Monday, 23 January 2017

എന്റെ വായന / മഴ നനഞ്ഞെത്തിയ അതിഥി / അസ്‌ലം മാവില



എന്റെ വായന


മഴ നനഞ്ഞെത്തിയ അതിഥി

അസ്‌ലം മാവില

ഈ റേഡിയോ നാടകത്തെ എനിക്ക് രണ്ടു രീതിയിൽ നോക്കിക്കാണാനാണ് തോന്നിയത്. ഒന്ന് തികച്ചും സാധാരണ രീതിയിൽ, മറ്റൊന്ന് ഒരല്പം അസാധാരണത്വം കൽപിച്ചും.  ഇവിടെ ആദ്യത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്താണ്  ഞാൻ എഴുതുന്നത്.

നാം നാട്ടിൻപുറങ്ങളിൽ നാടൻ ഭാഷയിൽ  പറയാറുള്ളത് പോലെ രണ്ട് ''അണ്ങ്‌'' , വഴിമധ്യെ  അവർ പസ്പരം കണ്ടുമുട്ടിയപ്പോൾ, രാത്രിയായത് കൊണ്ടാകാം പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നതിനിടയിൽ കിട്ടിയ ചെറിയ ഇടവേളയിൽ പരസ്പരം ഷെയ്ക്ക് ഹാൻഡ് നൽകാൻ പോലും മറന്നു തമ്മിൽ  പരിചയപ്പെടുന്ന രംഗമാണ് നാടകകൃത്ത് തന്റെ  രചനയിൽ നിർവ്വഹിച്ചിരിക്കുന്നത്.

അനിരുദ്ധ് എന്ന ഐടി എക്സ്പെർട്ട് (യുവ അണ്ങ്ങ്),  അപരന്റെ കൈകാലുകളൊക്കെ പിന്നീടാണ് കാണുന്നത്, നിലത്തു കുത്തിയിട്ടില്ല, നിഴലില്ല, കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു (അങ്ങനങ്ങനെ ...). സ്വയം ഒരു ദേഹപരിശോധനയ്ക്ക് അനിരുദ്ധ്  വിധേയനാകുന്നുമില്ല.  അടിച്ച കള്ള്   അനിരുദ്ധൻ ''അണ്ങ്‌''ൽ നിന്ന് പോലും ആ സമയം വരെ  വിട്ടുപോയിട്ടില്ല  എന്നു ശ്രോതാക്കൾ മനസ്സിലാക്കണമെന്ന്  നാടകകൃത്തിനു നിർബന്ധവുമുണ്ട്.  തനിക്ക് കിട്ടിയ ഐടി ടെക്നിക്കൽ സി.ഇ.ഒ പദവി ആഘോഷം കഴിഞ്ഞു കുടിച്ചു പൂസായി സ്വയം വണ്ടിയോടിച്ചു റെയിൽവേ പോകവേ വഴിയാത്രക്കാരനായ പത്തും പതിമൂന്നും വയസ്സായ മക്കളുടെ പിതാവിനെയാണ് അനിരുദ്ധ്  ഇടിച്ചു കൊല്ലുന്നത്.  അനിരുദ്ധും കൂടെ മരിക്കുന്നു. പക്ഷെ, അത് പുള്ളിക്ക് അത് വരെ മനസ്സിലായിട്ടില്ല. അയാൾ ഇപ്പോഴും പ്ലാറ്റ്ഫോമിൽ വണ്ടി മിസ്സായി രണ്ടു മണിക്കുള്ള മറ്റൊരു വണ്ടിക്ക് കാത്തിരിക്കുകയാണ്.

നാടകമാകെ എല്ലാം കേട്ടിട്ട് എന്ത് മെസ്സേജാണ് നമുക്ക് കിട്ടിയത്. അല്ലാ,  നാടകകൃത്ത് ശ്രോതാക്കൾക്ക് നൽകുന്നതെന്ന് മനസ്സിലായില്ല.  അനിരുദ്ധ് അൺങ്ങ്, പാവം കുറെ കരയുന്നുണ്ട്, കാറിടിച്ചു കൊന്നവരൊക്കെ ഇങ്ങിനെയൊക്കെയായിരിക്കും, ശുദ്ധന്മാർ ! ആദ്യമായി കരയുന്ന പ്രേതത്തെ അവതരിപ്പിച്ച നാടകകൃത്തിനെ പരിചയപ്പെടാൻ പറ്റി എന്നാണ് എനിക്ക് ഇതിൽ കിട്ടിയ ആകെ കാര്യം.

കുറച്ചു കടിച്ചാൽ പൊട്ടാത്ത സാഹിത്യവും ആപ്തവാക്യങ്ങളും ഈ നാടകത്തിന്റെ ആദ്യ ഭാഗത്തു  കേട്ടു. രണ്ടാംഭാഗത്തിൽ എല്ലാം നോർമലായി.  അതിലൊരു സ്‌ട്രൈക് ചെയത  ആപ്തവാക്യം  ഇതാണ് - മരണത്തെ സഹയാത്രികനാക്കിയാൽ അതിനെ ഭയക്കേണ്ടതില്ല, അത് സൗന്ദര്യമായിത്തീരുമെന്ന്.  കൊള്ളാം.

ഏതായാലും പ്രേതങ്ങൾ തമ്മിലുള്ള സംഭാഷണം ആയത്കൊണ്ട് മിക്ക ശ്രോതാക്കളും ഒരു കൗതുകത്തിന്റെ പുറത്തു ഇത്  കേട്ടിരിക്കാനാണ് സാധ്യത. ഇപ്പോൾ പൊതുവെ എല്ലായിടത്തും ഇലക്ട്രിസിറ്റി എത്തിയത്കൊണ്ട് ശ്രോതാക്കൾ  പണ്ടത്തെപ്പോലെ ഭയപ്പാടെയായിരിക്കില്ല ഇത്തരം നാടകങ്ങൾ കേട്ടിരിക്കുക.

വണ്ടിയിൽ രണ്ടു ഇണപ്രാവുകളുടെ യാത്രയെക്കുറിച്ചു പറയുന്നുണ്ട്, കീമോതെറാപ്പിക്ക് പോകുന്ന അവയിലൊരാൾ, പ്രിയതമന്റെ മടിയിൽ തലവെച്ചു കിടക്കവേ  മരണപ്പെട്ടു എന്നാണ് സീനിയർ അൺങ്ങ് പറഞ്ഞത്. പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാത്തത്കൊണ്ട് എന്ത്‌കൊണ്ടാണ് ആ വിഷയം അവിടെ പരാമർശിച്ചതെന്നു മനസ്സിലായില്ല.

ഈ നാടകത്തിൽ ഒരുപാട് സാങ്കേതിക തകരാറ്  സംഭവിച്ചത് പോലെ   എനിക്ക് തോന്നിയിട്ടുണ്ട്. അതിലൊന്നാണ് രണ്ടു തമിഴന്മാരെ പോലീസ് അടിക്കുമ്പോൾ അടിയുടെ നേരിയ  ശബ്ദം പോലും നമുക്ക് കേൾക്കാൻ പറ്റാത്തത്, അണ്ണാച്ചിമാരെങ്കിലോ   കാറിയ  നിലവിളിയും.  വലിയ ശബ്ദകോലാഹലത്തോടെ പശ്ചാത്തല സംഗീതമൊരുക്കിയില്ല എന്നത് നല്ലൊരു കാര്യം തന്നെ.

അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു. 

Sunday, 22 January 2017

കണക്ടിംഗ് പട്‌ല മെഡിക്കൽ ക്യാമ്പ് മുന്നൊരുക്കങ്ങൾക്ക് ഇന്നിരിക്കുമ്പോൾ / അസ്‌ലം മാവില

കണക്ടിംഗ് പട്‌ല
മെഡിക്കൽ ക്യാമ്പ്
മുന്നൊരുക്കങ്ങൾക്ക്
ഇന്നിരിക്കുമ്പോൾ

അസ്‌ലം മാവില

സാധാരണ ക്യാമ്പ് പോലെയല്ല മെഡിക്കൽ ക്യാമ്പുകൾ. അങ്ങിനെയാകുകയുമരുത്.  പ്രസംഗിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചും സ്ലൈഡ് ഷോ കാണിച്ചും തീരുന്ന ക്യാംപുകളിൽ നിന്ന് വളരെ വളരെ വ്യത്യാസം മെഡിക്കൽ ക്യാമ്പുകൾക്കുണ്ട്. മുന്നൊരുക്ക മീറ്റിങ്ങുകൾക്കും കൂടിയാലോചനയോഗങ്ങൾക്കും എത്തുന്നവർ അവധാനതയോടും കാര്യഗൗരവത്തിലും  നല്ല ധാരണയോട് കൂടിയായിരിക്കണം യോഗത്തിൽ സംബന്ധിക്കുവാനും ചർച്ചകൾക്ക് നേതൃത്വം നൽകുവാനും.

സ്വാഭാവികമായും വിവിധ രോഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർന്മാർ ക്യാംപിൽ ഉണ്ടാകും. അത്കൊണ്ട് തന്നെ രോഗികൾ കൂടുതൽ വരാനും സാധ്യതയുണ്ട്. അവർക്ക് രണ്ടു വിഭാഗങ്ങൾക്കും സൗകര്യമുണ്ടാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുന്ന സംവിധാനമായിരിക്കണം ഒരുക്കേണ്ടത്. പരിഗണിക്കപ്പെട്ടില്ല എന്ന പരാതി ഒരു രോഗിയിൽ നിന്നും ഉണ്ടാകുകയുമരുത്.  അവരെ സ്വീകരിക്കുവാനും അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന രൂപത്തിലുള്ള ആതിഥേയത്വമൊരുക്കാനും ക്യാംപിലുടനീളം നമുക്കാകണം.

ഡോക്ടർമാർക്ക്  ശാന്തവും വൃത്തിസമ്പന്നവുമായ അന്തരീക്ഷവും സൗകര്യവുമൊരുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. രോഗിക്ക് പറയാനും ഡോക്ടർക്കത് കേൾക്കാനുമുള്ള ശബ്ദായനമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ ആ വിഭാഗത്തിൽ സേവനം ചെയ്യുന്ന വളണ്ടിയർമാർ വിചാരിച്ചാലേ സാധിക്കൂ. അവർ തന്നെ ചെറിയ ചെറിയ കാര്യങ്ങളിൽ  ഒച്ചവെച്ചും ബഹളമുണ്ടാക്കിയും ക്യാമ്പിന്റെ ശാന്തത (safe & sound ) ഇല്ലാതാക്കുന്നത് പരിപൂർണ്ണമായും ഒഴിവാക്കാൻ ഇത്തരം കൂടിയാലോചനയോഗങ്ങളും  തലേ ദിവസത്തെ അവസാന വട്ട കോർ വളണ്ടിയർ മീറ്റുകൾക്കുമാകും.

രജിസ്‌ട്രേഷൻ മുതലുള്ള ഓരോ വിഷയങ്ങളും ഉത്തരവാദിത്തത്തോടെ നേരത്തെ വന്നു ചെയ്യാൻ സംഘാടകർ മുഴുവനും ഒരേമനസ്സോടെ തയ്യാറാകുമ്പോഴാണ് ആതുരശുശ്രൂഷാ രംഗത്തുള്ള ഇത്തരം ക്യാമ്പുകൾ വിജയിക്കുക. മതിയായ ഡാറ്റകൾ തുടർപരിശോധനയ്‌ക്കോ തുടർ സഹായത്തിനോ ഉപകാരപ്പെടുമെങ്കിൽ അവയും ഇനം തിരിച്ചു ശേഖരിക്കുവാനും സൂക്ഷിക്കുവാനും ആവശ്യമായ  ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. പിന്നീട് രോഗികളുടെ H & P ക്കും  റിക്കോർഡിനും വേണ്ടി  തലങ്ങും വിലങ്ങും ഓടുന്നത് ഒഴിവാക്കാൻ ഇത് നല്ലതാണ്.

ഞാൻ മുമ്പ് ഒരു കുറിപ്പിൽ സൂചിപ്പിച്ചത് പോലെ, നമ്മുടെ നാട്ടിലുള്ള  മെഡിക്കൽ -പാരാമെഡിക്കൽ രംഗത്ത് ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ പഠിച്ചെടുത്തവരും പഠിക്കുന്നവരും ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാകുക. അവരെ പങ്കെടുപ്പിക്കാൻ സംഘാടകരും ശ്രദ്ധിക്കുക. പ്രത്യേകം വിളിച്ചില്ല എന്നത് ക്യാമ്പിൽ സജീവമാകുന്നതിനു  അവർക്ക് മുടക്ക് ന്യായങ്ങളുമല്ല.  പ്ലസ്‌ടു പഠിക്കുന്ന കുട്ടികൾക്ക് , ആൺ പെൺ വ്യത്യാസമില്ലാതെ, ഈ ക്യാംപിൽ സജീവമാകാൻ അവസരമുണ്ട്. നമ്മുടെ സ്‌കൂളിൽ പ്ലസ്‌വൺ, പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടു പത്തു മിനുറ്റ് ഈ വിഷയം ഉത്തരവാദപെട്ടവർ സംസാരിക്കുന്നതും വളരെ നല്ലതാണ്. അവരാരും തന്നെ  ഗൗരവത്തോടെ ഇതറിയാതെ പോകരുത്.  ഇന്നത്തെ യോഗത്തിന് സംബന്ധിക്കാൻ അവർക്ക് ഒരുപക്ഷെ നോട്ടീസ് ലഭിക്കാത്തത് ഒരു ഒഴികഴിവാണെങ്കിലും, ആൺകുട്ടികൾ വാട്ട്സ്അപ്പ് മുഖേന എന്തായാലും മെസ്സേജ് എത്തിയിരിക്കും.

ഒരു അനാവശ്യ തെരക്കോ, അതല്ല കളിയടക്കമുള്ള  ടിവി പ്രോഗ്രാമുകളോ, സംബന്ധിച്ചില്ലെങ്കിലും വലിയ ഇഷ്യൂ അല്ലെന്ന് സ്വന്തം മനസാക്ഷി പറയുന്ന പരിപാടികളോ ഇന്നത്തെ കൂടിയാലോചന യോഗത്തിന് തടസ്സം ആകരുത്. സംഘടാകർക്ക് വേണ്ടിയല്ല മെഡിക്കൽ ക്യാമ്പ് ,  നമ്മുടെ നാട്ടിലുളള സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയുള്ളതാണ്.  രോഗിയെ സന്ദർശിക്കാൻ നാം ആസ്പത്രി പോകാറില്ലേ ? അവിടെ ആസ്പത്രിയുടെ ബോർഡ് വരെ നാം  നോക്കാറില്ല, ഇവിടെയും നാം രോഗികൾക്ക് വേണ്ടിയാണ് മുന്നൊരുക്കയോഗങ്ങളിൽ പങ്കെടുക്കുന്നത്. ആ രോഗികളുടെ  പ്രാർത്ഥനകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അതിനായി മുന്നോട്ട് വരുന്നവർക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ചു വിജയിപ്പിക്കാം.  ആശംസകൾ !

Saturday, 21 January 2017

എന്റെ വായന / മഞ്ഞുതുള്ളികൾ / അസ്‌ലം മാവില


എന്റെ വായന

മഞ്ഞുതുള്ളികൾ


അസ്‌ലം മാവില

RT റേഡിയോ തിയേറ്ററിന്റെ മൂന്നാം ദിവസത്തെ നാടകം കേട്ട് കണ്ണ് നനയാത്തവരുണ്ടാകില്ലെന്നു ഞാൻ കരുതുന്നു. പച്ചക്കരളുള്ള മനുഷ്യൻ  അങ്ങിനെ ഒരു വൈകാരിക തലത്തിലേക്ക് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 ''അതിഥിയോടൊപ്പം'' എന്ന  തത്സമയ റേഡിയോ പരിപാടിയുടെ അമ്പതാം ലക്കത്തിൽ അവതാരകൻ,  ബഷീർ എന്ന തലശ്ശേരിക്കാരനായ പ്രവാസിയെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നതോടെയാണ് ''മഞ്ഞുതുള്ളികൾ'' തുടങ്ങുന്നത്.  ഗൾഫിൽ കാൽകുത്തിയത് മുതൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബഷീർ ഒഴിച്ചുകൂടാൻ പാടില്ലാത്ത ബാധ്യത എന്ന കണക്കിൽ പെടുത്തി ചെയ്യുന്ന ഒന്നുണ്ട്, ഒരു പക്ഷെ തിരക്ക് പിടിച്ച പ്രവാസികളിലെ  ഭൂരിപക്ഷത്തിനും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒരു  മഹത്തായ കർമ്മം തന്റെ അന്നം കണ്ടെത്തുന്നതിനിടയിൽ സമയം കണ്ടെത്തി  ചെയ്യുന്ന ഒന്ന്.  ആ സദ്കർമ്മമാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്.

നാടകത്തിൽ മുഴുനീളം ഇങ്ങിനെയൊരു ബഷീറിനെ നാം പ്രതീക്ഷിക്കുന്നുണ്ട്, പ്രവാസികൾ പ്രത്യേകിച്ചും. ഒരിക്കൽ പോലും പ്രസിദ്ധിയും പ്രശസ്തിയും ആഗ്രഹിക്കാത്ത ഇങ്ങിനെയും മനുഷ്യർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് എന്നും അവർ വിരിച്ച തണലിലാണ് സാധാരണക്കാരായ പ്രവാസികൾ കണ്ണിമ പൂട്ടുന്നതെന്നുമുള്ള സന്ദേശം ഈ നാടകം നൽകുന്നു.  സാധാരണ  സേവനപ്രവർത്തനങ്ങളുടെ ലിസ്റ്റിൽ ആ കർമ്മത്തെ പെടുത്തേണ്ടതല്ലെന്ന് നമ്മെ ഉണർത്തുന്നത് പോലെ എല്ലാവര്ക്കും തോന്നും നാടകം മുഴുവൻ കേട്ട് കഴിയുമ്പോൾ .

ബഷീർ ആ സദുദ്യമം തെരഞ്ഞെടുക്കാൻ കാരണം പറയുന്നുണ്ട്. വളരെ പോസിറ്റിവായ സാമൂഹിക ചിന്തയാണ് ആ കാരണം വഴി വെക്കുന്നത്. തനിക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും പിതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ പറ്റാതെ , മാസങ്ങളോളം കണ്ണീർ കുടിച്ചു ജീവിച്ച ഒരു പശ്ചാത്തല രംഗാവിഷ്കാരം നാടകകൃത്ത് ഒരുക്കുന്നുണ്ട്. പ്രവാസകാലം ജീവിച്ചു തീർക്കുന്ന അബൂബക്കർക്ക. അയാളുടെയും നാട്ടിലുള്ള ഭാര്യ (ഖദീജ)യുടെയും ഫോണിൽ കൂടിയുള്ള ഗദ്ഗദങ്ങൾ ! യാദൃശ്ചികതയുടെ സന്ദർഭങ്ങൾ ഒരുക്കി ആ ദമ്പതികൾ പങ്കിടുന്ന കണ്ണീരിൽ ചാലിച്ച ആത്മഗദങ്ങൾ ! ബഷീറിന്റെ ശ്രദ്ധയിൽ പെടുന്ന തന്റെ  പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഷയർ ചെയ്യുന്ന നൊമ്പരങ്ങൾ ! എല്ലാം നമ്മുടെ ജീവിതത്തിൽ ഇന്നലെയും മിനിഞ്ഞാന്നുമായി നടന്നത് പോലെ തോന്നിപ്പോകുന്നു.

പ്രവാസികൾക്കിടയിൽ പറയുന്ന തമാശ, ''കൊറേ കാലം പെട്ടിയും തൂക്കി പിടിച്ചുള്ള വരവ്, പിന്നെ പെട്ടിയിൽ കെടന്നുള്ള ഒരു വരവ്''. അബൂബക്കർക്കയുടെ തലശ്ശേരി ചുവയുള്ള ആ വാക്കുകൾ  കേൾക്കുമ്പോൾ ഹൃത്തിൽ മിന്നൊളി പായാത്ത  ഒരു പ്രവാസിയും ഉണ്ടാകില്ല. അറം പറ്റിയത് പോലെ, ആ വാക്കുകൾ തീർക്കുന്ന അയാളുടെ പര്യവസാനം.  (അതിനു പോലും അദ്ദേഹത്തിന്  ഭാഗ്യമുണ്ടാകുന്നില്ലല്ലോ  ) പെട്ടിയിൽ കിടന്നു ഉറ്റവരും ഉടയവരുമുള്ള പെറ്റനാട്ടിലേക്ക്   വരാൻ പോലും സാഹചര്യങ്ങൾ ഉണ്ടാകാതെ, അതിനാരു പോലും ശ്രമിക്കാതെ  മാസങ്ങളുടെ അവധിയും കഴിഞ്ഞു മോർച്ചറിയിൽ നിന്ന് കൂടുമാറി ഗൾഫിലെ ഒരു ഖബർസ്ഥാനിൽ തന്റെ ഉപ്പച്ചി  ഖബറക്കപ്പെടുന്ന വിവരം ബഷീർ കണ്ണീരിൽ ഒപ്പിയ ശബ്ദത്തിൽ അവതാരകനോട് പങ്കിടുമ്പോൾ ഓരോ  ശ്രോതാവിന്റെയും  കവിളിലുമാണ് അശ്രുകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കടം കൊണ്ട് കാലിടറിയ ഉപ്പയുടെ ബാധ്യതകൾ തീർക്കാനും ഉപ്പ ഇട്ടേച്ചു പോയ കച്ചവടം പച്ച പിടിപ്പിക്കാനും മാത്രമായിരുന്നില്ല ബഷീർ ഗൾഫിൽ പോകുന്നത്.  തന്റെയും ഉമ്മയുടെയും സഹോദരങ്ങളുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ ബഷീറിന്റെ മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. അതാണയാളെ എന്നും അതിരാവിലെ ആസ്പത്രിമോർച്ചറികളിൽ എത്തിക്കുന്നത്. ജീവിക്കുന്നവരെക്കാളും മരിച്ചവരെ ആദരിക്കുവാനുള്ള ശ്രമങ്ങൾ അങ്ങിനെയാണ് ബഷീർ നിർവ്വക്കുന്നത്. അനാഥ മയ്യിത്തുകൾ സനാഥങ്ങളാകുന്നത് അങ്ങിനെയാണ്, ബഷീറുമാരുടെ ഇടപെടലുകൾ കർമ്മ മണ്ഡലത്തിൽ സാർത്ഥകമാകുന്നത് അപ്പോഴാണ്.

പശ്ചാത്തല സംഗീതം ഒരൽപം കുറക്കാമായിരുന്നു, ഫോൺ സംഭാഷണങ്ങൾ ഒരുക്കുന്നിടത്തും ചെറിയ പാളിച്ചകൾ വന്നത് പോലെ തോന്നി. കഥാപാത്രങ്ങൾ തലശേരി ചുവകൊണ്ട് നാടകം ധന്യമാക്കി. ബാബുരാജ് പീലിക്കോടിന്റെ മികച്ച റേഡിയോ നാടകം. കേൾക്കാത്തവർ ഒന്ന് കേൾക്കണം. വെറുതെ ഒരു സമയം കളയലാകില്ല. 

Sunday, 15 January 2017

എന്റെ വായന / വഴിയമ്പലത്തിലെ വാർത്തകൾ / അസ്‌ലം മാവില

എന്റെ വായന

വഴിയമ്പലത്തിലെ വാർത്തകൾ

അസ്‌ലം മാവില

അസീസ് അറയ്ക്കൽ എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത റേഡിയോ നാടകം. അദ്ദേഹം അതിൽ ശബ്ദവും നൽകുന്നുണ്ട്. പക്ഷെ രണ്ടു മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രസ്തുത നാടകം ബിലോ ആവറേജ് തലത്തിലേക്ക് പരിഗണിക്കുന്ന ശ്രോതാക്കളുടെ കൂടെ നിൽക്കാനാണ് എനിക്ക് താല്പര്യം.

നാടകത്തിന്റെ പ്രമേയം തന്നെ അത്ര സുഖകരമല്ല. പഴയനാടകങ്ങളിലെ സൂത്രധാരനെ അനുസ്മരിക്കുന്ന രീതിയിൽ ഒരു അനന്തൻ വന്നു നാടകപശ്ചാത്തലം പറയുന്നത് തന്നെ അവനവനെ കുറിച്ചാണ്.  അനാഥനായി വളർന്നു , പിന്നെ പഠിച്ചു, എന്തോ ഭാഗ്യത്തിന് ആ സീറ്റ് കിട്ടി, അങ്ങിനെ സ്വന്തം കഴിവ് കൊണ്ട് അങ്ങിനെ ഗൾഫിൽ എത്തി, ഉന്നതങ്ങളിൽ എത്തി തുടങ്ങിയ സ്ഥിരം ഡയലോഗുകളാണ് ആദ്യ സ്ലോട്ടിലെ കുറച്ചു മിനുട്ടുകൾ.  ജീവിച്ച സാഹചര്യങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ, തന്നെ കരകയറ്റാൻ ബന്ധുക്കൾ ശ്രമിച്ചില്ലെന്ന് ഫീൽ ചെയ്ത ചിലർ ജീവിതവസാനകാലം വരെ മനസ്സിൽ പേറി നടക്കുന്ന വയ്യാഭാണ്ഡമാണ് ഈ ഡയലോഗുകൾ,  അത് കേൾക്കാൻ പാവം നാട്ടുകാരും. പണ്ടെങ്ങോ എഴുതിയ തന്റെ രചനയ്ക്ക് അന്ന്  മതിയായ പരിഗണന നൽകിയില്ലെന്ന് പറഞ്ഞു സ്ഥാനത്തും അസ്ഥാനത്തും മെക്കിട്ടു കേറി ജീവിതം കളയുന്ന അപൂർവ്വം ചില കഥാപാത്രങ്ങളും നമ്മുടെ ജീവിത വീഥികളിൽ കണ്ടെന്നും വരും.

മതിയായ ഹോം വർക്കില്ല. റിക്കോർഡ് ചെയ്‍തത് ആവശ്യമായ സജ്ജീകരണങ്ങളുള്ളിടത്തല്ല. പിന്നണിശബ്ദമാണെങ്കിൽ എല്ലാം നശിപ്പിച്ചു കളയുകയും ചെയ്തു. പറയുന്നതൊന്നും വ്യക്തവുമല്ല. വ്യക്തമായതാകട്ടെ അക്ഷര പിശാച് വല്ലാതെ ''ക്ഷ'' പിടിപ്പിച്ചത് പോലെയുണ്ട്.

നാടകത്തിന്റെ അവസാനവും നല്ല സന്ദേശമാണ് നൽകിയതെന്ന് തോന്നിയില്ല.  എയ്ഡ്‌സ് രോഗി ഷാജൻ (ഷാജഹാൻ ആണോ, വ്യക്തമല്ല). ഒരുപാട് സംസാരിച്ചു കുളമാക്കുന്ന അനന്തൻ.  അനന്തന്റെ പെരടിയിൽ എപ്പോഴും തൂങ്ങുന്ന സയനൈഡ് മാല. ഇതൊക്കെ ശ്രോതാക്കളും കേട്ടിരിക്കുമല്ലോ.  പെങ്ങളെ കെട്ടിച്ചയക്കാൻ ഏൽപ്പിക്കുന്നത് ഇതേ അനന്തനെയും, ഏതായാലും അനന്തന്റെ കഴുത്തിൽ കിടന്ന സയനൈഡ് ഷാജന് ഉപകരിക്കുകയും ചെയ്തു. അച്ചാ  അളിയൻസ് രണ്ടെണ്ണവും.

റേഡിയോ നാടകം എങ്ങിനെ ആകരുത് എന്നതിന് ഏറ്റവും നല്ല സാംപിൾ ചോദിച്ചാൽ, വഴിയേ പോകുന്ന ആരെങ്കിലും ''വഴിയമ്പലത്തിലെ വാർത്തകൾ'' ചൂണ്ടിക്കാണിച്ചാൽ, ഞാൻ അവരെ അഭിനന്ദിക്കും.

ഒരു കാര്യത്തിൽ മാത്രം അഭിനന്ദിക്കുന്നു, നന്മ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ കൊണ്ട് ഏതാനും സുഹൃത്തുക്കൾ ഇങ്ങിനെ ഒരു ശ്രമം നടത്തിയതിന്.  അസീസ് അറയ്ക്കൽ നല്ല സിനിമാ പ്രേക്ഷകൻ ആണെന്ന് തോന്നുന്നു. കഥ തന്തു അങ്ങിനെ ഉരുത്തിരിഞ്ഞതായിരിക്കണം. ഏതായാലും  ഈ നാടകം കേട്ടപ്പോൾ നമ്മുടെ നാട്ടിലെ ജി. അബൂബക്കറിനെ ഓർത്തു പോയി, അദ്ദേഹവും ഇത് പോലുള്ള നാടകം  ഒരുപാട് എഴുതുകയും ചില വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.

പിന്കുറി : ഫയാസ് , നമ്മുടെ  ഗോപി കുറ്റിക്കോലിന്റെ പോസ്റ്റിന് ഉടനെ ഞാൻ മറുപടിയും എഴുതുന്നുണ്ട്. 

Saturday, 14 January 2017

എന്റെ വായന / റാഹേലിന്റെ സ്വർഗ്ഗം / അസ്‌ലം മാവില

എന്റെ വായന

റാഹേലിന്റെ സ്വർഗ്ഗം

അസ്‌ലം മാവില

ശക്തമായ ഒരു നാടകമല്ലെങ്കിലും പ്രേക്ഷകരുടെ കേൾവിസുഖം ഒട്ടും കുറയാതെ അവതരിപ്പിച്ച റേഡിയോ നാടകമാണ് റാഹേലിന്റെ സ്വർഗ്ഗം. അമ്മയുടെ വാർധക്യകാലം പാപി എന്ന വിശ്വസ്തനെ ഏൽപ്പിച്ചു ഡൽഹിയിലും വിദേശത്തും സ്വന്തം ജോലിയും കുടുംബവുമായി കഴിയുന്ന രണ്ടു മക്കൾ നാടകാവസാനം ശ്രോതാക്കളുടെ മനസ്സിൽ ധിക്കാരികളാകുകയോ ധിക്കാരികളാക്കുകയോ ചെയ്യാനുള്ള ശ്രമമാണ് നാടക രചയിതാവും അതിലേറെ രംഗാവിഷ്കാരം നടത്തിയവരും ശ്രദ്ധിച്ചത്.

ഇവിടെ അദ്ധി എന്ന ശ്രോതാവ് ആശങ്കപ്പെട്ടത് പോലെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും മക്കളുടെ ഭാഗത്തു നിന്നും നോക്കിക്കാണേണ്ട ഏകാംഗമാണ് റാഹേലിന്റെ സ്വർഗ്ഗം. അത് കൊണ്ട്   അത്തരമൊന്ന്  അരുതാത്തത്  നടന്നതിന്റെ  കാരണം കണ്ടെത്തുവാൻ വായനക്കാർ വിഷമിച്ചേക്കും.

  മാതൃ -പിതൃ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ ഒരുങ്ങേണ്ട ഒന്നല്ല; ഒരുക്കിയെടുക്കേണ്ടതുമല്ല. ''നിങ്ങൾ സുഖമായി അവിടെ കഴിയൂ, ഞങ്ങളുടെ അവസാനകാലം ശുശ്രൂഷിക്കാൻ വന്നാൽ മതി'' എന്നു കണക്കുകൂട്ടുന്നത് തന്നെ രക്ഷിതാക്കളുടെ തെറ്റാണ്. നിരന്തരമായ ബന്ധങ്ങളും വരവും പോക്കും ക്ഷേമാന്വേഷണങ്ങളും ഒപ്പം പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ള പരിചരണങ്ങളും മക്കൾക്ക് ഉണ്ടാകുമ്പോഴാണ്, അതിനുള്ള സാഹചര്യം തുടക്കം മുതൽ തന്നെ രക്ഷിതാക്കൾ ഉണ്ടാക്കുമ്പോഴാണ് മാതൃ -പിതൃ -സന്താനബന്ധങ്ങൾ സ്വാഭാവികതയുടെ തലം കൈവരികയും സ്വാഭാവിക പരിണിതിയും ഉണ്ടാകുന്നത്.  ഇത്തരം ബന്ധങ്ങൾക്ക് മക്കൾക്ക് നല്ലപാതിയായി വരുന്നവർക്കും ചെറുതല്ലാത്ത പങ്കുണ്ട്.

ഒരു നാടകത്തിലോ അതല്ലെങ്കിൽ സമാനമായ കാവ്യ-കലാവിഷ്കാരങ്ങളിലോ ശരീരം വിട്ട ആത്മാക്കൾ വന്നു ഭൂമിയിലുള്ളവരോട് സംസാരിക്കാണുന്നത് വരച്ചു കാട്ടാൻ സാധിച്ചേക്കാം. പക്ഷെ, ജീവിതത്തിൽ അതൊന്നും സംഭവിക്കുന്നതല്ലല്ലോ. ഇത്തരം ആവിഷ്കാരങ്ങൾ ഒരു പക്ഷെ, ശ്രോതാക്കൾക്ക് സ്വയം പരിശോധനയ്ക്ക് വക നൽകുമെന്നു കരുതിയാകണം അത്തരമൊരു രീതി നാടകകൃത്ത് പരീക്ഷിച്ചതെന്ന് തോന്നുന്നു.

ജീവസന്ധാരണത്തിന്റെ ഭാഗമായി സ്വദേശം വിട്ടു മറുനാടിൽ മണ്ണിനോടും വിണ്ണിനോടും സമരസപ്പെടാൻ തത്രപ്പെടുന്ന പ്രവാസികൾ പലപ്പോഴും എല്ലാം വിട്ടെറിഞ്ഞു നാടാണയാൻ നോക്കുന്നത് ഇത്തരം സ്ഥാനത്തും അസ്ഥാനത്തുമുള്ള സമൂഹത്തിന്റെ രൂക്ഷനോട്ടങ്ങൾ ഒഴിവാക്കാനാണ്. ഏത് വിഭാഗത്തിലുള്ളതാണെങ്കിലും മരണക്കിടക്കയിൽ മാതാപിതാക്കൾ അവസാന ആഗ്രഹമായി ചുണ്ടുകൾ മന്ത്രിക്കുന്നതും മക്കളുടെ സാന്നിധ്യമാണല്ലോ. അതിനെങ്കിലും എത്താൻ പറ്റിയില്ലെങ്കിൽ തങ്ങളുടെ ചുണ്ടിലും മൂർദ്ധാവിലും അവസാന ചുംബനം നൽകാൻ എത്തുമെന്ന് അതിയായി ആഗ്രഹിച്ചു പാതി കണ്ണടക്കുന്നതും ബന്ധങ്ങളുടെ അഗാധ തീഷ്ണത കൊണ്ടാണ്. പ്രവാസികൾ പലപ്പോഴും സ്വകാര്യമായി തന്റെ സ്രഷ്ടാവിന്റെ മുന്നിൽ കണ്ണുകൾ നനയ്ക്കുന്നതും ഇതൊക്കെ ആലോച്ചിട്ടായിരിക്കണം. 

Friday, 13 January 2017

ഇനി ആർടിയിൽ വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ / അസ്‌ലം മാവില

ഇനി ആർടിയിൽ
വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ

അസ്‌ലം മാവില

നാലഞ്ച് ദിവസങ്ങൾ മുമ്പ് വിന്റർ ഓഡിയോ തിയേറ്ററിനെ കുറിച്ച്  ഇവിടെ ഒരു അറിയിപ്പ് ഉണ്ടായിരുന്നു. ആർടി സാംസ്കാരിക പ്രവർത്തകരെ മാത്രമുണ്ടദ്ദേശിച്ചല്ല, പൊതുവെ നമ്മുടെ നാട്ടിലെ മുഴുവൻ ശ്രോതാക്കളെയും ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഓഡിയോ തീയേറ്റർ ഒരുങ്ങുന്നത്.

അതിപുരാതന ഗ്രീസിലെ  ബിസി  നാന്നൂറ്റി എൺപതുകളിൽ ജീവിച്ച യൂറിപാഡീസ് എഴുതിയ സൈക്ളോപ്സ് എന്ന ഏകാംഗതോടെയാണ് നാടകലോകം ആരംഭിക്കുന്നത്. ഡ്രാമയുടെ (drama)യുടെ ആദ്യരൂപമാണിത്. പത്ത്-പതിനഞ്ചു മിനുറ്റിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ ഒതുക്കിയുള്ള നടനമാണ് ഏകാംഗം. ഒരു സന്ദേശം ഏറ്റവും സുതാര്യമായി പ്രേക്ഷരെ ഫലിപ്പിക്കാൻ നാടകത്തോളം പോന്ന മറ്റൊരു കലയുമില്ല.

ഇന്ന്, പ്രബുദ്ധകേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നാടക വേദികളുള്ളത് ഉത്തര കേരളമെന്നത് അത്ഭുതമാണ്. നവംബർ -ഡിസംബർ - ജനുവരി മാസങ്ങൾ ഉത്തര കേരളത്തിലെ രംഗപീഠങ്ങൾ നാടകങ്ങൾ കൊണ്ട് സജീവമാകും. ദേശീയ നാടക മത്സരങ്ങൾ ആഴ്ചകളോളം നടന്നത് ഇക്കഴിഞ്ഞ ആഴ്ചകൾ ഉത്തരകേരളത്തിലായിരുന്നല്ലോ.

എണ്ണൂറുകളുടെ ആദ്യം രൂപം കൊണ്ട  വയർലെസ്സ് ടെലിഗ്രാഫിയിൽ നിന്നും നിരന്തര ഗവേഷണ പരീക്ഷണങ്ങൾക്ക് ശേഷം എണ്ണൂറുകളുടെ അവസാനം മാർക്കോണി ലോകത്തിനു പരിചയപ്പെടുത്തിയ റേഡിയോ തൊള്ളായിരത്തിന്റെ തുടക്കത്തിൽ തന്നെ സുപരിചിതമാകാൻ തുടങ്ങി. വാർത്തകളോടൊപ്പം വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളും തുടർന്ന് ലോകം കേട്ടത് ചരിത്രം.  തൊള്ളായിരത്തി ഇരുപതുകളിൽ റേഡിയോ നാടകങ്ങളും സാംസ്കാരിക ലോകം കേൾക്കാൻ തുടങ്ങി.

1930 -1960 കാലങ്ങൾ റേഡിയോ നാടകങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു, പിന്നീട് ടെലിവിഷൻ പ്രചാരത്തിലായതോടെ അതിന്റെ പ്രഭക്കൽപ്പം മങ്ങലേറ്റെങ്കിലും ഇന്ത്യപോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ റേഡിയോ നാടകങ്ങൾ ക്ക്  പിന്നെയും കുറേക്കാലം രാജകീയ സ്വീകരണമാണ് ലഭിച്ചത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും  ഇടക്കിടക്ക് നടക്കാറുള്ള റേഡിയോ നാടകോത്സവങ്ങൾ നമ്മുടെ കാതുകളിൽ ഇപ്പോഴും കാലൊച്ചകൾ വെക്കുന്നുണ്ടാകണം.

പ്രേക്ഷകർക്ക് പറഞ്ഞും അഭിനയിച്ചും ഫലിപ്പിക്കാൻ സ്റ്റേജ് നാടകങ്ങൾക്കാകും. പക്ഷെ റേഡിയോ നാടകങ്ങൾക്കിവയെ അതിജയിക്കാൻ ശക്തമായ മുന്നൊരുക്കങ്ങൾ നാടകഘടനയിൽ തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ശ്രോതാക്കൾക്ക് അനുഭവവേദ്യമായി അത്തരം കേൾവിരംഗങ്ങൾ ഒരുക്കുന്നിടത്താണ് റേഡിയോ നാടക ശില്പികളുടെയും അണിയറ പ്രവർത്തകരുടെയും കഴിവ്. ശ്രോതാക്കൾ കാത് കൂർപ്പിച്ചു കേട്ടാസ്വദിക്കുന്നിടത്താണ് റോഡിയോ തിയേറ്ററുകൾ വിജയിക്കുക. വൈകുന്നേരങ്ങളിൽ നാടകങ്ങളും രൂപകങ്ങളും കേൾക്കാനും ആസ്വദിക്കാനും നമ്മുടെ കുട്ടിക്കാലം മത്സരിച്ചത് ഇന്നും ഓർക്കുന്നുണ്ടാകുമല്ലോ.

ആർടി ആ പഴയകാലങ്ങൾ ഒരിക്കൽ കൂടി  വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് വിന്റർ റേഡിയോ തിയേറ്ററിലൂടെ.  ഇനിയുള്ള ഒരു മാസക്കാലം അതിനുള്ളതാണ്. അന്തർദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ച  തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ നാടകങ്ങളാണ് ഞങ്ങൾ ശ്രോതാക്കൾക്കായി ഒരുക്കുന്നത്. എല്ലാവരും ഈ കലാവിരുന്ന് ആസ്വദിക്കുമെന്ന് കരുതട്ടെ.  റേഡിയോ  നാടക സ്ലോട്ടുകൾ പ്രക്ഷേപണം ചെയ്യുമ്പോൾ മറ്റു ടെക്സ്റ്റ്/ വോയിസ്/ ഛായാചിത്രങ്ങൾ പോസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുമല്ലോ. ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. 

അവധിചെലവഴിക്കാനെത്തുന്ന പ്രവാസികളുടെയും അവരെ സ്വീകരിക്കുന്ന തദ്ദേശീയരുടെയും സജീവ പരിഗണനയിൽ ഇതെന്ത്കൊണ്ട് വരുന്നില്ല ? / അസ്‌ലം മാവില


അവധിചെലവഴിക്കാനെത്തുന്ന
പ്രവാസികളുടെയും
അവരെ സ്വീകരിക്കുന്ന  
തദ്ദേശീയരുടെയും
സജീവ പരിഗണനയിൽ
ഇതെന്ത്കൊണ്ട് വരുന്നില്ല ?

അസ്‌ലം മാവില

പ്രവാസികൾ അവരുടെ അവധിക്കാലങ്ങൾ കുടുംബത്തോടൊപ്പമാണ് കൂടുതൽ ചെലവഴിക്കുന്നത്. രണ്ടു വർഷം,  ഒരു വർഷം, ആറ് മാസം, ഇടക്കിടക്ക്, അടിയന്തിരഘട്ടങ്ങൾ ...ഇങ്ങിനെയാണല്ലോ പ്രവാസികൾ പ്രത്യേകിച്ച് ഗൾഫുകൾ നാടണയുന്നത്.

അടിയന്തിര ഘട്ടം (emergency ) എന്നത് തൽക്കാലം ഒഴിവാക്കാം. കാരണം അത് ഒരു തിരക്കിൻറെ  (tight schedule) ഭാഗമായി തീർക്കാനുള്ളതാണ്.   ബാക്കിയുള്ള വരവുകളിൽ ടൈം സ്കെഡ്യൂൾ തയ്യാറാക്കുമ്പോൾ ചിലതൊക്കെ നാം വിട്ടുപോകാറുണ്ടോ ? ഇനി എഴുതുന്ന ഒരു പ്രധാന  വസ്തുതയിലേക്ക് അതിന്റെ  ഗൗരവം വിരൽ ചൂണ്ടട്ടെ.

ഇന്ന് പ്രവാസികൾ അധികവും അല്ല, മുഴുവനും തന്നെ സോഷ്യൽ മീഡിയയിൽ ബന്ധങ്ങൾ പുതുക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നവരാണ്. കൂടെ  നമ്മുടെ നാടിന്റെ നാഡിമിടിപ്പ് അറിയാൻ ശ്രമിക്കുന്നവരുമാണ്. സിപി, ആർടി, ഓൺലൈൻ, യുണൈറ്റഡ്, ഒരുമ, യൂത്ത് ഫോറം  തുടങ്ങി  എല്ലാവരെയും അക്കമഡേറ്റ് (ഉൾക്കൊളളാൻ ) ചെയ്യാൻ സാധിക്കുന്ന ഒരുപാട് കൂട്ടായ്മകളിൽ അംഗങ്ങൾ ആയവരാണ് പ്രവാസികൾ. അത്കൊണ്ട് തന്നെ ചിന്തകളും ആലോചനകളും നിലപാടുകളും ധാരണകളും പുനരാലോചനയ്ക്ക് വിധേയമാക്കിയവരാണ് പ്രവാസികൾ അധികം പേരും. ധാരണാപിശകിൽ നിന്ന് വിടുതി നേടുവാൻ ശ്രമിക്കുന്നവരും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ എല്ലാവരുമായും നിറമനസ്സോടെ കൂടിയിരിക്കുവാൻ തയ്യാറുളളവരുമാണ്.  ഇത്തരം സോഷ്യൽ കൂട്ടായ്മകളുടെ ഏറ്റവും വലിയ ഔട്ട്പുട്ട് (ഫലം)  അതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ആ  പ്രവാസികൾ എപ്പോഴും നാട്ടിലുണ്ട്. പ്രവാസികൾ ഇല്ലാത്ത ഒരു സാഹചര്യം നാട്ടിൽ ഒരിക്കലുമുണ്ടാകില്ല.  അവരുടെ അവധിക്കാലങ്ങൾ  വളരെ സജീവമായി കുടുംബത്തോടൊപ്പം  നാട്ടിൽ  ചെലവഴിക്കുന്നുമുണ്ട്. പക്ഷെ, .......

 നാട്ടിൽ നേരത്തെ തന്നെ വിദ്യാഭ്യാസം, സാമൂഹികം, കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ എല്ലാ രംഗങ്ങളിലും സജീവമായവരും നിറസാന്നിധ്യമുണ്ടായിരുന്നവരും അവരിൽ ഉണ്ട്. അതൊക്കെ വീണ്ടും നമുക്ക് പൊടിതട്ടിഎടുക്കേണ്ടേ ? പ്രവാസമാകുന്നതോടെ ആ നന്മകൾ ഇല്ലാതാകുന്നില്ലല്ലോ.  മാത്രവുമല്ല,  ഇതിലൊന്നും നേരത്തെ പരിചമില്ലാത്തവർ ഇപ്പോൾ  കൂട്ടായ്മകളിലെ നന്മ ഉൾക്കൊണ്ടു ചിലതൊക്കെ പരുവപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അഭിപ്രായങ്ങൾ പറയാൻ സാധിക്കാത്തവർക്ക് സോഷ്യൽ മീഡിയയിലെ ഇടപഴകൽ അവരിൽ നല്ല മാറ്റങ്ങൾ വരുത്തിവെച്ചിട്ടുണ്ട്. ചില ആശയങ്ങളും  അഭിപ്രായങ്ങളും പറയാനും പങ്കിടാനും അവരെ അത് വഴി വെച്ചിട്ടുണ്ട്.

എന്ത്കൊണ്ട് പ്രവാസികൾ   നാട്ടിൽ എത്തിയാൽ  ചെറിയ ചെറിയ ഒത്തുകൂടലിനെ കുറിച്ച് ആലോചിച്ചു കൂടാ ? മാസത്തിൽ കുറഞ്ഞത് രണ്ടു വേദി. വലിയ ആൾക്കൂട്ടമൊന്നും വേണ്ട. എന്നാൽ , ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അത് പ്രശ്നമുള്ള വിഷയവുമല്ല. നാട്ടിലെ ഒരുപാട് വിഷയങ്ങൾ വാട്ട്സ്ആപ് കൂട്ടായ്മകളിൽ കൂടി കേട്ടതാണ്, കേട്ടുകൊണ്ടിരിക്കുന്നതാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ചില  വിഷയങ്ങളെങ്കിലും  അതിൽ തീർച്ചയായും ഉണ്ടാകും. അതൊക്കെ ഒന്ന് കൂടി നേരിട്ട് കൂടിയിരുന്ന് പറയാനും കേൾക്കാനുമുള്ള ചെറിയ യോഗങ്ങൾ.  ആതിഥ്യമൊരുക്കേണ്ടത് നാട്ടിലുള്ളവരായിരിക്കണം .

ചിലപ്പോൾ വിചാരിച്ചതിലപ്പുറം ഇത്തരം കൂടിച്ചേരുകൾ  പിന്നീട് വഴിവെക്കും. വലിയവർക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അതൊക്കെ ഉപകാരപ്പെടാനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. തുറന്ന മനസ്സിൽ, ഹിഡൻ അജണ്ടകൾ ഒന്നുമേ ഇല്ലാത്ത അത്തരം കൂടിച്ചേരലുകൾ സൗഹൃദമുണ്ടാക്കുന്നതിലപ്പുറം പ്രവാസികളുടെ നല്ല ചിന്തകൾക്ക് നൽകുന്ന അംഗീകാരം കൂടിയാകുമത്.

നാട്ടിൽ നമ്മോടൊപ്പം കളിച്ചും ചിരിച്ചും ഇടപ്പെട്ടും പ്രവർത്തിച്ചും വന്നവർ പ്രവാസിയാകുന്നതോടെ സീറോ ആകുന്നില്ലല്ലോ. അവരിലും അറിവും അനുഭവങ്ങളും ഒരുപാടുണ്ടാകും. അതൊക്കെ സമപ്രായക്കാരോടും യുവ തലമുറയോടും പങ്കിടാനുമുണ്ടാകും. നാട് മാത്രമേ വിട്ടുള്ളൂ, പക്ഷെ, എന്നെ കേൾക്കാനും കെട്ടിപ്പിടിക്കാനും എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാനും എന്റെ ചെറിയ പ്രയത്നങ്ങൾക്ക് തോള്ചേരാനും  ഇപ്പോഴും എന്റെ നാട്ടുകാരുണ്ടെന്ന വലിയ ഘടകം ആത്മവിശ്വാസത്തിനു വക വെക്കും. ഒപ്പം, പോയപ്പോകുന്ന ബന്ധങ്ങൾ കണ്ണിചേർത്തുറപ്പിക്കാനും തീർച്ചയായും സാധിക്കും.

രണ്ടു ത്രെറ്റ്സ് (ആശങ്ക)  മുമ്പേ മുന്നിൽ കാണണം. അതിനെ പേടിക്കാനല്ല, ആ ഒരു ഒഴികഴിവ് പറഞ്ഞു തലയൂരാനുമല്ല. മറിച്ചു just to overcome, അത് വളരെ സമർത്ഥമായി  അതിജയിക്കാൻ.  അവയിതാണ് : ഒന്ന്,  അതിഥി-ആതിഥേയരുടെ  കൃത്രിമ തിരക്കഭിനയം . രണ്ട്, ഇരുട്ടത്ത് കുത്തിയിരുന്ന് പ്രവാസി-തദ്ദേശിയരുടെ  'ബ്രാൻഡ്'' കീറിപരിശോധിച്ചു സാഹചര്യം (environment ) കീഴ്മേൽ മറിക്കാൻ ശ്രമിക്കുന്നവന്റെ  സാത്താൻ മെസ്സേജുകളും.  ആദ്യത്തേത് തുടക്കത്തിലെ അപരിചയത്വം മാറുമ്പോൾ താനേ പോയ്ക്കൊള്ളും. രണ്ടാമത്തേത് മാറിക്കിട്ടാൻ ആരും കാത്തുനിൽക്കരുത്. അത് മറികടക്കാൻ നാമാർജ്ജിച്ച അനുഭവങ്ങൾക്കും  സൗഹൃദബന്ധങ്ങൾക്കുമാകണം. ആയേ തീരൂ.  കാരണം,  ''നികൃഷ്‌ട ജീൻ'' എന്നും എപ്പോഴും  ഏത് നാട്ടിലും ഉണ്ടാകും. പരാന്നഭോജികൾക്ക് മരണമില്ലന്നറിയുക. തൂത്താലും തളിച്ചാലും അവ മാറില്ല.

 എല്ലാവരും ഒന്നിച്ചു നാട്ടിൽ വരിക എന്നത് ഒരിക്കലും സംഭവ്യമല്ല.  അവൈലബിൾ (ലഭ്യമായ) പ്രവാസികൾക്ക് അനൗപചാരികമായി  നാട്ടുകാരുമായി ഒത്തുകൂടാം, എവിടെയും.  ഒന്നോ രണ്ടോ മണിക്കൂർ.  കളിതമാശകൾ പറയുന്നതിനൊപ്പം കുറച്ചു കാര്യങ്ങൾ പറയാൻ.  തങ്ങളുടെ ടൈം ഷെഡ്യൂളിൽ അത്തരം ഒത്തുകൂടലുകൾക്ക്  ഇടം കണ്ടെത്താൻ പ്രവാസികളും ശ്രദ്ധിക്കുക. ഒരു സ്ഥിരം വേദിയുണ്ടെങ്കിൽ വളരെ വളരെ നല്ലത്. വല്ലപ്പോഴും ''ബ്രാൻഡുക്കൾ''ക്കതീതമായി പ്രവാസികളും നാട്ടുകാരും ഒത്തുകൂടട്ടെ.