Wednesday, 20 September 2017

ആസ്വാദനം : അസീസിന്റെ ചീരബലാദികസായത്തെ കുറിച്ച് /അസ്ലം മാവില

🔸🔸🔸🔸🔸
ആസ്വാദനം :

അസീസിന്റെ
*ചീരബലാദികസായ*ത്തെ കുറിച്ച്

അസ്ലം മാവില

"ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി... "

ചീരബലാദിതൈലം ഇത്ര നന്നായി വായിച്ചു കുടിച്ചനുഭവിച്ചിട്ടുണ്ടാകില്ല ഞാൻ. അത്ര നന്നായാണ് അസിസ് ആ കൊച്ചു കഥയിൽ അതെഴുതി ഫലിപ്പിച്ചിരിക്കുന്നത്.

ഇദ്ദ കാലം തീരാറായില്ല അവൾക്ക്, അതിനിടയിലാണ് തന്റെ പ്രിയതമന്റെ ഉമ്മയുടെ ദിനവും കലശലാകുന്നത്. രണ്ട് പേരെയും ആ വീട്ടിലെ ആൺതരിയുടെ വിയോഗം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വീടിന്റെ ദൈന്യതയും അന്നത്തെ നാട്ടിൻ പുറത്തെ ജീവിതവും വ്യവഹാരവുമെല്ലാം വളരെ കുറഞ്ഞ വരികളിലാണ്  അസിസ് വരച്ചിരിക്കുന്നത്.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”
ഇത് പറയാത്ത ഒരു വിടും വീട്ടുകാരണവരുമന്നുണ്ടാകില്ല. ദീനം കൂടിയത് കാണാൻ വന്ന ഓരോരുത്തരെയും രോഗപ്പായയിൽ നിന്ന് തലയുയർത്തി നോക്കാൻ പറ്റാത്തപ്പോഴും തന്റെ ക്ഷേമമന്വേഷിക്കാൻ വന്നവരോടൊക്കെ രോഗികൾ മനസ്സിൽ തട്ടിപ്പറയുന്ന വാക്കുകൾ.

നല്ല കഥ, അതിലുപരി ചെറുത്, അതിലെ ഉള്ളടക്കം ബഹു ജോർ.

മിനിക്കഥ/ അസീസ്‌ പട്ള / ചീരബലാദികസായം

മിനിക്കഥ*

*അസീസ്‌ പട്ള*
________________

ചീരബലാദികസായം
(1960 ലെ ഒരു രോദനം)

ചുമ നിര്‍ത്തുമ്പോള്‍ ഇടയ്ക്ക് പറയും

“യെന്‍റെ മോനിണ്ടാഞ്ഞങ്ക്... (വീണ്ടും ചുമക്കുന്നു) ധര്‍മ്മാസത്രിക്ക്കൊണ്ടോട്ടാഞ്ഞി, എന്നാട്ട്യും മിന്നെ അല്ലാഹ് ഓനെ പിര്സം ബെച്ചി, കിടാക്കവും എതീമായി”,

ചുമച്ചു കൊണ്ട് മുഴുമിച്ചു,

പുറത്തു നല്ല മഴ, നേരം പാതിരയോടടുത്തു.,

ചുമരിനടപ്പുറത്ത് മരുമകള്‍ എല്ലാം നിസ്സംഗതയോടെ കേട്ടുനിന്നു, ഇദ്ദ കഴിയാന്‍ ഇനിയുമുണ്ട് രണ്ടാഴ്ച...മാറത്തു തലചാച്ചുറങ്ങുന്ന മോനെ മെല്ലെ വകഞ്ഞു മാറ്റി, ഉമ്മയുടെ ചാരത്തിരുന്നു നെഞ്ചില്‍ തടവിക്കൊടുക്കുത്തു., ദീര്‍നീശ്വാസത്തോടെ മരുമകളെ നോക്കി.  കലങ്ങിവെളുത്ത കണ്ണുകളിലെ കൃഷ്ണമണികള്‍ ആര്‍ദ്രമായിരുന്നു.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”,

മണ്‍ചുമരില്‍  ഓല മേഞ്ഞ രണ്ടുമുറി കുടില്‍, അടുക്കള കിഴക്ക് ഭാഗത്ത്‌ മേല്‍പുരക്ക്ചാരെ ഇറക്കി ഓല ചെറ്റ കൊണ്ട് മറച്ചിരിക്കുന്നു, ഇരുവശങ്ങളിലും  ത്രികോണാകൃതിയില്‍ മേല്‍ഭാഗം തുറന്നുകിടന്നു., മക്കളുടെ ഉപ്പ മരിച്ചതില്‍ പിന്നെ അടുക്കളവാതില്‍ ഇശാബാങ്കിന്  ശേഷം തുറക്കാറില്ല, കൂലിപ്പണിക്കാരനാണെങ്കിലും കുടുംബത്തെ ജീവനെക്കാളേറെ സ്നേഹിച്ചു, വലീയമരം മുറിച്ച് വലിച്ചിടുമ്പോള്‍ ഓടാന്‍ പറ്റാതെ വീണുപോയി, മരച്ചില്ലകള്‍ ആഞ്ഞടിച്ചു തല്‍ക്ഷണം... കൊതി തീരും മുമ്പ്......അറിയാതെ വിതുമ്പിപ്പോയി, തട്ടത്തിന്‍ തുമ്പില്‍ കണ്ണു തുടച്ചു മൂക്ക് പിഴിഞ്ഞു..

ഉമ്മ ചുമച്ചു കൊണ്ടേയിരുന്നു.,

“ഞാന്‍ ചീരബലാദി കസായം ഇണ്ടാക്കീട്ട് കൊണ്ടെര്‍ന്നെ, ഉമ്മ കേട്ക്ക്..”

“വേണ്ട, മിന്നെറിന്നു.... (ചുമക്കുന്നു) നീ പോണ്ട....കാല്‍ത്തെയാവോനായി”

കിടന്ന മരപ്പലകയില്‍ നിന്നും ഇടതു കൈ തറയില്‍ തപ്പി ചരിഞ്ഞു കിടന്നു കോളാമ്പിയില്‍ തുപ്പി, ചിമ്മിനി കാറ്റിലണയാതിരിക്കാന്‍ ഇടതു കൈയ്യില്‍ പൊത്തിപ്പിടിച്ചു സസൂക്ഷ്മം നീങ്ങുന്ന മരുമകളെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ട് സാകൂതം നോക്കി,

വാതില്‍ തുറന്നു പുറത്തു വച്ച കാലുകള്‍ അതിലും വേഗത്തില്‍ തിരിച്ചെടുത്തു, കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍ പിണറുകള്‍ സ്ഫുരിക്കുന്ന അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തി  മിന്നിമറഞ്ഞു, ച്മ്മിനിത്തിരി കാറ്റില്‍ നൃത്തം വച്ചു., നനവ്‌ മാറാന്‍ രണ്ടായി കീറി തല കീഴാക്കിയ മടലില്‍ അല്പം ചിമ്മിനി എണ്ണ തൂവി ചകിരി നിരത്തി തീ കൂട്ടി.

ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി...

ഉറങ്ങാത്ത മനസ്സും അടയാത്ത കണ്‍പോളകളുമായി  കുന്തിച്ചിരുന്നു മുട്ടു കാലില്‍ താടി ചേര്‍ത്തുവച്ചു ചിന്താ നിമഗ്നയായി.........അതിരുകളില്ലാത്ത  ചിന്ത..


ഹൃദ്യമായ ശൈലിക്ക് / Fayaz Ahmad

ഹൃദ്യമായ ശൈലിക്ക്

Fayaz

അനാവശ്യ പദാവലികൾ ഉണ്ടെങ്കിലേ സാഹിത്യരചന പൂർണ്ണമാവൂ എന്ന് ചിന്തിക്കുന്നവരോടും എഴുത്തിലെ തിരുത്തിനെ ഭയക്കുന്നവരോടുമാണ് ' SAP  ഇവിടെ സംവദിക്കുന്നത്.

ഇതിൽ ആഖ്യ എവിടെ ആഖ്യാതമെവിടെ എന്ന് ചോദിക്കുന്നവരെ കണക്കറ്റു പരിഹസിക്കുന്നുണ്ട് നമ്മുടെ ജനകീയ എഴുത്തുകാർ.
തന്റെ അനുഭവം പൂർണ്ണമല്ല എന്ന് ചിന്തിക്കുന്നവർക്കേ സഹൃദയനാകാനാവൂ. അതിനർത്ഥം എഴുത്തുകാരന്റെ സൃഷ്ടി അയാളുടെ അനുഭവങ്ങളും അറിവുകളും മാത്രമാണ്.  അവയെ ആവിഷ്കരിക്കാനുള്ള ടൂൾ മാത്രമാണ് ഭാഷ . ഭാഷയെ അതിലെ പദങ്ങളെ "കാലേ കാലേ തൂലികയിൽ വരുത്തീടേണം" എന്ന പ്രാർത്ഥനയോടെയാണ് ഭാഷാപിതാവ് പോലും എഴുത്ത് തുടങ്ങിയിരുന്നത്.
കാലേ കാലേ വരേണ്ട പദങ്ങൾ സരസ്വതി ദേവി എത്തിച്ചു കൊടുക്കുന്നു എന്നതൊക്കെ ചിലരുടെ സങ്കൽപം മാത്രമാണ്. പദങ്ങൾ നാം നിരത്തിയേ തീരൂ.

അനുഭവങ്ങൾ മാത്രമാണ് നിങ്ങളുടേത്. ഭാഷ നമ്മുടേതാണ്. അപ്പോൾ എല്ലാവർക്കും ഹൃദ്യമാവുന്ന രീതിയിൽ എഴുതിയാലേ അംഗീകാരം കിട്ടൂ.. അതിന് പരിശീലനം ആവശ്യമാണ്. അതൊരു തപസ്യയായി കൊണ്ടു നടക്കണം. അൽപ്പം പാടാണ്. പാട് പെട്ടാൽ നാളെ നിങ്ങളെ കുറിച്ച് മറ്റുള്ളവർ പാടി നടക്കും.

സ്നേഹം, നന്മകൾ

നേര് പറഞ്ഞാൽ / SAP

*നേര് പറഞ്ഞാൽ*

SAP


നേര് പറഞ്ഞാല്‍ ഇവിടെ എഴുതി തുടങ്ങുന്നവര്‍ മാത്രമേ ഉള്ളൂ.  നമ്മുടെ ചുറ്റുപാടില്‍ എഴുത്തുകാരന്‍ എന്ന ദറജ (ശ്രേണി) യിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ തുലോം പരിമിതവും വിരലിലെണ്ണാവുന്നവരും മാത്രമാണ്. നമ്മില്‍ മിക്ക ആളുകളും ഭാഷയുടെ ബാലപാഠങ്ങള്‍ അറിയാത്തവരാണ്.

ഭാഷയുടെ ബാല പാഠങ്ങള്‍ അറിയാത്തവര്‍ തന്നെയാണ് എഴുതുക എന്ന സാഹസത്തിനു മുതിരുന്നത്. അത് തെറ്റല്ല എന്നു മാത്രമല്ല സ്വാഗതാര്‍ഹം കൂടിയാണ്. അത് കൊണ്ട് തന്നെ അക്ഷരതെറ്റുകളും ഭീമന്‍ അബദ്ധങ്ങളും സ്വാഭാവികം.  അതില്‍ ഒരു അപകര്‍ഷത തോന്നേണ്ടതില്ല. ആരെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും തിരുത്താനും അയാള്‍ക്ക് നന്ദി പറയാനും മറക്കരുത്. (അത് പൊതു മര്യാദകളില്‍ പെട്ടതാണ്). ഇവന്‍ എന്നെ തിരുത്താന്‍ മാത്രം വളര്‍ന്നോ ഇവനെ ഒരു പാഠം ഞാന്‍ പഠിപ്പിക്കും എന്ന മനോഭാവമാണെങ്കില്‍ പൊതു ഇടങ്ങളില്‍ മാത്രമല്ല, എവിടെയായാലും ഇത്തരക്കാര്‍ വലിയ ദുരന്തവും പരാജയവുമായിരിക്കും. തെറ്റു ചൂണ്ടിക്കാണിക്കാനുള്ള അവകാശവും അവസരവും ഇവിടെ എല്ലാവര്ക്കും ഉണ്ട്.  അത് ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഭാഷയെ ഭാഷയായി കാണുക എന്നതാണ് പ്രധാനം.  അനാവശ്യ പദങ്ങള്‍ ചേര്‍ത്ത് ആളുകളെ ചിന്താ കുഴപ്പത്തില്‍ ആക്കുന്നവര്‍ക്ക് വേണ്ടി ഭാഷയില്‍ ഭിന്നമായ ഒരു സാഹിത്യ ശാഖ തുടങ്ങേണ്ടി വരും.

പ്രഗത്ഭരായ പല സാഹിത്യ നായകന്മാരും തങ്ങള്‍ക്ക് മലയാളം കാര്യമായിട്ട് അറിയില്ല എന്നു വെട്ടി തുറന്നു പറഞ്ഞവരായിരുന്നു. എഴുത്തിന്റെ വഴിയില്‍ അവര്‍ അവരുടേതായ വഴി വെട്ടി തുറന്നു, വെളിച്ചം പകര്‍ന്നു തന്നു.  മലയാള വ്യാകരണം പഠിച്ചിട്ടു എഴുതി തുടങ്ങാം എന്നു വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും.  നാമവും നാമവിശേഷണവും അലങ്കാരവും, ലോപസന്ധിയും അഗമസന്ധിയും ദ്വിതസന്ധിയും കൃത്യമായി മനസ്സിലാക്കിയവരും അതിനനുസരിച്ച് എഴുതുന്നവരോന്നുമല്ല മലയാളത്തിലെ മിക്ക എഴുത്തുകാരും. അതിലൊക്കെ പ്രാവീണ്യമുള്ളവര്‍ എഴുത്തുകാര്‍ എന്ന വിഭാഗത്തിലെ അല്ല ഉള്‍പ്പെടുന്നത് എന്നത് വേറെ കാര്യം! അവര്‍ വ്യകരണന്മാര്‍ എന്നറിയപ്പെടുന്നു. പ്രാദേശിക ഭാഷ വക ഭേദങ്ങള്‍ എഴുത്തില്‍ ഇടക്ക് കയറി വരുന്നതിനെയും ഭയപ്പെടേണ്ടതില്ല. നമ്മുടെതായ ഒരു ഭാഷ ശൈലി ഉരുത്തിരിഞ്ഞു വരുന്നത് അങ്ങിനെയൊക്കെ തന്നെയാണ് എഴുതേണ്ടത് എന്നാണ് എന്‍റെ പക്ഷം.  പതിയെ നമ്മുടെ എഴുത്ത് ശൈലിയെ അംഗീകാരം തേടിയെത്തും.

തുടക്കക്കാര്‍ എന്ന നിലക്ക് നമ്മുടെ പച്ചയായ അനുഭവങ്ങളും തോന്നലുകളും അങ്ങനെ തന്നെ എഴുതണം. സ്വയം വായിച്ചു നോക്കുക. തിരുത്തല്‍ ആവശ്യം ഉണ്ട് എന്നു തോന്നുന്നിടങ്ങളില്‍ തിരുത്തുക. സുഹൃത്തുക്കളില്‍ നിന്നോ മറ്റോ എത്ര പ്രകോപനങ്ങളും മോശം പ്രതികരണങ്ങള്‍ ഉണ്ടായാലും എഴുത്ത് നിര്‍ത്തരുത്.  നമ്മള്‍ എഴുതുന്നത് നമ്മുടെ തൃപ്തിക്ക് വേണ്ടിയായിരിക്കണം.. ഒരു വര്ഷം മുമ്പ് നമ്മള്‍ എഴുതിയത് ഇന്ന് വായിക്കുമ്പോള്‍ വെറും ചവറായിരുന്നു എന്നു തോന്നും, ആ ചവര്‍ മികച്ച സാഹിത്യമായിരുന്നു എന്നു ലോകം വാഴ്ത്തുന്ന കാലം വരില്ലെന്നാരു കണ്ടു!! അങ്ങിനെയും സംഭവിച്ചിട്ടുണ്ടല്ലോ!

ഇത് ഒരു തുടക്കക്കാരന്റെ ചില അഭിപ്രായങ്ങളായി കാണുക.  കൊള്ളുകയെ തള്ളുകയോ ചെയ്യാം.  തള്ളുക എന്നതിന് പുതിയ വ്യാഖ്യാനങ്ങള്‍ ഇപ്പോള്‍ സജീവമാണല്ലോ.  പണ്ട് ഖാദര്‍ അരമന ചോദിച്ചത് പോലെ ഇതൊന്നും പത്രങ്ങളില്‍ വരില്ലല്ലോ അല്ലെ?
----------------------------------------
Rtpen.blogspot.com
Emailtosa@gmail.com

വാക്കുകൾകളെ സ്വതന്ത്രരാക്കുക / ADDI PATLA

*'' വാക്കുകൾകളെ സ്വതന്ത്രരാക്കുക ''*
ADDI PATLA

*ഞാനൊരു കാഴ്ചക്കാരനും ,വായനക്കാരനുമാണെന്നാദ്യം തന്നെ പറയട്ടെ ഇവിടെ.,*
മഹമൂദ്  സർ, ചോദിച്ചത് ഇപ്പോഴാണ്  ഞാൻ  കണ്ടത്  മുമ്പ്  പറഞ്ഞത്  പോലെ  അഭിപ്രായം .......,, ഞാൻ മനസ്സിലാക്കിയതും ,അറിഞ്ഞതും ,വായിച്ചതും  ഇങ്ങനെയാണ്  ,നമ്മുടെ  കൂടെ ഇരിക്കുന്നവർക്കിടയിൽ , ഒര് കാര്യം അവതരിപ്പിക്കുമ്പോൾ ,പറയുമ്പോൾ  ,എഴുതുമ്പോൾ ,അവരിൽ നിന്ന് എന്തേലും കിട്ടാൻ വേണ്ടി , എഴുതാനോ,പറയാനോ..ശ്രമിച്ചാൽ ആ പറയുന്നതിൽ ,എഴുതുന്നതിൽ ,ഫ്രീഡം ,സ്വതന്ത്രത ,മനസ്സിലുള്ളത് ,തുറന്ന് പറയാൻ കഴിയില്ല ,കഴിയാതെ വരും. അപ്പോൾ മനസ്സിലുദിച്ചത് തുറന്ന് പറയണമെന്നാണ് ..,  ഇവിടെയാണ്  ചർച്ചകൾ ,പ്രതികരണങ്ങളും ,മറ്റും ,കാണ്ട് വരുന്നത്  അല്ലാതെ  അവരെന്ത് വിചാരിക്കും  ,കരുതും ,എന്നെപ്പറ്റി ,, ഇതൊക്കെ മാറ്റി ചിന്തിച്ചാൽ തീരാവുന്നതേ.യുള്ളൂ..ഇങ്ങനെയുള്ള  ചിന്ത ..,
അയാളുടെ  എഴുത്ത് നോക്കിയാണ് അയാളെ വിലയിരുത്തുന്നതെന്നുള്ള ചിന്ത മാറ്റണം.., ഒരിക്കലും അയാളുടെ ജീവിത ശെെലിയായിരിക്കില്ല അയാളുടെ എഴുത്തുകളെന്ന് . വിശ്വസിക്കുന്നയാളാണ്  ഞാൻ..മുമ്പ് ആരോ ഇവിടെ  പറഞ്ഞതായോർക്കുന്നു..എഴുത്ത് വേറെ ,ജീവിതം വേറെ ,രണ്ടും കൂട്ടിക്കുഴരുതെന്ന് .

സമയക്കുറവ്...മൂലം  തല്ക്കാലം  നിർത്തുന്നു...,

എസ്. അബൂബക്കറിന്റെ വായനയും എഴുത്തും/ അസ്ലം മാവില

*എസ്. അബൂബക്കറിന്റെ*
*വായനയും എഴുത്തും*
_________________

അസ്ലം മാവില
_________________

എന്റെയും എസ്. അബൂബക്കറിന്റെയും,  എഴുത്തും ചിന്തയും എപ്പോഴും ഒരകലം പാലിക്കപ്പെടാറുണ്ട്. അങ്ങിനെയൊരു "ഡിസ്റ്റൻസ് കീപ് ചെയ്യൽ"  ആവശ്യമാണെന്ന് ചിലപ്പോഴൊക്കെ  എനിക്ക് തോന്നിയിട്ടുമുണ്ട്, അദ്ദേഹത്തിനും.  (ചില വിഷയങ്ങളിലുള്ള ഞങ്ങളുടെ ആലോചനകളിൽ  ഒരുപാട് സാമ്യതകളുമുണ്ട്)

ഒരിക്കലും അകലം പാലിക്കാത്ത, ഒന്നിച്ചുമൊട്ടിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുറച്ച് ഒന്നുകളിൽ പെട്ടതാണ് സൗഹൃദവും സ്നേഹബുദ്ധ്യായുള്ള ഗുണദോഷവും. രണ്ടാമത് പറഞ്ഞതിൽ, ഒരിക്കലും എന്നെ ചെവി  കൊടുക്കാത്ത  മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!

അബൂബക്കറിന്റെ  മുമ്പിലൂടെ നടന്നാണ് കെ.എം. അബ്ബാസും സാദിഖ് കാവിലും എഴുത്തുകാരായത്.  അത് എസ്. അബൂബക്കറിനെ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. എനിക്കിപ്പോഴും SAPനെ അവരുടെ മുമ്പിൽ തന്നെ നടക്കുന്നവനായേ അനുഭവപ്പെടുന്നുള്ളൂ, പിന്നില്ല, ഒന്നിച്ചു മല്ല.  അവരേക്കാളും കാമ്പുള്ള എഴുത്തുകളായത് കൊണ്ട് തന്നെ എന്റെ ജാഗ്രതയുള്ള ഈ വാക്കുകൾ.  കാസർക്കോട്ടെ ആനുകാലികങ്ങളിൽ വരുന്ന ചില കവിതകൾ പ്രസിദ്ധീകരിച്ചു കാണുമ്പോഴും എനിക്കങ്ങിനെ തന്നെ തോന്നിയിട്ടുമുണ്ട്.

സമയക്കുറവ് പറഞ്ഞ് "സ്കൂട്ടാവുക" എന്നത് SAP ന്റെ രക്തത്തിലലിഞ്ഞ ഒന്നാണ്. ആ മടി മാറിയാൽ മാത്രം തീരുന്ന വിഷയമാണ് അദ്ദേഹത്തിന്റെ രചനയും. അതെന്ന് മാറിക്കിട്ടുമെന്ന ചോദ്യത്തിന് സാപ് തന്നെ സ്വയം തീരുമാനമെടുക്കണം,  എന്നെക്കുറിച്ച് പറഞ്ഞ "സ്നേഹശകാരം " അവിടെ ഒരു ഫാക്ടറേയല്ല.

വായനയിൽ പ്രഭാതം തുടങ്ങി, വായനയിൽ തന്നെ ഉറങ്ങുക എന്നത്  ഒരിക്കൽ സംഭാഷണമധ്യേ  കോളമിസ്റ്റ് ആരിഫ് സൈൻ  അദ്ദേഹത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആരിഫ് പത്തപ്പിരിയക്കാരൻ, അങ്ങിനെ  ഒരു പട്ലക്കാരനെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ, സാപ് മാത്രമേയുള്ളൂ മുമ്പിൽ.

വായനാദിനത്തിൽ തുടർച്ചയായി എല്ലാ കൊല്ലവും എന്റെ പടമിട്ട് FB യിൽ ദീർഘസ്റ്റാറ്റസിടുന്ന ഒരു അനുജസുഹൃത്തുണ്ട്, പേരെഴുതേണ്ടല്ലോ.  എസ്. അബൂബക്കറിനെ പോലെയുള്ള "വായനയെ നെഞ്ചിലേറ്റിയ മനുഷ്യർ" ഇവിടെ ഉണ്ടായിരിക്കെ, ഞാനതിൽ പരാമർശിക്കപ്പെടുമ്പോൾ പ്രതിഷേധിക്കാത്തത്,  വെറുതെ കിട്ടുന്ന പബ്ലിസിറ്റി പോരട്ടെയെന്ന എന്റെ സ്വാർത്ഥതയല്ലാതെ  മറ്റൊന്നല്ല. ( ഇക്കുറി ആ പരാമർശം കൊണ്ട് എനിക്കൊരു ഗുണമുണ്ടായി, സാക്ഷരതാ ഓർമ്മകൾ എന്ന തുടർപംക്തി തുടങ്ങാൻ അതൊരു കാരണമായി).

സമകാലിന സംഭവങ്ങളെ കുറിച്ച് മുമ്പ് എസ്. അബൂബക്കർ RT യിൽ നിരന്തരമെഴുതിയിരുന്നു, ഇനിയുമത് ഒന്നേന്ന് പറഞ്ഞ് തുടങ്ങണം, ഒപ്പം പുതിയ കവിതകളും.

ഒരു കാലത്ത് സാനിന്റെ കവിതകൾക്ക് തലക്കെട്ടിട്ടിരുന്നത് അബൂബക്കറായിരുന്നു, ഒട്ടേറെ നല്ല സംരംഭങ്ങൾക്ക്  പേര് നിർദ്ദേശിക്കാറും സാപ് തന്നെ, വായനയുടെ വാഴുന്നവരായത് കൊണ്ട് തന്നെയായിരുന്നു ആറ്റികുറുക്കിയ പദങ്ങൾ സാപിന് നിർദ്ദേശിക്കാൻ പറ്റുന്നതും.

RT ഒന്ന് കൂടി സജിവമാകുന്നു, എസ്. അബൂബക്കറിന്റെ വായനാനുഭവങ്ങൾ ഒരുപാടുണ്ടാകും, അവയ്ക്കായി നമുക്ക് കാത്തിരിക്കാം,
____________________
Rtpen.blogspot.com

വായനാവഴി▫/ SAP ▫

*വായനാവഴി*

SAP


തനിക്ക് കുഴപ്പമില്ലാതെ എഴുതാനറിയാമല്ലെടോ എന്നാദ്യമായി പറഞ്ഞത് ഫ്രാന്‍സിസ് മാഷായിരുന്നു.  ഒന്‍പതാം ക്ലാസ്സിലെ മലയാളം അധ്യാപകന്‍. മദ്യം എന്ന വിഷയത്തില്‍ ഉപന്യാസം എഴുതിത്തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ അന്ന് മനസ്സില്‍ തോന്നിയതൊക്കെ എഴുതി. പത്തില്‍ എട്ടു മാര്‍ക്ക് തന്നു മാഷ്‌ പറഞ്ഞ വെരി ഗുഡ് ആയിരുന്നു പിന്നീടുള്ള കുത്തിക്കുറികള്‍ക്ക് പ്രചോദനം. ശേഷം ഓള്‍ഡ്‌ സ്റ്റുഡണ്ട് ഡേ ക്ക് അവതരിപ്പിക്കാനുള്ള നാടകത്തിനു ഗാനം എഴുതണം എന്നു ആവശ്യപ്പെട്ടു.  എനിക്കറിയില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല.  നാടക പുസ്തകം വായിക്കാന്‍ തന്നിട്ട് പറഞ്ഞു.  "ഒരു മാസം സമയമുണ്ട്.  എന്തെകിലും എഴുതി കൊണ്ട് വരൂ ഞങ്ങള്‍ തിരുത്തി കൊള്ളാം". നാടകം മുഴുവന്‍ നാലഞ്ചു പ്രാവശ്യം വായിച്ചിട്ടും ഒന്നും എഴുതനാവുനില്ല.  വല്ലാത്ത ഭയം.  എനിക്ക് തന്ന ഒരുമാസം ഏതാണ്ട് കഴിയാറായി. രണ്ടും കല്‍പ്പിച്ചു കുത്തിക്കുറിച്ചു..

“മര്‍ത്ത്യനെ മര്‍ത്ത്യന്‍ മനസ്സിലാക്കത്തൊരു സംസ്കാര ശുന്യതയിതാ മുന്നില്‍’  എന്നു തുടങ്ങുന്ന പതിനാലു വരികള്‍ എഴുതി തയ്യാറാക്കി മാഷെക്കാണിച്ചു. അപ്പോഴും മാഷ് പറഞ്ഞു.  കൊള്ളാം കുഴപ്പമില്ല.. ചില തിരുത്തലുകള്‍ക്ക് ശേഷം സംഗീതം നല്‍കി ഗാനമായി അവതരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വിവരണാതീതം!


പിന്നെടെപ്പോഴോ ഒരു കവിത ആദ്യമായി പത്രത്തില്‍ അച്ചടിമഷി പുരണ്ടപ്പോള്‍ ഫോണ്‍ വിളിച്ചു അഭിനന്ദനം അറിയിച്ച ഒരാളുണ്ട്.  എന്നെ തിരിച്ചറിഞ്ഞ ബഹുമാന്യ സുഹൃത്ത് എച് കെ മാഷ്.  എന്തൊക്കെയോ കുത്തി കുറിക്കുകയും ഒക്കെയും കീറിക്കളയും ചെയ്യുന്നത് കണ്ടു കൊണ്ടിരുന്ന എന്നും ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തുക്കളായ അസ്ലം മാവിലയുടെയും, ബി.ബഷീറിന്‍റെയും സ്ഥിരമായ സ്നേഹ ശകാരങ്ങള്‍.  സര്‍വോപരി ജനകീയ ഉസ്താദ് എന്നു വിളിക്കാന്‍ അര്‍ഹനായ ഒരേ ഒരാള്‍ എ.പി അബൂബക്കര്‍ മൌലവി, ആനുകാലികങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയും നിരന്തരം ശകാരിക്കുകയും എന്നില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്നേഹനിധിയായ പണ്ഡിത ശ്രേഷ്ടന്‍. വളരെ ചെറുപ്പം മുതല്‍ തന്നെ മാതൃഭൂമി, കലാകൌമുദി പോലുള്ള വാരികകള്‍ വായിക്കാന്‍ പ്രേരിപ്പിച്ച ഉസ്താദ്!  അന്നൊക്കെ വായിക്കുന്നതോന്നും മനസ്സിലാവാറുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം!  കുറെ കഴിഞ്ഞപ്പോള്‍ കലാകൌമുദിയിലെ എം കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയുടെ ആരാധകനായി മാറി.

ഇതൊക്കെ പറഞ്ഞു വരുന്നത് ഞാന്‍ വലിയവനാണെന്ന് സ്ഥാപിക്കാനല്ല. മറിച്ച് അല്പമെങ്കിലും കുത്തിക്കുറിക്കാന്‍ പ്രചോദിപ്പിച്ച എന്‍റെ വായനാവഴിയിലെ ദീപസ്തംഭങ്ങളായിരുന്നു ഇവരൊക്കെയും എന്നു പറയാനാണ്.  നല്ലൊരു വാക്ക് അല്ലെങ്കില്‍ ഒരു പ്രശംസ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്‌. ആത്മവിശ്വാസത്തിന്‍റെ താക്കോലുകളാണത്. ഒരു പിശുക്കും കൂടാതെ നല്ലതിനെ നല്ലത് എന്നു തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. വിമര്‍ശങ്ങള്‍ പോലും ക്രിയാത്മകവും പ്രചോദനം നല്‍കുന്ന തരത്തിലുമാകണം. വിമര്‍ശനമെന്നത് തിരസ്കാരമല്ല. ഒപ്പം അതിന്റെ മേന്മ കൂടി പറയുന്നതാകണം. ഒരു കലാസൃഷ്ടിയുടെ പോരായ്മകള്‍ പറയുന്നതോടൊപ്പം അതിന്‍റെ നല്ല വശങ്ങളെ കൂടി പറഞ്ഞാല്‍ ആത്മ വിശ്വാസത്തോടെ കൂടി നന്നായി പ്രവര്‍ത്തിക്കാന്‍ അത് പ്രചോദകമാകും.

കഠിനമായ പ്രയത്നവും ആഗ്രവും ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന് സംശയമൊന്നുമില്ല. പോരായ്മകള്‍ ഇല്ലത്തവരയാരുമില്ല. പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. എഴുത്തിലെ പോരായ്മകള്‍ തിരിച്ചറിയുക നിരന്തരമായ വായനയിലൂടെയാണ്. വായനയില്ലത്തവര്‍ക്ക് എഴുതാനാവില്ല. കത്തെഴുത്ത് പോലും ഒരു കലയാണ്‌. പുതിയ കാലത്ത് അന്യംനിന്നു പോയെങ്കിലും സുറാബിനെ പോലുള്ള ചില എഴുത്തുകാരെ വാര്‍ത്തെടുത്തത് തന്‍റെ പ്രവാസകാലത്ത് ഭാര്യക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകളിലൂടെയായിരുന്നു എന്നു വായിച്ചിട്ടുണ്ട്.

(തുടരും)