Monday, 18 July 2016

ബ്രിട്ടനിലെ പ്രതിസന്ധിയും ചില വസ്തുതകളും - അസ്‌ലം മാവില

നിരീക്ഷണം  27 JUN 2016

ബ്രിട്ടനിലെ പ്രതിസന്ധിയും
ചില വസ്തുതകളും

അസ്‌ലം മാവില

ബ്രിട്ടനിലെ കുടിയേറ്റവും തീവ്രവാദ ഭീഷണിയും പരസ്പരം കൂട്ടികെട്ടരുത്.  നാമം മാത്രമായ തീവ്ര വാദ ഭീഷണികളെ നേരിടുന്നതിൽ കഴിവ് കേട്ട സുരക്ഷാ സംവിധാനമാNo ബ്രിട്ടനിലുള്ളത് ? അത് തന്നെ ആ രാജ്യത്തെ നാം കൊഞ്ഞനം കുത്തുകയാണ്. 

എന്ത് കൊണ്ടാണ് BrEXIT പക്ഷം ജയിച്ചതും REMAIN പക്ഷം പിന്നോട്ട് പോയതെന്നും വിലയിരുത്താൻ സാമ്പത്തിക രാഷ്രീയ സാമൂഹിക നേതൃത്വം  ഇനിയും തയ്യാറാകണം. അവരുടെ പ്രചാരകരായി മാധ്യമങ്ങൾക്കും പ്രധാന പങ്കുണ്ട്.  ഇവിടെയുള്ള ഏതാനും ക്ഷിപ്ര  കമന്റ്സ് മൊതലാളിമാരെ സുഖിപ്പിക്കാൻ വേണ്ടി ഒരു മാധ്യമവും  പേന എടുക്കരുത്. ഒരു അന്തി ചർച്ചയും നടത്തരുത്.

കുടിയേറ്റ ഭീഷണി നേരിടുന്നത് ഈ.യു. വിലെ സഖ്യ രാഷ്ട്രങ്ങളിലെ പൗരന്മാരെയാണ്. അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അല്പം കാശും സൗകര്യവും കിട്ടുന്ന സ്ഥലത്തേയ്ക്ക് ആരും ജോലി നോക്കി പോകും. പിന്നെയും കുറച്ചു കൂടി സുരക്ഷായുള്ള സ്ഥലങ്ങളിലേക്കെ യൂറോപ്പ്യന്മാർ ജോലി നോക്കി പോവുകയുള്ളൂ.

സാധാരണ ഏതു രാജ്യത്തുമുള്ള സ്വദേശികൾ  പോലെ പൊതുവെ ജോലിയുടെ കാര്യത്തിൽ ഉറക്കം തൂങ്ങികളാണ് ബ്രിട്ടനിലെ ജനതയും. സ്ത്രീകളാണ് പിന്നെയും അവിടെ ജോലിയിലും പഠനത്തിലും താല്പര്യം കാണിക്കുന്നത്. ശ്രീലങ്കയിലെ പോലെ ആണുങ്ങൾ കുടിച്ചും മദിച്ചും ജീവിതം കൂത്താടാനുമാണ് താല്പര്യം. അത്യാവശ്യം ബിസിനസ്സ് നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ താരതമ്യേനെ കുറഞ്ഞ ശമ്പളത്തിൽ ഉത്തര വാദിത്തത്തോടെ പണിയെടുക്കുന്നവരേ അവിടെ നിർത്തൂ.  സ്വന്തം രാജ്യത്ത് കിട്ടുന്നതിനേക്കാളും സൗകര്യം തങ്ങൾക്ക് ബ്രിട്ടനിൽ  കിട്ടുമ്പോൾ സ്വാഭാവികമായും കുടിയേറ്റം കൂടുക സ്വാഭാവികം.  ബംഗാളി - പാകിസ്ഥാനി - ഇന്ത്യൻ - ഫിലി- നേപ്പാൾ തുടങ്ങിയ മൂന്നാം ലോക  വംശജർക്ക് അവിടെ എന്ത് ജോലിയാണ് കിട്ടുക എന്നു അവിടെ ഉള്ളവർ പറയട്ടെ.

കോമൺമാനിനു ആവശ്യമായ വസ്തുക്കൾ മിതമായ വിലയ്ക്ക് ബ്രിട്ടൻ ബ്രാൻഡഡ് വസ്തുക്കൾ ഉണ്ടെങ്കിൽ അവിടെയും ചെലവാകും. ഇല്ലെങ്കിൽ ചൈന പോലുള്ള രാജ്യങ്ങൾ വിപണി കീഴടക്കും. (ചൈന മാൽ ബാക്കിയുള്ളവർ കരുതുന്നത് പോലെ    മുഴുവൻ ക്വളിറ്റി കുറഞ്ഞതല്ല. ). ഓരോ ഏരിയക്കാരുടെ അഭിരുചിക്കും മുടക്കുന്ന കാശിനു അനുസരിച്ചും അവർ ''വഹകൾ'' ഉണ്ടാക്കി തരുമെന്ന് ഒരു വട്ടമെങ്കിലും ഫെയറിനു ഫാർ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചവരോട് ചോദിച്ചാൽ അറിയാം.  അല്ലാതെ അതിരാവിലെ ഓൺലൈനിൽ കുത്തിയിരുന്ന് അസഹിഷ്ണുതയ്ക്ക് വക നോക്കുന്നവർക്ക് എന്ത്  ''ഫെയർ'' എന്ത് ''ഫയർ'' ? ആടെന്നതറിഞ്ഞു അങ്ങാടി വാണിഭം ?

ബ്രിട്ടൻ ഒരു പക്ഷെ പിടിച്ചു നിൽക്കുന്നത് തന്നെ മെഡിക്കൽ അടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസ്റ്റു വരുമാനങ്ങൾ കൊണ്ടുമാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് ? BrEXIT അനുകൂലികൾക്ക് അപ്പം കിട്ടാൻ പ്രയാസപ്പെടുമ്പോൾ അതു മനസ്സിലാകും, തങ്ങൾ ചെയ്തത് മരമണ്ടത്തരം ആയിപ്പോയെന്നു. തമിഴന്മാരുടെ ബുദ്ധിയുടെ ലെവലിനപ്പുറം ഇവരും പോയിട്ടില്ല. ചില രക്ത സമ്മർദ്ദ രാഷ്ട്രീയ നേതൃത്വം തരുന്ന തെറ്റായ സന്ദേശവും കുറച്ചു ഓഫറുകളും കിട്ടുമ്പോൾ രാഷ്ട്രത്തിന്റെ വരും വരായ്കകൾ എന്താണെന്ന് ചിന്തിക്കില്ല. 

ഈ.യു. ആസ്ഥാനമായ ബ്രസ്സൽസും ഒരല്പം മസ്സിൽ പിടുത്തം ഒഴിവാക്കിയിരുന്നെങ്കിൽ ബ്രിട്ടനിൽ BrEXIT വിജയം വരിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യൂറോയുടെ ആടിക്കളിയും ക്ലച്ചു പിടിച്ചിട്ടില്ല. യൂറോപ്പ്യൻ യൂണിയൻ നല്ലത് തന്നെ, യൂറോ തികഞ്ഞ പരാജയമെന്നാണ് ഇഗ്ളീഷുകാരുടെ പക്ഷം.  തങ്ങളുടെ രാഷ്ട്ര താല്പര്യങ്ങളെ മറികടക്കുന്ന നിലപാടുകൾ യൂറോപ്യൻ യൂണിയൻ കൈകൊള്ളുന്നുവെന്നതും പൊതുവെ ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിവരിൽ നിന്നു കേൾക്കുന്നതും ബ്രസ്സൽസ് ചെവി കൊണ്ടില്ല. ഗ്രീസിനെക്കാളും മുമ്പിൽ ഫ്രാൻസ് ആയിരിക്കും അടുത്ത EXIT അടിച്ചു പോകാൻ കൂടുതൽ സാധ്യത.  എന്റെ കൂടെ ജോലി ചെയ്യുന്ന ജ്യോർജിയോ  എന്ന ഗ്രീസുകാരനായ  മെക്കാനിക്കൽ എൻജിനീയർ ഒരു രക്ത സമ്മർദ്ദ ഗ്രൂപ്പിൽ പെട്ട  കക്ഷിയാണ്. അയാളെ പോലുള്ളവർക്ക് ഇതൊക്കെ പ്രചോദനമാകുമായിരിക്കും. 

മുമ്പത്തെ പോലെയല്ലല്ലോ ആഗോള സാമ്പത്തിക നിലയും നിയന്ത്രണവും. പല ഫാക്ടേർസും ഉണ്ട്. അവ സാധാരണ ജനങ്ങൾ അറിഞ്ഞു കൂടണമെന്നുമില്ല. മനുഷ്യ സമ്പത്തു അടക്കം  വിറ്റഴിക്കാനും വാങ്ങിപ്പിക്കാനും മയത്തിലും ആയത്തിലും സാധിക്കുന്നവർക്കേ ഇനി ഭാവിയുള്ളൂ. കമ്പോളവും കച്ചവടക്കാരനും സ്വസ്ഥത കിട്ടിയാലേ ഇനിയങ്ങോട്ട് മുന്നോട്ട് പോകാനാവൂ.  മസ്സിൽ പിടിച്ചവനൊക്കെ അനുഭവിക്കുമ്പോൾ അറിയും.


കൂട്ടാത്തതിൽ പറയട്ടെ, അസഹിഷ്ണുതാ വിവാദങ്ങളും ചില നിർബന്ധിത നിരോധങ്ങളും ചൂട് പിടിക്കുന്ന ഇന്ത്യയിൽ അതിനെതിരെ   ആർ. ബി. ഐ. ഗവർണർ രഘുറാം രാജനെ പോലുള്ളവർ വിമ്മിഷ്ടം അറിയിച്ചത്   വെറുതെ ആയിരിക്കില്ലല്ലോ.  (അദ്ദേഹത്തിന്റെ കസേര ഇളക്കാൻ നിലവിലെ ഭരണ കൂടം കണ്ട കാര്യങ്ങളിൽ ഒന്നു ഇതും കൂടിയാണെന്നത് അരമന രഹസ്യം. സുബ്രു സാമിയെ മുന്നിൽ നിർത്തി  ശ്രദ്ധ തിരിച്ചു വിട്ടത് ജെയ്റ്റ്‌ലി കുതന്ത്രം മാത്രം ).  എല്ലാം ''മഹല്ലി'' (സ്വദേശം) എന്നു പറഞ്ഞു നടന്നാൽ രണ്ടു മൂന്ന് നൂറ്റാണ്ട് പിന്നോട്ടേക്ക് കാളവണ്ടിയെ തിരിക്കേണ്ടി വരും.  

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ... - ASLAM MAVILAE

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ...

നാട്ടിൽ ഇപ്പോൾ ചിലർ ഒറ്റയ്ക്കും കൂട്ടായും ബുക്കും പെന്നുമായി ഇറങ്ങിയിട്ടുണ്ട്. പേര് സർവ്വേ. എന്ത് സർവ്വേ  ? എവിടത്തെ സർവ്വേ ? വന്നവന് അറിയില്ല. പിന്നെ ? കുറെ ഡാറ്റാസ് ചോദിക്കും. എന്തിനു  ?  അതും വന്നവന് അറിയില്ല.

എന്ത് ചെയ്യണം ? അവർ ആരാണ് ? എന്താണ് ഡെസിഗ്നേഷൻ ? ഏത് സ്ഥാപനത്തിൽ ജോലി ? ഐഡന്റിറ്റി കാർഡ് ?  ഇതിന് ഇറങ്ങി പുറപ്പെട്ടവന്റെ  മേലുദ്യോഗസ്ഥന്റെ കടലാസ് ? പത്ര കട്ടിങ് ?  അതൊക്കെ അന്വേഷിക്കണം. വന്ന സ്ഥിതിക്ക്  നിങ്ങളുടെ ഒരു ഫോട്ടോ എടുക്കുന്നതിൽ വിരോധമുണ്ടോ എന്നും ചോദിക്കുക. ഉടനെ നിങ്ങളുടെ വാർഡ് മെമ്പറെ വിളിക്കുക. നിങ്ങളുടെ അടുത്ത ബന്ധുക്കളെ, അയൽവീട്ടുകാരെ, ഉത്തരവാദ പെട്ടവരെ എല്ലാവരെയും വിളിച്ചു  അന്വേഷിക്കുക. സംഭവം ന്യായമെങ്കിൽ സർവ്വേ വിവരം മാത്രമല്ല, ആണുങ്ങളുള്ള വീടാണെങ്കിൽ സർബത്തും കൊടുത്തു വിടുക.   അല്ലെങ്കിൽ ''സർവ്വത്താലും'' ഒന്നും പറഞ്ഞു കൊടുക്കരുത്.  നാട്ടാരെ നന്നാക്കികളയാം എന്നു തീരുമാനിച്ചു ഒരു ഉദ്യോഗസ്ഥനും സർവ്വേ എന്നും പറഞ്ഞിറങ്ങില്ല.  കാരണമില്ലെങ്കിൽ സംതിങ് റോങ്.

ഇല്ലെങ്കിൽ ''സാർ , വാ'' എന്നു തന്നെ സർവ്വേയുടെ പേരും പറഞ്ഞു   അയച്ചവനെ വിളിച്ചു പറയുന്നത് വരെ അവിടെ ഇരുത്തുക. മീഡിയ, പോലീസ് അറിയിച്ചു വിവരം കൈമാറുക.  പണ്ട് ചേര പോയ കഥ പോലെ ആകരുത്, ഇനി ഒരിക്കലും അപരിചിതൻ നമ്മുടെ നാടുകളിൽ വന്നു വിളവത്തരം കാണിച്ചു പോകാൻ. കുറച്ചു ദിവസങ്ങൾ മുമ്പല്ലേ വാനിൽ വന്നു തൊട്ടടുത്തുള്ള  പെണ്ണുങ്ങൾ ബഹളം വെച്ചപ്പോൾ ഓടിക്കളഞ്ഞത്.

ജാഗ്രത, മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടിടത്തു ഉപയോഗിക്കുക എല്ലാവരും. 

തുർക്കിയിൽ സംഭവിക്കുന്നതെന്ത് ?/ അസ്‌ലം മാവില

തുർക്കിയിൽ സംഭവിക്കുന്നതെന്ത് ?   16 July 2016http://www.kvartha.com/2016/07/what-is-happening-to-in-turkey.html

അസ്‌ലം മാവില

എട്ടു രാജ്യങ്ങളാൽ അതിർത്തി പങ്കിടുന്ന തുർക്കിയിൽ ഇന്നലെ നടന്ന പട്ടാള വിപ്ലവ ശ്രമം പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ലെന്നു വേണം കരുതാൻ. തുർക്കിയുടെ തെക്ക് പടിഞ്ഞാറുള്ള റിസോർട്ടിൽ  പ്രസിഡന്റ്  വിശ്രമിക്കാൻ പോയ നേരത്താണ് പട്ടാള വിപ്ലവ ശ്രമം നടക്കുന്നത്.  എർദോഗാൻ ഇസ്ലതാംബൂളിക്ക് പറന്നയുടനെ റിസോർട്ടിൽ ബോംബാക്രമണം നടക്കുകയും നാലിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.  വളരെ കരുതലോടെയുള്ള പ്ലാനായിട്ടാണ് അട്ടിമറിശ്രമത്തെ കാണേണ്ടത്. ഇതു വരെ 734 പേരെ അറസ്റ്റ് ചെയ്തെന്നു തുർക്കി നീതി ന്യായ വകുപ്പ് മാതിരി ബെക്കിർ ബൊസ്താഗ് പുതിയ പത്രക്കുറിപ്പിൽ അറിയിച്ചു.  ഇന്നലെ തുർക്കി തലസ്ഥാനമായ അങ്കാരയിൽ ഏതാനും ഹെലികോപ്റ്ററുകളും എയർപോർട്ടുകൾ കയ്യടിക്കിയാണ് വിമത സൈന്യം പട്ടാള അട്ടിമറിക്ക് ശ്രമം നടത്തിയത്. ജനാധിപത്യ സംവിധാനം നിലനിർത്തുന്നതിലുംജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും  നിലവിലുള്ള ഭരണകൂടം  പരാജപ്പെട്ടുവെന്നായിരുന്നു സൈനികർ അട്ടിമറി ശ്രമത്തിനു കാരണമായി പ്രസ്താവന പുറപ്പെടുവിച്ചത്.  തുർക്കി പാർലമെന്റിനു മന്ദിരത്തിനു നേരെയും ആക്രമണം നടന്നുവെന്നും നേരത്തെ  റിപ്പോർട്ടുണ്ട്.

ഇറാനും സിറിയയും ഇങ്ങു ഗ്രീസ് വരെ തുർക്കിയുടേത് അയൽരാജ്യങ്ങളാണ്.  600 വർഷത്തിലധികം ഓട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു തുർക്കി. 1923 മുതലാണ് തുർക്കി സ്വാതന്ത്രമാകുന്നത്. (കൃത്യമായി പറഞ്ഞാൽ ഒന്നാം ലോകമഹാ യുദ്ധാനന്തരം.). അതു വരെ വ്യത്യസ്ത സാമ്രാജ്യത്വത്തിനും ഭരണകൂടത്തിനും കീഴിലായിരുന്നു തുർക്കി. മുസ്തഫ കമാൽ പാഷയ്ക്ക് ഇതിൽ നിർണായ പങ്കുമുണ്ട്. ഓട്ടാമൻ ഭരണ കൂടം തകർച്ചയും  ഒന്നാം ലോകമഹായുദ്ധത്തിലെ നിർണ്ണായക സംഭവം കൂടിയായിരുന്നു.

തുർക്കി  അമേരിക്കയുടെ കൂട്ടുകാരനാണ്. അവിടെയുള്ള ജനസംഖ്യയിൽ 30 ശതമാനത്തോളം അമേരിക്ക, ഗ്രീസ്, ഇസ്രയേലികളിൽ പെട്ടവരാണ്. തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തെ അമേരിക്ക അപലപിച്ചു. ജനാധിപത്യ സംവിധാനം നിലനിർത്താൻ തന്റെ രാജ്യത്തിന്റെ എല്ലാ പിന്തുണയും  അമേരിക്കൻ പ്രസിഡന്റ് ഒബാമ  അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ''ആരാണോ നിലവിൽ തുർക്കിയിലെ ഭരണകൂടം അവർക്കാണ് തുർക്കിയിൽ തങ്ങിയ  റഷ്യൻ പൗരന്മാരെ തിരിച്ചയയ്ക്കാൻ ഉത്തര വാദിത്വം.'' പുടിന്റെ ഈ പ്രസ്താവനയുടെ വരികൾക്കിടയിലെ അർത്ഥം  രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്.

രണ്ടാം ലോകമഹാ യുദ്ധത്തോടെയാണ് തുർക്കി അടവ് നയം തുടങ്ങിയത്. സോവ്യയറ്റ് യൂണിയനുമായി തെറ്റി. അമേരിക്കയുമായി ചങ്ങാത്തമായി. അതിന്റെ സമ്മാനമായി നാറ്റോയിൽ അംഗത്വവും കിട്ടി. അമേരിക്ക തുർക്കിയെ നന്നായി ഉപയോഗിച്ചു. ഇസ്രായിലിനും തുർക്കിയുടെ ചങ്ങാത്തം പിന്നീട് ആവശ്യമായി. നിലവിൽ കുർദ്ദുകളുടെ ആഭ്യന്തര പ്രശ്നവും ഗ്രീസുമായി അതിർത്തി തർക്കവും ഉണ്ട് താനും.
ഗ്രീസിനും തുർക്കിക്കുമിടയിൽ ഒഴുകുന്ന മേറിസ് നദിയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല പറയാനുള്ളത്. കാൽക്കോടിയിലധികം വിനോദ സഞ്ചാരികളെത്തുന്ന സൈപ്രസിനെ ചൊല്ലിയാണ് ഇവരുടെ തർക്കം. ഇതൊരു ദ്വീപ് രാജ്യമാണ് താനും. തുർക്കി അതിന്റെ മൂന്നിലൊന്നു അമേരിക്കയുടെ മൗനാനുവാദത്തോടു കൂടി  പിടിച്ചെടുത്തതിന് ശേഷമുണ്ടായ സംഭവികാസങ്ങൾ ഇപ്പോഴും അപരിഹാര്യതർക്കമായി തുടരുന്നു. തുർക്കി സഹായത്തോടു കൂടി ഒരു രാഷ്ട്രീയ സംവിധാനം അവിടെ തുടരുന്നുമുണ്ട്.

ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് തുർക്കിയിൽ തയ്യിപ് എർദോഗാനിന്റേത്. അദ്ദേഹത്തിന്റെ പ്രതിയോഗിയും അമേരിക്കയിൽ പ്രവാസം നയിക്കുകയും ചെയ്യുന്ന ഫെതുല്ലാഹ് ഗുലനാന്റെ ഗൃഹപാഠമാണ് പട്ടാള അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് പുതിയ ആരോപണം. ഷാ ഭരണ കാലത്തെ പ്രവാസം നയിച്ചു ഖുമൈനി നടത്തിയ  തീപ്പൊരി പ്രസംഗം പോലെ ഫെതുല്ലായുടെ പ്രസംഗങ്ങൾ വിമത നീക്കത്തിന് ആക്കം കൂട്ടിയെന്നു എർദോഗാൻ ആണയിടുന്നു.  അതേസമയം അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന ഫെതുല്ലാഹ് ഈ ആരോപണം നിഷേധിച്ചു.  ''കെട്ടിച്ചമച്ചത്'' എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്..
പട്ടാള അട്ടിമറി ശ്രമം നടന്നപ്പോൾ സിറിയയിലെ ഒരു വിഭാഗം ആഘോഷപ്രകടനം നടത്തിയതും  ഗ്രീസ് അർത്ഥ ഗർഭമായി മൗനം പാലിക്കുന്നതും  ഇറാൻ എർഡോഗാണിന് പരസ്യമായി പിന്തുണ നൽകിയതും വരും ദിനങ്ങളിൽ വാർത്തകൾക്ക് വക നൽകും. തുർക്കിയിലെ രണ്ടു പ്രധാന പ്രതിപക്ഷ പാർട്ടികളായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയും നാഷണൽ മൂവ്മെന്റ് പാർട്ടിയും തങ്ങൾ പട്ടാള അട്ടിമറി ശ്രമത്തിനു കൂട്ടു നിന്നിട്ടില്ലെന്നു പ്രസ്താവന ഇറക്കിയിട്ടുണ്ട്.  ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ തുർക്കി രാഷ്ട്രത്തിലെ നിലവിലെ സംവിധാനത്തോടൊപ്പമാണെന്നും പ്രതിപക്ഷ പാർട്ടി നേത്രുത്വങ്ങൾ പറഞ്ഞു കഴിഞ്ഞു.  അതേസമയം, അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചവർ യാതൊരു ദയയും അര്ഹിക്കുന്നില്ലെന്നും അർഹിക്കുന്ന  ശിക്ഷ അവരെ കാത്തിരിക്കുകയാണെന്നും  തുർക്കി പ്രധാനമന്ത്രി ബിനാലി ഇൽഡ്രിം അറിയിച്ചു.

ഫ്രാൻസിൽ മിനിഞ്ഞാന്ന് നടന്ന ഭീകരാക്രമണത്തെ അപലപിച്ചു ഫ്രാൻസാനുകൂല നിലപാടുപാടുമായി ഇന്നലെ ടർക്കിഷ് ഭരണകൂടം ഐക്യദാർഢ്യമാചരിക്കുന്ന ദിവസം തന്നെ ഈ ഒരു അട്ടിമറി ശ്രമമുണ്ടായത് ലോക രാഷ്ട്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും കരുതലോടെയാണ് നോക്കി കാണുന്നത്.

ഇന്ത്യൻ സമൂഹത്തിനു തുർക്കിയിൽ യാതൊരു ഭീഷണിയുമില്ലെന്നും എല്ലാവരും സുരക്ഷിതരെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ആരും പുറത്തിറങ്ങരുതെന്നും തങ്ങളുടെ താമസ സ്ഥലത്തു തന്നെ കഴിഞ്ഞു കൂടാനും  എംബസിയിൽ നിന്ന് ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ വിദേശകാര്യ ഔദ്യോഗിക വക്താവ്  വികാസ്പ സ്വരൂപ്  അറിയിച്ചു.

പട്ടാള വിപ്ലവം ആധുനിക തുർക്കിക്ക് പുതിയതല്ല.  കമാലിസത്തിനു (ഇസ്‌ലാമിക പാരമ്പര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടു  നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ വിഷയത്തിൽ കമാൽ പാഷ വിഭാവനം ചെയ്ത തുർക്കിയിൽ പ്രയോഗവൽക്കരിച്ച  തത്ത്വങ്ങൾ) ശേഷം തുർക്കിയിൽ ഇതിനു മുമ്പും നാലിലധികം തവണ പട്ടാള വിപ്ലവം നടന്നിട്ടുണ്ട്.  അതിന്റെ പ്രയാസങ്ങൾ തുർക്കി ജനതയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും   നന്നായി അറിയാം.
ഇതാദ്യമായാണ് പതിവിലും വിപരീതമായി തുർക്കി പോലെയുള്ള ഒരു  രാജ്യത്തു  പൊതു ജനങ്ങൾ നിരത്തിലിറങ്ങി രക്ഷാ കവചം തീർത്തു പട്ടാള അട്ടിമറി ശ്രമ ത്തെ ചെറുത്തു നിൽക്കുന്നത്. വിമത സൈനികരെ ചെറുക്കാൻ തങ്ങളുടെ വാതിൽ തുറന്നു തെരുവിലിറങ്ങണമെന്നു ആവശ്യപ്പെടുമ്പോൾ ശിരസാ വഹിക്കാൻ ജനങ്ങൾ തയ്യാറായതും അത് ആവശ്യപ്പെടുന്ന പ്രസിഡന്റിൽ എന്തെങ്കിലും ഗുണഗണങ്ങൾ കണ്ടായിരിക്കുമല്ലോ.  പൊതു സമൂഹത്തിന്റെ വികാരം മനസ്സിലാക്കി  പ്രതിപക്ഷവും അവസരത്തിനൊത്തു ഉയർന്നതിലും നല്ല സന്ദേശമുണ്ട്.


തുർക്കിയിൽ നിലവിലുള്ള ജനാധിപത്യ സംവിധാനം തന്നെ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. അട്ടിമറിയുടെ പിന്നിൽ നടന്ന  അണിയറ നീക്കങ്ങൾ  ഉടനെ പുറത്തു വരുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ഒരു പക്ഷെഅപ്രതീക്ഷിതമായി ലോക രാഷ്ട്രങ്ങളിലെ മുന്നണികളിൽ നിൽക്കുന്ന ഒന്നു രണ്ടു  രാജ്യങ്ങളിലേക്കൊന്നിനു നേരെ പാഴായെന്നു പറയുന്ന അട്ടിമറി ശ്രമത്തിന്റെ വിരൽ  ചൂണ്ടിയാലും അത്ഭുതപ്പെടാനില്ല.

Monday, 6 June 2016

Muhammad Ali cley


മിനികഥ / മാoസഭുക്ക് / ഹാരിസ് കുന്നിൽ

ഹാരിസ് കുന്നിൽ
___________________

''ഹേ കുഞ്ഞീ  ..  ഒരു പ്ലൈറ്റ്  ...ഇങ്ങ് താ   കുഞ്ഞീ ...''
ഒഴിഞ്ഞു മാറാൻ പലവട്ടം  നോക്കിയിട്ടും അയാളുടെ ''കുഞ്ഞീ''  വിളിയിൽ അവൻ വീണു.

''ഊഫ്‌ഫ്  ..ഇയാൾക്കിത് എത്രാമത്തെ പ്ലൈറ്റാ കൊടുക്കേണ്ടത് റബ്ബേ.....,  ''മാറ്റ്''ചോറ് ടേബിളില്  ബെച്ചിട്ടുണ്ട്  അയിൽന്ന് ഇയാള്  എട്ക്കേല...''  പിറുപിറുത്ത് കൊണ്ട് അവൻ  ആരും തന്നെ നോക്കുന്നില്ലെന്നു ഉറപ്പു വരുത്തി  ഒരു പ്ലൈറ്റ് ചോറ് കൂടി  അയാളുടെ മുന്നില് വെച്ച് കൊടുത്തു മുങ്ങി.

  അയാൾ തന്റെ ''കോഴിക്കാല്'' കൊണ്ട് ഇറച്ചി മാത്രം  തോണ്ടിഎടുത്ത് കൊത്തിക്കൊത്തിത്തിന്ന്  ചുണ്ടും ചിറിയും തുടച്ച് പന്തലിനു പുറത്തിറങ്ങി.

പുയ്യാപ്ല പോകാനുള്ള ആളൊഴിഞ്ഞ  എസ്കൊർട്ട്ബസ്സുകൾ പുറത്ത് കണ്ടപ്പോൾ അയാൾക്ക്  പിന്നെ വേറൊന്നും ആലോചിക്കാനുമില്ലായിരുന്നു......... 

Wednesday, 18 May 2016

ഇന്നത്തെ വർത്തമാനം / അസ്‌ലം മാവില / അവരുടെ തോന്നലുകൾ വെറും തോന്നലുകൾ ആകട്ടെ ഈ വിജയികൾ ആദരിക്കപ്പെടട്ടെ

ഇന്നത്തെ വർത്തമാനം

അസ്‌ലം  മാവില

അവരുടെ തോന്നലുകൾ വെറും തോന്നലുകൾ ആകട്ടെ
ഈ വിജയികൾ ആദരിക്കപ്പെടട്ടെ

എസ് .എസ്. എൽ .സി. പരീക്ഷാഫലം വന്നു. നമ്മുടെ സ്കൂളിൽ ( പട്ള ഗവ. സ്കൂൾ) നൂറ്റൊന്നിൽ നൂറു പേരും വിജയിച്ചു. അതും മികച്ച മാർക്ക്. മികച്ച ഗ്രേഡ്.  കഴിഞ്ഞ വർഷം കൊട്ടിപ്പാടി നടന്ന ഒരു ട്രെൻഡ് ഉണ്ട്.   അതിന്റെ സത്തയോടും താൽപര്യത്തോടും കൂടി ഇക്കുറി ഉണ്ടായില്ല എന്ന് ചില രക്ഷിതാക്കളെങ്കിലും പറഞ്ഞു  കഴിഞ്ഞു.  അതിനു കാരണമുണ്ടോ ഇല്ലയോ ? എന്തുമാകട്ടെ,  അതൊരു പക്ഷെ വെറും തോന്നലാകട്ടെ എന്ന് കരുതാം, ആഗ്രഹിക്കാം.

നന്നായി പഠിക്കുന്ന, ജയിക്കുമെന്ന് നൂറ്റൊന്നു വട്ടം ഉറപ്പുള്ള ഒരു കുട്ടി തോറ്റ സാഹചര്യം ഇപ്പോൾ ഉത്തരവാദ പെട്ടവർ പറയുന്നു, അവൻ അറിഞ്ഞു തോറ്റതാണെന്ന്. അതിനർത്ഥം ഈ കുട്ടിയുടെ മുഴുവൻ പശ്ചാത്തലവും നേരത്തെ അറിയാം എന്നർത്ഥം.  ഇതൊരു സാധാരണ വിഷയമല്ല. അങ്ങിനെ തള്ളിക്കളയുകയുമരുത്.  മാനസികകായി പിരിമുറുക്കം അനുഭവപ്പെടുന്ന  വിദ്യാർഥികളെ കുറിച്ച് പഠിക്കാൻ ഒരു വിംഗ് തന്നെ അധ്യാപക-സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ വാർഡ്‌ അംഗത്തിന്റെ നേതൃത്വത്തിൽ ഉണ്ടാകണം. പുതിയ ജനറേഷൻന്റെ മാനസിക തലങ്ങൾ കൂടി അറിയുന്നവരെയായിരിക്കണം ഈ ബോഡിയിൽ ഉൾപ്പെടുത്തെണ്ടത്.  പഴയ ''പോറാ... ഔത്തെക്ക് പോറാ'' സമീപനമുള്ളവർ ഈ വിംഗിൽ ഉണ്ടെങ്കിൽ ഫലം ''ഉൾട്ടെ'' ആയിരിക്കും എന്ന് കൂടി കൂട്ടത്തിൽ  സൂചിപ്പിക്കട്ടെ.

പലവട്ടം സ്കൂൾ സംബന്ധമായ പല വിഷയങ്ങളും വളരെ ഗൌരവത്തോടു കൂടി ചർച്ച ചെയ്യുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്തിരുന്ന പടലയിലെ സോഷ്യൽ ഓപ്പൺ ഫോറങ്ങളിൽ ഇത്  കൂടി വന്നിരുന്നുനെങ്കിൽ തീർച്ചയായും ഒരു പരിഹാരം ഉണ്ടാകുമായിരുന്നു എന്ന് എന്റെ മനസ്സ് പറയുന്നു. ഇനിയുള്ള വർഷങ്ങൾ നാം ജാഗരൂകരാകണം. നമ്മുടെ ഗ്രാമമെന്ന സങ്കല്പം വിട്ടു ''സെമിഅർബാൻ'' (അർദ്ധ നഗര) തലത്തിലേക്ക് പട്ള മാറിയെന്നത് മറച്ചു വെക്കേണ്ട കാര്യമല്ല. ഇനിയും ഇത്തരം വിഷയങ്ങൾ കൂടുതൽ ഉണ്ടാകാനാണ് സാധ്യത.

ഓർക്കുന്നില്ലേ നാം .  മാസങ്ങളോളം ഒരു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നാം ചർച്ച ചെയ്തത്. ആ കുട്ടി ഉള്ളിടത്ത് വണ്ടി കൊണ്ട് പോയി തിരിച്ചു കൊണ്ട് വരാൻ വരെ നമ്മുടെ ശ്രമങ്ങൾക്കും നല്ലമനസുകൾക്കും  സാധിച്ചിട്ടുണ്ട്. (ഇപ്പോൾ ആ കുട്ടിയുടെ ''വർത്തമാന നില'' എന്താണെന്നു ഈ കുറിപ്പുകാരന് അറിയില്ല. എന്റെ പ്രായത്തിന്റെ പക്വത വെച്ച്  ഒരു അനുമാനം പറയാം.  ജാഗ്രതയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും  കണ്ണുകൾ ഒരേ സമയം  രക്ഷിതാകളുടെയും ബന്ധുക്കളുടെയും അയൽപക്കക്കാരുടെയും ഭാഗത്ത്‌ നിന്നു അവന്റെ മേൽ  തുടർന്ന്കൊണ്ടേയുണ്ടെങ്കിൽ  ആ കുട്ടിയുടെ ഭാവി ശോഭനമായിരിക്കും. കാരണം ''കൊച്ചി പഴയ കൊച്ചിയല്ല'' )

ഇനി വിഷയത്തിലേക്ക് വീണ്ടും.  നമ്മുടെ സ്കൂളിൽ 99%  കുട്ടികൾ വിജയിച്ചിട്ടുണ്ട്. സാങ്കേതികമായി എന്ത് പറഞ്ഞാലും നമ്മുടെ ഗ്രാമത്തിന്റെ അഭിമാന വിജയമാണ് 99%. അവർ മികച്ച ഗ്രേഡ് നേടിയാണ്‌ വിജയം നേടിയത്. ''ബേഷക്ക്'', അവർ കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ  വർണശബളമായ വേദിയിൽ ആദരിക്കപ്പെടണം. കഴിഞ്ഞ വർഷം അധികൃതരുടെ അഭ്യർത്ഥന മാനിച്ചു  ചില കൂട്ടായ്മകൾ  സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നിരുന്നു. അവരോ മറ്റുകൂട്ടായ്മകളോ ഉപഹാരങ്ങളുമായി മുന്നോട്ടു വരണം.

ഉപഹാരങ്ങൾ എന്തുമാകാം. വിലയും വലുപ്പവും നോക്കരുത്.  ഒലിവിലയായിരുന്നു ഒളിമ്പിക്സിൽ  ആദ്യകാലങ്ങളിൽ അംഗീകാരമായി നൽകിയിരുന്നതെന്ന് നമുക്കറിയാം. ആഷസ് ക്രികറ്റ് സീരീസിന്റെ  ചരിത്രം വായിച്ചാൽ 1882 ലെ തോൽവിക്ക് ശേഷമുള്ള വിജയത്തിൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ബ്ലിഗ്ഗിനു സമ്മാനമായി നൽകിയത് ബേൽ - ( ക്രിക്കറ്റ് കളിയിലെ മൂന്ന്സ്റ്റമ്പുകൾക്ക്  കുറുകെ വയ്ക്കുന്ന കന്പ് ) - കത്തിച്ച ചാരം  (ആഷസ്- ashes) കുടത്തിലാക്കിയാണ് ആദരിച്ചത്.  ഒമാനിലെ സൈക്കിൾ റെയ്സ് വിജയികൾക്ക്പരമ്പരാഗതമായി നിർമ്മിക്കുന്ന ''കഠാര''! നല്ല മുഴുത്ത  ഉണ്ടക്കല്ല് തീർത്ത ട്രോഫിയാണ്  പാരീസിലെ ഒരു പ്രശസ്ത മത്സരഇനത്തിലെ സമ്മാനം. തുർക്കിക്കാർ ''ടൂർ ഓഫ് തുർക്കി''  വിജയികൾക്ക്  കാവണ്ടിഷ് പഴം കുലയോടെ നൽകുമത്രെ.  ബെല്ജിയം നൽകുന്ന സമ്മാനങ്ങളിൽ ഒന്ന്  പാൽക്കട്ടിയും.  പ്രവാചക ചരിത്രത്തിൽ തന്നെ ഒരു ''യൂസ്ഡ്  പുതപ്പു'' സമ്മാനമായി കടന്നു വരുന്നുണ്ട്. സ്കൂൾ ഡെയ്സിലെ അംഗീകാരത്തെ കുറിച്ചും കൊച്ചു കൊച്ചു സമ്മാനങ്ങളെ കുറിച്ചും  മാഡം ക്യൂറിയും രബീന്ദ്ര നാഥ ടാഗോറും എഴുതിയിട്ടുണ്ട്.  ചുരുക്കത്തിൽ  കൊടുക്കുന്ന സമ്മാനത്തിലല്ല  കാര്യം, ആദരവിന്റെ നിറവും ആത്മാർഥതയുടെ  ശബളിമതയുമാണ്‌ കാര്യം.

നമ്മുടെ വിശ്വാസം എസ് .എസ് . എൽ .സി. വിജയികൾ ഇപ്രാവശ്യവും  ആദരിക്കപ്പെടുമെന്ന് തന്നെയാണ്. അത് വഴി അവരെ പഠിപ്പിച്ച ഗുരുക്കളാണ് ആദരിക്കപ്പെടുന്നത്, അവരെ പള്ളിക്കൂടത്തിലേക്ക് അതിരാവിലെ ഒരുക്കി അയച്ച മാതാപിതാക്കൾക്കും  അവർക്ക് വേണ്ടി സൌകര്യങ്ങൾ ചെയ്ത് കൊടുത്ത ഉടപ്പിറപ്പുകൾക്കും അവർ വഴിനടക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന മൺതരികൾക്കും ഈ അംഗീ കാരം അർഹതപ്പെട്ടത് തന്നെ. ഒപ്പം ഒട്ടും മാറ്റ് കുറയാതെ തന്നെ പ്ലസ്‌ ടു വിജയികളും സമ്മാനിതരാകണം.

എസ് .എസ് .എൽ .സിയിലും പ്ലസ്‌ ടു വിലും വിജയം വരി ച്ചവരെ ഒരിക്കൽ കൂടി  ആശംസിക്കുന്നു. ഞാൻ പ്രതീക്ഷിക്കുന്നു ഈ ഗ്രാമം, പിടിഎ, എസ് .എം.സി, ജമാഅത്തുകൾ, ലൈബ്രറി,  സാംസ്കാരിക വേദികൾ ഇവയൊക്കെ നിങ്ങളുടെ വിജയം അർഹിക്കുന്ന വിധത്തിൽ ആഘോഷിക്കുമെന്ന്. നിങ്ങൾ അവരുടെ വേദികളിൽ അർഹിക്കുന്ന വിധത്തിൽ  ആദരിക്കപ്പെടുമെന്ന്.  

Sunday, 8 May 2016

മദേർസ് ഡേ : എന്റുമ്മ / അസ്‌ലം മാവില

മദേർസ് ഡേ : എന്റുമ്മ

അസ്‌ലം  മാവില

മദേർസ് ഡേ ഇന്ന്. കുറച്ചു മണിക്കൂറുകൾ കൂടി ബാക്കി ഉണ്ട് ഈ ദിവസം തീരാൻ. ഈ ദിനം തീർന്നാലും  ഉമ്മയുടെ സ്നേഹ സ്പര്ശം എന്നുമെന്നുമുണ്ടാകും.  എനിക്ക് എന്റുമ്മയെ കുറിച്ച് എഴുതാൻ കിട്ടിയ ഒരു അവസരം. അതേതായാലും ഞാൻ പാഴാക്കുന്നില്ല.

ഇതെഴുതുമ്പോഴും ഉമ്മ വായനയിലായിരിക്കും. അതുറപ്പ്‌..
എനിക്ക് തന്നെ അത്ഭുതമാണ്. ഒരിക്കലും ഒഴിയാത്ത ഈ  വായനാശീലം ഉമ്മയ്ക്ക് എങ്ങിനെ കിട്ടിയെന്ന്. ഉറങ്ങാൻ കിടക്കുമ്പോഴും ഉമ്മയുടെ കയ്യിൽ ഒരു പുസ്തകം ഉണ്ടാകും. അല്ലെങ്കിൽ ഒരു പത്രത്തിന്റെ കീറ്. വാരിക, വായനക്കായി മറ്റെന്തെങ്കിലും. അനിയൻ സലിം വായിച്ചു മടക്കി വെച്ച ഒരു പുസ്തകമെങ്കിലും  ഉമ്മയ്ക്ക് വായിക്കണം. രാവിലെ മീത്തെ വീട്ടിലെത്തിയാൽ കാണാം മൂക്ക് കണ്ണട വെച്ച്  ഉമർ മൗലവി (റഹിമഹുല്ലാഹ് ) അറബി മലയാളത്തിൽ മൊഴി മാറ്റം നടത്തിയ ഖുർ-ആൻ പരിഭാഷയുടെ മുന്നിൽ ഉമ്മ ഗൌരവത്തോടെ ഇരുന്നിട്ടുണ്ടാകും, നിസ്കാരകുപ്പായത്തോടെ ..

ഇന്നലെ ഞാൻ  വീട്ടിന്നു ഇറങ്ങുന്നതിനു തൊട്ടു മുമ്പും സലീമിനു പറയാനുണ്ടായിരുന്നത് ഉമ്മയുടെ വായനയെ കുറിച്ചാണ്. എന്ത് കിട്ടിയാലും വായിക്കും.  ഞാൻ ചോദിച്ചു : ഇങ്ങനെ വായിക്കുന്തോറും മടുപ്പൊന്നും വരില്ലേ ?  വായനയിൽ നിന്ന് കണ്ണ് മാറ്റാതെ ഉമ്മയുടെ മറുപടി വന്നത്  നിഷേധാർത്ഥത്തിലുള്ള  തലയാട്ടലിൽ.

സലിം  എഴുതിയ പുസ്തകമൊക്കെ എത്രയോ തവണ വായിച്ചു പോലും ഉമ്മ. അവന്റെ പുസ്തക പ്രസാധനത്തിന് ആദ്യം കയ്നീട്ടം നൽകിയതും ഉമ്മ തന്നെ.  സാനിന്റെ കവിതാ  പുസ്തകം വരെ  അതിലെ ആശയമറിയാഞ്ഞിട്ടുപോലും ഉമ്മ ഒരു പാട് വട്ടം  വായിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

*********************************************************************
എന്നെ പെറ്റത് മുതൽ എനിക്ക് ഉമ്മയെ ഓർമ്മ വേണം, (എല്ലാവർക്കും).  അതെന്റെ ഉപബോധമനസ്സിൽ എവിടെയെങ്കിലുമുണ്ടാകും. അവിടെ വരെ നമ്മുടെ ഓർമകളെ കൊണ്ട് വരാൻ ശ്രമിക്കുകയാണ്, നാമതിൽ പരാജയപ്പെടുമെങ്കിലും, ഓരോ ഉമ്മ ദിനവും !

ബൈത്തും സബീനയും താരാട്ട് പാട്ടുകളും ''കുഞ്ഞുറക്കി''ക്കഥകളും പ്രവാചക ക്വിസ്സകളും   തറവാട്ടു ചരിത്രങ്ങളും  നാട്ടു വർത്തമാനങ്ങളും......  ഉമ്മ ശരിക്കും ഒരു അറിവിന്റെ കേദാരം പോലെയാണ് എന്നെ പോലെ  ഓരോരുത്തർക്കും.

 മക്കൾക്കും  ഉപ്പയ്ക്കും ഇടയിലുള്ള മധ്യവർത്തി.  കൈകുറ്റങ്ങളും തെറ്റുകളും  ഉപ്പയ്ക്ക് മുന്നിൽ എത്തിക്കാതെ വഴിക്ക് വെച്ച് തന്നെ തല്ലിയും തലോടിയും ശാസിച്ചും തീർക്കുന്ന ന്യായാധിപ.  വരാൻ അല്പം വൈകിയാൽ വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന സ്നേഹനിധി. ...ഒന്നും പറയാൻ ബാക്കിയുണ്ടാകില്ല ആർക്കും,  ഉമ്മമാരെ കുറിച്ച്. പറയുന്തോറും ഇനിയും പതിന്മടങ്ങ്‌  ബാക്കിയുണ്ടെന്ന് തോന്നും.

നിർണ്ണായക സന്ദർഭങ്ങളിൽ എനിക്ക് ധൈര്യം നൽകിയത് എന്റുമ്മയാണ്. അല്പം പതറുമെന്ന് തോന്നിയിടത്തോക്കെ ഉമ്മ പരിഹാരവുമായേ വന്നിട്ടുള്ളൂ. എന്തിനും ഉമ്മയ്ക്ക് ഒരു നിലപാടുണ്ട്. കടം ഭയപ്പെട്ട ഒരാൾ ഉമ്മയാകണം. എന്നെ അതിൽ നിന്നൊക്കെ രക്ഷപ്പെടുത്തിയതും ഉമ്മയുടെ അവസരോചിതമായ ഇടപെടലുകൾ തന്നെ. നമ്മുടെ കയ്യിൽ എന്താണോ  ഉള്ളത് അത്കൊണ്ട് തൃപ്തിപ്പെടുക.  തലയെടുപ്പോടെ നിൽക്കാൻ ഉമ്മയുടെ ഇടക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകൾ എനിക്ക് കൂട്ടാകാറുണ്ട്.

ചെറിയ ഒരസുഖം വന്നാലും ഞാൻ ആദ്യം പറയുന്നത് ഉമ്മയോടാണ്. എന്റെ ഫയൽ മുഴുവൻ ഉമ്മാന്റെ കയ്യിലാണല്ലോ. അവർ എന്നോട് ഓരോന്ന് ചോദിക്കും , നാലീസം മുമ്പ് കഴിച്ചത് മുതൽ അങ്ങോട്ട്‌ എല്ലാം കുഞ്ഞു പറയുന്നത്പോലെ ഞാൻ പറയും.  വളരെ ലാഘവത്തോടെ ഉമ്മ അതിനു എന്തെങ്കിലും ''തക്കട്ട്'' മരുന്ന് പറയും.

 ഞാൻ എങ്ങിനെ ഏതീണത്തിൽ സലാം പറഞ്ഞോ  അതേ ഈണത്തിലായിരിക്കും ഉമ്മയുടെ പ്രത്യുത്തരം.  ഇന്നലെ തിരിച്ചെത്തിയിട്ട്‌  ഉമ്മയെ വിളിച്ചു പതിവിൽ  അൽപം നീട്ടി സലാം പറഞ്ഞപ്പോഴും ഉമ്മയുടെ സലാം മടക്കലിലും  അത്ര തന്നെ നീട്ടം !

''മമ്മദൂ'' ...''ചെക്കന്'' ... ഈ വിളി ഫോണിന്റെ അങ്ങേ തലയ്ക്കൽ കേൾക്കുമ്പോൾ തന്നെ ഒരു സുഖവും അനുഭൂതിയുമാണ്.  ആ വിളി കേൾക്കാൻ ഇനിയും ഒരു പാട് വർഷങ്ങൾ ഇടവരട്ടേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.

ഉമ്മ വഴിക്കണ്ണാണ്. ആ സ്നേഹനിധിയുടെ കാലടിയിലാണ് നമ്മുടെ സ്വർഗ്ഗകവാടം.  അവരുടെ കരുണയും  കടാക്ഷവും സ്നേഹവും സ്പർശവും എന്നുമെന്നും ഉണ്ടായിരുന്നെങ്കിൽ .....നമുക്ക് പ്രാർഥിക്കാം, ആഗ്രഹിക്കാം...

go to the below link

http://goo.gl/Sw16T9

http://www.kvartha.com/2016/05/mothers-day-my-mother.html