Sunday, 1 January 2017

വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*/ / സാപ്

*വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*

സാപ്
---------

“വൃദ്ധനാകുക, മരിക്കുക ..ഹോ... ഓര്‍ക്കാന്‍ കൂടി വയ്യടാ..”

യവ്വനത്തിന്റെ നല്ല നാളുകളിലൊന്നില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി വി കൊച്ചുബാവ തന്‍റെ സുഹൃത്തിന് എഴുതിയ കത്തിലെ വരികളാണിത്.

ജീവിതത്തിലെ സ്വാഭാവിക പരിണാമങ്ങളിലോന്നാണ് വാര്ദ്ധക്ക്യം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വിധി അവിടം വരെ എത്തിച്ചവരോക്കെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ.  ജീവിതത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുന്ന അവസാനഘട്ടം.  മരണത്തെ കുറിച്ച് യവ്വനത്തിലും ഒരു വേള ബാല്യത്തിലും ചിന്തിച്ചു എന്നു വരാം. പക്ഷെ വാര്ധക്ക്യത്തെ കുറിചുള്ള ചിന്തകളോ ആകുലതകളോ ത്രസിപ്പിക്കുന്ന യവ്വനകാലത്ത് ഒരാളെയും അലട്ടുന്നില്ല.  പ്രായമേറിയവരെ കാണുമ്പോള്‍ നമ്മളും ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകേണ്ടവരാണെന്ന് ചിന്തിക്കാറില്ല. ഒറ്റപ്പെടലിന്റെ വേദന, മനസ്സ് ആഗ്രഹിക്കുന്നിടങ്ങളിലേക്ക് ശരീരം എത്താന്‍ വിസമ്മതിക്കുന്ന കാലം!

ആളുകളുടെ സംസാരവും പുഞ്ചിരി പോലും അമൂല്യമായ ആദരവാണ് എന്നു മനസ്സിലാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാലം!

വൃദ്ധ ജനങ്ങളെ കാണുമ്പോള്‍ അവരൊക്കെയും ശൈശവവും ബാല്യവും യവ്വനവും കടന്നു അനുഭവങ്ങളുടെ തീക്ഷണതയില്‍ നടന്നു തീര്‍ത്ത വഴികളില്‍ നാം പിച്ച വെക്കുകയാണ് എന്നു ബോധ്യമുള്ളവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം!
മുതിര്‍ന്ന പൌരന്മാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും പരിഗണനയും നല്‍കാത്ത ഒരു സമൂഹമായി നമ്മള്‍ പതിയെ മാറിക്കൊണ്ടിരിക്കുന്നു. “കെളവന്‍” എന്ന ഒരു തെറി പ്രയോഗം പോലും ഭാഷക്ക് സംഭാവന ചെയ്തവര്‍ ആരായിരുന്നാലും അയാളും ഒരു പക്ഷെ ഈ ഒരവസ്ഥയിലൂടെ കടന്നു പോയിക്കാണണം. 
വിദ്യാഭ്യാസമെന്നത് അക്ഷരവും ശാസ്ത്രവും പഠിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന കാലമാണിത്. സഹജീവി സ്നേഹവും മൂല്യബോധവും ഉള്ള സമൂഹത്തില്‍ മാത്രമേ വൃദ്ധജനങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. 

ഈ അടുത്ത കാലത്താണ് വൃദ്ധനായ വീടിന്റെ ഉമ്മറത്ത്‌ ഉറങ്ങുകയായിരുന്ന ഒരു പാവം മനുഷ്യനെ തെരുവ് പട്ടി കടിച്ചു കീറി കൊന്നത്. വീടിനു പുറത്ത് അന്തിയുറങ്ങാനുണ്ടായ സാഹചര്യം എന്താണ് എന്നറിയില്ല. പക്ഷെ വര്ധക്ക്യം എന്നത് ഒരുവിധത്തില്‍ ശൈശവത്തിന്റെ  ആവര്‍ത്തനം കൂടിയാണ്.  സംരക്ഷിക്കാന്‍ ആളില്ലാത്ത വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ബാധ്യത സമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.  നാളത്തെ വയോധികരാണ് ഇന്നത്തെ യുവതലമുറ.  

വയോധികര്‍ക്ക് തണലോരുക്കുക, സംരക്ഷിക്കുക എന്നതിനര്‍ത്ഥം സ്വയം വീണു പോകാതിരിക്കാനുള്ള വഴി ശുദ്ധീകരിക്കുക എന്നത് തന്നെയാണ്.
വൃദ്ധജനങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്‍റെ സമീപനങ്ങള്‍  കാരുണ്യത്തോട് കൂടിയുള്ളതാകണം. അനാഥരാകുന്ന വയോജനങ്ങളെ മതഭേദമില്ലാതെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.  വീക്ഷണങ്ങള്‍ വിശാലമാക്കുകയും ജീവിക്കുന്ന കാലത്തോട് ക്രിയാത്മകമായി ഇടപെടാനും നമുക്ക് കഴിയേണ്ടതുണ്ട്. 

▪▪▪▪

കലണ്ടറുകൾ മാറി മറിയുമ്പോൾ / മഹമൂദ് പട്ള

കലണ്ടറുകൾ മാറി മറിയുമ്പോൾ
====================

മഹമൂദ് പട്ള


🗓......" മേയ് 26 "
2016'ൽ ഓർക്കാൻ
മറന്ന ദിവസം,
__________________________

ഇഗ്ളീഷ് മാസത്തിൽ ഒരു കലണ്ടർ കൂടി മറഞ്ഞിരിക്കുന്നു,
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷ കളുമായി 2017 ന്റെ കലണ്ടർ താളുകൾ തുറക്കുന്നതിനു മുമ്പ് പോയ വർഷത്തെ പ്രധാന സംഭവങ്ങൾ പരിശോധിക്കയാണ് ഓരോരുത്തരും.

ഈ വാർഷിക കണക്കെടുപ്പിൽ ഓരോരുത്തരും കൂട്ടിയും കിഴിച്ചു വിലയിരുത്തി കൊണ്ടിരിക്കുമ്പോൾ,
അയാളും അങ്ങിനെ ഓരോന്നായി നോക്കി കൊണ്ടിരുന്നു......,

കഴിഞ്ഞ വർഷം അറിയാതെ മറഞ്ഞു പോയ ആ ദിവസം അയാളെ ഇന്ന് വല്ലാണ്ട് സങ്കടത്തിലാകുന്നു!

ഒരുപാട് കാലങ്ങളായിട്ട് ഹൃദയത്തിൽ മായാതെ സൂക്ഷിച്ചു വെച്ച ദിവസം, എന്തു കൊണ്ടായിരുന്നു പോയവർഷം ആ ദിനം അയാളെ കാണാതെ കടന്നു പോയത്.

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അയാൾ മനപ്പൂർവം ഓര്കാതെ പോയതുമല്ല, പ്രവാസത്തിന്റെ പ്രയാസത്തിനിടയിൽ ഓർക്കാൻ മറന്ന് പോയതാകാം!

ഓർമ പെടുത്തേണ്ടവർ അയാൾക്ക് ഒരു സൂചന എങ്കിലും കൊടുക്കാ മായിരുന്നു, ഒന്നിച്ചില്ലാത്തതിനാൽ ഓർമിപ്പിച്ച് സങ്കടപെടുത്തേണ്ട എന്ന് പ്രിയസഖി കരുതി കാണുമൊ?....

ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ആ നിക്കാഹിന് സാക്ഷിയായവരല്ലെ,
ഈ വർഷം നിങ്ങൾക്കെങ്കിലും  അയാളെ ഒന്ന് ഓർമപ്പെടുത്തികൂടെ?
അങ്ങിന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ആ ദിവസം ഇവിടെ കുറിച്ചിടട്ടെ,
                   !
               ( 26 . 05 . 2017 )
ഒരു മെയ്‌ മാസം 26'ൽ ആയിരുന്നു കല്യാണം!!

                                മഹമൂദ്‌ പട്ള.
                                   

ഓര്‍ക്കാപ്പുറത്ത്.... / അസീസ്‌ പട് ള

ഓര്‍ക്കാപ്പുറത്ത്....
➖➖➖➖➖➖

ടി.ഐ.എച്ച്.എസ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ജൂലൈ മാസം, വൈറ്റ് ശേട്ടും നാവിബ്ലൂ പാന്‍റ്സും അതാ സ്കൂള്‍ യൂണിഫോം, മധൂറില്‍ നിന്നും രാവിലെ 8.55 നുള്ള സുപ്രീം ബസ്സില്‍ (പച്ച ബസ്സില്‍ മഞ്ഞ എഴുത്ത്),
തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വാഗണ്‍ ട്രെജടിയെ അനുസ്മരിപ്പിക്കും വിധം  യാത്രക്കാരെ നിറച്ചു നീങ്ങുന്നു, കൂടുതലും  വിദ്യാര്‍ത്ഥികള്‍.

രണ്ടുവശവും തര്‍പ്പായി കൊണ്ട് മൂടിയതിനാല്‍ അകത്തുള്ളവര്‍ക്ക് എവിടെ എത്തി എന്നതിന് യാതൊരു തിട്ടവുമില്ല!, ചില വളവുകളും ഇറക്കവും മനസ്സില്‍ കണ്ടൂഹിക്കും., കൂടലില്‍ എത്തിയാല്‍ നാലില്‍ ഒന്നും അവിടെ ഇറങ്ങും, വിദ്യാര്‍ഥികള്‍., അവരുടെ അച്ചടക്കവും അനുസരണവും മാതൃകാപരമായിരുന്നു.

നീണ്ട ഒരു നെടുവീര്‍പ്പോടെ ബസ്സ്‌ പിന്നെയും മുമ്പോട്ട് .. മഴതോര്‍ന്നു,  ആരോ ഒരാള്‍ തര്‍പ്പായി ഉയര്‍ത്തി, മഴയില്‍ കുളിച്ച മന്ദമാരുതന്‍,  ചൂടിയ മുല്ലപ്പൂക്കളെ തഴുകി മനസ്സിനും ശരീരത്തിനും കുളിര്‍ കോരിയിട്ടു,  അനുഭൂതികളാല്‍ നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍........

നയന്മാര്‍മൂല ജമാഅത്ത് പള്ളിയുടെ അടുത്തുള്ള ടി.ഐ.എ.യു.പി  സ്കൂ ളില്‍ നിന്ന് എന്‍.എച്ച്. 17 വഴി ടെസ്ക്കും ബെഞ്ചും തലയിലേറ്റി ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഉദ്ഘാടനത്തിന് മൈദാനിയിലെക്ക് നടക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ എനിക്കും പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഹൈസ്കൂളിലെ രണ്ടാമത്തെ ബാച്ച്, പുതിയ ഹെഡ്മാഷ് വരുന്നതിനു മുമ്പ് തെന്നെ ഞങ്ങള്‍ക്ക് ഒരു സൂചന തന്നിരുന്നു, കണക്കില്‍ ബിരുദമുള്ള ഇംഗ്ലീഷില്‍ വളരെ സമര്‍ത്ഥനായ ഒരു തിരുവിതാംകൂറുകാരന്‍, “വളരെ കണിഷക്കാരനാണ്” ഇത് കേട്ടപ്പോള്‍ കൈമുട്ട് ടെസ്ക്കിലൂന്നി താടിയില്‍ വെച്ചിരുന്ന ഒരു കുട്ടിയുടെ കൈ അറിയാതെ വഴുതിപ്പോയി...

അങ്ങനെ പുതിയ എച്.എം. ക്ലാസ്സില്‍ വന്നു, എല്ലാവരെയും പരിച യപ്പെട്ടു, നല്ല വെളുത്തു, തടിച്ച മുന്‍വശത്ത് അല്പം കഷണ്ടിയുള്ള  സൌമ്യനായ ഒരു മധ്യവയസ്കന്‍, പേര് എം.പി.ചാക്കോ, ചില ചോദ്യങ്ങള്‍ ചോദിച്ചു അദ്ദേഹം പോയി.

പിന്നീട് നാള്‍ക്കു നാള്‍ പുതിയ പുതീയ നിയമങ്ങള്‍! പത്തു മുപ്പതിന് ലോങ്ങ്‌ ബെല്ലടിചിരുന്നത് സ്റ്റടി ബെല്ലെന്ന ഓമനപ്പേരില്‍ പത്തേകലിനാക്കി, ശേഷം ഒറ്റ കുട്ടിയേയും പുറത്തു കണ്ടു പോകരുത്, നിയമം കര്‍ശനം!! ,അതായിരുന്നു എന്നെ കുഴക്കിയത്!, വല്ലപ്പോഴും വൈകി വരുന്ന എനിക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായിപ്പോയി.


അന്നൊരു ദിവസം സുപ്രിം കിട്ടിയില്ല, പിന്നെ പേരിനു ഒമ്പതര ആണെങ്കിലും ഒമ്പതെ നാല്പതോക്കെയാവും പുറപ്പെടാന്‍, അസ്‌ലം ബസ്സ് (ചുവന്ന ബസ്സില്‍ ചുവന്ന എഴുത്ത്), പുതീയ ബസ്ടാണ്ട് ഇല്ലാത്ത കാലം,, മുമ്പില്‍ കട്ട പുക, ഇത് ടൌണില്‍ എത്തുമ്പോള്‍ പത്തേകാല്, പിന്നെ ബി.സി. റോഡ്‌ എത്താന്‍ പത്തു മിനുറ്റ് മതിയാവില്ല, എന്ത് ചെയ്യും?,

ഏതായാലും പിന്നോട്ടെടുതില്ല, മുമ്പോട്ടു തെന്നെ... കഷ്ടിച്ചു പത്തര മണിക്ക് തെന്നെ ക്ലാസ്സില്‍ എത്താന്‍ കഴിഞ്ഞു, അന്നെന്തോ.. ക്ലാസ് ടീച്ചര്‍ നേരത്തെ ഹാജര്‍ വിളി ഒരു കര്‍മ്മം പോലെ ചെയ്തുവച്ചു, (മണി ജി. നായര്‍, കാസറഗോഡ് പ്രശസ്തനായ ഒരു വക്കീലിന്‍റെ ഭാര്യ, കോട്ടയം സ്വദേശം) ഞങളുടെ ഇംഗ്ലീഷ്,ബയോളോജി  ടീച്ചര്‍.. എന്നെ ടീച്ചര്‍ക്ക്‌ നന്നായി അറിയാം, ആ പരിഗണ കാണിക്കുമെന്ന എന്‍റെ മോഹം വൃഥാവിലായി, അകത്തേക്ക് കയറാന്‍ പറഞ്ഞില്ല!, എന്ത് ചെയ്യും, ഒരു സൈകിളിന്നു വീണ ചിരിയോടെ വാതിലിനു മുമ്പില്‍ നിന്നു., പത്തേകാലിനു വെല്ലടിക്കുന്നതില്‍ ടീച്ചറും തൃപ്തയായിരുന്നില്ല, ആ ദേഷ്യം എന്നോട് തീര്‍ത്തു..

“എന്നാ.. അസീസേ, വൈകിയത്?, പത്തരയായല്ലോ?!”

“പത്തരക്കല്ലേ ടീച്ചറെ ക്ലാസ് തുടങ്ങുന്നത്?,”

“പത്തേ കാലിനു ബെല്ലടിക്കുന്നതറിയില്ലേ? പിന്നെന്നാതിനാ പത്തരയാക്കിയത്?”

“അത് സ്ട്ടടി ബെല്ലല്ലേ ടീച്ചറെ..?”, ഇത്രേ ഞാന്‍ പറഞ്ഞുള്ളൂ.. അതിഷ്ടപ്പെട്ടില്ല,

തെറ്റില്‍ വെച്ച് ഏറ്റവും വലീയ തെറ്റ് തെറ്റിദ്ധാരണയാണല്ലോ?, ഞാന്‍ മ:നപൂര്‍വ്വം വൈകിച്ചതെന്ന തെറ്റിദ്ധാരണയ്ക്ക് മുമ്പില്‍ ഒരു ഏറ്റു പറച്ചിലും ചെവിക്കൊണ്ടില്ല.

“എച്. എമ്മിനെ കണ്ടു ക്ലാസ്സില്‍ കയറിയാല്‍ മതി......”,

ഇത് കേട്ടതോടെ എന്‍റെ മുമ്പില്‍ വീണ്ടും കട്ടപുക!! ഒരു കുട്ടീടെ കയ്യില്‍ കുറിപ്പും എഴുതി വിട്ടു എച്.എമ്മിന്, ഓഫീസ് ലഷ്യം വെച്ച് ഗ്രൌണ്ട് ഫ്ലോറിലേക്ക് കൊണിപ്പടിയിറങ്ങി ഞാനും.





ഓഫിസ് മുറി, ശാന്തം..... ഭയവിഹ്വലനായ ഞാന്‍ മന്ദം മന്ദം അകത്തു ക ടന്നു, ശരീരോഷ്മാവ് കുറയുന്നത് പോലെ തോന്നി, പ്രത്യേഗ ഗന്ധവും, കളറും അല്ലാത്തതുമായ ചുവര്‍ ചിത്രങ്ങള്‍, ഷോകൈസിനു മേലെ പ്രതിഷ്ടിച്ച ഗ്ലോബിനു 23 ഡിഗ്രിയില്‍ കൂടുതല്‍ ചരിവ് പ്രകടമാക്കി, ഗാന്ധിജി, ടാഗോര്‍ എന്നിവരുടെ ചുവര്‍ചിത്രം എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി....

കയ്യിലെ കുറിപ്പ് വായിച്ചു എന്നെ ആപാദചൂഡം ഒന്ന് നോക്കി, മുഖത്തെ ഗൌരവം എന്നെ സ്തബ്ധനാക്കി,

“ക്ലാസ് ടീചെറോടാണോ തര്‍ക്കുത്തരം പറയുന്നുത്?”

“എന്താ പേര്?”

“അസീസ്‌” ഭാവ്യതയോടെ പറഞ്ഞു..

മേലില്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞു വലീയ ഒരു ചൂരല്‍ എടുത്തു, കുട്ടികളുടെ മുമ്പില്‍ തെന്നെയാവം ശിക്ഷ, അവര്‍ക്കും ഇതൊരു പാഠമാകട്ടെ !!, എന്‍റെ ഉള്ളൊന്നു കാളി.......സ്കോട്‌ ലീഡര്‍, ആര്‍ട്സ് ക്ലബ്‌, സയന്‍സ് ക്ലബ്‌ സ്ഥാനം, പിന്നെ കുട്ടികളുടെ ഇടയില്‍ ലീഡര്‍ഷിപ്പുള്ള മൂന്നുപേരില്‍ ഒരാള്‍..... എല്ലാം തകരുന്ന മട്ടാണല്ലോ?!! ആകെ നാണക്കേടാവും!!!

നൂറുകൂട്ടം ചിന്തകള്‍ എന്‍റെ മസ്തിഷ്കത്തെ മരവിവ്വിച്ചു, കണ്ണുകളില്‍ ഇരുട്ട് പടര്‍ത്തി...  അനിയന്ത്രിതമായി ഹെട്മാഷേ അനുഗമിച്ചു..





ഞാന്‍ സിനിമാപ്രിയനായിരുന്നു, ജയനും, സുകുമാരനും എന്‍റെ ഇഷ്ടതാരങ്ങള്‍, സുകുമാരന്‍ കാസറഗോഡ് കോളേജില്‍ ലക്ചറര്‍ ആയിരുന്നു എന്നറിഞ്ഞതോടെ മതിപ്പ് കൂടി.. അവരെ അനുകരിച്ചും, നിര്‍ത്താതെയുള്ള ടയലോഗ് അടിച്ചും ഞാന്‍ കുട്ടികളുടെ ഇടയില്‍ ഞെളിഞ്ഞു നടന്നു..

ഇംഗ്ലീഷ് പഠിക്കാനുള്ള പ്രത്യേക അഭിനിവേശവും!, ഡല്‍ഹി പുസ്തക് മഹല്‍ ഇറക്കിയ “റാപിടെക്സ്‌” പരസ്യം കണ്ട ഉടനെ വാങ്ങിയത് ഒരുപക്ഷെ ഞാനായിരിക്കും, ഗള്‍ഫില്‍ വന്നതിനു ശേഷം വെട്ടം മാണിയുടെ “ഇംഗ്ലീഷ് ഗുരുനാഥന്‍” അങ്ങിനെ നീളുന്നു പഠന സമാഗ്രികളുടെ പട്ടിക, സത്യം തിരിച്ചറിയുമ്പോള്‍ വളരെ വൈകിയിരുന്നു.

“theoretical is entirely different than practical”,  ഒന്നും ആവാന്‍ കഴിഞ്ഞില്ല... സങ്കടമില്ല, ഒരു ഉര്‍ദു കവി പാടിയതുപോലെ “മേരാ മാലിക് മെര ദില്‍ ഹേ...”, അതെ എന്‍റെ ഉടമസ്ഥനും രാജാവും എന്‍റെ സാമ്രാജ്യവും ജയവും, പരാജയവും ഒക്കെ ഞാന്‍ തെന്നെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ല.......വീണടം വിഷ്ണുലോകം !



ഹെട്മാഷ് ഓഫിസിന്നു വെളിയില്‍ കടക്കുന്നതിനു തൊട്ടുമുമ്പ് ഞാന്‍ സുകുമാരന്‍റെ സകല വാചകചടുലതയും ശരീരഭാഷയും സ്വാംശീകരിച്ച് ഒരു ടയലോഗ് കാച്ചി.....

“സോറി സര്‍, ഞാന്‍ അറിയാതെ പറഞ്ഞു പോയതാ.......ഇനിയാവര്‍ത്തി ക്കില്ല”

ഇത് കേട്ടതോടെ ഒരു നിശ്ചല ചിത്രം പോലെ അദ്ദേഹം നിന്നു, മെല്ലെ എന്നെ തിരിഞ്ഞു നോക്കി.........

അബദ്ധമായോ എന്നമാത്രയില്‍ ഞാന്‍ ഒരടി പിന്നോട്ടെടുത്തു...

വലതു കയ്യിലെ ചൂരല്‍ ഇടതു കൈപ്പത്തിയില്‍ തട്ടിച്ചു കൊണ്ട് മുമ്പോട്ട് വന്നു, ഇവിടം വച്ച് പൊട്ടിക്കാന്‍ തെന്നെയാവും ഭാവം എന്ന മട്ടില്‍ ഞാന്‍ രണ്ടും കല്പിച്ചു നിന്നു കൊടുത്തു.....

“ഗുഡ്.....അതാണ്‌ വേണ്ടത്, ചെയ്ത തെറ്റിന് ക്ഷമാപണം.., ഇപ്രവശ്യത്തേക്ക് ക്ഷമിചിരിക്കുന്നു”,

ഹോ, ഭാഗ്യം..... ഞാന്‍ വിട്ടില്ല


“താങ്ക്യൂ സര്‍”... അദ്ദേഹം ചൂരല്‍ യഥാസ്ഥാനത് വച്ചു എന്നെയും കൂട്ടി ക്ലാസ് റൂമില്‍ ചെന്നു ടീച്ചറോട്‌ പറഞ്ഞു.

“ക്ഷമ ചോദിച്ചു, ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു, ആദ്യമല്ലേ.......ക്ഷമിച്ചു കളയാം അല്ലെ ടീച്ചറെ...” ഒരു പുഞ്ചിരി പാസ്സാക്കി അദ്ദേഹം തിരിച്ചു പോയി.

വെള്ളത്തിലിട്ട മത്സ്യത്തെപ്പോലെ ഞാന്‍ ഓടിച്ചെന്നു  എന്‍റെ സീറ്റില്‍ ഇരുന്നു..


അടി കൊള്ളിക്കാന്‍ പറ്റാത്ത നിരാശയില്‍ പല്ലിറുമ്മി ടീച്ചര്‍ എന്നെ നോക്കി....”ഞാനൊന്നുമറിഞ്ഞില്ലേ നാമ:നാരായണാ...” എന്ന മട്ടില്‍ ഞാനും ഇരുന്നു.

ഒരു ഇംഗ്ലീഷ് പീരീഡ്‌, ടീച്ചര്‍ ഇല്ല....... മോണിറ്റര്‍ പതിവ് പോലെ “വിദ്യാരംഭം” എന്നാ മാഗസിന്‍ എല്ലാവര്ക്കും വിതരണം ചെയ്തു, വായനയില്‍ പണ്ടേ താല്പരനല്ലാത്ത  ഞാന്‍ ചില വരചിത്രങ്ങള്‍ തിരയുകയായിരുന്നു, ദേ.. വരുന്നു നമുടെ എച്ച്.എം,

“ഗുഡ് അഫ്ടര്‍നൂണ്‍ സര്‍”

“ഗുഡ് അഫ്ടര്‍നൂണ്‍” എല്ലാവരെയും ഇരിക്കാന്‍ ആംഗ്യം കാണിച്ചു, ക്ലാസ്മുറി ചുറ്റി ഓരോരുത്തരെ വീക്ഷിച്ചു, കൂട്ടത്തില്‍ എന്നെ മറന്നിരുന്നില്ല...ഒന്ന് പുഞ്ചിരിച്ചു ബഹുമാനനുസരണം ഞാന്‍ എണീറ്റു , തോളില്‍ തട്ടി ഇരുത്തി, കസേരയിലിരുന്നു ഇംഗ്ലീഷില്‍ ഒരു ചോദ്യം ചോദിച്ചു., ഒരു പാട് ഗ്രാമറും പഠിപ്പിച്ചു തന്നു, ബോണ്‍ ടു ടീച്, അതായിരുന്നു അദ്ദേഹം, ആ മഹാ മനസ്കന്‍, നിമിഷങ്ങള്‍ ഇഴയരുതെ എന്ന് പ്രാര്‍ഥിച്ച നിമിഷം!

അദ്ദേഹത്തിന്‍റെ ടീച്ചിംഗ് സ്കില്‍ല്സ് കുട്ടികളില്‍ നിന്നും മനസ്സിലാക്കിയ മാതാപിതാക്കള്‍ ടുഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു, മാസത്തില്‍ നൂറു രൂപ അതും ഒരു മണിക്കൂര്‍, മുബാറക് ഹാജിയുടെയും മദീന ഹാജിയുടെയും മക്കളെപ്പോലുള്ളവര്‍ക്ക് മാത്രം സ്വാസ്ഥ്യം, പുസ്തകവും യുനിഫോര്മും തെന്നെ കഷ്ടിയായിരുന്നു എന്നെപ്പോലുള്ളവര്‍ക്ക്.

ചുറ്റുപാടിലുള്ള സ്കൂളില്‍ നിന്നും ഹൈസ്ക്കൂളിലേക്ക് പുതിയ അഡ്മിഷന്‍, മാഷേക്കളും പ്രായം തോന്നും ചിലര്‍ക്ക്, ബോംബയിലെ പൂച്ച എലിയെ പേടിക്കുന്നതുപോലെ ഓരം ചേര്‍ന്നാണ് മാഷമ്മാര്‍ അവര്‍ക്ക് വഴി മാറി ക്കൊടുതിരുന്നത്, സീനിയര്‍ ആയ ഞങ്ങളെ ഇതത്ര രസിപ്പിച്ചില്ല.

എസ്.ഡി.പി.ഐ. നേതാവ്, എന്‍.യു.സലാം എന്‍റെ അടുത്ത കൂട്ടുകാരനാണ്, ഇന്നും അതെ.,  ബാംഗ്ലൂരില്‍ നിന്നും എം.ബി.എ. യും, അഭിഭാഷകവൃത്തിയില്‍ ബിരുദവും നേടി,... കഴിഞ്ഞ മാസമാണ് അവന്‍റെ വന്ദ്യപിതാവ്, പ്രകല്‍ഭ പണ്ഡിതന്‍ ഉമ്മര്‍ മൌലവി നമ്മളോട് വിട പറഞ്ഞത് (الله يرحمه),പിന്നെ ഫയാസിന്‍റെ മൂത്താന്‍റെ മകന്‍ ലത്തീഫ്ചാന്‍റെ ഹാഷിം,  ഞങ്ങളെ മൂന്നു  പേരെയും ഒന്‍പതാം ക്ലാസ്സില്‍ നിന്ന് എച്.എം. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോകാന്‍ പറഞ്ഞു.

അതീവ രഹസ്യമായ കാര്യമാണെന്നും, നവാഗതര്‍ നമ്മുടെ സ്കൂളില്‍ രാഷ്ട്രീയ സംഘടനയുടെയും, വിദ്യാര്‍ഥി സമരത്തിന്‍റെയും വിത്ത്‌ പാകാന്‍ ശ്രമം നടത്തുന്നുണ്ട്, ഏതു വിധേനെയും ചെറുക്കണം, നിങ്ങള്‍ മൂന്നു പേര്‍ ഇനി മുതല്‍ സ്കൂളിന്‍റെ സി.ഐ.ഡി(ചാരന്മാര്‍), ഞങ്ങള്‍ മൂവരും മുഖത്തോട് മുഖം നോക്കി..

അത് മാത്രം പോര, പഠിപ്പിലും കൂടുതല്‍ ശ്രട്ദ്ധിക്കണമെന്നു പ്രത്യേകം പറഞ്ഞു, കൂട്ടത്തില്‍ മൂന്നു പേര്‍ക്കും അദ്ദേഹത്തിന്‍റെ വീട്ടില്‍ ടുഷന്‍ സൌജന്യം., ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ഈ ബഹുമതി ആരോടും പറയാതെ കുറെ കാലം രഹസ്യമായി പലരുടെയും ദുഷ്പ്രവൃത്തികളെ വേരോടെ പിഴുതെടുത്തു, അക്കാലത്ത് ആ നാട്ടുകാരനല്ലാത്ത എനിക്കും  സ്കൂളിന്‍റെ ആത്മാക്കളായ മൂവരില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം പലപ്പോഴും എന്നെ ആത്മാഭിമാനം കൊള്ളിച്ചിട്ടുണ്ട്.




കുട്ടിക്കാലകുസൃതിക്കണ്ണുകൾ 44 ലക്കം ബഷീർ മജൽ, മഹമൂദ് പ്രതികരണങ്ങൾ

ഗൃഹാദുരത്വമുണർത്തുന്ന കുട്ടികാല കുസൃതി കണ്ണുകൾ പതിവിലും വിപരീതമായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ഓർമ്മകൾ അസ്ലം മാഷ് ഇവിടെ അയവിറച്ചപ്പോൾ അതിൽ ചിലത് എന്നേയും ആ പഴയ കാല ഓര്മകളിലേക്ക് കൂട്ടികൊണ്ട്പോയി!

അന്ന് നഗര മദ്യത്തിൽ സ്ഥിതി ചെയ്തിരുന്ന ഷെട്ടീന്റെ ആശുപത്രിയും അതിന് ചുറ്റി പറ്റിയുള്ള , ചായക്കടയും സോഡാസർവത്തു കടയിലേക്കുമുള്ള സന്തർഷണത്തിന്റെ ഓർമ പുതുക്കൽ ഒക്കെ നന്നായി പറഞ്ഞു....

രണ്ട് പതിറ്റാണ്ട് കൾക്ക് മുമ്പ് കോളേജിൽ പഠിക്കുന്ന സമയത്ത് ഈ സോഡാ സർവത്ത് കടയിലേക്കുള്ള നിത്യ സന്ദർശകനായിരുന്നു ഞാനും,
സിണ്ടികറ്റ് ബാങ്ക് ഒഴികെ ഷെട്ടി ക്ലിനിക് ഉണ്ടായ സ്ഥലവും മറ്റും അതേപടി ഇന്നും നിലനിന്ന് പോവുന്നുമുണ്ട്.

സോജറുടെ കടയിൽ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഞാനും എന്റെ ഒരു സ്നേഹിതനും സോഡ സർവത്തിന് പോയിട്ട് ചിക്കു ജൂസ് കുടിക്കുന്നതിനിടെ അവിടുത്തെ പരിസരം കണ്ട് , ഇനി അങ്ങോട്ടേക്ക് ഇല്ലാ എന്ന് പറഞ്ഞ് റോഡ് ലക്ഷ്യമാക്കി വരുമ്പോൾ,
അവിടുത്തെ ചിക്കു ജൂസിന്റെ രുചി വായിക്കകത്ത് നാക്ക് കൊണ്ട് നിർത്തം വെയ്ക്കുന്നുണ്ടായിരുന്നു!!

  മഹമൂദ് പട്ള.

------------------------------------------------------------------

മാവില  ഇന്ന്  kkk ല്‍  പങ്ക്   വെച്ചത് നഗരങ്ങളിലെ അനുഭവങ്ങളാണ്  ഷെട്ടി ഡോക്ടറും
 സോജറെ സര്‍ബത്തും ചായ കടയുമാണ് .  വളരെ നന്നായിരികുന്നു
അന്നത്തെ കാലത്ത്  കാസര്‍കോഡ് നഗരത്തില്‍ വിരലിലെണ്ണാവുന്ന ചുരുക്കം ഡോക്ടര്‍മാരാണ് ഉണ്ടയിരുന്നത് അവരില്‍ പ്രശസ്തനായ ഡോക്ടറായിരുന്നു  ഷെട്ടി.
ഈ അടുത്ത കാലത്ത് എന്‍റെ മകന്‍ ഫുട്ബോള്‍  കളിക്കുബോള്‍  വീണ്  കയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു ചെറിയ ഒരു ഓപ്രറേശന്‍ വേണ്ടി വന്നു  മൂന്ന്   മാസം കൈ  കൂടതല്‍ ബലം പ്രയോഗിക്കരുതെന്നും കുറച്ച് ദിവസം   വിശ്രമവും നല്‍കിയിരുന്നു അന്നൊക്കെ  ഷെട്ടി ഡോക്ടറെയാണ് ഞാന്‍  ഓര്‍ത്തത്. ഞാന്‍  അവനോട്  പറയുമായിരുന്നു  പണ്ട് നമ്മുടെ നഗരത്തില്‍  ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു  കൊടവയറുംഅതിന്‍റെ മേലെ വള്ളി  ഫാന്‍റും ഇട്ട വലിയ ഒരു ഡോക്ടര്. ഷെട്ടി ഡോക്ടര്‍  എന്നാണ്  അറിയപ്പെടുന്നത്  ‍ ഞാന്‍ പട് ല സ്ക്കൂളില്‍ പടിക്കുന്ന കാലത്ത് ഫുടബോള്‍ കളിക്കുബോള്‍ വീണ് കൈ മുട്ടിന് താഴെ  എല്ല് പൊട്ടിയിരുന്നു  ആദ്യം സ്ക്കൂളിലെ സാറമ്മാര് മരുന്ന് പുരട്ടി  ആസ്പത്രിയില്‍ പോകാന്‍ പറഞ്  വിട്ടു
  ഞാന്‍ വീട്ടില്‍ പറഞില്ല രാത്രി വേദന കൊണ്ട് പുളയുബോള്‍  മൂളലും മുക്കലുംകേട്ട് ഉമ്മ നോക്കിയപ്പോഴാണ് ഗൗരവം അറിയുന്നത്  രവിലെ ഉപ്പ കൊണ്ട് പോയത് നമ്മുടെ  ഷെട്ടി ഡോക്ടറടുത്താണ് അദ്ധേഹം നോക്കി  താഴ്ന്ന സ്വരത്തില്‍ പറഞു എത്ര ദിവസംപറയാതിരിക്കുമായിരുന്നു.   കയ്യിന് മൂന്ന്  മാസത്തെ  വിശ്രമവും   പ്ലാഷ്ടര്‍  ഇടണമെന്നും വിധി പ്രക്ക്യാപിക്കുകയും ചെയ്തു. ''കംപോണ്ടര്'' ‍ റാമനാണ്  പിന്നീട്  അത് ചെയ്ത് തന്നത് .
സോജറെ സോഡാ സര്‍ബത്തും ജൂസും ചെറുപ്പക്കാരുടെ ട്രന്‍റായിരുന്നു അന്ന്
   മാവിലയുടെ ഇന്ന ത്തെ ഓര്‍മ്മ ക്കുറിപ്പ് നന്നായിരിക്കുന്നു .

Basheer Majal

കഥ / അസീസ്‌ പട്ള

കഥ,

ഒരിടത്തൊരു ദ്വീപുണ്ടായിരുന്നു, മല്‍സ്യബന്ധനവും, കൃഷിയുമായിരുന്നു  മുഖ്യ വരുമാന മാര്‍ഗ്ഗം, അവിടത്തെ രാജാവും പ്രജകളും വളരെ സന്തുഷ്ടരായിരുന്നു.

ആയിടയ്ക്കാണ് അയല്‍രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഒരുപാടുപേര്‍ നീന്തിയും, ഒഴുകിയും ഒരുവിധം രക്ഷപ്പെട്ടു ഈ ദ്വീപിലെത്തുന്നത്, ആദ്യമാദ്യം പ്രശ്നങ്ങളൊന്നുമില്ലാതെ കാലങ്ങള്‍ കടന്നു പോയി...മത്സ്യം കുറഞ്ഞുവന്നു, കൃഷിനാശം കൊണ്ട് വിളവും കുറഞ്ഞു, ചുരുക്കത്തില്‍ അരപ്പട്ടിണി.

രാജാവ് തീരുമാനിച്ചു, വിളംബംരം ചെയ്തു.. ഈ ദ്വീപിലേക്ക് അയല്‍രാജ്യത്തു നിന്നു എല്ലാവരും തിരിച്ചു പോകണം, സൌജന്യമായി കപ്പലും ഏര്‍പ്പെടുത്തി, ആരും പോയില്ല., അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കി..പിന്നെയും തഥൈവ.

മന്ത്രി രാജവിനോട് ഒരു കാര്യം ഉണര്‍ത്തി, ഇങ്ങനെ പോയാല്‍ പച്ചയും ഉണക്കും ഒന്നിച്ചു കത്തും.. നാടും നാട്ടാരും അവര്‍ക്ക് വേണ്ടി മരിക്കും.. എനിക്കൊരുപായം തോന്നുന്നു, നമ്മുടെ യുവാക്കളെക്കൊണ്ട് കാണുന്നടുത്തു വെച്ചു അവരെ ആവോളം പ്രഹരിക്കാന്‍ പറയാം...... സഹികെട്ട് പുറത്തിറ ങ്ങാതെയാവും, അന്യായം വന്നാല്‍ നമ്മള്‍ ഗൌനിക്കണ്ട.


കുറെ ആലോചിച്ചു രാജാവ്‌ സമ്മതിച്ചു, കുറച്ചു യുവാക്കള്‍ക്ക് പരിശീലനവും കൊടുത്തു, പറഞ്ഞതുപോലെ സൂത്രം ഫലിച്ചു.
ഓരോരുത്തരായി കുടുംബസമേതവും, അല്ലാതെയും തോണിയിലും മറ്റുമായി അവിടന്ന് രക്ഷപ്പെട്ടു.. ഈ സമയം മുഴുവന്‍ യുവാക്കളും ഗുണ്ടകളായി, ഒരു ദിവസം ഒരാളെയെങ്കിലും അടിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.

അയല്‍ രാജ്യക്കാര്‍ എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ പോര് അവര്‍ തമ്മിലായി...അവസാനം രാജാവിന്‍റെ നേരെ തിരിഞ്ഞു...രാജ്യം പിടിച്ചടക്കി രാജാവിനെയും മന്ത്രിയെയും തുറങ്കിലടച്ചു, ഗുണ്ടാതലവന്‍ രാജാവായി !!

ഗുണപാഠം

രാജ്യത്തിനു  നേതൃത്തം കൊടുക്കേണ്ട ഭരണാധികാരികള്‍ തത്വദീക്ഷയില്ലാത്ത ഭരണം കാഴ്ച വെച്ചാല്‍ ഇതായിരിക്കും ഗതി.


അസീസ്‌ പട്ള 

ക വി ത/ തിരിച്ചറിവ്/ അസീസ്‌ പട്ള

ക വി ത
➖➖➖


തിരിച്ചറിവ്
 🔻🔻🔻🔻


ധിറുതിയിലോടും നഗര സായാഹ്നം,
ചീറിപ്പായും വാഹനം വമിക്കും-
വിഷവും ധൂളികളും.,
ചാരത്തെ മാലിന്യക്കൂമ്പാരത്തില്‍,
ജീര്‍ണ്ണിച്ച ജീവനും, ജീവജാലങ്ങളു-
മമേദ്ധ്യവും വമിക്കും ദുര്‍ഗ്ഗന്ധം!
മനം മടുപ്പിക്കും മാലിന്യ-
ച്ചുമടേന്തി,
തന്നുപജീവനവൃത്തിയില്‍ തൂപ്പുകാര-
ന്നരികില്‍ പോയ പിച്ചക്കാരന്‍,
ദുര്‍ഗന്ധമേ....പൊത്തുന്നു നാസം കൈകൊണ്ടു,
മന്ദസ്മിതം... തൂപ്പുകാരന്നന്തരാത്മാവ്,
മന്ത്രിച്ചു...ഉച്ചൈസ്തരം!
നീ വമിപ്പിക്കും ദുര്‍ഗന്ധം,
പരത്തും പ്രപഞ്ചമത്രയും; അതിനപ്പുറവും.
ഞാനോ.. ഒന്ന് മുങ്ങിയാല്‍,
ഫലത്തിലഗ്നിശുദ്ധി.

അസീസ്‌ പട്ള 📝📝📝

ഇന്ന് ജനുവരി ഒന്നാണല്ലേ ? ഒന്നൂല്ലാ ....ന്നേയ് / അസ്‌ലം മാവില

ഇന്ന് ജനുവരി ഒന്നാണല്ലേ ?
ഒന്നൂല്ലാ ....ന്നേയ്

അസ്‌ലം മാവില

നാമിന്നു ഒരു പുതിയ വർഷത്തിന്റെ ഒന്നാം തിയ്യതിയിലാണ്. ഇന്നത്തെ പത്രങ്ങളിലും ഇന്നലത്തെ ഓൺലൈൻ പുറങ്ങളിലും കഴിഞ്ഞ ഒരു വർഷങ്ങളിൽ നടന്ന സംഭവവികാസങ്ങൾ ഉത്ഥാനാപതനങ്ങളുടെ അളവ് കോലെടുത്തു വെച്ച് രാഷ്ട്രീയം മുതൽ സാംസ്കാരികം വരെയുള്ള വകതിരിച്ചു  വിലയിരുത്തികൊണ്ടുള്ള കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമയവും സൗകര്യവുമുള്ളവർ അതൊക്കെയൊന്നു ഓടിച്ചു പോകുന്നുണ്ടാകും. അല്ലാതെന്ത് ?

ഇനി മുതൽ , ഇന്ന് മുതൽ എന്ത് ചെയ്യാനാണ് പ്ലാൻ ?

അവരവരുടെ ഏരിയ വിലയിരുത്തി എല്ലാവരും , അല്ല പത്ത് ശതമാനക്കാരെങ്കിലും ഇന്ന് മുതൽ മാറാൻ തുടങ്ങിക്കളയുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇന്നലെ രാത്രി ലോകത്തിനു വിവിധഭാഗങ്ങളിൽ നടന്ന പുതുവർഷാരംഭത്തെ വരവേറ്റു കൊണ്ടുള്ള ആഘോഷമെന്ന പേരിലുള്ള ആഭാസങ്ങൾ കണ്ടാലും  വന്നതും ഇനി വരാതിരിക്കുന്നതുമായ റിപ്പോർട്ടുകൾ വായിച്ചാലും ''ചങ്കരൻ തെങ്ങെമ്മേൽ തന്നെ''എന്ന് മാത്രമേ തോന്നൂ. ആഘോഷിക്കാൻ ഒരു ഹേതു.  ന്യൂ ഇയറിനെ വല്ലാണ്ട് തോളിൽ പേറി നടക്കുന്നവരൊക്കെ ഇന്ന് ആഘോഷത്തിമർപ്പിനിടയിൽ പകുതിവഴിക്കെവിടെയോ ബോധം നഷ്ടപ്പെട്ടു  മയക്കത്തിലുമാണ്.

 സമയത്തിന് നാം അർഹിക്കുന്ന  വിലയും നിലയും പരിഗണനയും നൽകാറുണ്ടോ ? ഇല്ലല്ലോ.  അവിടെ ഒന്നാമനായും രണ്ടാമനായും മൂന്നാമനായും വരുന്നത് പണമാണ്. ''തടികൊണ്ടുള്ള പ്രയത്നം'' പലരും കാണാതെയാണ് പോകുന്നത്. എന്ന് വെച്ചാൽ,  സേവനപാതയിൽ ഒരാൾ ഉഴിഞ്ഞു വെച്ച സമയം നമ്മുടെ കണ്ണുകളിൽ ഒന്നുമല്ലാതെയാകുന്നുവെന്നർത്ഥം.   എല്ലാം വിലയിരുത്തപ്പെടുവാനുള്ള ഉപാധിയും ഉപകരണവും സാമ്പത്തികമെന്നതിൽ ഒതുക്കാനാണ് നമുക്ക്  തത്രപ്പാട്. ഇതെങ്കിലും മാറാൻ നമ്മുടെ ബോധ്യങ്ങൾക്കാകണം.

സമയം വളരെ പ്രധാനമാണ്. 2017 ലും അങ്ങിനെ തന്നെ. വീണ്ടുവിചാരത്തിനു മുൻകൈ എടുക്കാതെ ഓരോ പുതുവർഷപിറവിയും, അത് ജോർജിയൻ ആയാലും ഹിജ്‌റിയായായും മറ്റെന്തായാലും ,  വെറും ഉപചാരവാക്കുകളുടെ  കോപ്പി പേസ്റ്റ് ആശംസകളിലും ഒരിക്കലും കണ്ണോടിക്കാത്ത ദൃഢ പ്രതിജ്ഞകളിലും ഒതുക്കിയാൽ അവ വെറും വാചാടോപങ്ങൾ മാത്രമായേ അവശേഷിക്കൂ.

കോളമിസ്റ്റ് ഡോ. ജാബിറിന്റെ നിരീക്ഷണം നല്ല വായനയ്ക്ക് സമർപ്പിക്കട്ടെ.  '' ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' അധികമായി (excess)തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.''
-------------------------------------------
കൂടെ ജോലി ചെയ്യുന്ന ഒരു തൃശൂക്കാരൻ കമ്മീഷനിങ് എഞ്ചിനീയവർ രാവിലെ എന്റെ കാബിനിൽ വന്നു മുട്ടി  സ്വത സിദ്ധമായ ശൈലിയിൽ - ''ഇന്ന് ജനുവരി ഒന്നാണല്ലേ .. ?'' ഞാൻ മുഖമുയർത്തിയപ്പോൾ, അയാൾ കണ്ണുചിമ്മി വീണ്ടും  ''ഒന്നൂല്ലാ ...ന്നേയ് ''. സാധാരണയുള്ള എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും  ഫീൽ ചെയ്ത ആ സുഹൃത്തിനെ ഓർത്താകട്ടെ ഇന്നത്തെ തലക്കെട്ട്. എന്ത് കലണ്ടർ മാറിയാലും ഭാവപ്പകർച്ച പോലും മാറാത്ത മനുഷ്യരാണ് അവരൊക്കെ. വേണ്ടവർക്ക് അയാളുടെ  അപ്പറച്ചിലിലും ഒരു  സന്ദേശമുണ്ട്.