Saturday, 6 August 2016

''തീ'' പ്രകാശനം മാറ്റിവെച്ചു / സാൻ മാവില

എന്റെ ''തീ'' പ്രകാശനം മാറ്റിവെച്ചു

ബഹുമാന്യരേ,

ഇന്ന്  തീരുമാനിച്ചിരുന്ന എന്റെ പുസ്തക പ്രകാശനം ( ''തീ'' - കവിതാസമാഹാരം )
ഒഴിവാക്കാൻ പറ്റാത്ത ചില കാരണങ്ങൾ കൊണ്ട് മാറ്റി വെച്ചിരിക്കുന്നു.

ആദരീണയരായ എന്റെ മുഴുവൻ വായനക്കാരോടും  അഭ്യുദയ കാംക്ഷികളോടും തണലോരം സംഘാടകരോടും നിർവ്യാജം  ക്ഷമ ചോദിക്കുന്നു.  ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഇനി  ആ പരിപാടി നടക്കാൻ സാധ്യത.

തിയ്യതിയും  സ്ഥലവും  അടക്കമുള്ള വിശദവിവരങ്ങൾ എല്ലാവരെയും താമസംവിനാ അറിയിക്കുന്നതാണ്.

അസൗകര്യത്തിനു എല്ലാവരോടും ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു

സാൻ മാവില

Friday, 5 August 2016

എബി കുട്ടിയാനം ആദരിക്കപ്പെടുമ്പോൾ / അസ്‌ലം മാവില

എബി കുട്ടിയാനം ആദരിക്കപ്പെടുമ്പോൾ .


എ ബികുട്ടിയാനത്തെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും അറിയാം. കഴിഞ്ഞ വര്ഷം RT എന്ന ഒരു പ്രാദേശിക വാട്സ്ആപ് കൂട്ടായ്മയിൽ  നടന്ന രണ്ട് ദിവസത്തെ സാംസ്കാരിക പരിപാടിയിൽ സംബന്ധിക്കുവാൻ  കാസർകോട് വാർത്തയിലെ മുജീബ്, ഉത്തരദേശത്തിലെ മുജീബ് അഹ്‌മദ്‌, ചന്ദ്രികയുടെ റഹ്‌മാൻ തായലങ്ങാടി, ഇവിഷനിലെ അലി ഹൈദർ, പത്രപ്രവർത്തകനും നാടക കൃത്തുമായ ഗോപി കുറ്റിക്കോൽ, ഗായകൻ ജെ.പി. (ജമാൽ പാഷ ) അടക്കമുള്ളവരെ നമ്മുടെ ഇ-അതിഥികളായി ക്ഷണിച്ച കൂട്ടത്തിൽ എ.ബിയേയും ക്ഷണിച്ചിരുന്നു. അന്നും അദ്ദേഹം തിരക്കിലായിരുന്നു. ഒരു അർദ്ധ രാത്രിയിലാണ് എബി ഓൺലൈനിൽ വന്നു RT-യോട്  വൈകിയതിലുള്ള കാരണം പറഞ്ഞു ക്ഷമ ചോദിച്ചു സംസാരിക്കുന്നത്.

ചിലരുടെ തിരക്കുകൾ അങ്ങിനെയാണ്. സമയം തികയാതെ പോകും വിധം അവരെ തിരക്ക് വിടാതെ പിന്നിലുണ്ടാകും. എബി അതിനൊരു ഉദാഹരണം മാത്രം. പത്രപ്രവർത്തകനായാണ്  നാം അദ്ദേഹത്തെ വായിച്ചത്. ഉത്തരദേശം പത്രമടക്കം എബിയുടെ എഴുത്തുകൾ നാം വായിക്കാത്ത ദിവസങ്ങൾ തന്നെ കുറവ്.  എഴുത്തിന്റെ വഴിയിൽ അദ്ദേഹം വേറിട്ട് നിന്നു. അത്ഭുതപ്പെടുത്തുമാറാണ് എബി എഴുതുന്നത്. ഒന്നും വഴങ്ങാത്തത് ഇല്ല. കഥയും കവിതയും കാവ്യാസ്വാദനവും എല്ലാം അതിൽ പെടും. ഫീച്ചറുകളുടെ പെരുമഴയായിരുന്നു എബിയുടെ പേനത്തുമ്പിൽ പെയ്തത്. എഴുത്തിൽ പിച്ചവെക്കുന്നവരെ തേടിപ്പിടിച്ചു അദ്ദേഹം വായനക്കാർക്ക് പരിചയപ്പെടുത്തി. സാനിനെ പ്പോലുള്ള ഇളം എഴുത്തുകാരെ  വായനക്കാർ അറിഞ്ഞതും  എബി കുട്ടിയാനിൽ കൂടിയായിരുന്നു.

ദൃശ്യ മാധ്യമത്തിൽ എത്തുന്നതോടെ എബി ആകെ മാറി. എഴുത്തും അന്വേഷണവും  സെൻഷേണൽ വാർത്തകൾക്ക് ഏറ്റവും സാധ്യതയുള്ള കാസർകോടിനെ അദ്ദേഹം പക്ഷെ തെരെഞ്ഞെടുത്തത് മറ്റൊരു ആവശ്യത്തിനായിരുന്നു.  പുറത്തുള്ളവർ കാസർകോടിനെ കണ്ടത് നഗരത്തിലെ പളപളപ്പായിരുന്നു. ഏറ്റവും പുതിയ വസ്ത്രാലയങ്ങൾ , സ്വർണ്ണക്കടകൾ, കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങൾ.

ഇവയിലൊന്നും എബിയുടെ ക്യാമറക്കണ്ണുകൾ പോയില്ല. മറിച്ചു ഈ ബഹളങ്ങൾക്കിടയിലും ആ മാധ്യമപ്രവർത്തകൻ കേൾക്കാൻ ശ്രമിച്ചത് ഒറ്റപ്പെട്ടവന്റെ, ഇല്ലാത്തവന്റെ, തല ചായ്ക്കാത്തവന്റെ, വിശന്നവന്റെ  വിങ്ങലും നീറലുമായിരുന്നു. അവരുടെ ഞരക്കം കേൾക്കുന്നിടത്ത് എബി ആദ്യമെത്തി. അവരുടെ വിതുമ്പുന്ന മുഖങ്ങൾ ഛായം തേക്കാതെ തന്നെ അദ്ദേഹം ഒപ്പിയെടുത്തു. അരനിമിഷം പോലും വൈകിക്കാതെ അവ പ്രക്ഷേപണം ചെയ്തു. കൂടെ ആരെ ബന്ധപ്പെടണമെന്നും. അത്രേ അദ്ദേഹം ചെയ്തുള്ളൂ. പക്ഷെ, ഉദാര മനസ്കർക്ക് അത് മാത്രം മതിയായിരുന്നു.

വാർത്ത സത്യസന്ധമായിരിക്കണം. അത് റിപ്പോർട്ട് ചെയ്തവനും സത്യസന്ധനായിരിക്കണം. ഫോള്ളോ അപ്പ് വേണം. അർഹരുടെ കൈകളിൽ സഹായം ധനം എത്തിയെന്നു അയാൾ ഉറപ്പും വരുത്തണം. എബി അത് മുഴുവൻ ഏറ്റെടുത്തു  ചെയ്തിടത്താണ് വിജയിച്ചത്. എത്രയെത്ര കണ്ണീരിന്റെ കഥകൾ, കാസർകോടിന്റെ ഇങ്ങിനെയും ആധിയും വ്യാധിയുമുള്ളവരോ ? ഇത്രമാത്രം നരകയാതനയുള്ളവരോ ? എബി ക്യാമറയുടെ മുന്നിൽ വരുമ്പോൾ അത് സത്യമെന്നു വിശ്വസിച്ചേ തീരൂ. കാരണം എബിക്ക് വേറെ രാഷ്ട്രീയമില്ല; ദുരിതമനുഭവിക്കുന്നവനെ ഉടപ്പിറപ്പുകൾക്ക്  ചൂണ്ടിക്കാണിക്കുക. അതിനൊരു പരിഹാരം വേണം. ശാശ്വതമായ ഒന്ന്.  അതാണ് എബിയുടെ രാഷ്ട്രീയവും.

സഊദിയിൽ ഉള്ള എന്റെ ഒരു പാലക്കാട് സുഹൃത്ത്  വിളിച്ചു - കാസർകോട് എബി കുട്ടിയാനത്തെ അറിയുമോ ? അദ്ദേഹത്തിന്റെ ഒരു ന്യൂസ് വീഡിയോ ശ്രദ്ധയിൽ പെട്ടു, എന്റെ ഒരു സഹായമെത്തിക്കണം ? ഏറ്റവും പുതിയ അപ്ഡേറ്റ് അറിയാൻ മാർഗ്ഗമുണ്ടോ ?  ഞാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. എബിയ്ക്ക് മെസ്സേജ് അയച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. അത് ടാർജറ്റ് പൂർത്തിയായി. ആ വെൽവിഷറിന് സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും പുതിയ വീഡിയോ ക്ലിപ് അയക്കാം, അദ്ദേഹത്തോട് അതുമായി സഹകരിക്കാൻ പറയുക.

കഴിഞ്ഞു. എബി അതാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള തിരക്കിലാണ് അയാൾ എപ്പോഴും. ന്യായമെന്നും അർഹമെന്നും തോന്നുന്നത് എബി തന്റെ വാർത്തയ്ക്ക് വിഷയമാക്കും. അത് മനസ്സിൽ തറക്കുന്നത് പോലെ എബി പറഞ്ഞു ഫലിപ്പിക്കും. അത് കേട്ടവരിൽ കയ്യിൽ ഒന്നുമില്ലെന്ന് കള്ളം പറയാൻ മനസ്സാക്ഷി  സമ്മതിക്കില്ല. നാലുചുമരുകളും ദ്രവിച്ച തൂണുകൾ കൊണ്ട് നിലംപൊത്താൻ കാത്തുനിൽക്കുന്ന കൂരയാകാം. വാർദ്ധക്യത്തിലും കൈകാലുകൾ തളർന്ന മക്കളുടെ ദീനം മാറ്റാൻ വെപ്രാളപ്പെടുന്ന ഒരു പിതാവിന്റെ മാതാവിന്റെ ദുരവസ്ഥയാകാം. ആശ്രയമില്ലാതെ ആകാശം കുടയാക്കി കഴിയുന്ന  ഒരു വിധവയുടെ  നിലവിളിയാകാം. പാതിവഴിക്ക് പഠനം നിർത്തി ഇനിയെന്തെന്ന് ആലോചിക്കുന്ന ഒരു അനാഥന്റെ ദൈന്യതയാവാം. എബിക്ക് അതൊക്കെയാണ് വിഷയം. അതേ എബിക്ക് വിഷമായി എടുക്കാനും പറ്റുകയുള്ളൂ.

അബുദാബി കാഞ്ഞങ്ങാട് സൗഹൃദ വേദി എബി കുട്ടിയാനത്തെ ആദരിക്കുമ്പോൾ ആരുടേയും ശ്രദ്ധ പതിയാത്ത ഒരു കൂട്ടം അശരണരെയാണ് ആദരിക്കുന്നത് , ഉദാര മനസ്കരുടെ കാതുകളിയിലേക്ക് അവരുടെ നിലവിളി എത്തിച്ച ഒരു മാധ്യമ പ്രവർത്തനത്തെ കൂടിയാണ് ആദരിക്കുന്നത്.   എബിയുടേത് കവിമാനസ്സാണ്. ആർദ്രതയാണ് കവിമനസ്സിലെ സൂക്ഷിപ്പ്. അരികിൽ ചേർത്ത് നിർത്താൻ ആരുമില്ലെന്ന് പരിതപിക്കുന്നവരുടെ അടുത്തെത്താൻ എബിയെ സജ്ജമാക്കുന്നതും ആത്മ ധൈര്യം നൽകുന്നതും ഈ കവി മനസ്സ് തന്നെയായിരിക്കാം . കാലം കാത്തിരിക്കുന്നതും ഇത്തരം മാധ്യമപ്രവർത്തകരെ തന്നെയാണ്.

ഇന്ന് തണലോരത്തിരിക്കുമ്പോൾ ...../ അസ്‌ലം മാവില

ഇന്ന് തണലോരത്തിരിക്കുമ്പോൾ .....

അസ്‌ലം മാവില

ഇരുപത്തൊമ്പത് വർഷം മുമ്പ് നമ്മുടെ (പടല ) സ്‌കൂളിന്റെ ഓരത്തും ചാരത്തും ഓടിച്ചാടികളിച്ചവർ ഇന്ന് ഒന്നിക്കുകയാണ്. അവർക്ക് ഇതൊരു ആഘോഷമാണ്. അവർക്ക് ഇതൊരു പുനഃസമാഗമമാണ്.

എന്റെ ഭാഷ്യം എല്ലാ ഭംഗിയും നഷ്ടപ്പെടുത്തുമെന്ന് ഭയന്ന്  നഫീസ ഫഹീമ എഴുതിയ  കവിത ഞാനിവിടെ അങ്ങിനെ തന്നെ പകർത്തുന്നു.  നല്ല നേരത്തു എഴുതിയ സുന്ദരമായ കവിത.

വിദ്യാലയ                                      
തിരുമുറ്റത്ത്                              
 ഓർമ്മകളുടെ                            
 തണലോരത്ത്                            
ഇന്നലെകൾ                                
പുനർജനിക്കുന്നു                      

ഒരുമുറി പെൻസിലിനുo
ഒരു കഷ്ണം ചോക്കിനും          
പിണക്കത്തിന്റെ                          
പെരുമഴ തീർത്തവർ                  

ഒരു കുടക്കീഴിൽ                          
വെയിൽ മഴ നനഞ്ഞവർ          
മധുരാനുഭവങ്ങളുടെ                  
ഘോഷയാത്രയിൽ                    
ഓർമ്മക്കടൽ നീന്തി
ഈ തണലോരത്ത്!

വിദ്യാലയ ഓർമ്മകൾ മായാത്തതാണ്. മറയാത്തതാണ്. മരിക്കാത്തതാണ്. മണ്ണിന്റെ മണമുണ്ട്. മാനത്തെ നീലിമയുടെ നിഷ്കളങ്കതയുണ്ട്. ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയില്ലെങ്കിലും ഓർമ്മകളിൽ അവ പച്ചപ്പ് തീർക്കും.

എല്ലാ പഴയ ഫോട്ടോകളും നമുക്ക് ഒരുപക്ഷെ നശിപ്പിക്കാൻ തോന്നും, കുഞ്ഞുന്നാളിലെ വിദ്യാലത്തിൽ ഒരുമിച്ചിരുന്ന് എടുത്ത ഫോട്ടോ ഒഴികെ. അതിൽ നമ്മുടെ ആത്മാവുണ്ടെന്ന തിരിച്ചറിവാകാം. അടുത്തിരുന്നു തന്നോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കൂട്ടുകാരന്റെ കൂട്ടുകാരിയുടെ നിഷ്കളങ്ക മുഖം ഉള്ളത് കൊണ്ടാകാം. തന്റെ ഗുരുനാഥരുടെ സാന്നിധ്യം അനിർവചനീയമായ സന്തോഷം നൽകുന്നത് കൊണ്ടാകാം. ആ ഛായാചിത്രത്തിന്റെ പശ്ചാത്തലത്തിനു ഒരു വലിയ കഥ പറയാനുള്ളത് കൊണ്ടാകാം.

കുഞ്ഞുകുട്ടികളുമായാകാം ഇന്നവർ പടല സ്‌കൂളിന്റെ പടികടന്നെത്തുന്നത്. ''ദേ ...ഇവിടെ ആ ചെടി ഉണ്ടായിരുന്നു''.  ''ഈ കാണുന്ന സ്ഥലത്താണ് കാറ്റാടി മരത്തിന്റെ കുറ്റി കാലിൽ തറച്ചു ഞാൻ വീണത്, നീ ചിരിച്ചത്, പിന്നീട് ദിവസങ്ങളോളം നിന്നോട് മിണ്ടാതിരുന്നത്...'' '' ഇവിടെയാണ് ഞാനാദ്യമായി ഒരു ഗാനമാലപിച്ചത്''. അങ്ങിനെ അങ്ങിനെ ഒരുപാട് ഓർമ്മകൾ...  മാവും, മൂക്കാനൊരിക്കലും അനുവദിക്കാത്ത ഇളംമാങ്ങയും കശുമാവിനിലയും കാറ്റാടിക്കുരുവും വേലിയിൽ പടർന്ന ചൊക്കിപൂവും ...എല്ലാമെല്ലാം ഓർമകളിൽ ഓളമിട്ട് വരും....

ഒരു പക്ഷെ നിഷ്കളങ്കമായി ചിരിക്കുന്ന, നിർമല മനസ്സോടെ ''പയക്കം'' പറയുന്ന അപൂർവ്വ സന്ദർഭങ്ങളായിരിക്കും ഇന്നവർക്ക്. മൗനം പോലും കവിതകളായി മാറുന്ന നേരങ്ങൾ. നോവുകൾ, കുസൃതികൾ, കുട്ടിത്തങ്ങൾ എല്ലാമെല്ലാം കുശലാന്വേഷണത്തിൽ വരും, വരാതെ എവിടെ പോകാൻ.

ഒരു സങ്കടം കൂടി കൂട്ടത്തിൽ. സാനിന്റെ  ''തീ'' കവിതാ സമാഹാരപ്രകാശനം ഇന്നത്തെ മഹനീയ സദസ്സിൽ ഉണ്ടാകില്ലെന്നത് എന്റെ വ്യക്തിപരമായ ദുഃഖം മാത്രമല്ല,  എന്റെ കുടുംബത്തിന്റെ കൂടി ദുഃഖമാണ്. പൂർത്തിയായില്ല. അതിന് ചെറിയ സമയം ഒരിക്കലും തികഞ്ഞില്ല. എല്ലാവരോടും ക്ഷമയും ചോദിക്കുന്നു.

ഭാവുകങ്ങൾ ! എന്റെ അനിയത്തി അടക്കമുള്ളവരുടെ ജൂനിയർ ബാച്ചിന്, അവരുടെ കുഞ്ഞുകുട്ടികളകടക്കുള്ള സംഗമത്തിന്........

Tuesday, 2 August 2016

മൂക്കിന്റെ കാലികവായന / അസ്‌ലം മാവില

മൂക്കിന്റെ കാലികവായന

അസ്‌ലം മാവില

ബഷീറിന്റെ വിഖ്യാതമായ ഒരു രചനയുണ്ട്-വിശ്വവിഖ്യാതമായ മൂക്ക്. മുമ്പ് ഒരു സാംസ്കാരിക ഫോറത്തിൽ (RT ആയിരിക്കണം )  ഫയാസും സാകീറും സാപുമൊക്കെ തങ്ങളുടെ വായനാനുഭവം പങ്ക് വെച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ it laughs at  follies and hypocrisies of celebrities. അതിലെ ഇതിവൃത്തവും കഥാപാത്രങ്ങളും (plot & character ) അത്രകണ്ട് വായനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. Follies and hypocrisies  സെലിബ്രിറ്റികൾക്ക് മാത്രം  ചാർത്തി തടി സലാമത്താക്കാനുള്ളതല്ലെന്ന് ചുറ്റുവട്ടങ്ങൾ പലപ്പോഴും നമ്മോട് പതിയെ പറയും.

മൂക്കിന്റെ ഇംഗ്ലീഷ് പദമാണല്ലോ  NOSE. മൂക്കുമായി  ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് phrase ഉണ്ട്. Nose in a Book.  അത് പലതരത്തിലും വായിക്കാം.  Have One's Nose in a Book എന്ന ശൈലിവിശേഷണവും (idioms) കാണാം.    എല്ലായിപ്പോഴും വായനയിൽ മുഴുകുന്നവരെ കുറിച്ചാണ് ആംഗലേയത്തിൽ  ആ പരാമർശം ഉപയോഗിക്കുന്നത്.  ആ അർത്ഥത്തിൽ നമ്മുടെ ഗ്രാമത്തിലെ കുറച്ചു പേരെ എണ്ണുമ്പോൾ ആ ലിസ്റ്റിൽ   സാപ്,  അഷ്‌റഫ്, സാകിർ, അനസ്,  മുജീബ്,  സാൻ , സലീം  ഇവരൊക്കെ എന്തായാലുമുണ്ടാകും. They've always got their nose in books. എല്ലാ നാട്ടിലും ഇങ്ങനെ കുറച്ചു പേരെ കാണാം. ( ഈ കുറിപ്പും ചിലപ്പോൾ നമ്മുടെ ഗ്രാമവും കഴിഞ്ഞു pass ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവസാനം പറഞ്ഞ വാചകം എഴുതി ചേർത്തത് )

ഒരു നാട്ടിൽ ഒരാളൊഴികെ ബാക്കി  ആർക്കും മൂക്കില്ലെന്നു ആരും പറഞ്ഞുകൂടാത്തതാണ്.  അതേത് അർത്ഥത്തിലും. അതിന്റെ ഇമ്പാക്ട് വലിയ അന്വർത്ഥമുണ്ടാക്കും. In the land of the skunks he who has half a nose is king ഇങ്ങനെയൊരു പഴഞ്ചൊല്ല് ഉണ്ടെന്നത് ശരിയാണെങ്കിലും കൂടി.

എനിക്ക് പറയാം എനിക്ക് മണക്കാനുള്ള മൂക്കില്ലെന്ന്.  നമ്മുടെ പ്രതിഭാധനനായ  വികെഎന്നിന്റെ പയ്യൻസ് സ്റ്റൈലിൽ  പറഞ്ഞാൽ -''ച്ചാൽ മണം ങ്ങട്ട് പിടിക്ക്ണ്-ല്ല.''  അതെന്റെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന്റെ കുറവ് മാത്രം. മറ്റാരെങ്കിലും പറയുന്നതിന് മുമ്പ് സ്വയം പറയുന്നതോ ? അതെന്റെ നന്മ. ഉദ്ദേശ ശുദ്ധിയും നന്ന്.  പക്ഷെ അത് ചോദ്യം ചെയ്യപ്പെടുന്നതും തിന്മയാകുന്നതും ''എനിക്കില്ലെങ്കിൽ പിന്നെ മൂക്ക് ആർക്കുമില്ലെന്നോ അതിനി   വേണ്ടെന്നോ'' വാശിപിടിക്കുമ്പോഴാണ്.

മുമ്പ് ഏതോ പത്രത്തിൽ വായിച്ചത് ഓർക്കുന്നു , നാസി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മതിലിൽ  ഒട്ടിച്ച ഒരു പോസ്റ്റർ  വളഞ്ഞ് വക്രിച്ച  മൂക്കുള്ള  ജൂതന്റെ വെറുപ്പ് വമിക്കുന്ന ഫോട്ടോയായിരുന്നു . നാം തന്നെ കണ്ണാടിയുടെ മുമ്പിൽ നിന്ന് ഒന്ന് മൂക്ക് വക്രിച്ചു നോക്കിയേ, അപ്പോഴായിരിക്കും നാസികളുടെ തരിമൂക്ക് എത്രത്തോളം മൂക്കിന്മേൽ  work out ആക്കാൻ  ഉപയോഗിച്ചു എന്ന് നമുക്ക് ഒരു ധാരണ കിട്ടൂ.

ശരിക്കും മൂക്കാണ് ഒരാളുടെ മുഖത്തിന്റെ കോലം തന്നെ മാറ്റുന്നത്. കാർട്ടൂണിസ്റ്റുകളുടെ  വര ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ മൂക്കിന്മേൽ ബ്രഷും പേനയും  വച്ചാണ് ആളുടെ ഐഡന്റിറ്റി (സവിശേഷത ) തീരുമാനിക്കുന്നത്. വർഗ്ഗ -ഗോത്ര വിഭാഗങ്ങളെ പഠിക്കുമ്പോഴും മൂക്കിനെ കുറിച്ച് നാം വായിച്ചു പോയിട്ടുണ്ട്. നീളമുള്ള മൂക്ക്, ചട്ടിച്ചത്, വലഞ്ഞത്, പുളഞ്ഞത് അങ്ങനെയങ്ങനെ.

ഏതായാലും താഴെ എഴുതുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടേക്കും. ഇതിന്റെ അർഥം എഴുതേണ്ടല്ലോ.
Keep your nose out the sky, keep your heart to god, and keep your face to the raising sun. 

എതിർപ്പിന്റെ സ്വരം അരുതായ്കയിൽ നിന്നും അസഹിഷ്ണുതയിൽ നിന്നും വരുമ്പോൾ ../ അസ്‌ലം മാവില

എതിർപ്പിന്റെ സ്വരം
അരുതായ്കയിൽ നിന്നും അസഹിഷ്ണുതയിൽ നിന്നും വരുമ്പോൾ ..

http://www.kasargodvartha.com/2016/08/policies-and-enmity.html

അസ്‌ലം മാവില

ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. A  hit below the Belt. അതിന്റെ അർഥം നിങ്ങൾക്ക് ഡിക്ഷനറിയിൽ പരിശോധിക്കാൻ വിടുന്നു. ഇല്ലെങ്കിൽ  തൊട്ടടുത്ത പള്ളിക്കൂടത്തിലെ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ നൽകും.

നിലപാടുകളോട് സംവദിക്കാൻ  ആവനാഴിയിലെ അവസാനത്തെ അമ്പും തീരുമ്പോൾ എടുക്കുന്ന ഏർപ്പാടാണിത്. പിന്നെ  നിലപാടുമല്ല മണ്ണാംകട്ടയുമല്ല വിഷയം.   ഇതിനു ചിലരെ ശട്ടം കെട്ടും.  ദൂരെ നിന്ന് അത് നോക്കി ആസ്വദിക്കും.  ചില സ്ഥാപനങ്ങൾ,  മീഡിയകൾ, തെരഞ്ഞു പിടിച്ചു ഒപ്പിക്കുന്ന  വ്യക്തികൾ - അവരെയാണ് ഈ എരപ്പ് പണി   ഏൽപ്പിക്കുക. work out ആയാൽ അതിന്റെ  credit (ഖ്യാതി ) ഏൽപ്പിച്ചവർക്ക്.  വിപരീതമായാൽ, ചെയ്യുന്നവരെ പഴിചാരി ഏൽപ്പിച്ചവർ തടിയുമൂരും.

അതിന്റെ ഏറ്റവും പുതിയ version കാണണമെങ്കിൽ 31-07-2016 തിയ്യതിയിലെ  New York Post -ന്റെ വെബ്‌സൈറ്റിൽ പോകൂ. അവരുടെ ട്വീറ്റെർ പേജ് ക്ലിക്ക് ചെയ്താലും മതി. ഒരു കണ്ടീഷൻ - കുടുംബ സമേതം നോക്കരുതെന്നേയുള്ളൂ.  ( കൂട്ടത്തിൽ പറയട്ടെ നമ്മുടെ  നാട്ടിലെ ഇംഗ്ലീഷ് പത്രങ്ങളെ പോലെ ദുർഗ്രാഹ്യത ഇല്ല UK, USA രാജ്യങ്ങളിൽ നിന്ന് ഇറങ്ങുന്ന പത്രങ്ങൾക്ക്. നാല് ദിവസം തുടർച്ചയായി വായിച്ചാൽ ആർക്കും എളുപ്പത്തിൽ അവർ എഴുതിയത്  തിരിയും.  കാരണം അവർക്ക് ആ നാട്ടുകാരെ ഞങ്ങൾ വലിയ ഇംഗ്ലീഷ്അറിയുന്നവരാണെന്നു ബോധ്യപ്പെടുത്തേണ്ട ആവശ്യമുദിക്കുന്നില്ലല്ലോ .)

 ട്രംപ്-നോട് വിയോജിപ്പുണ്ടാകാം.    പക്ഷെ അവിടെ ഇപ്പോൾ നടത്തുന്ന ''വോട്ട് പിടുത്തം'' എല്ലാ മര്യാദകളും  ലംഘിച്ചാണ്. ചിത്ര വധവും വ്യക്തി ഹത്യയും പണ്ടത്തെ  കുടുംബ പുരാണവും പഴയ ഫോട്ടോകളും എങ്ങിനെ ബിൽ ക്ലിന്റനെ വർഷങ്ങൾക്ക് മുമ്പ് വേട്ടയാടിയോ അതിലും മറികടന്നാണ് ഇപ്പോൾ ട്രംപിനെ പാപ്പരാസികൾ വേട്ടയാടുന്നത്. മറുഭാഗത്ത് തങ്ങളും  ഒട്ടും പിന്നിലല്ലെന്ന രൂപത്തിൽ പറഞ്ഞു പറഞ്ഞു ഒബാമയുടെ അമ്മയെ വരെ ഇവർ വിടുന്ന ലക്ഷണമില്ല.

ഈ വിഷയത്തിൽ അതിർത്തിയോ രാജ്യമോ പ്രദേശമോ വലിയ വ്യത്യാസമില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ രണ്ട് വോട്ട് കിട്ടാൻ എതിരാളിയുടെ പഴങ്കഥകൾ നിറം പിടിപ്പിച്ചു പറഞ്ഞു പുതിയ വോട്ടർമാരിൽ  ടിയാന് മോശം പ്രതിച്ഛായ ഉണ്ടാക്കുക എന്നതിൽ നിന്ന്  ഈ കൊച്ചു കേരളഭൂമിയിൽ പോലും  പിന്നിലല്ലല്ലോ !  ഈ കുളിമുറിയിൽ നഗ്നത മറക്കാത്തവർ വളരെ കുറവ്. സോഷ്യൽ മീഡിയകൾ വരെ ഇന്ന് ചിലർ ഇതിനായി ദുരുപയോഗം ചെയ്യുന്നതും കാണാം. രാവിലെ വകതിരിവില്ലാതെ ഒന്ന്  വിട്ടാൽ കറങ്ങി തിരിഞ്ഞു വൈകുന്നേരത്തിനുള്ളിൽ അതിന്റെ എല്ലാ പരിഭാഷകളും ആഖ്യാന വ്യാഖ്യാനങ്ങളും എത്തും.  നല്ല സൗഹൃദവും ബന്ധവും ഒന്ന് കൂടി ഊട്ടിയുറപ്പിക്കാൻ ഫോം ചെയ്ത  വാട്സപോലുള്ള  സോഷ്യൽ മീഡിയകളിലെ കുടുബ ഗ്രൂപ്പുകൾ ഇയ്യിടെയായി   മരണവീട് പോലെ ആയിട്ടുണ്ടെന്നു ചിലരൊക്കെ പരാതി പറയാറുണ്ട്. അതിന്റെ കാരണമെന്താ ?  ഏഷണി -പരദൂഷണങ്ങളും വ്യക്തി ഹത്യകളും തന്നെ. അല്ലാതെ പിന്നെന്ത് ?

പക്ഷ-പ്രതിപക്ഷ ബഹുമാനവും ആദരവും വെച്ച് പുലർത്തിയായിരിക്കണം പൊതു ഇടങ്ങളിൽ  പ്രതികരിക്കേണ്ടത്;  എതിർ ശബ്ദങ്ങളോട് പ്രത്യേകിച്ചും.  ''രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക  സാക്ഷരത'' മാത്രമല്ല, കൂടെ ഉത്ബുദ്ധതയും തിരിച്ചറിവും ഉണ്ടാകണം. അനുഭവങ്ങളും പരന്ന വായനയും സ്വയം സൂക്ഷ്മ പരിശോധനയും (self-scanning ) ഒപ്പം കേടില്ലാത്ത ചെവിയും ഉണ്ടെങ്കിലേ ഇതിനൊരു പരിഹാരം അവരവർക്ക് തീർക്കാൻ സാധിക്കൂ.  ഇല്ലെങ്കിൽ പണ്ട് ഒരു മുക്കുവസ്ത്രീ,  വിരുന്നുണ്ണാനായി കൂട്ടുകാരിയുടെ പുത്തൻ  വീട്ടിൽ തങ്ങി,  ഉറക്കം വരാഞ്ഞപ്പോൾ മീൻകൊട്ടയിൽ വെള്ളം തെളിച്ചു മെത്തക്കരികെ വെച്ചത് പോലെയാകും കാര്യങ്ങൾ. അവനവന്റെ കാരക്ടർ എവിടെയും  വാസനിക്കില്ല, അത് വാസനിച്ചാലേ ഉറക്കം വരൂ. എന്നാൽ   മറ്റുള്ളവർക്കതൊട്ട് ഇരിക്കപ്പൊറുതിയും തരില്ല.

ഇത് ആർക്കും എപ്പോഴും ബാധകമാണ്, എനിക്കായാലും.  ഏത് ഗ്രാഫ് വെച്ചും അളക്കാം, ഞാനും ഇടക്കിടക്ക് അളക്കുകയും വേണം.

Monday, 1 August 2016

അമേരിക്കൻ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ ട്രാംപിനു വിറളി; നാട്ടുകാർക്ക് വിഭ്രാന്തി ലോകമീഡിയയിൽ കോമഡി തരംഗം / അസ്‌ലം മാവില

അമേരിക്കൻ തെരഞ്ഞെടുപ്പ്  വിളിപ്പാടകലെ:
ട്രാംപിനു വിറളി; നാട്ടുകാർക്ക് വിഭ്രാന്തി
ലോകമീഡിയയിൽ കോമഡി തരംഗം
______________________

അസ്‌ലം മാവില
______________________

വരുന്ന നവംബറിൽ അമേരിക്കൻ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരു കൊല്ലത്തോളമായി.ഇത്ര നീണ്ട പ്രചാരണം അമേരിക്കയിൽ മാത്രം. അതിന്റെ കുറ്റവും കുറവും കാണുന്നുമുണ്ട്. ''എക്കത്തിലധികം'' എന്തിനും പാടില്ലല്ലോ.  സ്ഥാനാർത്ഥികൾക്ക് പറഞ്ഞു പറഞ്ഞു വിഷയം തന്നെ ഇല്ലാതായി മാറിയിരിക്കുന്നു. ട്രാംപിനെ പോലുള്ളവർക്ക് നാലാളുടെ കയ്യടി കിട്ടാനും എന്തും പറയാമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പത്തു വോട്ടു കിട്ടാനാണോ ? അറിയില്ല. പ്രസിദ്ധിക്ക് വേണ്ടിയാണോ ? അറിയില്ല. അതല്ല നാടിനെ പറയിപ്പിക്കാനാണോ ? അതും അറിയില്ല.

സ്ത്രീകളെ ട്രാംപ്  വിശേഷിപ്പിച്ചത് പന്നികൾ എന്നാണ്. അത് വിവാദമായി കത്തി കെടുമ്പോൾ വീണ്ടും വന്നു - മെക്സിക്കന്സ് ക്രിമിനലുകളും ബലാൽസംഗ വീരന്മാരുമെന്ന്. അതൊഴിയുമ്പോൾ അതാ വരുന്നു അടുത്ത പ്രാസ്താവന, രാജ്യത്തെ ഒരു ഫെഡറൽ ജഡ്ജിനെ ചൂണ്ടി പറഞ്ഞു , ഇയാൾ  ( Mr . Gonzalo P. Curiel) ആ കസേരയിൽ ഇരിക്കാൻ അയോഗ്യൻ, കാരണമോ ? ജഡ്ജിന്റെ പരമ്പര ചെന്നെത്തുന്നത് മെക്സിക്കോയിൽ. മെക്സികോയ്ക്ക് തൊട്ടുകിടക്കുന്ന ഇന്ത്യാനയുടെ അടുത്തെങ്ങാനോ ജഡ്ജിന്റെ കുടുംബത്തിലൊരാൾ ജനിച്ചെന്ന്. മുസ്ലിം കുടിയേറ്റം നിരോധിക്കാൻ എനിക്ക് വോട്ട് തരൂ എന്ന് പറഞ്ഞു അതിന്റെ അലയൊലികൾ  തീരും മുമ്പേ അടുത്ത വെടി. ഇറാഖ് യുദ്ധത്തിൽ മൃത്യു വരിച്ച മുസ്ലിം അമേരിക്കൻ പട്ടാളക്കാരന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും നേരെ. കിസ്ർ -ഖസാല ഖാൻ കുടുംബത്തെ അവഹേളിക്കുന്ന രീതിയിലാണ് ട്രാംപ് തന്റെ പ്രസംഗത്തിൽ മോശം പരാമർശം നടത്തിയത്. ഇതോടെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലർ കയ്യൊഴിയുന്ന മട്ടാണ്. കൂട്ടത്തിൽ പറഞ്ഞ ട്രോളിനു വക നൽകുന്ന ഒന്ന് - ''ഞാൻ അമേരിക്കയ്ക്ക് വേണ്ടി ഒരു പാട് ത്യാഗം ചെയ്തിട്ടുണ്ട്. ബിസിനസ്സ് ചെയ്തും അതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും''.   ത്യാഗത്തിന്റെ അർത്ഥമെന്താണെന്നു ഒന്ന് കൂടി പഠിക്കണമെന്നു മിസ്സിസ് ഖാൻ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയത് ഇന്ന് വാർത്തയായിരിക്കുകയാണ്.

സമാന പ്രസംഗകർ നമ്മുടെ നാട്ടിലുമുണ്ടല്ലോ. സുബ്രു സാമി,  ഉണ്ണിത്താൻ, ആർ. ബാലകൃഷ്ണ പിള്ള, വൺ ടു ത്രീ  മണി,  പി.സി. ജോർജ്ജ് തുടങ്ങിയവരൊക്കെ. എന്താ എപ്പഴാ എവിടെവെച്ചാ പറയുന്നതെന്നതിനെ കുറിച്ച് ഒരു ബെല്ലും ബ്രെയ്ക്കും ഇല്ലാത്ത ആൾക്കാർ. അങ്ങ് വടക്കേ ഇന്ത്യയിലാണെങ്കിൽ എണ്ണിയാലും തീരില്ല ഈ സൈസ് ''മാസ്സു''കൾ.

ഇമ്മാതിരി മനുഷ്യമാരൊക്കെ ജയിച്ചു കയറി നാളെ  അമേരിക്കയെന്ന കുതിരപ്പുറത്തു ഇരുന്ന് കടിഞ്ഞാൺ പിടിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ? പിന്നെ കടിഞ്ഞാണിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണല്ലോ.

ചില  സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണാറില്ലേ ഒന്നോ രണ്ടോ  ''മരണ മാസ്സുകൾ''. അത് പോലെ ആയിട്ടുണ്ട് ട്രാംപ് ലോക മീഡിയയിൽ. ഫുൾ കോമഡി.  സ്ഥലകാല ബോധം ഉണ്ടാകില്ല. ഔചിത്യബോധമോ ? നാസ്തി. സാമാന്യബോധം ? അതിന്റെ കാര്യം പറയാനുമില്ല.  ഇവരോടൊക്കെ എഴുതി വായിക്കാൻ പറയുന്നതായിരിക്കും ഒന്ന് കൂടി നല്ലത്, വായിക്കുന്നതിന് മുമ്പ് നാലാൾ വായിച്ചു ഉറപ്പും വരുത്തണം വേണ്ടാത്തതൊന്നും അതിൽ ''പെട്ട്'' പോയിട്ടില്ലെന്ന്.

വാഷിംഗ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈംസും കാപ്സ്യൂൾ ന്യൂസിൽ പ്രസിദ്ധമായ റോയിട്ടറും  ഇപ്പോൾ ഈ ''വ്യാപാരി''യുടെ നാക്കുളുക്കൽ എഴുതാനേ സമയം കണ്ടെത്തുന്നുള്ളൂ. ഇനിയിപ്പോൾ അതും ഒരു പബ്ലസിറ്റിയുടെ  ഭാഗമാണോ ?
______________________
browse  www.RTpen.blogspot.com 

Sunday, 31 July 2016

ആഗസ്ത് വഴി പോകുമ്പോൾ ..... / അസ്‌ലം മാവില

ആഗസ്ത് വഴി പോകുമ്പോൾ .....

അസ്‌ലം മാവില

നാളെ ആഗസ്ത് തുടങ്ങുന്നു. ചില ആഗസ്ത് വിശേഷങ്ങൾ   ഇവിടെ പങ്ക് വെക്കുന്നു. ഇന്ത്യയ്ക്ക് സ്വാന്തന്ത്ര്യം കിട്ടിയതടക്കം ഒരു പാട് പ്രത്യേകതകൾ ആഗസ്റ്റിനുണ്ട്.

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945-ലെ ആറ്റംബോംബ് വർഷം ഉണ്ടായത് ഒരു ആഗസ്റ്റിലാണ്. ഹിരോഷിമയിൽ ബി-29 എന്ന പേരിലുള്ള ബോംബർ ആഗസ്ത് 06-ന് ഭൂമിയിൽ ആപതിച്ചു. നാഗസാക്കിയിൽ ആഗസ്ത് 09-നും. മൊത്തം 1,75,000 പേർ തൽക്ഷണം മരണത്തിനു കീഴടങ്ങി. അത്ര തന്നെയോ അതിലധികമോ പേർ തുടർന്ന് നരകയാതന പേറി മരണപ്പെട്ടു. ജപ്പാൻ ബോംബ് വർഷത്തിന് കൃത്യം 06  കൊല്ലം മുമ്പാണ് ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിനു ഒരു കത്തെഴുതുന്നത് - അതിലെ ഉള്ളടക്കം ''Mr . President , A single bomb of this type carried by boat and exploded in a port, might very well destroy the whole port together with some of the surrounding territory. (ഈ തരത്തിലുള്ളവ (ആറ്റമിക് ആയുധങ്ങൾ)വയിൽ ഒന്ന് ബോട്ടിൽ ഘടിപ്പിച്ചു ഒരു തുറമുഖത്ത് സ്ഫോടനമുണ്ടാക്കിയാൽ,  സമീപ പ്രദേശമടക്കം തുറമുഖം മുഴുവനും നാശനഷ്ടമുണ്ടായേക്കാം ).  ആറ്റംബോംബ് വർഷിക്കാൻ അമേരിക്ക ഹിരോഷിമയിലെ  തുറമുഖം തെരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നർത്ഥം.

ഒരു പക്ഷെ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിമറിയാൻ കാരണമായ ഇറാഖിന്റെ  കുവൈറ്റ് അധിനിവേശവും ഒരു ആഗസ്റ്റിലാണ് - 1990.  അമിത പെട്രോൾ ഉത്പാദനം നടത്തുകയും മാർക്കറ്റിൽ വിലയിടിച്ചു ഇറാഖിനെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് കുവൈറ്റെന്നും  ഞങ്ങളുടെ ചരിത്ര വായനയിൽ കുവൈറ്റ് ഇറാഖിന്റെ ഭാഗമാണെന്നും പറഞ്ഞാണ് അന്ന് സദ്ദാം ഹുസ്സൈൻ രാത്രിക്ക് രാമാനം കുവൈറ്റിൽ നുഴഞ്ഞു കയറിയത്. തുടർന്ന് നടന്ന 100 മണിക്കൂർ സഖ്യകക്ഷി യുദ്ധം.  അത് കഴിഞ്ഞു  നടന്ന സംഭവവികാസങ്ങൾ.  സദ്ദാം വധം. തുടർന്ന് ഇന്ന് വരെ നടന്നു  കൊണ്ടിരിക്കുന്ന പ്രഹേളികകൾ !ഒരാൾക്കും ഒരുത്തരവും കിട്ടാത്തത്.

75 വർഷത്തെ സോവ്യറ്റ് യൂണിയന്റെ പതനം തുടങ്ങിയതും ആഗസ്റ്റിൽ, 1991. ഗോര്ബച്ചേവിനെതിരെ നടക്കുന്ന അട്ടിമറി. അന്ന് ജനാധിപത്യ നവീകരണ വാദിയെന്ന് അറിയപ്പെട്ടിരുന്നു യെൽസ്റ്റിൻ  72 മണിക്കൂറിനുള്ളിൽ   തീവ്രകമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ അട്ടിമറിയെ അതിജീവിച്ചു മുന്നേറുന്നു. തുടർന്ന് അധികാരത്തിലെത്തുന്നു. അതെ വര്ഷം ഡിസംബറോടു കൂടി സോവ്യറ്റ് യൂണിയന്റെ ശൈഥില്യം   പൂർത്തിയാകുന്നു.  ലോക ശീതയുദ്ധ വിരാമത്തിനും അമേരിക്കയുടെ ഒറ്റയാൻ മേൽക്കോയ്മയ്ക്കും ആ സംഭവ വികാസങ്ങൾ മതിയായ കാരണങ്ങളുമായി.

നൂറ്റാണ്ടിലെ രാഷ്ട്രീയ ഇതിഹാസം നെൽസൻ മണ്ടേലയെ വർണവിവേചനഅധികാരികൾ  അറസ്റ്റ് രേഖപ്പെടുത്തുന്നതും ഒരു ആഗസ്റ്റിലാണ്, 1962. അഞ്ചു  വർഷം തടവ് ആദ്യം.അകത്തും പുറത്തുമുള്ള   മണ്ടേലയെ ഭയന്ന് 1964-ൽ   ഭരണകൂട അട്ടിമറി ശ്രമമാരോപിച്ചു ജീവപര്യന്തം തടവ് ശിക്ഷ. 1980-കളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങി വെച്ച മണ്ടേല അനുകൂല നീക്കങ്ങൾ ഭരണകൂടത്തിന്റെ  കാരിരുമ്പ്നിയമത്തെ അതിജയിക്കാൻ കാരണമായി. 1993-ൽ 27 വർഷത്തെ ഇരുട്ടറ ജീവിതത്തിൽ നിന്നും എഴുപത്തിഒന്നാം വയസ്സിൽ  സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക്... ( 1996 -ൽ  ദമാസ്‌ ജ്വല്ലറി & ഡയമണ്ട്സ്ന്റെ അതിഥിയായി ദുബായിലെ ന്യൂ ഗോൾഡ് സൂഖ് ബിൽഡിങ്ങിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ അദ്ദേഹമെത്തിയതും കൂട്ടത്തിൽ ഓർക്കുന്നു  ). പിന്നെ കണ്ടത് മണ്ടേല യുഗം. ഒരു വെളുപ്പിലും വെളുപ്പാൻ കാലത്തും കാണാത്ത പ്രകാശം ആ കറുത്ത മുത്തിൽ...

നൂറ്റാണ്ടുകൾ  ദർശിച്ച അത്യാപത്തുകളിൽ ഒന്നായ സർവ സംഹാരിയായ അഗ്നിപർവ്വതം (ഒരു പക്ഷെ ചരിത്രത്തിൽ തന്നെ വലുത്) പൊട്ടിയതും ആഗസ്റ്റിൽ. രണ്ടായിരം മൈലുകൾക്കപ്പുറം അതിന്റെ ശബ്ദ വീചിയെത്തി. 120 അടി ഉയരത്തിൽ ഉരുത്തിരിഞ്ഞ അതിന്റെ വേലിയേറ്റ തരംഗങ്ങൾ 37000 -ൽ അധികം പേരുടെ ജീവൻ കവർന്നു. അഞ്ചു ക്യൂബിക് (ഘനമാനം) മൈൽ വിസ്താരം ഭൂമിയാണ് പുറത്തേക്ക് തെറിച്ചത്, അതും 50 മെയിൽ ഉയരത്തിൽ ! ഭൂമിക്കടിയിലെ അതിഭയാനകമായ ക്രോധം ജീവജാലങ്ങൾ കണ്ടത് ആഗസ്ത് 26, 1883.

1947 ആഗസ്ത് 15. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് പ്രതീക്ഷ നൽകി ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട മാസം വന്നതും ആഗസ്റ്റിൽ. ജനാധിപത്യം ശ്വസിക്കാനും അനുഭവിക്കാനും പറയാനും പ്രവർത്തി പഥത്തിൽ കൊണ്ട് വരാനും നമുക്ക് സ്വാതന്ത്യ്രം ലഭിച്ച മാസം.

സെപ്റ്റമ്പറിന്റെ വർത്തമാനവുമായി വരുന്നത് വരെ എന്നെ കാത്തിരിക്കൂ ....

ഉപകാരപ്പെടുന്നതെങ്കിൽ share ചെയ്യുക . Browse  www.RTpen.blogspot.com