Saturday, 13 August 2016

അനുസ്മരണം / പള്ളിച്ചാന്റെ മമ്മദുൻച്ച / അസ്‌ലം മാവില

അനുസ്മരണം

പള്ളിച്ചാന്റെ മമ്മദുൻച്ച

അസ്‌ലം മാവില


അങ്ങിനെ പറഞ്ഞാലാണ് എല്ലാവരും  അറിയുക. പഴയ തലമുറയിൽ അങ്ങിനെ ഒരു പരിചയപ്പെടുത്തലുണ്ട്. ഇന്നത് മാറിമാറി ഇല്ലാതാകുന്നുവെന്നത് വേറെകാര്യം.  മമ്മദുൻച്ച ഇന്നില്ല.  ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്, അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പൊയ്‌പോയത്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനും സ്വർഗ്ഗലബ്ദിക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

നാട്ടിൻപുറത്തുള്ള ഒരു സാധാരണക്കാരനെ കുറിച്ച്  എഴുതാൻ  എനിക്ക് എപ്പോഴും സന്തോഷമേയുള്ളൂ. പഴയതലമുറയിൽ പെട്ടവരെ കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. മർഹൂം മുഹമ്മദ്‌കുഞ്ഞി സാഹിബ് സാധാരണക്കാരിൽ ഒരു സാധാരണക്കാരനാണ് എന്ന് നമുക്ക് തോന്നുമെങ്കിലും എന്റെ അനുസ്മരണ കുറിപ്പ് അവസാനിക്കുമ്പോൾ അങ്ങിനെ അല്ലല്ലോ എന്ന് നിങ്ങൾ  ഒരുപക്ഷെ തിരുത്തുകയും ചെയ്‌തേക്കും.

കഷ്ടിച്ച് ഒരാഴ്ചയുടെ എമർജൻസി വെക്കേഷന് ഇക്കഴിഞ്ഞ മെയ് ആദ്യം നാട്ടിൽ  വന്നപ്പോൾ മാത്രം എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അല്ലാത്തപ്പോഴൊക്കെ കാണുകയും ക്ഷേമമന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയൊന്നും അദ്ദേഹം സംസാരിക്കാറില്ല. കുറഞ്ഞ വാക്കുകൾ.  നിറഞ്ഞ ചിരിയിൽ നാട്ടിൻപുറത്ത്കാരന്റെ നിഷ്കളങ്കത എന്നോട് വാക്കുകൾ ഇല്ലാതെ സംസാരിക്കും. ഞാൻ മുമ്പ് എഴുതിയിരുന്ന ''കുട്ടിക്കാല കുസൃതി''കളിൽ എന്റെ പ്രിയപ്പെട്ട മമ്മദുൻച്ചയും ഇടയ്ക്കിടക്കും കടന്നും വരുമായിരുന്നു. ആ സ്നേഹനിധിയായ കാരണരുടെ ആഖിറ വിജയത്തിന്  വേണ്ടി വീണ്ടും ദുആ: ചെയ്യുന്നു.

പള്ളിച്ചാന്റെ മമ്മദുൻച്ചാനെ 1990 കളിൽ  വരെ അറിയാത്തവർ  ആരെങ്കിലും പടലയിൽ ഉണ്ടെങ്കിൽ  അയാൾ നാട്ടുകാരൻ മാത്രമല്ല, ''വല്യ നെല'' ഇല്ലാത്തവൻ  കൂടിയാണ് എന്ന് പറയേണ്ടി വരും.  അദ്ദേഹമായിരുന്നല്ലോ നമ്മുടെ വലിയ പള്ളിയിലെ മുഅദ്ദിൻ ഇൻ വെയ്റ്റിംഗ്. വലിയ പള്ളിയിൽ വരുന്ന ഏത് മുഅദ്ദിനും നാട്ടിലേക്ക് അവധിക്ക് നാട്ടിൽ  പോകുമ്പോൾ മമ്മദുൻചാനെയാണ് തങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിക്കുക. അദ്ദേഹത്തെ അത് ഏൽപ്പിച്ചാലേ മുഅദ്ദിന്മാർക്ക് സമാധാനമുള്ളൂ. തിരിച്ചു വരുന്നത് വരെ ഒരു സെക്കന്റ് വ്യത്യാസമില്ലാതെ അദ്ദേഹം തന്റെ മാധുര്യമേറിയ ശബ്ദം കൊണ്ട് വിശ്വാസികൾക്ക് നമസ്കാര സമയം അറിയിക്കും. ആദരണീയരായ ബിലാലിന്റെ (റ .അ ) വഴി തെരഞ്ഞെടുക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. (  നമ്മുടെ നാട്ടിലെ നടക്കുന്ന സമ്മേളനങ്ങളിൽ സംബന്ധിക്കാൻ അതിഥികളായി വരുന്ന അറബികൾ ബാങ്ക് വിളിക്കാൻ താല്പര്യം കാണിക്കുന്നത് അനുഭവസ്ഥർ പറയാറുണ്ട്, ഞാൻ കണ്ടിട്ടുമുണ്ട്  ). അത് പോലെ പള്ളി വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. പള്ളിയുടെ മാറാല വൃത്തിയാക്കാൻ ഞങ്ങളെ പോലുള്ള കുട്ടികളെ അദ്ദേഹം തമാശയിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കുമായിരുന്നു.

പള്ളിയുമായി അദ്ദേഹം എപ്പോഴും ബന്ധം ഉണ്ടാക്കിയിരുന്നു. കാദിർഞ്ഞി ഹാജാർച്ച, കുട്ടിച്ച, കുഞ്ഞാങ്കുട്ച്ച, പാൽത്തടക്കം മമ്മസ്ച്ച  ഈ ഒരു ടീം,  അന്നൊക്കെ  എല്ലാ വഖ്ത്തിനും  പള്ളിയിൽ വന്ന്ഖുർആൻ പാരായണം ചെയ്യുന്നത് കാണാം. അതിലും പള്ളിച്ചാന്റെ മമ്മദുൻചാനെ കാണാറുണ്ട്. പത്ത് മുപ്പത് വര്ഷം മുമ്പത്തെ ഓർമ്മയിൽ നിന്നാണ് ഇത് ഞാൻ  എടുത്തെഴുതുന്നത്. അന്നൊക്കെ പള്ളിയിലായിരുന്നു നോമ്പ് തുറ സജീവമായിരുന്നത് .  മമ്മദുൻച്ച അതിനൊക്കെ നേരത്തെ തന്നെ പള്ളിയിൽ വന്ന് സൗകര്യം ഉണ്ടാക്കും.   ഞങ്ങൾ കുട്ടികൾക്കൊക്കെ കാരക്കയുടെ ചീള്, കദളി  പഴം മുറിച്ചത്, കാസ്കിസ്‌ സർബത് ഇതൊക്കെ കിട്ടിയോ എന്ന് മമ്മദുൻച്ച ഉറപ്പ് വരുത്തുമായിരുന്നു. ഖബർ കുഴിക്കുന്നതിനു നേതൃത്വം വഹിച്ചവരിലും മമ്മദുൻചാനെ കാണാം.

നന്നായി അദ്ധ്വാനിക്കും. അന്നൊക്കെ  ഈ മാസങ്ങളിൽ  അദ്ദേഹം  സ്‌കൂളിന്റെ വടക്ക് ഭാഗത്തുള്ള റോഡിനു അപ്പുറമായി ''നാട്ടിക്കായ്'' നടുന്ന തിരക്കിലായിരിക്കും. മൺസൂൺ പച്ചക്കറി കൃഷി.  ഞങ്ങൾ ഹൈസ്‌കൂൾ ക്ലാസ്സ് മുറിയിൽ ഇരുന്നു അതൊക്കെ കൗതുകത്തോട് കൂടി  നോക്കുന്നത് ഓർമ്മയിൽ തികട്ടി തികട്ടി വരുന്നു.

അബൂബക്കർ, അന്ത, ബഷീർ, ഷംസുദ്ദീൻ, സീതി എന്നിവരെ എനിക്കറിയാം. അന്ത എന്റെ മൂത്തപെങ്ങളുടെ ക്‌ളാസ് മെറ്റ്. സീതി ഞങ്ങളുടെ സലീമിന്റെ കൂടെ പഠിച്ചവൻ.  ഒരു മകളെയും എനിക്ക്  അറിയാം അദ്ലൻച്ചാന്റെ ഭാര്യയെ.  മർഹൂം   പി.കെ. അബൂബക്കർ, മർഹൂം  കൊപ്പളം അദ്ലൻച്ച, മർഹൂം സീതിച്ച എന്നിവരാണ് എന്റെ ഓർമ്മയിലെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ. പരേതയായ മറിയുമ്മ, ദൈനബി, ആയിഷ, ഖദീജ എന്നിവർ സഹോദരിമാരും.

അദ്ദേഹത്തെയും നമ്മുടെ മാതാപിതാക്കളെയും നമ്മെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ.


ഫലസ്തീൻ ഇനി ഇല്ല പോൽ ! ഭൂമിയിലോ മനസ്സുകളിലോ അല്ല ; അവരുടെ ഭൂപടത്തിൽ ..../ അസ്‌ലം മാവില

ഫലസ്തീൻ ഇനി ഇല്ല പോൽ !
ഭൂമിയിലോ മനസ്സുകളിലോ അല്ല ; 
അവരുടെ ഭൂപടത്തിൽ ....

അസ്‌ലം മാവില 

അങ്ങിനെ അതും തുടങ്ങി. ഫലസ്തീനികളെ കൊന്നു ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതായാലും നടക്കില്ല. എന്നാൽ പിന്നെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാം. ഗൂഗിളിനെയാണ് അതിന്റെ ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്ന് തോന്നുന്നു.  ആഗസ്ത് 03 ന്  എഫ്.പി.ജെ (ഫോറം ഓഫ് ഫലസ്തീൻ ജേര്ണലിസ്റ്റ്സ് ) അവരുടെ വെബ്‌സൈറ്റിൽ ഇങ്ങിനെ കുറിച്ചിട്ടു - The move is designed to falsify history, geography as well as the Palestinian people’s right to their homeland, and [is] a failed attempt to tamper with the memory of Palestinians and Arabs as well as the world.”( ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും  ഫലസ്തീൻ ജനതയുടെ സ്വരാജ്യത്തിനു വേണ്ടിയുള്ള അവകാശത്തിനും മേൽ കള്ളപ്രമാണം നിർമ്മിക്കാനുമാണ്  ഈ ഹീനമായ നീക്കത്തിനു രൂപം നൽകിയിട്ടുള്ളത്.  ഫലസ്തീനികളുടെയും അറബ് ജനതയുടെയും ലോകത്തിന്റെയും തന്നെ ഓർമ്മകളെ  ക്ഷതം വരുത്താനുള്ള ഈ നീക്കം വെറും  പരാജിത ശ്രമം മാത്രം : വിവ )

വാഷിഗ്ടൺ പോസ്റ്റിൽ  Caitlin Dewey മിനിഞ്ഞാന്ന് ( 09 ആഗസ്ത് ) എഴുതിയത് ഇത് ആഗസ്ത് മാസത്തിലെ വലിയ വാർത്തയല്ല,  അഞ്ചു മാസം മുമ്പ്  ഗൂഗിൾ പരിശോധിച്ചു കിട്ടിയ അതേ റിസൾട്ട് തന്നെയാണ്  ഇന്നും നിങ്ങൾക്ക്   ലഭിക്കുന്നതെന്നാണ്. അതിനർത്ഥം അഞ്ചു മാസം മുമ്പ് തന്നെ ഗൂഗിൾ പണി ചെയ്തു വെച്ചിട്ടുണ്ടെന്ന്.  ( Ms. Caitlin Dewey പ്രസ്തുത പത്രത്തിലെ  Digital Culture Critic കൂടി   ആണ്. )

 2012-ൽ  ഐക്യ രാഷ്ട്ര സഭ ഫലസ്തീനെ ഒരു രാഷ്ട്രേതര പദവി നൽകി  അംഗീകരിച്ചിട്ടുണ്ട്.- from “Palestinian territories to Palestine. അമേരിക്കയ്ക്ക് ഇന്നുമിത് ദഹിക്കുന്നില്ലെങ്കിലും. ( പണ്ട്  റിച്ചാർഡ് നിക്‌സൺ ബംഗ്ലാദേശ് വിഭജനം നടന്നപ്പോൾ തങ്ങൾ  പാകിസ്ഥാന് പിന്തുണച്ചു എന്നതിന്റെ പേരിൽ മാത്രം  ബംഗ്ളദേശ് സ്വതന്ത്ര രാഷ്ട്രമായിട്ടും  പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ് അംഗീകരിക്കാൻ തയ്യാറായത്.  ബംഗ്ലയെ recognize ചെയ്യാൻ  യു.കെ യ്ക്ക്പോലും അന്ന് മടിയില്ലായിരുന്നു.   അത് കൊണ്ട് അമേരിക്കയ്ക്ക് അത്തരം അസുഖമൊക്കെ അവരുടെ രക്തത്തിൽ മുമ്പേ  ഉള്ളതാണ്. )

ഇസ്രയേലുമായി തർക്കത്തിലിരിക്കുന്ന പ്രദേശമാണ് പോലും ഗൂഗിളിന് പലസ്തീൻ. അതിന് ഞായമോ ? ലോകത്ത് പലസ്ഥലങ്ങളിലും ഇങ്ങിനെ തർക്ക പ്രദേശം ഡോട്ടിട്ടാണ് ഗൂഗിൾ മാമൻ മാപ്‌സിൽ വരച്ചിരിക്കുന്നതെന്ന്!   ചില രാജ്യങ്ങളിലെ കുറഞ്ഞ ചില  ഏരിയയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അത് പോലെയാകുമോ ഒരു മൊത്തം രാജ്യത്തിന്റെ അഡ്രസ്സ് തന്നെ മാപ്‌സിൽ നിന്ന് തേച്ചു മാച്ച് കളഞ്ഞാൽ ?  ചൈനയുടെ ഭാഗമെന്ന് പറയുന്ന തായ്‌വാനെ വരെ സ്വതന്ത്ര രാഷ്ട്രമെന്ന പേരിൽ  ചില സേർച്ച് എഞ്ചിനുകളിൽ (WSE -web search engine ) പരിചയപ്പെടുത്തുന്നുണ്ട്. 

ഏതായാലും അന്താരാഷ്‌ട്ര തലത്തിൽ  ഗൂഗിൾ മാപ്സിലെ ''പലസ്തീൻ അന്തർദ്ധാനം'' ചൂടേറിയ വിഷയമായിരിക്കുന്നു.   #palastineIsHere , #BoycottGoogle തുടങ്ങിയ ആഷ്ട്ടാഗ്ഗുമായാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. Ainara @afraileromero എന്ന ഒരു ഫലസ്തീൻ പെൺകുട്ടി   ട്വീറ്റ് ചെയ്തത് ഇങ്ങിനെയാണ്  - Dear @googlemaps, Palestine exists! ഫലസ്തീൻ ഇപ്പോഴും നിലവിലിരിക്കുന്നു എന്ന് അവൾ  പറയുമ്പോൾ അതൊരു സാധാരണ വായന പോലെ എനിക്ക് തോന്നുന്നില്ല. നിങ്ങൾ ഒന്ന് കൂടി അത് വായിക്കൂ. Dear @googlemaps, Palestine exists! അസ്‌തിത്വം എന്ന അർഥം നൽകുന്ന existence എന്നത്  അതിന്റെ  വളരെ  തൊട്ടടുത്തുള്ള വാക്ക് കൂടിയാണ്. 

എന്റെ കുറിപ്പിന്റെ തുടക്കം അല്പം exaggerated , അതിശയോക്തി കലർന്നത് പോലെ തോന്നിയെങ്കിൽ അങ്ങിനെ എന്നെ എഴുതാൻ പ്രേരിപ്പിച്ചത് നടേ വായിച്ച ആ ട്വീറ്റ് തന്നെയാണ്. ആ വാക്കുകൾ മനസ്സിന്ന് പോകുന്നില്ല, Dear ..... Palestine exists! '' മതേതരത്വം ഇപ്പോഴുമിവിടെ നിലവിലുണ്ട് സുഹൃത്തേ'' എന്ന് ഫാസിസമനസ്സുമായി പോർവിളി നടത്തുന്നവരോട് സമകാലീന ഇന്ത്യയിൽ നാം     പറയേണ്ടി വരുന്ന സാഹചര്യത്തിൽ നമുക്കതിന്റെ അർഥവ്യാപ്തി  മറ്റാരേക്കാളും എളുപ്പത്തിൽ ഗ്രാഹ്യമാകും.

വരുന്നു ഫൈനും പെനാൽറ്റിയും വണ്ടിയോടിക്കുന്നവർ ജാഗ്രത / അസ്‌ലം മാവില

വരുന്നു ഫൈനും പെനാൽറ്റിയും 
വണ്ടിയോടിക്കുന്നവർ ജാഗ്രത 

അസ്‌ലം മാവില 

ആഗസ്ത് 04 ന് കേന്ദ്ര സർക്കാർ പുതിയ  മോട്ടോർ വെഹിക്കിൾ (ഭേദഗതി)  ബില്ലിന്റെ കരട് രേഖ അംഗീകരിച്ച മട്ടാണ്. ഹെൽമറ്റില്ലെങ്കിൽ വാങ്ങിയേക്കണം. ഇല്ലെങ്കിൽ ഫൈൻ 1000. മാർക്കറ്റിൽ 900-ന് ''തലസംരക്ഷിത കവചം'' കിട്ടുമെങ്കിൽ  കടം പറഞ്ഞെങ്കിലും വാങ്ങി ഫിറ്റ് ചെയ്യുന്നതാണ്  ബുദ്ധി.  ഇപ്പോൾ പിന്നെ പോലീസുകാർ  സിഗ്നലിൽ വണ്ടി നിർത്തി തലമണ്ടയിൽ ഹെൽമറ്റ്കണ്ടില്ലെങ്കിൽ മർമ്മം നോക്കാതെ  എവിടെ ലക്ഷ്യമാക്കിയാണ്  അടിക്കുന്നതെന്ന് പറയാൻ പോലും പറ്റില്ല. രണ്ടീസം മുൻപല്ലേ ഒരു പോലീസ് ദേഷ്യം പിടിച്ചു ഒരു ബൈക്ക് യാത്രക്കാരന്റെ  മണ്ടയ്ക്കിട്ട് പണി കൊടുത്തത്. അങ്ങേര് ആസ്പത്രീന്ന് പോയോന്നറിയില്ല. 

സീറ്റ് ബെൽറ്റില്ലാതെ ഓടിക്കാം, നാല് ചക്ര വാഹനം. പോക്കറ്റിൽ 1000 കരുതി വെക്കണം. സ്പീഡ് കൂടിയാലും പോക്കറ്റ് കാലിയാകും 1000 ചെറുകിട വണ്ടിക്ക്. മിഡിൽ ലെവൽ വണ്ടിക്ക് 2000. ഇൻഷുറൻസ് ഇല്ലാതെ ഓടിച്ചാൽ 2000 വേറെയും. ''മങ്കൂർഞ്ഞി'' അടിച്ചു പീപ്പിയിൽ ഊതിപെട്ടാൽ 10,000 ശൂന്ന് പോയിക്കിട്ടും. ചരക്ക്   വണ്ടിയിൽ അങ്ങിനെയങ്ങ് സാധനങ്ങൾ  കെട്ടിവലിച്ചു കൊണ്ട് പോകാനും പറ്റില്ല പോലും ! ഓവർ ലോഡെന്നു കണ്ടാൽ 20,000. ഓരോ ടൺപിന്നെയും  കൂടുതൽ കണ്ടാൽ അതിനു 2000 വച്ച് വേറെയും. ലൈസൻസ് ഇല്ലാത്തവൻ 5000 കൊടുത്തേ തീരൂ. പിള്ളേരെങ്ങാനും വണ്ടി ഓടിച്ചാലും ബാപ്പ 3 കൊല്ലം  ജയിലിലും കാൽ ലക്ഷം വേറെ അടവും. സിഗ്നൽ ആദ്യം ലംഘിച്ചാൽ 500 , അടുത്തതിന് 1000 വീതം. ഫോൺ വിളിച്ചോണ്ടിരിക്കെ ആഫീസറുടെ കടക്കണ്ണിൽ പെട്ടാൽ   ആദ്യവട്ടം 500. രണ്ടാമത്തെ വിളിമുതൽ അങ്ങോട്ട്  2000 മുതൽ 5000 വരെ. ഇനിയുമുണ്ട് ഒരുപാട് ഫൈൻ വിശേഷങ്ങൾ. 

എല്ലാം നമ്മുടെ തടി കാക്കാൻ. ഇതൊക്കെ ലംഘിക്കാത്തവർ ആരെങ്കിലുമുണ്ടോ ? എനിക്ക് തോന്നുന്നില്ല ഉണ്ടാകുമെന്ന്. മൊത്തം വായിച്ചപ്പോൾ തോന്നിയത്  കുറഞ്ഞത് 50,000 രൂപ  ബാങ്ക് ബാലൻസ് ഉള്ളവന് ഒരു വണ്ടി റോഡിൽ  ഓട്ടാം.  ഇല്ലാത്തവൻ ടാക്സി പിടിച്ചു പോകുന്നതാണ് നല്ലത്. . 

മഹാരാഷ്ട്രയിൽ ഈ നിയമം   ഇമ്പ്ലിമെൻറ് ആയെന്നാണ് കേട്ടത്. ഖജനാവിൽ നല്ല  വരവ് തുടങ്ങിയിരിക്കും. മിക്ക സംസ്ഥാനത്തെയും ''പൈസ ഇല്ലാ പാട്ട്'' ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തീരുമായിരിക്കും. അല്ലാതെ ട്രാഫിക് നിയമ ലംഘനം കുറയുമോ ? പടച്ചോനറിയാം.  

''അല്ല ദാസാ ...ഈ ബുദ്ധിയെന്താ നമുക്ക് മുമ്പേ തോന്നാത്തതെന്ന്?'' ഭരണ കർത്താക്കൾക്ക് പറയാൻ തോന്നിയാൽ രക്ഷപ്പെട്ടു. അതും  ട്രാഫിക് നിയമ ലംഘനങ്ങൾ കുറയുകയാണെങ്കിൽ.  അതല്ലാ കാശ് ഖജനാവിൽ വന്നു കുന്ന്കൂടിയിട്ടാണ് നേതാക്കൾ അപ്പറയുന്നതെങ്കിൽ   ഇത്ര കർശന   നിയമമുണ്ടായിട്ടും പഠിച്ചിട്ടില്ല, ഇനിയൊട്ട് നാം പഠിക്കാനും പോകുന്നില്ല എന്ന് വേണം കരുതാൻ. 

സുരക്ഷയാണ് ആദ്യം; പ്രഥമവും പ്രധാനവും.  അതിനു ആദ്യം വേണ്ടത് നിയമം പാലിക്കുക എന്നതാണ്. ഈ കുറിപ്പ് വായിച്ചു  അഭിപ്രായം പറയാൻ എന്റെ കൂട്ടുകാരന് അയച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ - ''നിയമ ലംഘനം മൗലികാവകാശമെന്ന് കരുതുന്നവരെ ബോധവൽക്കരിക്കുക പ്രയാസകരമാണ്. നിയമം പാലിക്കുന്നവർ വിഡ്ഢി കളാണ് എന്നൊരു ധാരണയാണ് പൊതുവെ ആളുകൾക്കുള്ളത്''. ഇപ്പറഞ്ഞതിൽ  കാര്യമുണ്ടെന്നത് വണ്ടിയോടിക്കുന്നവർക്കും കൂടെ ഇരിക്കുന്നവർക്കും റോഡിന്റെ ഓരത്തു കൂടി നടന്നു പോകുന്നവർക്കും  അറിയാം. എന്റെ നാട്ടിൻപ്രദേശടത്തൊക്കെ വിഡ്ഢി എന്ന് പറയില്ല, മറിച്ചു ബോളൻ എന്നാണ്. അതിന്റെ സൂപ്പർലേറ്റീവായിട്ട് ബോളങ്കി എന്നും പറയും. 

സുരക്ഷയ്ക്ക് ആദ്യം വേണ്ടത് ശ്രദ്ധയാണ്. അപകടം ഒഴിവാകുന്നത് ശ്രദ്ധ മൂലമാണ്. ഫൈനിൽ നിന്നും പെനാൽറ്റിയിൽ നിന്നും രക്ഷപ്പെടുക എന്നതും ശ്രദ്ധയുടെ ഔട്ട്പുട്ടാണല്ലോ. Safety is as simple as ABC.  ''Always Be Careful''. എന്നും ഈ ബോർഡ് കണ്ടിട്ടാണ് ഞാൻ ഓഫീസിൽ കയറുക. വണ്ടിയോടിക്കുന്നവരും ഇതൊന്നു ബോൾഡ് അക്ഷരത്തിൽ, ഇത്തിരി വെടിപ്പിൽ,  കാണാൻ പാകത്തിൽ  എഴുതി തൂക്കുന്നതും നല്ലതാണ്, ഇടയ്ക്കിടയ്ക്ക് വായിക്കുകയും വേണം.


കൂട്ടായ്‍മകളിലെ അരുതായ്കകൾ ..... / അസ്‌ലം മാവില

കൂട്ടായ്‍മകളിലെ
അരുതായ്കകൾ .....

അസ്‌ലം മാവില
http://www.kvartha.com/2016/08/group-and-mistakes.html
നമുക്ക് ഒരു നാട് മൊത്തമായിട്ട്  നന്നാക്കാൻ പറ്റുമോ ? പറ്റില്ല. നാട് നന്നാകാൻ ആഗ്രഹിക്കാൻ സാധിക്കും. ആ ആഗ്രഹങ്ങൾ ഉള്ളവരുടെ എണ്ണം കൂടുന്തോറും നാട് നന്നായി തുടങ്ങും. അവിടെ അവനവൻ നന്നാകാൻ തുടങ്ങി; അതിന്റെ ഫലം കണ്ടു തുടങ്ങി. അതാണ് കാരണം. ഈ ഒരു ആലോചന എനിക്ക് മാറ്റമുണ്ടാക്കി, അപ്പോൾ കൂട്ടായി ഒരു ശ്രമം ഉണ്ടായാലോ ? ആ ഒരു ചിന്തയാണ് കൂട്ടായ്മയിലേക്ക് എത്തുന്നത്. അപ്പോൾ അതിനു ഒരു നേതൃ സ്വഭാവം വരണം എന്ന തോന്നൽ ഏത്ചു റ്റുപാടിലും ഉണ്ടാകും.  അതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ടാവുക സ്വാഭാവികം. ഒറ്റയ്ക്ക് ചെയ്യുന്നത് പോലെയല്ല. ഒരാളുടെ മാത്രം തീരുമാനല്ല. ഒറ്റയാൻ (one-man ) പ്രവർത്തിയല്ല. കൊള്ളലും കൊടുക്കലും ഉണ്ടാകും. വിട്ടുവീഴ്ച വേണ്ടി വരും.   ''യെസ്-നോ''കളുടെ പട്ടിക വരും.  സമാന ചിന്താകഗതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു ''യെസ് -നോ''കളും കൂടും.

ഒന്നിച്ചു കൂടുമ്പോൾ ഒന്നായ് ശബ്‍ദങ്ങൾ ഉണ്ടാകും. അത് കേൾക്കാൻ പറ്റാതെയായി വരും .  എല്ലാവരും പറയുന്നത് കേൾക്കണം. ഒന്നിച്ചു പറ്റില്ല. അപ്പോൾ ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ മൗനമായിരിക്കുകയേ നിർവാഹമുള്ളൂ. ഒറ്റയ്ക്ക് ചെയ്യുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന തോന്നൽ ഉണ്ടായേക്കാം; പക്ഷെ  ഫലത്തിൽ മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള  മനസും ശരീരവും പാകപ്പെടുത്തുകയാണ് അത് കൊണ്ട് ചെയ്യുന്നത്. അതിനാദ്യം വേണ്ടത് അച്ചടക്കമാണ്.  അതിൽ എല്ലാം പെടും. code of conduct എന്നതിൽ പെടാത്ത ഒന്നുമില്ല.  അച്ചടക്കമുള്ളിടത്തേ ഫലം ഉദ്ദേശിച്ച രൂപത്തിൽ കൈവരിക്കൂ. അത് accommodate ചെയ്യാനുള്ള മനസ്സും പരുവപ്പെടണം. പരുവപ്പെടുത്തിയേ തീരൂ. accommodate എന്നതിന്റെ ശരിയായ അർഥം അന്യാഭിലാഷത്തിലിണങ്ങുക, പൊരുത്തപ്പെടുക എന്നൊക്കെയാണ്.   ആ ഒരു സമീപനമില്ലാത്തിടത്തോളം  സ്വയം  നന്നാകില്ല; മനസ്സും നന്നാകില്ല,   നാടും നന്നാകില്ല.

കൂട്ടായ്‌മകൾ നമുക്ക് ഒരു പാഠശാലയാണ്. എപ്പോഴും നാമതിലെ വിദ്യാര്ഥികളുമാണ്. പൊതു സമൂഹത്തിനു ഉപകാരപ്പെടുന്നത് കാലവും നേരവും നോക്കി നമുക്ക് പറയാം. അത് ഒരിക്കലും വ്യക്തിഹത്യയിലേക്ക് വഴിപോകരുത്. ഒരാളെ മാത്രം പിന്നാലെ കൂടുകയുമരുത്. അതിന്റെ ഭവിഷ്യത്ത് വലുതാണ്.  അന്യന്റെ  നിഴലിലെ പിന്തുടർന്നത് പോലെ യാകുമത്. ചില നേരങ്ങളിൽ മുന്നിൽ ഉണ്ടാവുക നമ്മുടെ നിഴൽ തന്നെയായിരിക്കും.

എല്ലാവർക്കും അവരുടേതായ ഒരു ജീവിത പശ്ചാത്തലമുണ്ട്. നല്ല കൂട്ടായ്മകളിൽ നിന്ന് കിട്ടുന്ന നല്ല അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ സ്വയം വിചാരത്തിനു വഴിവെക്കാറുമുണ്ട്. പലരും അനുഭവങ്ങൾ പങ്കിടാറുമുണ്ട്.  ആ വീണ്ടു വിചാരത്തെയാണ് അംഗീകരിക്കേണ്ടത്.

കൂട്ടായ്‍മകളിൽ വളച്ചു കെട്ടാതെ നേരെചൊവ്വേ  പറയുന്നതാണ് ഏറ്റവും നല്ലത്. അഭികാമ്യവും.  ഒന്നോ രണ്ടോ പേരെ വ്യക്തി ഹത്യ ചെയ്യാൻ പൊതു ഇടം തെരഞ്ഞെടുക്കുന്നത് അക്ഷന്തവ്യമായ കുറ്റമല്ലേ ?  മറ്റുള്ളവരിൽ  തെറ്റിദ്ധാരണയും  ആശയകുഴപ്പവും  സൃഷ്ട്ടിക്കും. വ്യക്തികളിൽ   നൈരാശ്യം, ഏകാന്ത ജീവിതം, നിസ്സംഗംത  ജനിപ്പിക്കും.  അഭിമാനമെന്നത് പരിശുദ്ധമെന്നാണ് മതം പഠിപ്പിക്കുന്നത്.

സോഷ്യൽ മീഡിയകളുടെ ജനകീയതയോടെ ഇത്തരം അരുതായ്കകൾ വർധിച്ചുവോ എന്ന് സംശയമുണ്ട്. കുറെ നന്മകളോടൊപ്പം അതിന് കരി നിഴൽ വീഴ്‌ത്തുന്ന തിന്മകൾ.  ഒരു  സംഘബോധത്തിൽ പലപ്പോഴും കാത്തു സൂക്ഷിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുവെന്നതാണ്  24 മണിക്കൂറും കേൾക്കാനും പറയാനും വായിക്കാനും സൗകര്യമൊരുക്കുന്ന സോഷ്യൽ മീഡിയകളിൽ ഈയ്യിടെ കണ്ടു വരുന്ന ഇത്തരം അരുതായ്കകൾ .  മാനവ- സംസ്കൃത-മനുഷ്യാവകാശ പക്ഷത്തു നിന്നുമുള്ള ആലോചനകളിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് തോന്നുന്നു.


Monday, 8 August 2016

''തണലോരം 87'' എല്ലാവർക്കും നന്ദി ...../ ശരീഫ് കുവൈറ്റ്

''തണലോരം 87'' എല്ലാവർക്കും നന്ദി .....

തണലോരത്തു  ഞങ്ങളെ  ഒത്തുകൂടാൻ അനുഗ്രഹിച്ച സർവ്വശക്തന് ആദ്യം സ്തുതിച്ചു കൊണ്ട് ...

ഞങ്ങളുടെ ഈ കുടുംബ സംഗമത്തിൽ
ഞങ്ങൾക്ക് ഓരോ നിമിഷവും ഉപദേശ നിർദേശങ്ങൾ നൽകുകയും ,  ശാരീരികമായും മാനസികമായും ,  പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളെ സഹായിച്ച  ജേഷ്ടാനുജന്മാരോട് ഞങ്ങൾക്കുള്ള ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു..

അനാരോഗ്യമോ തിരക്കോ ഒന്നും വകവെക്കാതെ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയ ഗുരുവര്യന്മാരെയും വിശിഷ്ടാതിഥികളെയും ഞങ്ങൾ ഈ അവസരത്തിൽ സ്നേഹപൂര്വ്വം സ്മരിക്കുകയാണ്..

ഒരുപാട് പരിമിതികൾ ഉണ്ടായിട്ടും ഞങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു തന്ന ഹെഡ്മിസ്ട്രെസ്സിനും  സ്കൂൾ അധികൃതർക്കും, പി. ടി. എ ക്കും, എസ് .എം.സി ക്കും, വാർഡ് മെമ്പർക്കും , അംഗൻവാടി  ടീമിനും ഞങ്ങളുടെ നന്ദി അറിയിക്കട്ടെ..

ഈ കുടുംബ സംഗമത്തെ ആവേശകരമായ വിജയത്തിലെത്തിച്ച ഞങ്ങളുടെ കളിക്കൂട്ടുകാർക്കും , കുടുംബാംഗങ്ങൾക്കും, ചിത്രശലഭങ്ങളെ പോലെ പാറി പറന്നു ഒരു പാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച ഞങ്ങളുടെ പിഞ്ചോമന മക്കൾക്കും ഒരു പാട് നന്ദി....

ഒപ്പം  സോഷ്യൽ മീഡിയയിലൂടെയും , പത്ര മാധ്യമങ്ങളിലൂടെയും ഞങ്ങളെ സഹായിച്ച ഞങ്ങളോട് സഹകരിച്ച  ഓരോരുത്തർക്കും പ്രത്യേകം നന്ദി ...

  ക്ഷമാപണം


ഒരുപാട് പരിമിതിക്കുള്ളിൽ നിന്ന്  ( മഴക്കാലം , സ്കൂൾ കൺസ്ട്രക്ഷൻ , സ്കൂൾ  പ്രവര്ത്തി ദിവസം ) നടത്തിയ ഞങ്ങളുടെ പരിപാടിയിൽ  നാട്ടുകാരെയും,  രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെയും പ്രവർത്തകരെയും ഉൾപെടുത്താൻ പറ്റാത്തതിലും ,   ഉന്നത വിജയം നേടിയ നമ്മുടെ സ്കൂളിലെ കുട്ടികളെ അനുമോദിക്കാൻ പറ്റാത്തതിലും ഞങ്ങൾ ക്ഷമ ചോദിച്ചും  നിങ്ങൾ എല്ലാം ഉൾക്കൊള്ളും എന്ന വിശ്വാസത്തിൽ  ഇനിയും നാടിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഞങളുടെ ഈ  " തണലോരം "  എന്നും മുന്നിൽ ഉണ്ടാകും എന്ന് ഉറപ്പ് നൽകിക്കൊണ്ടും ....

ഒരിക്കൽ കൂടി എല്ലാവർക്കും ഞങ്ങളുടെ നന്ദി...

തണലോരം 1987

‘’തണലോരം 87’’ - 29 വർഷത്തിനു ശേഷം വീണ്ടുമവർ സ്‌കൂൾ മുറ്റത്ത്....


‘’തണലോരം 87’’
29 വർഷത്തിനു ശേഷം വീണ്ടുമവർ
സ്‌കൂൾ മുറ്റത്ത്....

പരിപാടിയിൽ കവി സാൻമാവിലയ്ക്ക് സ്നേഹാദരം
http://www.kasargodvartha.com/2016/08/patla-school-osa-meet.html

പടല : 29 വര്ഷം മുമ്പ് അവർ പടല ഗവ: സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. 1986 -87 ബാച്ചിലെ കുട്ടികൾ അച്ചടക്കത്തോട് കൂടി  അധ്യാപകരുടെ മുന്നിൽ ബ്ളാക്ക് ബോർഡിന് അഭിമുഖമായി അവസാനം ക്ലാസ്സിൽ ഇരുന്നത് 1987-ൽ . ഇരുപത്തൊമ്പത് വർഷം പോയ്മറഞ്ഞത് അവരറിഞ്ഞില്ല. കാലം അവരിൽ പ്രായത്തിന്റെ പക്വത ഇപ്പോൾ തീർത്തിരിക്കുന്നു. അവർക്ക് ഒന്ന് കൂടി ഒത്തുകൂടണമെന്നു തോന്നി. അതിനായി രാവും പകലും തിരക്ക് മാറ്റിവച്ചു ഒരുങ്ങി. കഴിഞ്ഞ ശനിയാഴ്ച സ്‌കൂൾ മുറ്റത്തു അവർ ഒത്തുകൂടി.  പുസ്തകങ്ങൾക്ക് പകരം അവരുടെ കൂടെ പൊന്നുമക്കൾ.

ആനന്ദ കണ്ണീർ പൊഴിഞ്ഞ  നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അവരുടെ അധ്യാപകരും കുടുംബവും പ്രായത്തിന്റെ പ്രയാസം മറന്നു സ്‌കൂൾ മുറ്റത്തെത്തി. സംഘാടകർ അവർക്ക് ആദരവ് നൽകി സ്വീകരിച്ചു.  അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മുമ്പിൽ അവർ വിനീതരായ ശിഷ്യരായി. പഴയ സഹപാഠികളെ പരസ്പരം കണ്ടപ്പോൾ കളിതമാശകൾ പറയാൻ ഓർമ്മകൾ പിന്നിലേക്കോടി. മക്കളെ പരിചയപ്പെടുത്താനും പരിചയപ്പെടാനും  അവർക്ക് തിടുക്കമായി.

. സാംസ്കാരിക സദസ്സ് ബക്കർ മാഷിന്റെ  അധ്യക്ഷതയിൽ പടല സ്‌കൂൾ  ഒ.എസ്.എ സ്ഥാപക  ജനറൽ സെക്രട്ടറി എച്. കെ. അബ്ദുൽ റഹിമാൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. പടല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കെ. സൈദ്, എസ് .എം. സി. ചെയർമാൻ സി.എച്. അബൂബക്കർ,   ഹെഡ്മിസ്ട്രസ്സ് കുമാരി ടീച്ചർ,  അബ്ബാസ് മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, പെരിയ നാരായണൻ മാസ്റ്റർ,  അബ്ദുൽ റഹിമാൻ മാസ്റ്റർ, രമേശ് ദാസ് മാസ്റ്റർ, സാൻ മാവില എന്നിവർ സദസ്സിൽ സന്നിഹിതരായി.  ആദ്യകാല പി.ടി.എ. പ്രസിഡന്റിനെയും പഴയകാല അധ്യാപകരെയും  സാംസ്കാരിക പ്രവർത്തകരെയും കായിക രംഗത്ത് മികവ് പുലർത്തിയവരെയും  അർഹിക്കുന്ന രീതിയിൽ  ആദരിച്ചും  സ്നേഹോപഹാരങ്ങൾ നൽകിയും സാംസ്കാരിക സദസ്സ്ധന്യമാക്കി. കുമ്പള അഷറഫ് സ്വാഗതവും ടി.എം. അഷറഫ് നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ പി.ബി. പ്രമേയം അവതരിപ്പിച്ചു.

കവി സാൻ മാവിലയെ ''തണലോരം''  സദസ്സിനു പരിചയപ്പെടുത്തി. ''യാത്രാമൊഴി''  എന്ന തന്റെ കവിതയും സാൻ സദസ്സിനെ കേൾപ്പിച്ചു. പ്രസ്തുത സദസ്സിൽ നടത്താൻ നിശ്ചയിച്ചിരുന്ന സാനിന്റെ  രണ്ടാമത്തെ കവിതാ സമാഹാരം (''തീ'' ) പ്രകാശനം പുസ്തകത്തിന്റെ പണി  പൂർത്തിയാകാത്തത് കൊണ്ട് നടന്നില്ല.  പകരം പ്രസ്തുത പുസ്തകത്തിന് ആർട്ടിസ്റ്റ് നഫീസ ഫഹീമ വരച്ച കവർ ചിത്രത്തിന്റെ പ്രകാശനം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പെരിയ നാരായണൻ മാസ്റ്റർ നിർവഹിച്ചു. ''തീ'' പ്രകാശനം  ഒക്ടോബറിൽ കാസർകോട് വെച്ച് വിപുലമായ ചടങ്ങിൽ വെച്ച് നടക്കുമെന്ന് അറിയിച്ചു.

പഴയകാല അധ്യാപകരായ രാംദാസ്നഗർ  കുഞ്ഞിരാമൻ മാസ്റ്റർ, മായിപ്പാടി നാരായണൻ മാസ്റ്റർ, പെരിയ നാരായണൻ മാസ്റ്റർ,  അബ്ദുൽ റഹിമാൻ മാസ്റ്റർ, രമേശ്ദാസ് മാസ്റ്റർ തുടങ്ങിയവരെ ചടങ്ങിൽ ''ഗുരുവാദരം'' നടത്തി. ദീർഘകാലം പടല ഗവ. സ്‌കൂളിൽ പി.ടി.എ. പ്രസിഡന്റായിരുന്ന അബ്ബാസ് മാസ്റ്ററെയും തണലോരം ആദരിച്ചു. സുബ്രതോ കപ്പ് റണ്ണേഴ്‌സ് അപ്പായ പടല ഗവ. സ്‌കൂളിൾ ടീമിനെ തണലോരം  അനുമോദിച്ചു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച തണലോരം വൈകുന്നേരം വരെ നീണ്ടു നിന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സൗഹൃദ മത്സരങ്ങൾ  പരിപാടിക്ക് കൊഴുപ്പ് കൂട്ടി. കസേരകളി, ഹെൽത് ടിപ്സ്, ഗായകൻ അഷ്ത്താഫിന്റെ നേതൃത്വത്തിൽ ഗാനമേള തുടങ്ങിയവയും നടന്നു. വർഷങ്ങൾക്ക് മുമ്പ് ഉച്ചക്കഞ്ഞിക്ക് പകരം സ്‌കൂളിൽ നൽകിയിരുന്ന ഗോതമ്പ് ഉപ്പുമാവ് (സജ്ജിഗെ) ഉണ്ടാക്കി സഹപാഠിനികൾ സഹപാഠിനികൾ  ഊണിനൊപ്പം നൽകിയത് ഏറെ കൗതുകമുണ്ടാക്കി. സ്‌കൂളിന് ഉപഹാരം നൽകിയും സ്‌കൂൾ മുറ്റത്തു ''ഓർമ്മതൈ''  നട്ടും വൈകുന്നേരത്തോടെ നിറകണ്ണുകളോടെ പിരിഞ്ഞു.

 കൊയപ്പാടി ഹനീഫ്, അഷ്‌റഫ് തൃക്കണ്ടം, സൂപ്പി, കെ.എ . നാസർ, ബക്കർ മാഷ്, മൊഗർ റഹീം, സത്താർ, ശരീഫ് കുവൈറ്റ്, കെ.എസ് . ഉബൈദ്, കുതിരപ്പാടി നാരായണൻ, പി. മുനീർ, എഫ്. ഹമീദ്, ബി.എം. ഹാരിസ്, എസ്. മുഹമ്മദ് , കുമ്പള അഷ്‌റഫ്, ഷാഫി ബൂഡ്, അബ്ദുൾറഹിമാൻ പൊയ്യവളപ്പ്  അടക്കമുള്ള സജീവമായ ടീമാണ് തണലോരത്തിനു നേതൃത്വം നൽകിയത്.









Saturday, 6 August 2016

അനുസ്മരണം / മർഹൂം എംപി മുഹമ്മദ് കുഞ്ഞി സാഹിബ് / അസ്‌ലം മാവില

അനുസ്മരണം

മർഹൂം  എംപി മുഹമ്മദ് കുഞ്ഞി സാഹിബ്

അസ്‌ലം മാവില


ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലാണ് നമ്മുടെ പ്രിയങ്കരനായ എം.പി.  മുഹമ്മദ് കുഞ്ഞി സാഹിബ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കുവാനും പരലോക വിജയത്തിനായും പ്രാർത്ഥിക്കാം.

ഞങ്ങളുടെ അയൽക്കാരൻ കൂടിയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ വളരെ പ്രായമുള്ള കാരണവന്മാരുടെ കൂട്ടത്തിൽ നിന്നാണ് അയാൾ പൊയ്പ്പോയത്.  പ്രത്യേകിച്ച് ഞങ്ങളുടെ ഭാഗത്തുള്ള പഴയതലമുറയിലുള്ള കാരണവന്മാരിൽ ഇനി  ആരും തന്നെ ഇല്ല എന്ന് പറയാം.

കുൻച്ച, കുഞ്ഞിപ്പൈച്ച, കുഞ്ചാർ അദ്ലൻച്ച, കപ്പൽ അദ്ലൻച്ച, അദ്‌ലച്ചാന്റെ മമ്മദുൻച്ച, ബായിൻച്ച, സീതുൻച്ച, പക്രുച്ച, അദ്ലാർച്ച, എന്റെ ഉപ്പ, സിഎച്ച് അദ്ലച്ച, അന്തച്ച, മമ്മസ്ച്ച, ഞാൻ ഉപ്പപ്പാന്ന് വിളിച്ചിരുന്ന കുട്ടിച്ച, ബാപ്പിച്ച, മൂസ്ച്ച , കാലാകീല അദ്ലൻച്ച, അർബിച്ച, ബീരാൻച്ച, മൂസാജാർച്ച, പോക്കുച്ച, അരമന ഔക്കൻച്ച, കുഞ്ഞാലി മൊയ്‌ലാർച്ച, അമ്മൻച്ച.... ഇവരൊക്കെ ഇങ്ങിനെ നമ്മുടെ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടേക്കുള്ള വഴിയിൽ കൂടി എന്നും നടന്നു പോകുന്നവരായിരുന്നു. ഇനിയും പേരുകൾ നീളും.  പേരാൽ അദ്ലൻച്ച, അമ്പാച്ച, യൂസുച്ച തുടങ്ങിയവരൊക്കെ അന്നത്തെ പ്രവാസികളായത് കൊണ്ട് അവർ നാട്ടിൽ വരുമ്പോഴായിരിക്കും ഈ വഴികളിൽ നിത്യയാത്രക്കാരാകുന്നത്.

എല്ലാവരുടെ കൂട്ടത്തിലും എം.പി. മമ്മദുൻച്ച ഉണ്ടാകും. ഇശാ നമസ്കാരവും കഴിഞ്ഞു അവരുടെ നീണ്ട നിര  കാണാം. അന്ന് ഇന്ന് കാണുന്ന റോഡില്ലല്ലോ. ഒറ്റവരി നടപ്പാത. ഞങ്ങളുടെ വീട് എത്തുന്നതോടെ കുറച്ചു പേർ കൊഴിഞ്ഞു പോയിരിക്കും. എന്റെ വീട് കഴിഞ്ഞാൽ അടുത്ത ഊഴം എം.പി.ച്ചയുടേതാണ്, വീടെത്താൻ.

സ്വന്തമായി എന്തെങ്കിലും ജോലിയിലോ ചെറുകിട കച്ചവടത്തിലോ ഏർപ്പിട്ടിരുന്നു.   ഞാൻ അറിയുന്ന കാലം മുതൽ അദ്ദേഹത്തെ അങ്ങിനെയാണ് ഞാൻ കാണാറ് . ''പീടിക'' എന്നത് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഉണ്ട് താനും.

നന്നായി രാഷ്ട്രീയം പറയും. കോൺഗ്രസ്സ്കാരനായിരുന്നു ഞാൻ അറിഞ്ഞിടത്തോളം മരണം വരെ. രാഷ്ട്രീയം പറഞ്ഞു ഫലിപ്പിച്ചു തരും. പൊതു സദസ്സുകളിലും ''പൊതു'' (വിവാഹസംബന്ധമായ) കാര്യത്തിലും എം.പി. മമ്മദുൻച്ച നിറ  സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ സംബന്ധമായ വിഷയം സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് നൂറു നാക്കായിരുന്നു. അനിയന്റെ (മർഹൂം എം.പി. അബ്ദുൽ റഹിമാൻ സാഹിബ്) അന്നത്തെ പഠനത്തെ കുറിച്ചൊക്കെ അദ്ദേഹം അഭിമാന പൂർവ്വം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ആ കുടുംബത്തിലെ മുതിർന്ന തലമുറയിലെ  അവസാനത്തെ കണ്ണിയും വിടപറഞ്ഞു.

കല്യാണ സദസ്സുകളിൽ എന്റെ ചെറിയ മൂത്ത, അരമനാൾപ്പിലെ ഔക്കൻചാ തുടങ്ങിയവരുടെയൊക്കെ  കൂടെ പാട്ട് പാടാനും മമ്മദുൻച്ച ഉണ്ടാകും. അതൊക്കെ അന്നത്തെ ഒരു സന്തോഷമായിരുന്നു. പഴയ കുറെ നാട്ടു വർത്തമാനങ്ങളും അദ്ദേഹത്തിന് അറിയാം. 95 വർഷങ്ങൾക്ക് മുമ്പ്  സ്രാമ്പിയിലെ ഒറ്റമുറി പള്ളിക്കൂടത്തിലെ എന്റെ ഉപ്പപ്പാന്റെ (മർഹൂം മമ്മിഞ്ഞി മുക്രി)  അധ്യാപനവും മറ്റും ഞാൻ അദ്ദേഹത്തിൽ നിന്നാണ് കേട്ടറിഞ്ഞത്.

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ പി.ടി.എ യോഗങ്ങളിൽ എം.പി. മമ്മദുൻച്ചാനെ എപ്പോഴും കാണും. ഉപേക്ഷ കൂടാതെ അദ്ദേഹം യോഗസമത്ത് എത്തും. അന്ന് അമ്പാച്ച , അദ്ലാർച്ച,  അദ്ലച്ചാന്റെ മമ്മദുൻച്ച, സീതുൻച്ച, എം.എ. മോൻച്ച , ബിഎസ്ട്ടി ഔക്കൻച്ച, എന്റെ ബെല്യ മൂത്ത   തുടങ്ങിയവരൊക്കെയായിരുന്നു നമ്മുടെ സ്‌കൂളിന്റെ കാര്യത്തിൽ മുന്നിൽ നിന്നിരുന്നവർ.. സ്‌കൂളിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച സൈനബ അടക്കം അദ്ദേഹത്തിന് ആറ്മക്കളാണ്. മറ്റുമക്കൾ അബ്ദുല്ല, സിദ്ദീഖ്, സുഹ്റ, ജമീല, മൈമൂന  ഭാര്യ അച്ചിഞ്ഞ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ആസ്യഉമ്മ. ചെന്നിക്കൂടൽ ബാപ്പിച്ച, എം.പി. അദ്രാന്ച്ച എന്നിവർ സഹോദരങ്ങളും .

അല്ലാഹു അദ്ദേഹത്തെയും നമ്മെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.