Monday, 5 September 2016

മജീദിനെ അംഗീകാരം തേടി വരുമ്പോൾ .... / അസ്‌ലം മാവില

മജീദിനെ അംഗീകാരം തേടി വരുമ്പോൾ ....

അസ്‌ലം മാവില




വളരെ പെട്ടെന്ന് എന്റെ മറ്റൊരു കൂട്ടുകാരനെ കുറിച്ച് എഴുതാൻ സാധിച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് ഞാനിപ്പോൾ. കാസർകോട് സംയുക്ത ജമാ-അത്ത് ജോ.സിക്രട്ടറിമാരിൽ ഒരാളായി എം..എ. മജീദ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മജീദിനു അദ്ദേഹത്തിന്റെ പിതാവിന്റെ ഗുണഗണങ്ങൾ ആവോളം തായ് വഴിയായി കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് സംയമനത്തിന്റെയും സഹിഷ്ണുതയുടെയും രീതി.  മജീദിനെ മറ്റാരേക്കാളും ഏറ്റവും കൂടുതൽ അറിയുക അദേഹത്തിന്റെ കളിക്കൂട്ടുകാർക്കും കൂടെപഠിച്ചവർക്കുമാണല്ലോ. അങ്ങനെവരുമ്പോൾ ഒന്നാം ക്ലാസ്സ് മുതൽ തന്നെ മജീദ് ഞങ്ങൾക്ക് കാണാപാഠമാണ്. കൂടെ ഒരേ ബഞ്ചിൽ ഒരു അറബിക് ക്ലാസ്സ് ഒഴികെ ഇരുന്നു പഠിച്ച, ഞാൻ അറിയുന്ന  മജീദിനു  ഇത്തരം അംഗീകാരങ്ങൾ  തേടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയായി തോന്നുന്നില്ല. ഒരു പാട് രംഗത്തും ഒരു പാട് മേഖലകളിലും മജീദ് ഇനിയും എത്തും എന്ന് തന്നെയാണ് സഹപാഠികളായ ഞങ്ങളുടെ മുഴുവൻ  പ്രതീക്ഷ.

സംയുക്തജമാഅത്തിന്റെ മുഴുവൻ  ഫൺക്ഷൻസ് എന്താണെന്ന് എനിക്കറിയില്ലെങ്കിലും അവിടെയും കൂടിയാലോചനകൾക്ക് സാധ്യതകളുള്ള വേദികളും സന്ദർഭങ്ങളും ഒരുനൂറുവട്ടം ഉണ്ടാകും.  തീർച്ച. ക്ഷമയോടിരുന്നു കേൾക്കുക എന്നത് പരിഹാരം നിർദ്ദേശിക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും മജീദിന്റെ കൂടി സാന്നിധ്യം ഗുണമേ ഉണ്ടാകൂ. ഒരു ആംഗലേയ ആപ്തവാക്യമുണ്ടല്ലോ - The word LISTEN contains the same letter ast he word SILENT. എല്ലാ നല്ല സംസാരവും തുടങ്ങുന്നത് നല്ല കേൾവിയിലൂടെയെന്ന് ആരോ പറഞ്ഞു വെച്ചിട്ടുണ്ട്.

നമ്മുടെ നാട്ടുകാരെ സംബന്ധിടത്തോളം മജീദിനെ പൊതുമണ്ഡലങ്ങളിൽ അറിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. മധൂർ പഞ്ചായത്തിൽ നമ്മുടെ വാർഡിനെ നിലവിൽ  പ്രതിനിധീകരിക്കുന്നതും അദ്ദേഹമാണല്ലോ. പ്രതീക്ഷക്കൊത്തുയർന്നു നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമല്ല കക്ഷിരാഷ്ട്രീയം മറന്നും ചിലർ വോട്ടു നൽകിയത് , മറിച്ചു നടേ സൂചിപ്പിച്ച സംയമനത്തിന്റെ വക്താവെന്ന നിലയിൽ കൂടിയാണ്. ഏതെങ്കിലും  പരാതി പറഞ്ഞാൽ അത് കേൾക്കാൻ കാണിക്കുന്ന  സന്മനസ്സിന് കൂടിയുള്ളതായിരുന്നു ആ അംഗീകാരമെന്ന് സാരം.

നമുക്ക് വിഷയത്തിലേക്ക് വീണ്ടും.   മഹല്ലുകൾ എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താഴെക്കിടയിലുള്ള ഒരുമയുടെ ഒരുക്കൂട്ടലിന്റെയും സംവിധാനമാണ്. പ്രാർത്ഥിക്കാൻ ഒത്തുകൂടുക എന്നതിലപ്പുറം, നന്മയ്ക്കായ് കൈകോർക്കുക  എന്നതിലുമപ്പുറം തിന്മകണ്ടാൽ അവയ്‌ക്കെതിരെ പ്രതിരോധം തീർക്കുക എന്നതും മഹല്ല് സംവിധാനത്തിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒന്നായിരിക്കണം.

നിലവിൽ വിശ്വാസ കർമ്മ രംഗങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ പോലും എല്ലാവരും യോജിക്കുന്ന ഒരു പാട് വിഷയങ്ങൾ ഉണ്ട്. അത്തരം വിഷയങ്ങൾ എല്ലാവരെയും ബാധിക്കുന്നത് കൂടിയാണ്.  ധൂർത്തും ദുർവ്യയവും  ഫാഷനുപിന്നാലെയുള്ള പരക്കം പാച്ചിലും മാത്രമല്ല  നമ്മുടെ ശ്രദ്ധയിൽ വരേണ്ടത്. മറിച്ചു ഇന്ന് കാസർകോട് പ്രദേശത്തെയാകെ കാർന്നു തിന്നാനൊരുങ്ങുന്ന മയക്ക് മരുന്നിന്റെ വ്യാപനവും ഇത്തരം വേദികളിൽ വലിയ വിഷയം തന്നെയായി അജണ്ടകളിൽ സ്ഥാനം പിടിക്കണം. മഹല്ലുകളുടെ ഉന്നത  ഏകോപന സമിതികൾക്ക് തീർച്ചയായും ചെറുതല്ലാത്ത പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് തന്നെയാണ് ഈ ലേഖകൻ കരുതുന്നത്. മജീദ് തീർച്ചയായും അത്തരം വിഷയങ്ങൾ ബന്ധപ്പെട്ട വേദിയിൽ നിര്ബന്ധ ബുദ്ധ്യാ കൊണ്ട് വരുമെന്ന് പ്രത്യാശിക്കാം.

ഓത്തു പള്ളിയിൽ ഒന്നിച്ചിരുന്ന് പഠിച്ച ഒരാൾക്ക് വീണ്ടും  വീണ്ടും ഭാവുകങ്ങൾ നേരുന്നതിൽ പിശക് ഇല്ലെന്ന് തന്നെ കരുതട്ടെ, വീണ്ടും മജീദ്..... താങ്കൾക്ക് സർവ്വ ഭാവുകങ്ങളും .

അധ്യാപക ദിനം: എന്റെ പ്രിയപ്പെട്ട നാരായണൻ മാഷ്


http://www.gulfevision.com/2016/09/05/art-tchr/
അസ്‌ലം മാവില

(www.gulfevision.com)എല്ലാ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്നേഹതലോടലുകളിൽ വളർന്ന ഒരാളാണ് ഞാൻ. ഇന്ന് എഴുതുന്നത് എന്റെ പ്രിയപ്പെട്ട നാരായണൻ മാഷെ പറ്റിയാണ്. മായിപ്പാടി നാരായണൻ മാഷ്.
ഞാൻ അഞ്ചാം ക്ലാസ്സിൽ ഉള്ളപ്പോഴാണ് അദ്ദേഹം പടല സ്‌കൂളിലേക്ക് വരുന്നത്. ഞങ്ങൾക്ക് ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാൻ മാഷ് വന്നിട്ടുണ്ടെന്ന് അറിയാം. അത് നാട്ടുകാരനായ ആളാണെന്നു അറിയില്ല. വന്നപ്പോൾ തന്നെ അദ്ദേഹത്തിന് പ്രധാനാധ്യാപകൻ ഉത്തരവാദിത്വം നൽകിയത് പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. അന്ന് പാഠപുസ്തകങ്ങൾ മാത്രമല്ല നോട്ടുബുക്കുകൾ സ്‌കൂൾ വഴി ലഭിച്ചിരുന്നു. കടലാസിന്റെ ഗുണമേന്മ കുറവാണെങ്കിലും വിലയും അതുപോലെ വളരെ കുറവായിരുന്നു.
പുസ്തക വിതരണ തിരക്കായത് കൊണ്ടാകാം, ഞങ്ങൾ അദ്ദേഹത്തെ ആദ്യം കാണുന്നത് ക്ളാസ് റൂമിലല്ല, പുസ്തകങ്ങൾ അട്ടിവെച്ച ഒരു ചെറിയ സ്റ്റോർ റൂമിലാണ്. അതിനിടയിൽ പുസ്തകങ്ങൾ വാങ്ങാൻ വരുന്നവരെയൊക്കെ ചിരിച്ചുകൊണ്ട് അറ്റെൻഡ് ചെയ്യുന്നുണ്ട്. രക്ഷിതാക്കളൊക്കെ പതിവിനു വിപരീതമായി വളരെ ഫ്രീ ആയിട്ടാണ് സംസാരിക്കുന്നത്, അതിന് അദ്ദേഹം മറുപടി പറയുന്നത് നമ്മുടെ തന്നെ തനി നാടൻ മലയാളത്തിൽ. ഒരു സ്‌കൂൾ മാഷ് കാസർകോടൻ മലയാളത്തിൽ സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം ഞങ്ങളുടെ തൊട്ടടുത്ത നാട്ടുമ്പുറത്ത് കാരനാണെന്ന്. വരുന്നതും പോകുന്നതും ഞങ്ങളുടെ വീടിനു തൊട്ടുമുകളിലുള്ള ഇടവഴിയിൽ കൂടി. അതോടെ അദ്ദേഹം മായിപ്പാടിക്കാരനെന്നു ഉറപ്പിച്ചു.
അഞ്ചിലേക്കുള്ള പാഠപുസ്തകങ്ങൾ വന്നെന്നറിഞ്ഞു അന്നൊരു ഒഴിവു ദിവസമാണ് ഞാൻ രാവിലെ തന്നെ സ്‌കൂളിൽ എത്തിയത്. തലേദിവസം രാത്രി ഉപ്പ എന്നോട് പറയുകയും ചെയ്തിട്ടുണ്ട് – പാഠ പുസ്തകങ്ങൾ വൈകുന്നേരം ഏറെ വൈകിയിട്ട് സ്‌കൂൾ എത്തിയിട്ടുണ്ട്, പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ നാരായണൻ മാഷെ പോയി കാണണം, അദ്ദേഹം പുസ്തകങ്ങൾ തരുമെന്ന്. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്, വെള്ളിയാഴ്ചയും. പുസ്തകങ്ങൾ വാങ്ങാൻ കുട്ടികൾ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നും ഇല്ലാത്ത രൂപത്തിൽ ഡിസൈൻ ചെയ്ത പുതിയ പുറംചട്ടയാണ് മിക്ക പുസ്തകങ്ങൾക്ക്. ചരിത്രപുസ്തകത്തിന്റെ പുറം ചട്ടയിൽ സ്വാതന്ത്ര്യ സമര നേതാക്കളുടെ കളർ ചിത്രങ്ങൾ. ജീവശാസ്ത്ര പുസ്തകത്തിലെ പുറം ചട്ടയിൽ നിറയെ പൂക്കളും മൃഗങ്ങളും. അതിലെ ഒരു പൂവ് എന്റെ മനസ്സിൽ എവിടെയോ തട്ടി. നമ്മുടെ നാട്ടിൽ അപൂർവ്വമായി കാണുന്ന ഒരിനം പൂവ്. ലില്ലി പൂവിന്റെ സൗന്ദര്യം. നിറമാണെങ്കിൽ അറ്റം ചെമപ്പ്, അതിന്റെ തൊട്ടു താഴെ മഞ്ഞ. ചെമപ്പും മഞ്ഞയും കലർന്ന ഈ ഇതളുകൾ (sepal ) തീനാളം പോലെയുണ്ട് കാണാൻ. അവ മുകളിലേക്ക് വന്നു ഒരു കുടം പോലെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. തൊട്ടുതാഴെയുള്ള നേർത്ത ഇതളുകൾ (petal) താഴെക്ക് ഇരു വശങ്ങളിലേക്ക് വിടർന്നിട്ടുമുണ്ട്. അതിന്റെ അറ്റം മഞ്ഞ നിറമുള്ള കുഞ്ഞിക്കാലുകൾ പോലെ കാണാൻ അതിലേറെ ഭംഗിയും . ഒരു തരം ഓർക്കിഡ് ഫ്ലവർ എന്ന് തോന്നുന്നു.
എന്റെ പുസ്തകം പെങ്ങളുടെ കയ്യിൽ കൊടുത്തു ചിന്നം പിന്നം പെയ്യുന്ന മഴ വകവെക്കാതെ ഞാൻ വീട്ടിലേക്കോടി. തലേദിവസവും ഞാൻ വരുന്ന വഴിയിൽ വേലിയിൽ ഒരു ചെടിയിൽ ഇതേ പോലുള്ള പൂക്കൾ മൂന്നു നാലെണ്ണം കണ്ടതാണ്. അവയിലൊന്നിനെ ഞാൻ വേദനിപ്പിക്കാതെ പറിച്ചെടുത്തു നാരായണൻ മാഷെ കാണിച്ചു. പുസ്തകചട്ടയിലെ പൂവും കാണിച്ചു. അദ്ദേഹമെന്നെ എന്നെ ആപാദചൂഡം നോക്കി. പേര് ചോദിച്ചു. പുറംതട്ടി പറഞ്ഞു – Very Good, Good boy . ആദ്യമായിട്ട് ഇംഗ്ലീഷിൽ എനിക്ക് ലഭിച്ച അപ്രീസിയേഷൻ. അന്ന് മുതൽ എനിക്ക് നാരായണൻ മാഷ എന്തൊക്കെയായിരുന്നു. അദ്ദേഹത്തിന് ഞാനും.
ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ട്. അദ്ദേഹത്തിന്റെ ക്‌ളാസ്സുകൾ അത്ര തന്നെ രസകരവുമായിരുന്നു. മാഷ് പഠിപ്പിച്ചതും ഹൈസ്ക്കൂൾ ക്ലാസ്സിൽ എത്തിയപ്പോൾ സംസാരിച്ചതും എന്നെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ കണ്ടല്ലായിരുന്നു. അർഹിക്കുന്നതിലധികം പരിഗണന അദ്ദേഹമെനിക്ക് നൽകി. എന്നോട് ഇടപെടുമ്പോഴൊക്കെ എന്തോ അങ്ങിനിയൊരു ബന്ധം കാത്തു സൂക്ഷിച്ചു. എന്റെ ഉപ്പയോടും അദ്ദേഹം വലിയ സ്നേഹബന്ധം നിലനിർത്തി. ഉപ്പയോടുള്ള ആദരവ് കൊണ്ടാകാം അദ്ദേഹം എന്നോടും അങ്ങിനെയൊരു സ്നേഹബന്ധം ഇന്നും സൂക്ഷിച്ചു പോരുന്നത്. പഠനകാര്യത്തിലും മറ്റുള്ളവയിലും അദ്ദേഹം അമിതമായി എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എവിടെക്കണ്ടാലും അദ്ദേഹം കുടുംബകാര്യങ്ങൾ അന്വേഷിക്കും. ഉപ്പ, ഉമ്മ എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തിൽ വരും. ഇന്നും ആ ഗുരുശിഷ്യ ബന്ധം തുടരുന്നു. ഒരു മാതൃകാ അധ്യാപകനെ പറയാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്റെ വിരൽ ആദ്യം ചൂണ്ടുക നാരായണൻ മാഷിലെക്കായിരിക്കും.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്. ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ കാസർകോട് ഭാഗങ്ങളിൽ ജനരോഷം ആളിക്കത്തുന്ന ദിനരാത്രങ്ങൾ. ജനവാസ കേന്ദ്രങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ ഉണ്ടാകുന്ന കെടുതികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഘവൻ മാഷിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഈ വിഷയം സംസാരിക്കാൻ മായിപ്പാടിയിലെ ഒരു നാട്ടിൻകൂട്ടായ്മയിലേക്ക് എന്നെയാണ് ക്ഷണിച്ചത്. മായിപ്പാടിയിലെ പഴയ രാജകൊട്ടാരത്തിന്റെ തൊട്ട് മുമ്പിലുള്ള ഒരു തുറസ്സായ സ്ഥലത്താണ് നാട്ടുകാർ ഒത്തുകൂടിയത്. രാഘവൻ മാഷടക്കം ഒരുപാട് പേരുണ്ട്. ഞാൻ സംസാരിക്കാൻ എഴുന്നേറ്റു. സദസ്സിൽ നാരായണൻ മാഷെ ഞാൻ കണ്ടു. അദ്ദേഹത്തെ സ്നേഹപൂർവം ഞാൻ വേദിയി ലേക്ക് ക്ഷണിച്ചു. മനസ്സില്ലാമനസ്സോടു കൂടിയാണ് എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം വേദിയിൽ വന്നിരിക്കുന്നത്.
എന്റെ പ്രസംഗം കഴിഞ്ഞു. നാരായണൻ മാഷ് സംസാരിക്കാൻ ഉദ്ദേശിച്ചതായിരുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം എല്ലാവരുടെയും അനുവാദത്തോടു എഴുന്നേറ്റ് നിന്നു. വികാരാധീതനായി മാഷ് പറഞ്ഞു – ”ഈ സംസാരിച്ചത് എന്റെ പ്രിയപ്പെട്ട ശിഷ്യൻ ആണ്. അതഭിമാനത്തോടെ നിങ്ങളോട്പറയാൻ മാത്രമാണ് ഇപ്പോൾ ഞാൻ എഴുന്നേറ്റത്” . അന്നെനിക്കുണ്ടായ ആനന്ദം കണ്ണുനീർ രൂപത്തിൽ കവിളിൽ ചാലിട്ടൊഴുകി. വർഷങ്ങൾക്ക് മുമ്പ് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ് എന്നെ തോളത്തു തട്ടി അഭിനന്ദിച്ച ഓർമ്മകളിലേക്ക്ഒരിക്കൽ കൂടി ആ വാക്കുകൾ എന്നെ കൂട്ടി കൊണ്ട് പോയി.
റിട്ടയേർഡ് ജീവിതം നയിക്കുന്ന എന്റെ പ്രിയപ്പെട്ട നാരായണൻ മാഷ് തന്നെയാകട്ടെ ഇന്നത്തെ അധ്യാപകദിനത്തിൽ എന്റെ ഓർമ്മകളെ സമൃദ്ധമാക്കാൻ. എന്റെ എല്ലാ അധ്യാപകർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

Narayanan Master : Second from Right.  Others from Left to Right. San Mavilae, Adbu Rahiman Master,  Kunhiraman Master, Periya Narayanan Master, Abbas Master

എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷ് / അസ്‌ലം മാവില

'അധ്യാപക ദിനം' എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷ്
http://www.kvartha.com/2016/09/teachers-day-my-dear-narayanan-master.html

എല്ലാ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്‌നേഹതലോടലുകളില്‍ വളര്‍ന്ന ഒരാളാണ് ഞാന്‍. ഇന്ന് എഴുതുന്നത് എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷെ പറ്റിയാണ്. മായിപ്പാടി നാരായണന്‍ മാഷ്. 

ഞാന്‍ അഞ്ചാം ക്ലാസില്‍ ഉള്ളപ്പോഴാണ് അദ്ദേഹം പട്‌ള സ്‌കൂളിലേക്ക് വരുന്നത്. ഞങ്ങള്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മാഷ് വന്നിട്ടുണ്ടെന്ന് അറിയാം. അത് നാട്ടുകാരനായ ആളാണെന്നു അറിയില്ല. വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് പ്രധാനാധ്യാപകന്‍ ഉത്തരവാദിത്വം നല്‍കിയത് പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. അന്ന് പാഠപുസ്തകങ്ങള്‍ മാത്രമല്ല നോട്ടുബുക്കുകള്‍ സ്‌കൂള്‍ വഴി ലഭിച്ചിരുന്നു. കടലാസിന്റെ ഗുണമേന്മ കുറവാണെങ്കിലും വിലയും അതുപോലെ വളരെ കുറവായിരുന്നു. 

പുസ്തക വിതരണ തിരക്കായത് കൊണ്ടാകാം, ഞങ്ങള്‍ അദ്ദേഹത്തെ ആദ്യം കാണുന്നത് ക്ലാസ് റൂമിലല്ല, പുസ്തകങ്ങള്‍ അട്ടിവെച്ച ഒരു ചെറിയ സ്‌റ്റോര്‍ റൂമിലാണ്. അതിനിടയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ വരുന്നവരെയൊക്കെ ചിരിച്ചുകൊണ്ട് അറ്റെന്‍ഡ് ചെയ്യുന്നുണ്ട്. രക്ഷിതാക്കളൊക്കെ പതിവിനു വിപരീതമായി വളരെ ഫ്രീ ആയിട്ടാണ് സംസാരിക്കുന്നത്, അതിന് അദ്ദേഹം മറുപടി പറയുന്നത് നമ്മുടെ തന്നെ തനി നാടന്‍ മലയാളത്തില്‍. ഒരു സ്‌കൂള്‍ മാഷ് കാസര്‍കോടന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം ഞങ്ങളുടെ തൊട്ടടുത്ത നാട്ടുമ്പുറത്ത് കാരനാണെന്ന്. വരുന്നതും പോകുന്നതും ഞങ്ങളുടെ വീടിനു തൊട്ടുമുകളിലുള്ള ഇടവഴിയില്‍ കൂടി. അതോടെ അദ്ദേഹം മായിപ്പാടിക്കാരനെന്നു ഉറപ്പിച്ചു. 

അഞ്ചിലേക്കുള്ള പാഠപുസ്തകങ്ങള്‍ വന്നെന്നറിഞ്ഞു അന്നൊരു ഒഴിവു ദിവസമാണ് ഞാന്‍ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയത്. തലേദിവസം രാത്രി ഉപ്പ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. പാഠ പുസ്തകങ്ങള്‍ വൈകുന്നേരം ഏറെ വൈകിയിട്ട് സ്‌കൂള്‍ എത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ നാരായണന്‍ മാഷെ പോയി കാണണം, അദ്ദേഹം പുസ്തകങ്ങള്‍ തരുമെന്ന്. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്, വെള്ളിയാഴ്ചയും. പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നും ഇല്ലാത്ത രൂപത്തില്‍ ഡിസൈന്‍ ചെയ്ത പുതിയ പുറംചട്ടയാണ് മിക്ക പുസ്തകങ്ങള്‍ക്ക്. 

ചരിത്രപുസ്തകത്തിന്റെ പുറം ചട്ടയില്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ കളര്‍ ചിത്രങ്ങള്‍. ജീവശാസ്ത്ര പുസ്തകത്തിലെ പുറം ചട്ടയില്‍ നിറയെ പൂക്കളും മൃഗങ്ങളും. അതിലെ ഒരു പൂവ് എന്റെ മനസില്‍ എവിടെയോ തട്ടി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി കാണുന്ന ഒരിനം പൂവ്. ലില്ലി പൂവിന്റെ സൗന്ദര്യം. നിറമാണെങ്കില്‍ അറ്റം ചെമപ്പ്, അതിന്റെ തൊട്ടു താഴെ മഞ്ഞ. ചെമപ്പും മഞ്ഞയും കലര്‍ന്ന ഈ ഇതളുകള്‍ (sepal ) തീനാളം പോലെയുണ്ട് കാണാന്‍. അവ മുകളിലേക്ക് വന്നു ഒരു കുടം പോലെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. തൊട്ടുതാഴെയുള്ള നേര്‍ത്ത ഇതളുകള്‍ (petal) താഴെക്ക് ഇരു വശങ്ങളിലേക്ക് വിടര്‍ന്നിട്ടുമുണ്ട്. അതിന്റെ അറ്റം മഞ്ഞ നിറമുള്ള കുഞ്ഞിക്കാലുകള്‍ പോലെ കാണാന്‍ അതിലേറെ ഭംഗിയും. ഒരു തരം ഓര്‍ക്കിഡ് ഫ്‌ളവര്‍ എന്ന് തോന്നുന്നു.

എന്റെ പുസ്തകം പെങ്ങളുടെ കയ്യില്‍ കൊടുത്തു ചിന്നം പിന്നം പെയ്യുന്ന മഴ വകവെക്കാതെ ഞാന്‍ വീട്ടിലേക്കോടി. തലേദിവസവും ഞാന്‍ വരുന്ന വഴിയില്‍ വേലിയില്‍ ഒരു ചെടിയില്‍ ഇതേ പോലുള്ള പൂക്കള്‍ മൂന്നു നാലെണ്ണം കണ്ടതാണ്. അവയിലൊന്നിനെ ഞാന്‍ വേദനിപ്പിക്കാതെ പറിച്ചെടുത്തു നാരായണന്‍ മാഷെ കാണിച്ചു. പുസ്തകചട്ടയിലെ പൂവും കാണിച്ചു. അദ്ദേഹമെന്നെ എന്നെ ആപാദചൂഡം നോക്കി. പേര് ചോദിച്ചു. പുറംതട്ടി പറഞ്ഞു Very Good, Good boy. ആദ്യമായിട്ട് ഇംഗ്ലീഷില്‍ എനിക്ക് ലഭിച്ച അപ്രീസിയേഷന്‍. അന്ന് മുതല്‍ എനിക്ക് നാരായണന്‍ മാഷാണ് എന്തൊക്കെയായിരുന്നു. അദ്ദേഹത്തിന് ഞാനും. 

ശാസ്ത്ര വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ട്. അദ്ദേഹത്തിന്റെ ക്ലാസുകള്‍ അത്ര തന്നെ രസകരവുമായിരുന്നു. മാഷ് പഠിപ്പിച്ചതും ഹൈസ്‌കൂള്‍ ക്ലാസില്‍ എത്തിയപ്പോള്‍ സംസാരിച്ചതും എന്നെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ കണ്ടല്ലായിരുന്നു. അര്‍ഹിക്കുന്നതിലധികം പരിഗണന അദ്ദേഹമെനിക്ക് നല്‍കി. എന്നോട് ഇടപെടുമ്പോഴൊക്കെ എന്തോ അങ്ങിനിയൊരു ബന്ധം കാത്തു സൂക്ഷിച്ചു. എന്റെ ഉപ്പയോടും അദ്ദേഹം വലിയ സ്‌നേഹബന്ധം നിലനിര്‍ത്തി. ഉപ്പയോടുള്ള ആദരവ് കൊണ്ടാകാം അദ്ദേഹം എന്നോടും അങ്ങിനെയൊരു സ്‌നേഹബന്ധം ഇന്നും സൂക്ഷിച്ചു പോരുന്നത്. 

പഠനകാര്യത്തിലും മറ്റുള്ളവയിലും അദ്ദേഹം അമിതമായി എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എവിടെക്കണ്ടാലും അദ്ദേഹം കുടുംബകാര്യങ്ങള്‍ അന്വേഷിക്കും. ഉപ്പ, ഉമ്മ എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തില്‍ വരും. ഇന്നും ആ ഗുരുശിഷ്യ ബന്ധം തുടരുന്നു. ഒരു മാതൃകാ അധ്യാപകനെ പറയാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ എന്റെ വിരല്‍ ആദ്യം ചൂണ്ടുക നാരായണന്‍ മാഷിലെക്കായിരിക്കും. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കാസര്‍കോട് ഭാഗങ്ങളില്‍ ജനരോഷം ആളിക്കത്തുന്ന ദിനരാത്രങ്ങള്‍. ജനവാസ കേന്ദ്രങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ഉണ്ടാകുന്ന കെടുതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഘവന്‍ മാഷിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. ഈ വിഷയം സംസാരിക്കാന്‍ മായിപ്പാടിയിലെ ഒരു നാട്ടിന്‍കൂട്ടായ്മയിലേക്ക് എന്നെയാണ് ക്ഷണിച്ചത്. മായിപ്പാടിയിലെ പഴയ രാജകൊട്ടാരത്തിന്റെ തൊട്ട് മുമ്പിലുള്ള ഒരു തുറസായ സ്ഥലത്താണ് നാട്ടുകാര്‍ ഒത്തുകൂടിയത്. രാഘവന്‍ മാഷടക്കം ഒരുപാട് പേരുണ്ട്. ഞാന്‍ സംസാരിക്കാന്‍ എഴുന്നേറ്റു. സദസില്‍ നാരായണന്‍ മാഷെ ഞാന്‍ കണ്ടു. അദ്ദേഹത്തെ സ്‌നേഹപൂര്‍വം ഞാന്‍ വേദിയിലേക്ക് ക്ഷണിച്ചു. മനസില്ലാമനസോടു കൂടിയാണ് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം വേദിയില്‍ വന്നിരിക്കുന്നത്. 

എന്റെ പ്രസംഗം കഴിഞ്ഞു. നാരായണന്‍ മാഷ് സംസാരിക്കാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം എല്ലാവരുടെയും അനുവാദത്തോടു എഴുന്നേറ്റ് നിന്നു. വികാരാധീതനായി മാഷ് പറഞ്ഞു 'ഈ സംസാരിച്ചത് എന്റെ പ്രിയപ്പെട്ട ശിഷ്യന്‍ ആണ്. അതഭിമാനത്തോടെ നിങ്ങളോട് പറയാന്‍ മാത്രമാണ് ഇപ്പോള്‍ ഞാന്‍ എഴുന്നേറ്റത്'. അന്നെനിക്കുണ്ടായ ആനന്ദം കണ്ണുനീര്‍ രൂപത്തില്‍ കവിളില്‍ ചാലിട്ടൊഴുകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഷ് എന്നെ തോളത്തു തട്ടി അഭിനന്ദിച്ച ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി ആ വാക്കുകള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. 

റിട്ടയേര്‍ഡ് ജീവിതം നയിക്കുന്ന എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷ് തന്നെയാകട്ടെ ഇന്നത്തെ അധ്യാപകദിനത്തില്‍ എന്റെ ഓര്‍മകളെ സമൃദ്ധമാക്കാന്‍. എന്റെ എല്ലാ അധ്യാപകര്‍ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

Narayanan Master : Second from Right.  Others from Left to Right. San Mavilae, Adbu Rahiman Master,  Kunhiraman Master, Periya Narayanan Master, Abbas Master
                                           

ബൊളീവിയന്‍ പ്രക്ഷോഭവും തൊഴിലാളികളുടെ പങ്കും/ അസ്‌ലം മാവില


അസ്‌ലം മാവില 


ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. അയൽ രാജ്യങ്ങൾ ബ്രസീൽ, പരാഗ്വ, അർജന്റീന , ചിലി, പെറു. മൂന്നിൽ ഒരു ഭാഗവും പർവത നിരകൾ,. ഖനികളാൽ സമ്പന്നമാണ് ബൊളീവിയ, 53 ശതമാനം പൗരന്മാർ ദരിദ്രരാണെങ്കിലും.  സ്പെയിനിന്റെ അധീനത്തിലുള്ളപ്പോൾ ബൊളീവിയലിൽ നിന്നും ഖനനം ചെയ്ത വെള്ളി കൊണ്ടായിരുന്നു സ്പാനിഷ് ഭരണാധികാരികൾ കൊട്ടാരം മോടിപിടിപ്പിച്ചിരുന്നത്. (അന്ന് ബൊളീവിയയുടെ പേര് അപ്പർ പെറു എന്നായിരുന്നു. ഇന്നും പ്രധാനപ്പെട്ട ഔദ്യോഗിക ഭാഷ സ്പാനിഷാണ് ). വെള്ളീയം (tin ) ഖനനത്തിൽ ലോകപ്രശസ്തമാണ് ബൊളീവിയ.  

 ചില നിബന്ധകൾ പാലിച്ചു കൊണ്ട് 10 വയസ്സ് മുതൽ തൊഴിൽ ചെയ്യാൻ  നിയമപ്രാബല്യം നൽകിയ ലോകത്തിലെ ഏക രാജ്യം കൂടിയാണ് ബൊളീവിയ. പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഉള്ള ഈ രാജ്യം ഇതിനു ന്യായം പറയുന്നത് വിശന്നു പൊരിയുന്ന അവർ പിന്നെ പണിയെടുക്കാതെ എന്തുചെയ്യണമെന്നാണ്. 2014 മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. 

ഇത് കൊണ്ടൊന്നുമല്ല ബൊളീവിയ ലോക മീഡിയയിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച, ആഗസ്ത് 25 -നു അവിടെ ഒരു കൊലപാതകം നടന്നു. ഖനന സംബന്ധമായ ബൊളീവിയയിൽ മാസങ്ങളായി പ്രശ്നങ്ങൾ തുടങ്ങിയിട്ട്. പ്രക്ഷോഭങ്ങൾ നിരന്തരം നടന്നു. വഴിതടയൽ സമരം തുടങ്ങിയതോടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 പ്രക്ഷോഭകാരികൾ ആദ്യം  കൊല്ലപ്പെട്ടു. അതോടെ പ്രശ്‌നം രൂക്ഷമാവുകയും എല്ലാ നിയന്ത്രണം വിടുകയും ചെയ്തു. ഖനിത്തൊഴിലാളികളുമായി ചർച്ചക്ക് വേണ്ടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് പ്രതിനിധിയായി നിയോഗിച്ചത് ഉപപ്രധാനമന്ത്രി റുഡോൾഫോ ഇലാനിസിനെയായിരുന്നു.. പകുതി വഴിക്ക് പ്രക്ഷോഭകാരികൾ അദ്ദേഹത്തെയും സഹായിയെയും  തട്ടിക്കൊണ്ട് പോയി, മന്ത്രിയെ അടിച്ചു  കൊന്നു കളഞ്ഞു. സഹായിയെ നിഷ്കരുണം പ്രഹരിച്ചു  ജീവച്ഛവമാക്കി വിടുകയും ചെയ്തു. .പിറ്റേദിവസം രാവിലെ ഹൈവേയുടെ ഒരു ഭാഗത്തു ബ്ലാങ്കെറ്റിൽ  പൊതിഞ്ഞു ഉപേക്ഷിച്ച നിലയിലാണ്  മന്ത്രിയുടെ മൃതദേഹം കാണപ്പെട്ടത്.  വടി കൊണ്ടടിച്ചും കല്ലെറിഞ്ഞും ആക്രമിക്കപ്പെട്ട ഇലാനിസ്, വാരിയെല്ലുകൾ തകർന്നും തലച്ചോറിൽ നിന്ന് രക്തം വാർന്നുമാണ് മരണപ്പെട്ടത്. വികാരഭരിതനായനാണ് ആഗസ്ത് 31 നു പ്രസിഡണ്ട് മൊറാലിസ്  TELESUR ടിവിയിൽ കൂടി ജനങ്ങളെ  അഭിസംബോധന  ചെയ്തത്- "My colleagues told me that Deputy Minister Illanes suffered more than Christ," ആറ് മണിക്കൂർ നീണ്ട  ക്രൂര മർദ്ദനങ്ങൾക്കൊടുവിലാണ് പോലും മന്ത്രി മരിക്കുന്നത് ! 

ബൊളീവിയൻ ഖനികളിൽ മിക്കവയും  സ്വയംഭരണ സഹകരണ സംഘങ്ങൾക്ക് കീഴിലാണ്.  ആഗോള തലത്തിൽ ഉത്പന്നങ്ങൾക്ക് ഉണ്ടായ വിലയിടിവ് സഹകരണ സംഘങ്ങൾക്ക് കീഴിൽ ജോലി ചെയ്യുന്നവരെ സാരമായി ബാധിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട സർക്കാർ നയത്തിൽ അയവു വരുത്തണമെന്നാണ്  ആവശ്യം. അതിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര സ്വകാര്യ കമ്പനികളെ ഖനികൾ ഏൽപ്പിച്ചു അതിൽ  താങ്കൾക്ക് കൂടി പങ്കാളിത്തം ഉണ്ടാക്കി കൊണ്ടുള്ള ഖനന മാനേജ്‌മെന്റെന്ന നിർദ്ദേശം തൊഴിലാളികൾ മുന്നോട്ട് വച്ചത്. ഇറക്കുമതി ചെയ്യുന്ന യന്ത്ര സാമഗ്രികളുടെ മേലുള്ള നികുതിയിൽ ഇളവ് വരുത്തുക,ഊർജ മേഖലയിൽ സബ്സിഡി നൽകുക, ഉപ-കരാർ തൊഴിലാളികൾ സംഘടിച്ചു യൂണിയൻ ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയവയും  ഇവരുടെ ആവശ്യങ്ങളിൽ പെട്ടതാണ്. സ്വജനപക്ഷപാതവും സർവ്വാധിപത്യവുമാണ് നിലവിലുള്ള ബൊളീവിയൻ പ്രസിഡന്റ്  കാണിക്കുന്നതെന്ന ആരോപണം വേറെയും. ഒരു ലക്ഷം തൊഴിലാളികളാണ്  ഇതിന്നായി സംഘടിച്ചു ഇറങ്ങിയത്. അയൽ രാജ്യങ്ങളായ പെറുവിലും , ചിലിയിലും സ്വകാര്യ കമ്പനികളാണ് ഖനികൾ അടക്കി വാഴുന്നതെന്ന് ഇതോട് കൂടി കൂട്ടിവായിക്കുക. 

ഏറ്റവും പുതിയ ക്യാബിനറ്റ് മീറ്റിങ്ങിൽ ഖനി സഹകരണ സംഘങ്ങൾക്ക് നേരെയാണ് ഇവോ മൊറാലിസ്  പിടുത്തമിട്ടിരിക്കുന്നത്. ഖനി മന്ത്രാലയത്തിന് കൂടുതൽ അധികാരവും നൽകി. ഉത്പാദന അളവ്,  വരുമാനം, ലാഭ വിഹിത വിതരണം തുടങ്ങിയ അടക്കം  ഖനവുമായി ബന്ധപ്പെട്ടു ആവശ്യപ്പെടുന്ന ഏതു രേഖകളും  സഹകരണ സംഘങ്ങൾ ഇനി ഗവണ്മെന്റിനു സമർപ്പിക്കണം. വീഴ്ച വരുത്തുന്ന സംഘങ്ങളുടെ രജിഷ്ട്രേഷൻ സ്വയമേവ റദ്ദാക്കപ്പെടും. ഗവമെന്റിന്റെ പുതിയ നിലപാടിനോട് ഇത് വരെ പ്രക്ഷോഭകാരികൾ പ്രതികരിച്ചിട്ടില്ല.

 2005 -ൽ നടന്ന ഖനി തൊഴിലാളി പ്രക്ഷോഭം അവസാനം അന്നത്തെ പ്രസിഡണ്ട് കാർലോസ് മേസയുടെ രാജിയിലാണ് കലാശിച്ചത്. ഒരു കാലത്തു ഖനി ജീവനക്കാരുടെ അരുമയായിരുന്ന നിലവിലുള്ള പ്രസിഡന്റ് ഇവോ മൊറാലസ് തനിക്ക് നൽകിയ പിന്തുണയ്ക്ക് അങ്ങോട്ടു നന്ദി കാണിച്ചത് യൂണിയൻ നേതാക്കളെ കുഞ്ചിക സ്ഥാനങ്ങളിൽ അവരോധിച്ചായിരുന്നു. അതിനിടയിലാണ് തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ യൂണിയൻ നേതാക്കളുടെ അറിവോട് കൂടി ഖനിജീവനക്കാർ അടിച്ചു കൊല്ലുന്നത്. 

ഗവൺമെന്റിന്റെ ഏറ്റവും പുതിയ തീരുമാനത്തിൽ പ്രക്ഷോഭകാരികൾ തൃപതരാവില്ലെന്ന് ഭരണാധികാരികൾക്കും അറിയാം. ഒരു മന്ത്രിയുടെ ജീവൻ അപഹരിക്കലോടു കൂടി  ഖനി ജീവനക്കാരുടെ പ്രക്ഷോഭം ഇപ്പോൾ തല്ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ പൂർവാധികം ശക്തിയോടു കൂടി പ്രക്ഷോഭം തിരിച്ചു വരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇനിയൊരു വട്ടം കൂടി  (നാലാം വട്ടം) ഭരിക്കാമെന്ന മോഹം കഴിഞ്ഞ ഫെബ്രവരിയിൽ തന്നെ നാട്ടുകാർ പൊളിച്ചു കയ്യിൽ കൊടുത്തത് കൊണ്ട് പ്രസിഡന്റ് ഇവോ മൊറാലിസിനു പ്രക്ഷോഭകരെ  വലിയ സോപ്പിടേണ്ട ആവശ്യവുമില്ലല്ലോ.

Saturday, 3 September 2016

ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 50 ലക്ഷം കൈപുസ്തകങ്ങള്‍, അടിയന്തിര ഘട്ടങ്ങളില്‍ 911 ല്‍ വിളിക്കാം / അസ്‌ലം മാവില

http://www.kvartha.com/2016/09/guideline-booklets-available-for-hajj.html

അസ്‌ലം മാവില


ജിദ്ദ: (www.kvartha.com 02.09.2016) പരിശുദ്ധ ഹജ്ജിന്റെ ശരിയായ നടപടിക്രമങ്ങള്‍ തീത്ഥാടകരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി HAIA വിഭാഗം 50 ലക്ഷം കൈപുസ്തകങ്ങള്‍, ലഖുലേഖകള്‍, സിഡികള്‍ തയ്യാറാക്കി സൗജന്യമായി വിതരണം തുടങ്ങി. ഹജ്ജ് വേളകളില്‍ ഉണ്ടാകാന്‍ ഇടയുള്ള സംശയനിവൃത്തി വരുത്തുവാനും അനാചാരങ്ങള്‍ ഒഴിവാക്കുവാനും വേണ്ടി സഊദി ഔഖാഫിലെ ഉന്നത പണ്ഡിതന്മാരുടെ മേല്‍നോട്ടത്തിലാണ് ഇവ തയ്യാറാക്കിയത്.

ഇവ വിതരണം ചെയ്യുവാന്‍ മക്ക, മദീന അടക്കം 42 സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ട്. പത്തിലധികം ഭാഷകളില്‍ ഇവ ലഭ്യമായിരിക്കും. വഴിനീളം ഹാജിമാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ വലിയ പരസ്യബോര്‍ഡുകള്‍ ചില ഹജ്ജ് കമ്പനികള്‍ സ്ഥാപിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് അവ മാറ്റുവാന്‍ വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഇവ മാത്രം നിരീക്ഷിക്കാനും പൊളിച്ചുമാറ്റുവാനും മക്ക മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം സദാ സമയവും പട്രോള്‍ നടത്തുന്നുണ്ട്. ചിലത് അരോചകമാണ്, മറ്റു ചിലത് അപകടം വരുത്തി വരുന്നതുമാണ്. ഇത് സംബന്ധിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അറഫയുടെ തലേദിവസം രാപാര്‍ക്കുന്ന മീനയില്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. സിവില്‍ ഡിഫന്‍സ്, സുരക്ഷാ വിഭാഗം, ഹജ്ജ് ആന്‍ഡ് ഉംറയുമായി ബന്ധപ്പെട്ട വകുപ്പുകള്‍, ഹജ്ജ് കമ്പനികള്‍, ഗവണ്‍മെന്റ്, സ്വകാര്യ അധികൃതര്‍ എന്നിവ ഏകോപിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക്  ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനും ശാന്തവും സമാധാന പൂര്‍ണ്ണവുമായ ഹജ്ജ് നിര്‍വ്വഹിക്കുവാനും  ഈ ഏകോപനം സഹായിക്കും.

മദീനയിലും മക്കയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന കൂടുതല്‍ ശക്തമാക്കി. കഫ്റ്റീരിയ, ഹോട്ടല്‍, ഫുഡ്സ്റ്റഫ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് 10 സ്ഥാപനങ്ങള്‍ പൂട്ടി. 2300ലധികം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. 15 ടണ്‍ വസ്തുക്കള്‍ മുന്‍സിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും.

ഹജ്ജ് സുരക്ഷാ കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഖാലിദ് അല്‍ ഹര്‍ബിയുടെ നേതൃത്വത്തില്‍ സുരക്ഷാ വിഭാഗം ഏറ്റവും പുതിയ പുരോഗതി നേരിട്ട് നോക്കിക്കണ്ടു. പരിശുദ്ധ ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി തീര്‍ത്ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി. 3000 ലധികം യന്ത്ര സംവിധാനവും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് 17,000 ഓഫീസര്‍മാരാണ് സുരക്ഷാ വിഭാഗത്തില്‍ 24 മണിക്കൂറും സേവനത്തിലേര്‍പ്പെട്ടിട്ടുള്ളത്. പതിമൂന്നോളം സാധ്യതാ അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കൊണ്ട് സുരക്ഷാ വിഭാഗം വളരെ ശക്തമായ ദുരന്ത പൂര്‍വ്വ നിവാരണ മാര്‍ഗ്ഗങ്ങളാണ് ഇക്കുറി എടുത്തിട്ടുള്ളത്.

ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ എമിേ്രഗഷന്‍ വിഭാഗം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പാസ്‌പോര്‍ട്ട് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നീണ്ട ക്യൂവില്‍ നിന്ന് പ്രയാസപ്പെടുന്ന അവസ്ഥ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകരുത്. തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുമ്പോഴും തിരിച്ചു പോകുമ്പോഴും ഈ സൗകര്യം ഉണ്ടാകണം. പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍  സുലൈമാന്‍ അല്‍ യഹ് യ അടക്കമുള്ള ഉന്നത ഉദ്യോസ്ഥരെ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഖാലിദ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കിയത്.

മക്ക ഭാഗങ്ങളില്‍ അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പര്‍ 911 ആണ്. ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇംഗ്ലീഷിലും അറബിയിലും അധികൃതര്‍ അയച്ചു തുടങ്ങി. ട്രാഫിക്, റോഡ് സുരക്ഷ, സിവില്‍ ഡിഫെന്‍സ് അടക്കമുള്ള വകുപ്പുകള്‍ ഏകോപിച്ചാണ് അടിയന്തിര സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

''ഞാൻ കണ്ട R T''- ക്ക് പ്രതികരണം / അസ്‌ലം മാവില

''ഞാൻ  കണ്ട   R T''- ക്ക് പ്രതികരണം

പ്രിയ സുഹൃത്തിനു

സുഖമെന്ന് കരുതുന്നു. താങ്കളുടെ അന്വേഷണത്തിനും ഉത്കണ്ഠക്കും കടപ്പാട് അറിയിക്കുന്നു. താങ്കളെ എനിക്ക് നേരിട്ട് കണ്ടു പരിചയമില്ല. എങ്കിലും ഇടക്കിടക്കുള്ള  കുറിപ്പുകളും താങ്കളുടെ  സുഹൃദ് വലയങ്ങളിലെ കുറിമാനങ്ങളും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. അതിനു  നന്ദി അറിയിക്കുന്നു.

ഇതെന്റെ മറുപടിയാണ്. അതിന്റെ ഉത്തരവാദിത്വം  എനിക്ക് മാത്രവുമാണ്. ഏറ്റവും അവസാനം നിങ്ങളെപ്പോലെ തന്നെ  ഞാനും ഇതിന്റെ ഒരു ഭാഗമാണല്ലോ. സാധാരണ പോലെ തന്നെ ഈ കുറിപ്പും മറ്റു കൂട്ടായ്മകളിലും പോസ്റ്റ് ചെയ്യാവുന്നതാണ്.

വായനയോടും നിരീക്ഷണത്തോടും കലയോടും  എഴുത്തിനോടും താല്പര്യമുള്ള  നമ്മുടെ നാട്ടിലെ  ചില സുഹൃത്തുക്കൾ ഓൺലൈൻ കൂട്ടായ്മയിലൂടെ പരസ്പരം കൊണ്ടുകൊടുക്കൽ ചെയ്യുന്നതിന്റെ സാധ്യത മനസ്സിലാക്കി വളർത്തി എടുത്തതാണ് RT.  കർത്തവ്യബോധത്തോടു കൂടി ഉത്തരവാദിത്വം ഏറ്റെടുത്തവർ ഏകദേശം ഒന്നര വർഷത്തോളം വളരെ ഭംഗിയായി   RT കൂട്ടായ്മയുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അച്ചടക്കമുള്ള ഒരു സമൂഹം ഉണ്ടാവുക എന്നത് ഒരേ സമയം വെല്ലുവിളിയും വലിയ വിഷയവുമാണ്. ബഹളമയമായ ഒരു അന്തരീക്ഷത്തിൽ സേവനങ്ങൾ വെറും ഓശാരമായി പരിണമിക്കുന്ന സാഹചര്യങ്ങൾ പലയിടത്തും നാം കാണുന്നുണ്ടല്ലോ. പല നല്ല സംരഭങ്ങൾ പോലും ശബ്ദായനമായ  അന്തരീക്ഷത്തിൽ മുങ്ങുന്നതും മുക്കുന്നതും നിയന്ത്രണത്തിന്റെ പരിധിയിൽ വരാത്ത ഇത്തരം  അച്ചടക്കരാഹിത്യത്തിന്റെ സാന്നിധ്യം കൊണ്ടാണ്. അതാകട്ടെ അക്ഷന്തവ്യമായ വീഴ്ചയെന്ന് ഞാൻ കരുതുന്നു.

കേൾക്കാനുള്ള സഹിഷ്ണുതയും (endurance) ഉൾക്കൊള്ളാനുള്ള സരള ഹൃദയത്വവും (elasticity ) ആഭാസമില്ലാത്ത പ്രതിഭാഷണവും (reaction) ഉണ്ടാവുക എന്നതും ഉണ്ടാക്കി എടുക്കുകയും എന്നതും അതിസാഹസമാണ്. പക്ഷെ ശ്രമിച്ചാൽ എന്താണ് സംഭവിക്കാത്തത് ?

ഒരിക്കൽ പോലും പരസ്യമായോ പിന്നാമ്പുറത്തു കൂടിയോ ധനശേഖരണം നടത്തി ഒരു സാംസ്കാരിക ഗ്രാമം കെട്ടിപ്പടുത്തു കളയാം എന്ന അതിമോഹം മനസ്സിൽ കൊണ്ട് നടക്കാത്തതിന്റെയും  അതിന്നായി ഇറങ്ങിപുറപ്പെടാത്തതിന്റെയും   പിന്നിലെ കാരണം   RTക്ക് വ്യക്തമായ ചില  കാഴ്ചപ്പാടുകൾ ഉള്ളത് കൊണ്ടായിരുന്നു.  എണ്ണപ്പെട്ട ചിലരുടെ എഴുത്ത് കുത്തുകളോ രചനകളോ പരിചയപ്പെടുത്തി  വാ വാ വിളികൾ ഉണ്ടാക്കുവാനോ കയ്യടികൾ നിർബന്ധം പൂർവ്വം വാങ്ങിപ്പിക്കുവാനോ RT ക്ക് ഒരിക്കലും  ഉദ്ദേശവും ഉണ്ടായിരുന്നില്ല.  അങ്ങിനെ കുറെ ശ്രോതാക്കളെയോ അഭ്യുദയകാംക്ഷികളെയോ  ഉണ്ടാക്കി  RTക്ക് ഒന്നും നേടാനുമില്ലല്ലോ.

ശാന്തമായ അന്തരീക്ഷമുള്ള മനസ്സും അനീതിയും അതിക്രമവും അപചയവും ഉണ്ടാകുമ്പോൾ ബ്ലോക്കുകളും കമ്പാർട്മെന്റുകളുമില്ലാതെ തന്നെ ആത്മരോഷം കൊള്ളുകയും  ക്ഷോഭിക്കുകയും ഒപ്പം ജനപക്ഷത്തു നിന്ന് തിന്മയ്‌ക്കെതിരെ  പ്രതിരോധ  മതിലുകൾ തീർക്കുകയും ചെയ്യാൻ നമുക്കാകണം എന്നായിരുന്നു RT ആഗ്രഹിച്ചത്.  നാട്ടിൽ RT ക്ക് ഒരു വാസ്തവിക കൂടായ്മ ഇല്ല. ഉള്ളതാകട്ടെ വെർച്വലും. പക്ഷെ നാട്ടിൽ നടക്കുന്ന നല്ല സംരംഭങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ട് വരുവാൻ ഒരു പാട് സാധ്യകളും സന്ദര്ഭങ്ങളും ഉണ്ടായിട്ടു പോലും എന്തോ വിമുഖ കാണിക്കുന്ന സമീപനമാണ് ചിലപ്പോഴൊക്കെ കണ്ടതും. ചില കൂട്ടായ്മകളിൽ കണ്ട ബഹളങ്ങൾ RT -യിൽ മാത്രമാണ് സഹനശീലവും സഹിഷ്ണുതയും സരള സഹൃത്വവും പ്രയോഗക്ഷമമെന്നു തോന്നിപ്പോവുകയും ചെയ്തിട്ടുണ്ട്.  എല്ലായിടത്തും അവ എല്ലായ്പ്പോഴും ബാധകമെന്നു RT വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും. അത് കൊണ്ട് നാമിതുവരെ ബാലാരിഷ്ഠിത പോലും  കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. അതിന്റെ 'കചടതപ' ഇനിയും സ്വയം ആർജ്ജിക്കാനുണ്ട്.

മറ്റൊന്ന് വായനയാണ്. കയ്യിലുള്ള മരുന്ന് പ്രധാനമാണ്. അത് എപ്പോൾ തീരുമെന്ന് അവരവർക്ക് ബോധ്യവുമുണ്ട്. അറിവും കഴിവും സ്വായത്തമാക്കാൻ ഏറ്റവും പ്രധാനം വായനവും നിരീക്ഷണവും പിന്നെ  അനുഭവവുമാണ്. അതിൽ എത്രമാത്രം ഒരു അപ്‌ഡേഷന് നാം തയ്യാറായിട്ടുണ്ടെന്നതും RT യെ പോലെ ഉള്ള സാംസ്കാരിക സദസ്സിൽ എപ്പോഴും ഉയരാവുന്ന ചോദ്യങ്ങളാണ്.

RT യിൽ പലപ്പോഴും കുറിപ്പ് വഴിയും വോയിസ്‌നോട്ട് വഴിയും വായിച്ചതും കേട്ടതും വീണ്ടും കുറിക്കട്ടെ, RT ഒരു പരീക്ഷണം നടത്തി -  നമ്മുടെ പരിധിയും പരിമിതിയും ഉപയോഗിച്ച്  ഓൺലൈൻ കൂട്ടായ്മയിൽ ഒരല്പം  കളം മാറി ചവിട്ടി സാംസ്കാരിക സംവേദനത്തിലേർപ്പെടൽ.  നമുക്ക് ഇങ്ങിനെയും ഒരു മുഖവും ഭാവവും ഭാഷയുമുണ്ടെന്ന് കാണിക്കുകയായിരുന്നു ലക്‌ഷ്യം.

തിരിച്ചു വരവിനു ഇനിയും സാധ്യതയുണ്ട്. ഇവിടെയല്ല, അതെവിടെയുമാകാം. RTPEN എന്ന ബ്ലോഗ് തലമുറകൾക്ക് കൈമാറാൻ കൂടിയുള്ളതാണെന്ന് സൂചിപ്പിക്കട്ടെ.  തലമുറ, ആശയ വിനിമയ, സാമൂഹിക  വിടവുകൾ   നികത്താൻ നമുക്ക് എപ്പോൾ സാധിക്കുന്നുവോ അന്ന് മറ്റേത് മാതൃകാഗ്രാമങ്ങളെപ്പോലെയും നമ്മുടെ ഗ്രാമത്തിലും സാംസ്കാരിക -സൗഹൃദ ലയം  സാധ്യമാകും എന്ന് കൂടി പറഞ്ഞു വെക്കട്ടെ.

സ്‌നേഹാദരവുകളോട് കൂടി

അസ്‌ലം മാവില 

ഞാൻ കണ്ട RT / അബ്ദുസ്സമദ്


ഞാൻ  കണ്ട   RT

ഞാൻ  ഇവിടെ  വെറും ഒരു വായനക്കാരൻ  മാത്രമായിരുന്നു   എല്ലാ ദിവസവും  ആകാംശയോടെയായിരുന്നു  കടന്ന്  വരാറുണ്ടായിരുന്നത്   ഈ മുറിയിലെ  ഒരോ  പത്രവും  സൂക്ഷമതയോടെയായിരുന്നു  വായിച്ച്  പോന്നത്   ഇതുവരെ  മറ്റുള്ള  വായനശാല  പോലെ ആയിരുന്നില്ല  ഈ  ശാല  നമ്മുടെ  നാടിന്റെ സ്വന്തം കലാകാരന്മാരുടെ  വരകളും  കുറിപ്പുകളും   മാത്രം
കാണുകയും വായിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു   ചിലരുടെ  എഴുത്തൊക്കെ  വിസ്മയിപ്പിക്കുന്ന  തരത്തിലുള്ളതായിരുന്നു അഭിമാനം കൊണ്ടിരുന്നു നമ്മുടെ നാടിനെ  (  പട്ള ) കുറിച്ച് അഹങ്കരിച്ചിരുന്നു   അയൽ ദേശക്കാരുടെ മുന്നിൽ
ഒര് പാട്  സാംസ്കാരിക പരിപാടികൾ  ഉണ്ടായിരുന്ന ഈ  സ്ഥലത്ത്   ഇതെന്തു സംഭവിച്ചു  
എവിടെയാണ് എല്ലാവരും  പോയ് മറഞ്ഞത്   അതോ   വാശിയിൽ  മത്സരിച്ചതാണോ
അയാൾ  ഒരു കുറിപ്പെഴുതിയാൽ  ഞാൻ  രണ്ടെഴുതും  എന്ന്   തോന്നിപ്പോകുന്ന വിധത്തിൽ കണ്ടിരുന്നു  അണയാൻ  പോകുന്ന തീ  ആളിക്കത്തും  എന്ന്  പറഞ്ഞത്  പോലെയായ്പ്പോയതെങ്ങനെ
അതോ ചിന്തകൾക്ക്  വിരാമം കുറിച്ചോ ഈ എഴുത്ത്കാരൊക്കെ


ഒര് പാട് ചോദ്യങ്ങൾ  മുന്നിലുണ്ട്   ഇവിടെ  അതെല്ലാം ചോദിച്ച്  നിങ്ങളുടെ വിലപ്പെട്ട സമയവും ഈ  കുറിപ്പിന്റെ  നീളവും വലിച്ച്   നീട്ടുന്നില്ല
ഒന്നും തോന്നരുത്  അപേക്ഷയാണ്
ഈ ശാല  ഒന്ന്  സജീവമായ്  കാണാനുള്ള  ആഗ്രഹം  കൊണ്ട്   ചോദിച്ച്  പോയതാണ് .
എല്ലാവിധ   നന്മകളും  നേരുന്നു...,,



എന്ന്  
വായനക്കാരൻ