയിരിക്കണം. ശരിയല്ലേ ?  ചിട്ടയും അച്ചടക്കവും അത്കൊണ്ടുണ്ടായി.

കൂട്ടായ്മകൾ, ആരാകട്ടെ, മത്സരിക്കേണ്ടത് ഇങ്ങനെയുടെ പ്രവർത്തനങ്ങളിൽ  മുഴുകിയായിരിക്കണം.

രാഷ്ട്രിയത്തെ രാഷ്ട്രസേവനമെന്ന് നിരീക്ഷിക്കാറുണ്ട്. രാഷ്ട്രത്തിലെ പൗരന്മാരെ സേവിക്കുക എന്നതാണ് അതിന്റെ നിർവ്വചനാർഥം. പട്ല  MYL യൂനിറ്റിന്റെ, യുവതയുടെ സേവനം അതച്ചട്ട് ശരി വെക്കുന്നു.

*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം/ ASLAM MAVILAE



*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം*
................................
അസ്ലം മാവിലെ
................................
http://www.kvartha.com/2019/11/government-school-should-protected-by.html?m=1
പല അൺഎയ്ഡഡ് സ്കുളുകളിൽ നിന്നും മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കുന്ന ട്രെന്റ് തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ. അങ്ങിനെയൊരു ചുറ്റുപാടിലേക്ക് രക്ഷിതാക്കളുടെ മൈന്റ് സെറ്റ് ചെയ്തെടുക്കാൻ അതത് പ്രദേശങ്ങളിലെ പൂർവ്വ വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും പി ടി എ നേതൃത്വങ്ങളും ഭഗീരഥപ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്.

പൊതുസമൂഹത്തിന് സാരമായി ബാധിച്ച അൺഎയ്ഡഡ് എസ്-മാനിയ മാറ്റാൻ ഒരുപാട് എതിർപ്പുകൾ തരണം ചെയ്യേണ്ടി വന്നത് അധ്യാപകരേക്കാളേറെ ഓരോ പ്രദേശത്തെയും ഏതാനും ചില വിദ്യാഭ്യാസ പ്രവർത്തകർക്കായിരുന്നു.
കൃത്യം 15 വർഷം തൊട്ടിങ്ങോട്ട് അതിലും കൃത്യമായി നടന്ന ഇടപെടലുകളുടെ ഫലമായാണ് പലയിടത്തും സർക്കാർ സ്കൂളുകൾ ഇന്നു കാണുന്ന പ്രതാപത്തിലേക്ക് നടന്നെത്തിയത്.

തലങ്ങും വിലങ്ങും പത്തിൽ കുറയാത്ത സ്വകാര്യ ഇംഗ്ലിഷ് മിഡിയം സ്കൂളുകളുടെ വണ്ടി നിരങ്ങാത്ത പ്രദേശങ്ങൾ തന്നെയില്ലായിരുന്നു. ഒരു ധാരണയോ കൃത്യമായ പ്ലാനിംഗോ ഇല്ലാത്ത അൺഎയ്ഡഡ് ഇമീസ് കെട്ടിടൊഴിവ് കാണുന്നിടത്തൊക്കെ യഥേഷ്ടം തുറക്കുന്ന ദയനീയ കാഴ്ച അന്ന് എവിടെയും കാണാമായിരുന്നു.

യാ, യാ, ഐ (ക്)നോ എന്ന് പറഞ്ഞവനെ പോലും വഴിതടഞ്ഞ് അധ്യാപകരാക്കിയിരുന്ന ഒരു കാലത്ത് വാ പൊളിച്ചു നോക്കാനേ അന്ന് സർക്കാർ വിദ്യാലയാധികൃതർക്കും പിടിഎയ്ക്കും സാധിച്ചിരുന്നുള്ളൂ. പഠിച്ചവർ പോലും സ്വന്തം പാഠശാല മറന്നു മക്കളെ ടൈ കെട്ടി ടാറ്റാ പറഞ്ഞ് മുറ്റത്ത് വരുന്ന ഓമ്നി -  ഓട്ടോറിക്ഷ മുതലങ്ങോട്ടുള്ള സകല ശകടങ്ങളിലും യാത്രയാക്കാൻ തിടുക്കപ്പെട്ടിരുന്ന ഒരു പോയ കാലവും പോയത്തക്കാലവും ഞാനടക്കം പലർക്കും ഓർത്തെടുക്കാൻ സാധിക്കും.

അന്നൊരു തിരിച്ചു ശ്രമം നടന്നു. ഏറ്റവും മികച്ച അധ്യാപകരാണ് സർക്കാർ സ്കൂളിലുള്ളതെന്ന് നാം പബ്ലിസിറ്റി നൽകി. ഉയർന്ന അക്കാഡമിക് യോഗ്യതയുള്ളവരെന്നും ടീച്ചിംഗിൽ മികച്ച പരിശീലനം സിദ്ധിച്ചവരെന്നുമായിരുന്നു നാം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയാണ് എതിർപ്പുകളെ അതിജീവിച്ച് സർക്കാർ സ്കൂൾ ഇത്രമാത്രം പ്രോമോട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം  നിരന്തര ഇടപെടലിന്റെ ഭാഗമായി അതത് കാലത്തെ സർക്കാരുകൾ അവസരത്തിനൊത്തുയർന്ന് ഭൗതിക സൗകര്യങ്ങൾ ഒരുക്കിത്തന്നതും ഇന്നു കാണുന്ന ഔന്നത്യവും പ്രിവിലേജും നമ്മുടെ സ്കൂളുകൾക്ക് കിട്ടിത്തുടങ്ങാൻ കാരണവുമായി.

അത് കൊണ്ട് തന്നെയാണ്  ഒരു സഹലയുടെ വിഷയം മുന്നിൽ വന്നപ്പോൾ ഇനി ഇങ്ങിനെയൊന്നാവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാ സ്കൂളധികാരികൾക്ക് നൽകിയതും ഒന്നു കൂടി വിജിലൻറായതും. ഇത് കണ്ടറിയാൻ അധ്യാപകർക്കും പി ടി എ യ്ക്കും സാധിക്കണം.  ഇനിയുണ്ടാകുന്ന ചെറിയ പിഴവിന് പോലും പൊതുജനം മാപ്പ് തന്നുവെന്ന് വരില്ല. അനങ്ങാപ്പാറ നയമുള്ള പി ടി എക്കാരും പഠിച്ചതേ പാടൂ എന്ന് പറയുന്ന മാനേജ്മെന്റും ഒന്നുണരാൻ സമയമായി. ചെറിയ ഒരു അസ്വാഭികത സ്കൂളിലോ കാമ്പസിലോ കുട്ടികളിലോ കണ്ടാൽ മേലധികാരികളെ റിപ്പോർട്ട് ചെയ്യാനും ഫോളോ അപ് നടത്താനും അധ്യാപകരും ഒന്നേന്ന് മുതൽ തുടങ്ങണം.  അധ്യാപകർക്ക് ഓറിയന്റേഷനും പരിശീലനവും വേണ്ടത് ആനയും അമ്പാടിയും അഭിനയിച്ചു പാഠഭാഗങ്ങൾ ബോധ്യപ്പെടുത്താനല്ല. മറിച്ച് പ്രഥമശുശ്രൂഷയ്ക്കും പ്രഥമ പരിഗണനയ്ക്കുമുള്ള അവബോധശിൽപശാലകളാണാവശ്യം .

പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളെയൊക്കെ കണ്ണടച്ചു വിശ്വസിച്ചും പ്രതിക്ഷിച്ചുമാണ് രണ്ടാം വീടായ സർക്കാർ സ്കൂളിലേക്ക് രക്ഷിതാക്കൾ തങ്ങളുടെ പിഞ്ചോമനകളെ പറഞ്ഞയക്കുന്നത്. പ്രീസ്കൂൾ മാനേജ്മെന്റും അങ്കനവാടിക്കാരും വളരെ വളരെ ശ്രദ്ധിക്കണം. അവരുടെ കണ്ണെത്താത്തിടത്ത് രക്ഷിതാക്കളുടെ കണ്ണെത്താൻ പിടിഎ നേതൃത്വത്തിൽ ഒരു വിംഗ് തന്നെ ഇടക്കിടക്കുള്ള മിന്നൽ പരിശോധനയ്ക്കായി ഒരുങ്ങി വേണം. ഉച്ചഭക്ഷണശാലയിലടക്കം ശ്രദ്ധ കൂടിയേ തീരൂ. അരിയും പയറും വൃത്തിയിൽ കഴുകി ചട്ടിയിലിടുന്നത് മുതൽ അത് വെച്ചു വിളമ്പുന്നത് വരെ വേതനത്തിലുപരി സേവന മനസ്ഥിതിയോടെ പാചക്കാരും ആയമാരും അതിന്റെ ചുമതലക്കാരും
കാര്യങ്ങൾ ഗൗരവമായി കണ്ടേ തീരൂ.

ഇനി ഒരുപക്ഷെ, അടുത്ത അധ്യയനവർഷത്തിന് വളരെ മുന്നേയായി സർക്കാർ സ്കൂൾ പരിസരം സുരക്ഷിതമല്ല എന്ന ഒരു സമാന്തര കാമ്പയിനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. വാക്ചാരുതിയുള്ളവർ രക്ഷിതാക്കളെ നേരിൽ കാണാനും കുറ്റങ്ങൾ പറഞ്ഞു ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനും പരമാവധി ശ്രമിക്കും. എത്ര നിയന്ത്രണങ്ങൾ വന്നാലും അതൊക്കെ കാണേണ്ടവരെ കണ്ടും കാണിക്ക വെച്ചും കൂണുപോലെ "പെട്ടിക്കടകൾ" തലപൊക്കും. പിന്നെ പിന്നെ ഈ കാണുന്ന സംരക്ഷണയജ്ഞമൊക്കെ പൊടിപിടിക്കാൻ തുടങ്ങും.
വീണ്ടും പതിനഞ്ചു വർഷം പിന്നിലേക്ക് സർക്കാർ സ്കൂളുകൾ ചെരുപ്പിടാതെ നടന്നേക്കും.

സർക്കാർ സ്കൂളും  അതിന്റെ പരിസരവും  ചുറ്റുപാടും സുരക്ഷിതമാണെന്നും പഠനത്തോടൊപ്പം കുട്ടികളുടെ ക്ഷേമകാര്യങ്ങളിലും അവരോടുള്ള മാനുഷിക പരിഗണനയുടെ വിഷയത്തിലും ഒരനാസ്ഥയുമില്ലാത്തവരാണ് അധ്യാപകരും രക്ഷകർത്തൃസമിതിയും സ്കൂൾ മനേജ്മെന്റും എന്നും  പ്രവൃത്തിയിലൂടെയും മനോഭാവത്തിലൂടെയും  ബോധ്യപ്പെടുത്താൻ ഉത്തരവാദിത്യപ്പെട്ടവർക്കാകട്ടെ. അങ്ങനെയായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ബഹളവുമൊക്കെ പാഴായി മാറാൻ അധിക കാലം വേണ്ടെന്ന് വീണ്ടും ഓർമ്മപ്പെടുത്തട്ടെ.

പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*/ അസ്ലം മാവിലെ

*പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*
.................................
അസ്ലം മാവിലെ
.................................

പ്രളയം കഴിഞ്ഞതോർമ്മയുണ്ടല്ലോ. ഒരു പാട് പേർ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചിട്ടുമുണ്ട്. മധൂർ പഞ്ചായത്തിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വെള്ളപ്പൊക്കമാണുണ്ടായത്. അതിൽ ഏറ്റവുമധികം ബാധിച്ചത് പട്ലയെയാണ്, പട്ലയെ മാത്രം.

നൂറുകണക്കിന് കുടുംബങ്ങൾ കുടിയിറങ്ങി. ഫയർ സേനയും ദ്രുതകർമമ്മ വിഭാഗങ്ങളും ബോട്ടും രക്ഷാസങ്കേതങ്ങളുമായി കലക്കും വെള്ളത്തിൽ ഇറങ്ങി. രാത്രി ഉറക്കമിളച്ചു നാട്ടുകാരും അതിന്റെ ഭാഗമായി. വാർഡ് ചുമതലയുണ്ടായിരുന്ന വില്ലേജ് ആഫീസർ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ദുരിതാശ്വാസ കേമ്പിൽ കിടന്ന് പത്ര ദൃശ്യമാധ്യമങ്ങളിൽ കഥാപാത്രങ്ങളാകേണ്ടന്ന് കരുതി ബന്ധുമിത്രാദികൾ അവർക്ക് അഭയം സ്വന്തം വീടുകളിൽ നൽകി. സർക്കാരിന്റെ ഒരു അരിമണി പോലും വാങ്ങാൻ അഭയമൊരുക്കിയർ  ഒരുങ്ങിയില്ല. ഒന്നിച്ചു കലം വെച്ചു, ഒരുപ്പത്തിയിൽ ഉണ്ടു.  കലക്ടർ ഒഴിച്ച് ബാക്കി  എല്ലാവരും പട്ല സന്ദർശിച്ചു. അവർ നാട്ടുകാരുടെ ഈ വലിയ ദു:ഖത്തോടൊപ്പം, അതിന്നോരം നിന്നു. 

വില്ലേജ് ആഫീസർ വിളിച്ചു പറഞ്ഞു, സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിന് ദുരിതമനുഭവിച്ചർ അർഹരെന്ന്. മധൂർ പഞ്ചായത്തിലെ പട്ലവാസികൾ മാത്രം ലിസ്റ്റിന്ന് പുറത്തെന്നല്ല അവർ പറഞ്ഞത്.  അങ്ങിനെയെങ്കിൽ ആരും അപേക്ഷയും രേഖയും മെനക്കെട്ട് ആപ്പീസിൽ കെട്ടാക്കി തരുമായിരുന്നില്ലല്ലോ.

എല്ലാ പാർട്ടിക്കാരും അനുഭാവികളും പിണറായി സർക്കാർ ദുരിതാശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ കാണുന്നിടത്തൊക്കെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.  ആദ്യം 5 കിട്ടും,  10 കിട്ടും പിന്നെ പിന്നെ  ബാക്കി മുഴുവൻ കിട്ടും. IFC കോഡുള്ള അക്കൗണ്ട് മാത്രം മതി. ഇതൊക്കെ നമ്പി ഓടിച്ചാടി അവർ പറഞ്ഞദിവസം തന്നെ നാട്ടുകാർ വില്ലേജാപ്പിസിൽ എത്തിച്ചു.  ഒരാഴ്ച കഴിഞ്ഞ് കുറച്ചു ഉല്യാഗസ്ഥരും ചില വീടുകളിൽ ഫയലുമായി എത്തുകയും ചെയ്തു.

ഇപ്പം, എന്തായി ?  ഫയലെവിടെ ? നടപടിയില്ലേ ? കാശ് തരില്ലേ ?  പട്ലയിൽ വെള്ളപ്പൊക്കം തന്നെ ഉണ്ടായിട്ടില്ലേ ? വെറുതെ നാട്ടുകാർക്ക് തോന്നിയതാണോ ? ദുരിതാശ്വാസ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നോ ? ഉദ്യോഗസ്ഥർ അനങ്ങാത്തതാണോ ? അതും  പരിഹാസമായിരുന്നോ ? കാറ്റ് വരുന്നു, മഴ വരുന്നു, അവധി തരുന്നു - ഇത് പറയാൻ മാത്രമാണോ വില്ലേജ് ആപ്പീസ് മുതൽ ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് വരെയുള്ള സർക്കാർ സംവിധാനങ്ങൾ ?

പഞ്ചപ്പാവങ്ങളായ നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. 98 + കുടുംബങ്ങൾ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷയിന്മേൽ എന്ത് നടപടി ഉണ്ടായി ? ആ അപേക്ഷകൾ വില്ലേജ് ആപ്പീസിൽ അടയിരിക്കുകയാണോ ? മുകളിലെത്തിയോ ? ഫണ്ട് എന്ത് കൊണ്ട് പാസായില്ല ? അല്ല, പാസായ ഫണ്ട് ജില്ലയിലെത്തിയോ ? എന്ത് കൊണ്ട് നടപടി ഉണ്ടാകുന്നില്ല ? ഇനി എപ്പോൾ കിട്ടും ?
ഈ ചോദ്യങ്ങൾ ഇവിടെ വിക്ടിംസിന് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങളോട് ഞാൻ ചോദിക്കുന്നു.

കേരളത്തിന്റെ എന്താവശ്യത്തിനും സർവ്വകക്ഷി നേതാക്കാൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന്, ഒന്നിച്ച് ഡൽഹിയിൽ പോകാറുണ്ട്. പട്ലയുടെ ന്യായമായ ഈ ഒരാവശ്യം ചോദിക്കാൻ, ചോദിച്ച് വാങ്ങാൻ , ആ ഫയൽ തീർക്കാൻ ഈ ഗ്രാമത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു കുടക്കീഴിൽ നിൽക്കണം. ഒരു തിയ്യതി തീരുമാനിക്കണം. ഒന്നിച്ചിരിക്കണം. ഒരു  മെയ്യോടെ വില്ലേജ് ആപ്പീസ് മുതൽ കലക്ട്രേറ്റും കഴിഞ്ഞ് നമ്മുടെ നാട്ടുകാരനായ റവന്യു മന്ത്രിയെ അടക്കം കാണാൻ സാധിക്കണം.

രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്ന് കരുതുന്നു.  പ്രതികരിച്ചാൽ മാത്രം പോരാ. നടപടിയിലേക്ക് നീങ്ങുകയും വേണം. ഇതിനൊക്കെയല്ലേ നമുക്ക് പാർട്ടികളും സംവിധാനങ്ങളും ചട്ടക്കൂടുകളും ?

*മാമ്പൂ :*
ഒരു സൂചന കൂടി തരട്ടെ ? അന്വേഷിക്കുമോ ?

അപേക്ഷയിന്മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവർക്കൊക്കെ 10,000 രൂപ (കുറഞ്ഞും / അത്ര തന്നെയും ) കിട്ടിയിട്ടുണ്ട്.

നമ്മുടെ അപേക്ഷയിന്മേലുള്ള നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന്  പ്രാരംഭ നടപടിയായി കാസർകോട് എത്തിയിട്ട് നാളുകളേറെയായി. താലൂക്കാപിസിലെ സെക്ഷൻ G (ജി) എത്തി അന്വേഷിച്ചാൽ പേരു വിവരം കിട്ടും - ആർക്കൊക്കെയാണ് പാസായിട്ടുള്ളതെന്ന്. റേഷൻ ഉടമകളുടെ പേരായിരിക്കും കാണുക.  (ഗൃഹനാഥ) അറിഞ്ഞിടത്തോളം 70 % അപേക്ഷകളുടെ മേലിലും ആശ്വാസ തുക പാസായിട്ടുണ്ട്.

ഇനി നിങ്ങൾക്ക് സംയുക്തമായി പോകാമല്ലോ. ചോദിക്കേണ്ടത് പാസായ പൈസ റിലീസാക്കാൻ എന്താണ് തടസം ? ദുരിതാശ്വാസ കേമ്പിൽ എത്താത്തത് സാങ്കേതിക തടസ്സമായി കാണരുത്. അത് ഒരു നാടിന്റെ ആതിഥേയ മര്യാദയിൽ പെട്ടതാണ് - സ്കൂളിന് പകരം വിടുകൾ ദുരിതാശ്വാസ പാർപ്പിടമായത്. അത്കൊണ്ട് ആദ്യം കിട്ടേണ്ടത് നമുക്കാണ്. ഒരു നാട്ടിലെ പ്രയാസപ്പെട്ടവരുടെ അഭിമാനത്തിന് വിലകൽപ്പിച്ചതിന്.

പ്ലീസ്, തിങ്കളാഴ്ച ഒന്ന് രാവിലെ പോകാൻ പ്രാദേശിക സർവ്വകക്ഷി നേതൃത്വം ഒരുങ്ങണം. വാർഡ് മെമ്പർ മുൻകൈ എടുക്കണം.  ഉദ്യോഗസ്ഥർ നിസ്സംഗത കാണിച്ചാൽ മെലെ ലയറിലുള്ള പാർട്ടിനേതാക്കൾക്ക് വിളിക്കണം. ഇടപെടും. പൈസ പോരട്ടെ. അവിടെ കടലാസിലും കംപ്യൂട്ടറിലും ചുറ്റിക്കളിക്കാനുള്ളതല്ല നമുടെ നാട്ടുകാർക്ക് അനുവദിക്കപ്പെട്ട ദുരിതാശ്വാസ സംഖ്യ, അഞ്ചായിരമായാലും, പത്തായിരമായാലും.

കിട്ടിയവരുടെ പൈസ ആദ്യം അക്കൗണ്ടിൽ വരട്ടെ,  പിന്നെ നോക്കാം ബാക്കിയുള്ളവർക്ക് എന്ത്കൊണ്ട് കിട്ടിയില്ലെന്ന്.

അല്ല പിന്നെ, പണി എടുത്തതിന് ഒരു കൊണം (ഗുണം)  കിട്ടണ്ടേ ?



Wednesday, 20 November 2019

പട്ല സ്കൂൾ & പബ്ലിക് ട്രാൻസ്പോർട്ട : ചർച്ച / അസ്ലം മാവിലെ

സ്കൂൾ നേതൃത്വത്തിലും രാഷ്ട്രീയ,  സാമൂഹിക, കലാകായിക,  മഹല്ല് നേതൃത്വങ്ങളിലുമുള്ളവരും, നാട്ടിലെ ഓരോ ഇലയനക്കങ്ങളും ആകാംക്ഷയോടെ  നോക്കിക്കാണുന്ന പ്രവാസലോകത്തുള്ളവരും നിറഞ്ഞു നിൽക്കുന്ന ഈ ഒരു കൂട്ടായ്മയിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നാൽ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓപൻ ഫോറത്തിലോ ബന്ധപ്പെട്ട നേതൃത്വങ്ങളെ സ്വകാര്യമായോ അറിയിക്കാൻ പറ്റും. അത് സ്കൂളിന്റെ ഔദ്യോഗിക വികസന സമിതി യോഗത്തിലും പിടിഎ എസ്. എം. സി ഫോറങ്ങളിലും മറ്റും നേതൃത്വത്തിന് സൂചിപ്പിക്കാമല്ലോ.

പ്രാക്ടിക്കലായി ഒരു സൊല്യൂഷൻ ഉണ്ടാകുന്നില്ലെങ്കിൽ വാർത്ത പത്രത്തിൽ കൊടുത്തവരോടും ആരായണം - അവർക്ക് വല്ല ഉപായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടോ എന്ന്.

ഒരേ സമയം നാല് ദിക്കിൽ നിന്നും ബസ്സ് എത്തുമാറ്  ഒരു സംവിധാനം നടക്കുമെന്ന് തോന്നുന്നില്ല.  അതെന്റെ ആർടിക്കിളിൽ തന്നെ സൂചിപ്പിച്ചിരുന്നു. പിന്നെയുള്ളത് അധ്യാപകരെ മധൂർ / ഉളിയത്തട്ക്ക ബസ് സ്റ്റാൻഡിലേക്കുള്ള പോക്കു &വരവ് (up & down ) സംവിധാനമെങ്കിലും ചെയ്യുക എന്നതാണ്. അങ്ങിനെ വന്നാൽ അവരുടെ സ്ഥലം മാറിപ്പോകൽ തൽക്കാലം ഒഴിവായിക്കിട്ടുമല്ലോ.

പിന്നെ, പിള്ളേർ.
നാനാ ദിക്കിൽ നിന്നും പട്ല സ്കൂളിലേക്ക് അവർ പഠിക്കാൻ വന്നാൽ നല്ലതാണ്. ഒരു ചന്തമുണ്ട്. ഡൈവേർസിറ്റിക്കും നന്ന്. പല പ്രാദേശികത്വങ്ങൾ ചേർന്ന പലമ. ആ പലമയിൽ നിന്നുള്ള സംസ്ക്കാരപ്പൊലിമ. നമ്മുടെ നാട്ടിലെ കുട്ടികൾക്കും സ്കൂൾ തൊട്ടേ നാട്ടുകാരല്ലാത്തവരെ ഉൾക്കൊള്ളാനുള്ള വലിയ മനസ്സു അത് വഴിയുണ്ടാകും. (ഇതൊക്കെയുള്ളത് കൊണ്ടാണ് പൊതുവിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ നിലവാര ഉയർച്ച ആവറേജിനും മുകളിൽ കാണുന്നത് )

Progress is impossible without change, and those who cannot change their minds cannot change anything - GBS

എന്നെ സംബന്ധിച്ചിടത്തോളം, കുറച്ചിട നടന്നു വരുന്നതാണ് ഒരു ഒരു ചന്തം. പക്ഷെ, ആ കാലം പൊയ്പ്പോയ്. മുമ്പ് ടീച്ചേർസൊക്കെ ക്വാട്ടേഴ്സിലായിരുന്നു താമസം - നാട്ടിലോ ടൗണിലോ. വെള്ളിക്കളം നാട്ടിൽ പോകും തിങ്കൾക്കളം സ്കൂളിൽ എത്തും. പക്ഷെ, ഇന്ന് അങ്ങിനെയല്ലല്ലോ.

ലൈബ്രറിയിൽ തന്നെ ജോലിയും സേവനവും വായനയും ഊണും ഉറക്കവുമുള്ള ഒരു ലൈബ്രറിയനെ മിനിഞ്ഞാന്ന് ബ്രണ്ണൻ കോളേജിൽ കണ്ടുമുട്ടാനിടയായി. അങ്ങനെയുള്ള ഹുമയൂൺമാർ യഥേഷ്ടം ഉണ്ടാകുക അസംഭവ്യമാണല്ലോ.

ഏതായാലും അധ്യാപകർക്കെങ്കിലും ഒരു സംവിധാനം പറ്റുമോ എന്ന് ആലോചിച്ചാൽ നല്ലത്, അതൊരു പൗരാവലി യോഗം ചേർന്നാണെങ്കിലും. അങ്ങിനെ യോഗം ചേർന്നാൽ കുറഞ്ഞത്, ഇത് ചുളുവിൽ നടപ്പാക്കാവുന്ന ഏർപ്പാടല്ലെന്നും  സങ്കീർണ്ണതയും അപ്രായോഗികതയും  ഒരുപാടുണ്ടെന്നും  ബോധ്യപ്പെടുത്താനുമാകും. ആരെ ബോധ്യപ്പെടുത്താനുമാകുമെന്ന് ? അവരെ തന്നെ ....

To improve is to change,  to be  perfect  is to change often - W. Churchill  പറയാൻ ഇങ്ങനെ പലരുമുണ്ട്. എന്നാലും ഒരു ശ്രമം നടത്താം. ആയാൽ ഒരു പാ(ക്ക്)തൈ പോയാൽ ഒരു പാക്ക്.

*അസ്ലം മാവിലെ*

പട്ള സ്കൂൾ , പബ്ലിക് ട്രാൻസ്പോർട്ട് - ചർച്ച

▪  സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടോ ?

▪ എങ്കിൽ പ്രൈവറ്റ് ? KSRTC ? 

▪  മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ ? 
.
▪ എങ്കിൽ  ഒരു മീറ്റിംഗ്‌ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച്  എപ്പോൾ നടത്തും ?

▪ ചെറിയ സേവനമെന്ന രീതിയിൽ ഒരു  വാൻ /ബസ് ഏർപ്പാട് ചെയ്യാൻ പൗരാവലിക്കോ well wishers നോ സാധിക്കുമോ ?  പ്രവാസി റിട്ടേണീസായ വണ്ടി ഓട്ടുന്നവർക്കും ഇതാലോചിക്കാം, അവർക്ക് വേറെയും പ്രൈവറ്റായി ഓടാമല്ലോ, 

▪ പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ഡ്രൈവേർസിന്റെ സഹകരണത്തോടെ താത്ക്കാലിക സംവിധാനം ?
 
▪ നേരത്തെ പറഞ്ഞ എം.പി. ഫണ്ട് പുതിയ എം.പി.യോട് ആവശ്യപ്പെടാൻ പറ്റില്ലേ ? അതിന്റെ നടത്തിപ്പ് എങ്ങിനെയായിരിക്കും ?

▪ അധ്യാപകരെ കൊണ്ട് വരാനും വിടാനും എങ്കിലും പുതിയ *ഫ്രണ്ട്ലി ഷട്ട്ൽ സർവീസ്* സമ്പ്രദായം  താത്കാലികമായി നാട്ടിലുള്ളവർക്ക് നടപ്പാക്കാൻ പറ്റുമോ ? ( ആ രണ്ട് സമയത്ത് വണ്ടി Available ആണെങ്കിൽ Up & down Service  20 സ്വകാര്യവണ്ടിക്കാരുടെ ഒരു ചെയിൻ ഗ്രൂപ്പുണ്ടാക്കി സേവനം )

▪ അല്ലെങ്കിൽ പുതിയ ഒരാശയം

▪ മധുരിലേക്ക് വരുന്ന ബസ് റൂട്ട് ഡൈവേർട്ട് ചെയ്ത് അവരുദ്ദേശിക്കുന്ന മിനിമം  കളക്ഷൻ കിട്ടിയില്ലെങ്കിൽ ബാക്കി നൽകാൻ (വ്യക്തമായ evidence ഹാജരാക്കിയാൽ ) പൗരാവലി തയാറാകുമോ ?

പട്ല സ്കൂളും പബ്ലിക് ട്രാൻസ്പോർട്ടും* *അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?* *ബദൽ പരിഹാരമെന്തുണ്ട് ?* *അൽപം ശകടചിന്തകൾ* / അസ്ലം മാവിലെ

*പട്ല സ്കൂളും  പബ്ലിക് ട്രാൻസ്പോർട്ടും*
*അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?*
*ബദൽ പരിഹാരമെന്തുണ്ട് ?*
*അൽപം ശകടചിന്തകൾ*
...............................
അസ്ലം മാവിലെ
...............................

കഴിഞ്ഞ മാസം കാസർകോട് - മധൂർ ബസ് യാത്രയ്ക്കിടെ ഒരു പഴയ ബസ് ഡ്രൈവറെ എന്റെ സഹ ഇരിപ്പിടക്കാരനായി കിട്ടി. പരിചയം പുതുക്കി. അയാളും ഒരു ബസ് മുതലാളിയായിരുന്നു. വണ്ടീം വലീം നടക്കാത്തത് കൊണ്ട് പകുതിക്ക് ആരുടെയോ പിരടിക്ക് ഈ വേതാളത്തെ വെച്ച് കയ്യൊഴിഞ്ഞു കളഞ്ഞുവത്രെ. അതോടെ ഞങ്ങളുടെ സംസാര വിഷയം ബസ് ഓട്ടവും അതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ചുമായി.

എന്തൊക്കെ തൊന്തരവാണ് ? മൂന്ന് മാസത്തിലൊരിക്കൽ കനത്ത മോട്ടോർ വെഹിക്ക്ൾ ടാക്സ് (30,000 to 35,000 ), ഇൻഷുറൻസ്, വേയ്ജ് ബിൽ. എണ്ണയുടെ (HSD) വർദ്ധനവ് വേറെ - 80 രൂപ/ലിറ്റർ. മെയിൻറനൻസ് ചെലവ്. ടയർ & ലൂബ്രിക്കൻസ് വിലവർദ്ധനവ്, ശമ്പളം, പണിക്കാരെ ഭക്ഷണം, പിരിവ് എല്ലാം കൂടി കേട്ടപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിക്കുന്ന ഏർപ്പാടാണ് ബസ്സോട്ടമെന്ന് എനിക്ക് തോന്നി.  ഇതൊക്കെ പോരാഞ്ഞ് കുറെ ഓസിന് യാത്രക്കാരും (freebies).

ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കെ  ബസ്സ് ഒന്നു കൂടി തിരിഞ്ഞും മറിഞ്ഞും നോക്കി - ഒരുമാതിരി മങ്ങലം കഴിഞ്ഞ കല്യാണപ്പുര പോലെ, കാര്യമായി ആരും ഇല്ലന്നേയ്.  മധൂരിൽ നിന്ന് കാസർകോട്ടേക്ക് തിരിച്ചു പോകുന്ന രണ്ട് മൂന്ന് ബസ്സുകളിലും കഥ ഇത് തന്നെ.  ഈ പത്ത് മുപ്പത് ആളുകൾക്ക് 8, 9, 10 ഉറുപ്പിക ടിക്കറ്റ് ( 8, 8.70, 9.40 ) കൊടുത്ത് എന്ത് ലാഭം കിട്ടാനാണ് ? 

പിന്നെ എങ്ങിനെ ബസ് സെർവീസ് മൊതലാകും ? അഞ്ചെട്ട് കൊല്ലം മുമ്പുള്ള 30, 000 ബസ്സുകളിൽ നിന്നും 12,500 ലേക്ക് പ്രൈവറ്റ് ബസ്സുകളുടെ
എണ്ണം കുറഞ്ഞെന്ന് കേൾക്കുന്നു. ചിലർ ഓട്ടം തൽക്കാലികമായി നിർത്താൻ അപേക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണത്രെ (ഫോറം - G എന്ന് പറയും,  ഇത് ത്രൈമാസ ടാക്സ് ഒഴിവാക്കാനുള്ള അപേക്ഷയാണ് ) 

ചില ബസ്സുകളിൽ ഇപ്പോൾ പണിക്ക് കിളിയും ഇല്ല, കുരുവിയുമില്ല. ഡ്രൈവറും കണ്ടക്ടറും മാത്രം. 500,  450, 400 ഇതാണ് ഡ്രൈവർ - കണ്ടക്ടർ - കിളി ശമ്പളനിരക്ക്. രാവിലെ 6 മണിക്ക് ഇറങ്ങിയാൽ രാത്രി 8 വരെയുള്ള പണിക്കൂലി എന്നോർക്കണം.

ഒരുപാട് ബസ്സ് നമ്മുടെ നാട്ടിലേക്ക് വേണമെന്ന് മുറവിളി കൂട്ടാം. ആ ബസ്സാണെങ്കിൽ സമയത്തിനു കിട്ടുകയും വേണമെന്ന് ആവശ്യവുമുന്നയിക്കാം, ഇനി പറ. ആര് യാത്ര ചെയ്യാനാണ് ? നാട്ടുകാരോ ? വടക്കു നിന്നും ബസ്സ് വരുന്ന ശബ്ദവും പടിഞ്ഞാറ് നിന്ന് പരിചയക്കാരന്റെ കാറും കിഴക്കു നിന്നു കുട്ടുകാരന്റെ ബൈക്കും വന്നാൽ ഞാനടക്കം ഏതിന് കൈ കാട്ടും ? 

പട്ലയിൽ ഇരു ചക്രവാഹനമില്ലാത്ത പത്തിരുപത് അധ്യാപകർക്ക് വേണ്ടി, നീർച്ചാൽ, കുഞ്ചാർ ഭാഗത്ത് നിന്ന് വരുന്ന കുറച്ചു കുട്ടികൾക്ക് വേണ്ടി അവരുടെ സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് പറയാമെന്നല്ലാതെ നടക്കുന്ന കാര്യമാണോ ?

പിന്നെയുള്ള നേർത്ത സാധ്യത മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ എന്നാണ്.  അതിന് ഒരു ഇരുത്തം ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് നടത്തി,  ചർച്ച ചെയ്ത് നോക്കണം. അപ്പഴും പ്രശ്നം വരും. പട്ലയിലേക്ക് മധൂർ ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരുമ്പോൾ കുഞ്ചാറ് ഭാഗത്തുള്ള കുട്ടികൾ എത്രമണിക്കാണ് ബസ് കാത്ത് നിൽക്കേണ്ടത് ? സ്കൂൾ സമയം തെറ്റില്ലേ ? അത് രാവിലെത്തേത്. ഇനി  വൈകുന്നേരത്തെ കഥയോ ? 

അതിലും നല്ലത്  ചെറിയ സേവനമെന്ന രീതിയിൽ ഒരു സെക്കനാൻന്റ് വാൻ ഏർപ്പാട് ചെയ്യുക - അധ്യാപകരെ മധൂരിൽ നിന്ന്കൊണ്ട് വരിക, തിരിച്ചു കൊണ്ട് വിടുക,  ദൂരെയുള്ള കുട്ടികളെയും അങ്ങിനെ തന്നെ. ചെറിയ ഫീസ് അവരിൽ നിന്നും വാങ്ങണം, ബാക്കി നാട്ടുകാർ കണ്ടെത്തണം.
പിന്നൊന്ന്, പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ടീമുമായി ആലോചിച്ച് ഒരു കരാറുണ്ടാക്കുക.

പത്രത്തിലും കൂടി വാർത്ത വന്ന സ്ഥിതിക്ക്,  പി ടി എ , എസ് എം സി, എസ് ഡി സി യോഗങ്ങൾ ഉടനെ ചേരട്ടെ, അവരെക്കൂടാതെ ക്ഷണിതാക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കട്ടെ. നൂറുതലകൾ ഒന്നിച്ചു വെച്ചാൽ, അവയിൽ നിന്നു എന്തെങ്കിലും ഒരു  ഒരാശയം വരാതിരിക്കില്ലല്ലോ.

NB :
(1) മുമ്പ് പാലത്തിന് വീതി ഇല്ലാഞ്ഞിട്ടായിരുന്നു നമ്മുടെ നാട്ടിൽ ബസ്സ് വരാത്തത്. ഇന്ന് കപ്പൽ വീതിയുള്ള പാലത്തിൽ കൂടി സ്വകാര്യവാഹനങ്ങൾ ഇരച്ചോടുന്നത് കൊണ്ട്, പബ്ലിക് ട്രാൻസ്പോർട്ടിൽ കയറാൻ ആളില്ലാഞ്ഞ് ബസ്സോട്ടവുമില്ല.

(2) 900 മീറ്റർ ദൂരത്തിൽ ബസ്സ് സൗകര്യം മാത്രം ഇല്ലാത്തത് കൊണ്ട് ഈ സ്കൂളിലെ പൊന്നോമനകളെ പാതിവഴിക്കാക്കി, ബസ് സ്റ്റോപ്പിനടുത്തുള്ള സ്കൂൾ സൗകര്യങ്ങൾ തേടി ട്രാൻൻഫറും വാങ്ങി ഒരധ്യാപകനും  പട്ല സ്കൂളിൽ നിന്ന് പടിയിറങ്ങി പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.  ഇനി അബദ്ധവശാൽ ആരെങ്കിലും മുമ്പെങ്ങാനും  ഇക്കാരണം പറഞ്ഞു  പോയിട്ടുണ്ടെങ്കിൽ അവർ ഹേളിഗെ ആയിട്ടുണ്ടാകുമെന്നും ഞാൻ കരുതുന്നുമില്ല.▪

സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം// വാർത്ത



Monday, November 18, 2019
സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം
കാസര്‍കോട്: (www.kasargodvartha.com 18.11.2019) സ്വകാര്യബസുകളുടെ സര്‍വീസിലെ റൂട്ട് ക്രമീകരണം കാരണം പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം. ഒന്നോ രണ്ടോ ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്‌കൂള്‍ സമയത്തിന് അനുസരിച്ച് ബസുകള്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
കുഞ്ചാര്‍, മധൂര്‍, നീര്‍ച്ചാല്‍ തുടങ്ങി വിവിധ വിദൂര പ്രദേശങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കാല്‍നടയായാണ് സ്‌കൂളിലെത്തുന്നത്. സാധാരണക്കാരുടെ മക്കളാണ് സ്‌കൂളില്‍ കൂടുതലായും പഠിക്കുന്നത്. ഇതര യാത്രാ വാഹനങ്ങളില്‍ സ്‌കൂളിലെത്താന്‍ ഇവര്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാനാവുന്നില്ല.
ദൂരസ്ഥലങ്ങളില്‍നിന്നുള്ള അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അവരും ഇവിടെ എത്തിച്ചേരാന്‍ പ്രയാസമനുഭവിക്കുന്നു. അതിനാല്‍ പലരും സ്ഥലംമാറ്റം വാങ്ങി പോകുന്ന അവസ്ഥയാണ്.
യാത്രാ സൗകര്യമില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശനം ലഭിച്ച പല വിദ്യാര്‍ത്ഥികളും ഹയര്‍ ഓപ്ഷന്‍ നല്‍കി മറ്റ് വിദ്യാലയങ്ങളിലേക്ക് മാറിപ്പോവുകയാണ്. ഇത് കാരണം സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ മികച്ച അധ്യയന സൗകര്യമുണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ കുറയുന്നു.
സ്വകാര്യബസുകളുടെ സമയക്രമം സ്‌കൂള്‍ സമയത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനും പുതുതായി
കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കുന്നതിനും അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പിടിഎ നിവേദനം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല.