Monday, 11 April 2016

മിനികഥ / അമ്മ അച്ഛനെ പഴിപറയുകയാണ് .... / സുബൈർ മല്ലം


സുബൈർ മല്ലം
_______________

 അപ്രതീക്ഷിതമായി വന്ന മഴ വീടിന്റെ പുറകുവശത്തു ഉണക്കാനിട്ടിരുന്ന തുണിയും,വിറകും നനയുമെന്നോർത്ത് വീട്ടുക്കാർ സങ്കടപെടുമ്പോൾ, വീട്ടിൽ അകത്തേമുറിയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടി ചുമച്ചു ചുമച്ചു വലിച്ചൂതിയ സിഗരറ്റിൽപൊതിഞ്ഞ കഞ്ചാവ്പുക, അവിടെയൊന്നും   നനയാതെ മുറിക്കുളളിൽ പാറി പാറി കളിക്കുന്നുണ്ടായിരുന്നു.!

പണി കഴിഞ്ഞു ഇനിയും വീട്ടിൽ എത്താത്ത അച്ഛനെയായിരുന്നു അമ്മ പഴി പറഞ്ഞു കൊണ്ടെയിരുന്നത്. മകൻ അത് കേട്ടിട്ടോ കേൾക്കാതെയോ കുലുങ്ങി കുലുങ്ങി ചിരിക്കുകയായിരുന്നു... 

നിരീക്ഷണം / ഈ അവധിക്കാലം സക്രിയമാക്കാൻ ..../ അസ്‌ലം മാവില

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....

അസ്‌ലം മാവില


പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു.  പാഠ പുസ്തകങ്ങൾക്ക് വിട.  യൂണിഫോം  ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും കൂടെ ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം.  ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരായി ബന്ധു വീട്ടിൽ തങ്ങാം.  അങ്ങിനെ നമ്മുടെ കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു.  വേനലവധിദിനങ്ങൾ അതൊക്കെ തന്നെയാണ്.

അതിനിടയിലും കുറച്ച്  സമയം ബാക്കി  ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം കുറച്ചു ദിവസങ്ങൾ എങ്ങിനെ അവകുട്ടികൾക്കായി   ഉപകാരപ്പെടുത്താം. അത് ആലോചിക്കേണ്ടത് മുതിർന്ന കുട്ടികളും   രക്ഷിതാക്കളുമാണ്. നാട്ടിലെ ചെറിയ ചെറിയ കൂട്ടായ്മകളാണ്.

എന്തിനും തിരക്കഭിനയിക്കുന്നവരെയും  എന്നാൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സമയം കളയുന്നവരെയും പാട്ടിനു വിടുക.  കുഞ്ഞു തലമുറയ്ക്ക് വേണ്ടി അവർക്ക് ഒരണുമണി നന്മ ചെയ്യാൻ സാധിക്കില്ല. പക്ഷെ, സർഗാത്മ ചിന്തയുള്ള സേവന മനസ്ഥിതിയുള്ള  ഏതാനും യുവാക്കളും മുതിർന്നവരും എപ്പോഴും ഏത് നാട്ടിലും  കാണും. അവരാണ് വഴിവിളക്കുകളാകേണ്ടത്.

 എല്ലാ നാട്ടിലും ഇഷ്ടം പോലെ കൂട്ടായ്മകൾ ഉണ്ട്. ലൈബ്രറി സംഘങ്ങൾക്ലബ്ബുകൾ...  കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കും, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ നടത്തുവാനും. യുവാക്കൾക്ക്  നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്.

സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ കുട്ടികളെ കൂടി സംഘാടകരാക്കി അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ പ്ലാൻ ചെയ്ത് എന്ത് കൊണ്ട് ഈ അവധിക്കാലം സജീവമാക്കിക്കൂടാ ?പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങിയാൽ തന്നെ ധാരാളം.   പഠനം സേവനത്തോടൊപ്പമാക്കുക. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർ ഈ ബാധ്യത മറക്കാതിരിക്കുക.

അറിയുന്നവർ സംഘാടകരായി മുന്നിട്ടിറങ്ങട്ടെ.  സൗകര്യമുള്ളിടത്ത്  കൂട്ടായി വിവിധ സെഷനുകൾ നടത്തുക.  അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സർഗാത്മകമായി  സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ആലോചിക്കുന്നതിനു പകരം പുതിയ ആശയങ്ങളുമായി മുന്നോട്ട് വരിക.  പൂവാടിയിലെ  പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമായി അനുഭവിച്ചു തീർക്കട്ടെ.

എന്തൊക്കെ പ്രോഗ്രാമുകൾ നടത്താം, ഒരുപാടുണ്ട് മനസ്സ് വെച്ചാൽ. പുകവലിക്കെതിരെ, പരിസ്ഥിതി മലിനീകരണത്തിനെതിരെ,   പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, കുടിവെള്ളവുമായി ബന്ധപ്പെട്ടത്,   രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, ചിത്രരചനാ വർക്ക് ഷോപ്പ്, എഴുത്ത്പണിപ്പുരസേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, തൊട്ടടുത്തുള്ള പോസ്റ്റ്‌ഓഫീസിൽ  ''അക്കൌണ്ട് ഓപണിംഗ്  കാമ്പയിൻ'' അങ്ങിനെ അങ്ങിനെ.... ഓരോരുത്തരുടെയും  മനസ്സിൽ  തോന്നുന്ന നല്ല ആശയങ്ങൾ.

 ചില മുതിർന്നവരെയും   ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; വിദ്യാഭ്യാസവും നേടി. തരക്കേടില്ലാതെ ഏർപ്പാടുമുണ്ട്. അത്യാവശ്യമായി എല്ലാ കാര്യത്തിലും ധാരണയുമുണ്ടാകും. പക്ഷെ അവർ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താതെ  എപ്പോഴും  ഒഴിഞ്ഞു മാറിക്കൊണ്ടേയിരിക്കും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് അവരുടേതല്ലാത്ത കാരണത്താൽ പാതിവഴിക്ക്   ഉപേക്ഷിക്കേണ്ടി വന്നവർ നാട്ടിൽ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം.


നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധത. ഒരു നാടിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതും ഈ പ്രതിബദ്ധത തന്നെ. വളരുന്ന തലമുറ നമ്മെ കണ്ടാണ്‌ പഠിക്കേണ്ടതും.

http://www.kasargodvartha.com/2016/04/activities-of-vocation-time.html

Sunday, 10 April 2016

മിനിക്കഥ / അസീസ് പട്ള / ദല്ലാള്‍..

അസീസ് പട്ള


ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ വീട്ടിലെത്തി  അന്നും  പുസ്തകം മേശപ്പുറത്തു വെയ്ക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞു..

“ ഇമ്മാ... ആ മുനീര്‍ ഇന്നും ന്‍റെ ബൈതാലെ കൂടിക്ക്ണു, ന്നെ കെട്ടാന്‍ പൂതിയൂടി നീക്കാന്നും പറഞ്ഞു,, ച്ചോനെ ഷ്ടോല്ല, ആ കുരുപ്പിനെ..”

ഉമ്മ ക്ഷമയോടെ കേട്ടുകൊണ്ട്  മോളോടു ചോദിച്ചു,

“  ജ്ജ് ഓനോടെന്തെലും പറഞ്ഞോ?”

“ ഇമ്മ ഇന്നാളു പര്‍ഞ്ഞ പോലെ കേക്കാത്ത പോലെ നടന്നു..”

ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് അവൾ   പറഞ്ഞു.

“അങ്ങനെ തെന്ന്യ മാണ്ടത്, ഇല മുള്ളേല് വീണാലും, മുള്ള് ഇലേല് വീണാലും ഒക്കെ കേട് യമ്മക്കാ..”

ഉമ്മ ഉപദേശിച്ചു..

വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇപ്പോള്‍ അവള്‍  പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

കോളിംഗ് ബെല്ലടിക്കുന്നത് കേട്ട അയമുഹാജി വാതില്‍ തുറന്നു, ലോക്കല്‍ ദല്ലാളും ചെറുക്കന്‍റെ അമ്മാവനുമായ മാനൂഹാജിയും.

സലാം മടക്കി  അയമുഹാജി  അവരോട് അകത്തു കയറി ഇരിക്കാന്‍ പറഞ്ഞു.

“ ഞാളോരു പെണ്‍കെട്ടുമായ്റ്റാ വന്നുക്ക്ണെ, ചെക്കന്‍ വെറാരുവല്ല, മ്മളെ മാനൂന്‍റെ മര്മോന്‍ മുനീര്‍ ന്നേ..”

ദല്ലാള്‍ മുഴുമിച്ചു,

കുടിക്കാനെടുക്കാന്‍ അകത്തു ചെന്ന ഉ പ്പയോട് മകൾ  പറഞ്ഞു,

“ഇപ്പ.... ച്ചോനെ ഷ്ടോല്ല, ഇക്കല്ല്യണം മാണ്ട..”

വെള്ളം കുടിച്ചു കഴിഞ്ഞു ദല്ലാള്‍ മറുപടിക്ക് കാതോര്‍ത്തു..

“ ഇങ്ങള് ബന്നത് മ്മക്ക് സന്തോഷം, പക്കെങ്കില് ഓള് പട്ചാല്ലേ, നീംണ്ട് ഒരു കൊല്ലം....”

“അത് സാരോല്ല, മുനീര്‍ കാത്തു നിക്കും.. പടിപ്പു കയിഞ്ഞിട്ട്‌ നിക്കാഹ് മതി..... “

മാനുഹാജി അയമുഹാജിന്‍റെ മുഖത്തു നോക്കി പറഞ്ഞു..

“അല്ല.... അത്.... ഉണ്ണിക്കമ്മാപ്പയും (മുനിറിന്‍റെ ഉപ്പ) ഞാനും നല്ല തുണക്കാരാ...ആ ബന്ധം നഷ്ടപ്പെടുന്നത് ച്ചിഷ്ടോല്ല, ആയിനക്കൊണ്ട് ഞമ്മക്ക് ഈ നിക്കാഹിനു സമ്മതോല്ല”

ഇത് കേട്ടതോടെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു

അകത്തു നിന്നും ഭാര്യ ചോദിച്ചു..

“ അല്ല... ങ്ങളെന്തേ ങ്ങക്ക് ഷ്ടോല്ലാന്നു പര്‍ഞ്ഞേ..?, ഓള്‍ക്ക് ഷ്ടോല്ലാന്നു പറഞ്ഞുടെയ്നോ?”

“അങ്ങനെ പറഞ്ഞാ മ്മളെ സൂറാന്‍റെ മൻസും സരീരഉം  ഓന്‍ നാസാക്കും... അപവാദങ്ങള്‍ അല്ലച്ച മൻസന്‍റെ പച്ചര്‍ച്ചി കരിക്ക്ണ ആസിഡ് മോത്തെക്കോയ്ച്ചോ...  ന്നത്തെ കാലം...ബല്ലാതെ  സൂച്ചിക്കണം..”

അപ്പുറത്തെ മുറിയില്‍ അവളും മതിലും ഒന്നിച്ചു കേൾക്കുകയായിരുന്നു ....



Saturday, 9 April 2016

RT ബുള്ളറ്റിൻ / Collaborative Fiction writing (സംയുക്ത ആഖ്യായികാ രചന )

RT ബുള്ളറ്റിൻ

Collaborative Fiction writing. സംയുക്ത ആഖ്യായികാ രചന. അങ്ങിനെ മലയാളം പറയാമോ ? എന്തായിക്കൊള്ളട്ടെ.  RT യിൽ  ഇതൊരു പുതിയ പരീക്ഷണമാണ്. ആര്‍ടി അംഗങ്ങളുടെ സര്‍ഗാത്മകതയെ പുറത്ത് കൊണ്ടു വരാനുള്ള ഒരു എളിയ ശ്രമമാണ് ഇത്.

കാലങ്ങളായി നമ്മള്‍ ആര്‍ജിച്ച അറിവുകളുടെ ചെറിയ തുണ്ടുകള്‍ ചേര്‍ത്ത് വെക്കാനുള്ള ശ്രമം.  നമുക്ക് നമ്മുടെ ഭാവനയെ വികസിപ്പിച്ചെടുക്കാം.

ആര്‍ടി അംഗങ്ങള്‍ സംയുക്തമായി ഒരു കഥ എഴുതി തുടങ്ങുന്നു.  കഥയുടെ ആദ്യ വാചകം താഴെ  പോസ്റ്റുന്നു .

കഥയുടെ ശീര്‍ഷകം പിന്നീട് നിശ്ചയിക്കും.  അത് പോലെ എഡിറ്റിംഗ് ഉം പിന്നീട് നടത്തുന്നതായിരിക്കും.

ഒരാള്‍ ഒരു വാചകം എഴുതുന്നു.  അതിന്റെ തുടര്‍ച്ച മറ്റൊരാള്‍..; അതിന്റെ അടുത്ത വാചകം പിന്നൊരാൾ.   മലയാളത്തിലും മംഗ്ലീഷിലും എഴുതാം.
എല്ലാവരും സഹകരിച്ചു കൊണ്ട് ഒരു കഥ എഴുതി തുടങ്ങുന്നു.

പ്രത്യേകം ശ്രദ്ദിക്കുക  : പരസരം ബന്ധമില്ലാത്ത വാചകങ്ങള്‍ കഥയുടെ എഡിറ്റിംഗ് ഉം ക്രോഡീ കരണവും നടത്തുന്ന സമയത്ത് പരിഗണിക്കുന്നതല്ല.

ഈ ഒരു സാഹിത്യ ശാഖ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിലും ഒരു കൂട്ടായ സംരംഭം. പോരുത്തപ്പെടലിന്റെ ആഖ്യാനം .

നമ്മുടെ പ്രിയപ്പെട്ട സാപിന്റെ ഒരു നിർദ്ദേശം കൂടിയാണിത്.

________________________________________________________________________


"ജോണി  തന്‍റെ വായിലൂടെയും മൂക്കിലൂടെയും ആഞ്ഞു വലിച്ചു വിട്ട പുകച്ചുരുളുകള്‍ അബ്ദുല്ലയുടെ ചായക്കടയുടെ ഓലച്ചുമരുകള്‍ ഭേദിച്ചു തൊട്ടപ്പുറത്തെ ബാലന്‍റെ മകന്‍ സുനിലിന്‍റെ പുസ്തകത്താളുകളില്‍ ഉടക്കി നിന്നു"  

ലേഖനം / അരാഷ്ട്രീയത: ഫാസിസത്തിന്റെ വളം/ സാകിർ അഹമദ് പടല


സാകിർ അഹമദ് പടല
_______________________

വലത് വര്ഗീയ ഫാസിസ്റ്റ് ചിന്താധാരകൾക്ക് ലക്ഷ്യ പ്രാപ്തിക്ക് രാഷ്ട്രീയ മൂല്യത്തിന്റെ ആവശ്യമില്ലതാനും. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖംമൂടി ധരിച്ച് തെരഞ്ഞെടുപ്പ് ഗോദ യിലെത്തുന്നത്  വിസ്മരിക്കുന്നില്ല, അത് വളരുന്നത് അതിനെ പാകപ്പെടുത്തുന്നത് അരാഷ്ട്രീയതയുടെ  വളക്കൂറുള്ള മണ്ണാണ്  എന്ന് കാണാൻ കഴിയും. രാജ്യത്തിന്റെ വികസന, നിര്മ്മാണ , അഭിവൃദ്ധിയെ ക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ താല്പര്യം ഗോമാതാവും ക്ഷേത്ര നിർമ്മാണവും ദളിത്-ന്യുനപക്ഷ വിരോധവും ആവുന്നതിലെ "രാഷ്ട്രിയവും"  മറ്റൊന്നുമല്ല.

ഇത്തരുണത്തിലുള്ള സാമ്രാജ്യത വര്ഗീയ ഫാസിസ്റ്റ് ആശയ സംഹിതകൾക്ക് കടന്നു കയറാൻ ഉന്നതമായ രാഷ്ട്രീയ ബോധവും രാജ്യസ്നേഹവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്നിടട്ത് സാധ്യമല്ല എന്ന ചരിത്ര വസ്തുത നാം മറന്ന കൂടാ.

കേരളത്തിന്റെ രാഷ്ട്രീയ ദിശ എക്കാലവും ഫാസിസ്റ്റ് വിരുദ്ധമായിരുന്നു. അത് ഇടത്തോട്ടോ വലത്തോട്ടോ ആവട്ടെ, നമ്മുടെ രാഷ്ട്രീയ ബോധം അസഹിഷ്ണുതയുടെ വ്ക്താക്കൾക്ക് പത്തി വിടര്ത്തുന്നതിനുള്ള അവസരം നിഷേധിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. കേരളത്തിലെ വലത്, തീവ്രമായി വലത്തോട്ടും ഇടത്, തീവ്രമായി ഇടത്തോട്ടും തെന്നി വീഴാത്തതിന്റെ കാരണവും ഈ ശക്തമ)o  മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, രാഷ്ട്രീയം തന്നെയാണ്.

   നമ്മുടെ രാഷ്ട്രീയത്തിന്റെ മൂല്യത്തിനു വീഴ്ച വരുമ്പോൾ , നമ്മുടെ ന്യൂ ജെൻ രാഷ്ട്രീയത്തെ (അത് കക്ഷി രാഷ്ട്രീയമായാലും) അവജ്ഞതയോടെ കാണാൻ തുടങ്ങിയപ്പോൾ , അവരുടെ ശ്രദ്ദ മറ്റു മേഖലകളിലേക്ക് തിരിഞ്ഞപ്പോൾ ഇവിടെയും അസഹിഷ്ണുതയുടെ രാഷ്ട്രീയം തല പൊക്കാൻ  ശ്രമിക്കുകയാണ്. ഇതിനുള്ള പ്രതിവിധി രാഷ്ട്രീയമായി ശക്തമായി പ്രതികരിക്കുക മാത്രമാണെന്ന് എറ്റവും അവസാനമായി  നമുക്ക് കാണിച്ച് തന്നത് JNU-വാണ്.

നമ്മുടെ ലെജെന്റ്സും താരങ്ങളുമൊക്കെ ഒരു ഇമേജ് ഇഷ്യൂ ആയിക്കണ്ട് സവർണ്ണ വര്ഗീയ രാഷ്ട്രീയത്തോടു മുഖം തിരിച്ച നിന്നതും ഇവിടത്തെ മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. എന്നാൽ ഇന്ന് ഒരു കച്ചിത്തുരുംബ് കിട്ടുമ്പോൾ ഇവരിൽ പലരും അ ഭാഗത്തേക്ക് തിരിയുന്ന കാഴ്ചയും നാം ഗൌരവത്തിൽ കാണേണ്ടതുണ്ട്.

ഇതിനൊക്കെ പ്രതിവിധിയെന്നോണം ഫാസിസത്തെ ഇവിടെ തലയുയർത്തി പ്രൗഡമായ സാഹചര്യത്തിലേക്ക് വളരാതിരിക്കാൻ നാം ജാഗരൂഗരാകണം. ശക്തമായ രാഷ്ട്രിയ ചിന്താധാരകൾ ഉയര്ത്തനം. നമ്മുടെ രാഷ്ട്രിയ മൂല്യങ്ങളെ മിനുക്കിയെടുക്കണം. അരാഷ്ട്രീയതയുടെ അപകടകരമായ മേലങ്കിയിൽ നിന്നും നമ്മുടെ പുതു തലമുറ പുറത്തു കടക്കണം, അത് അവര്ക്കുള്ള വളമാണ്.

    അസഹിഷ്ണുതയുടെ വിത്ത് പാകുന്ന സവർണ്ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സമരസപ്പെടാൻ പാകത്തിലുള്ള ഉറ്റ സുഹൃത്താണ് അരാഷ്ട്രീയത എന്ന് തിരിച്ചറിയുന്നിടത്തോളം നമ്മുടെ "രാഷ്ട്രീയവും" സുരക്ഷിതമല്ല.
______________________________ 

ലേഖനം / ഈ അവധിക്കാലം പാഴാക്കരുത്/ ബഷീർതിട്കണ്ടം

ബഷീർതിട്കണ്ടം


ഇത് അവധിക്കാലാമാണ്. വിദ്യാർഥികളെ സംബന്ധിച്ചെട്ത്തോളം അവരുടെ ഇളംമനസ്സുകളൊക്കെ ഫ്രീയായ സമയം. വീട്ടുക്കാരോ,സംഘടനകളോ, ക്ലബ്ബുകളോ മസ്സിലാക്കികൊണ്ട് ചിട്ടയോടുളള ഓരോ ചുവടുവെപ്പും വിദ്യാർഥികളെ പറഞ്ഞറിയിക്കാൻ പറ്റിയ സാഹചര്യമാണ് ഈ വെക്കേഷൻ കാലം.

ഏതുവരെപഠിക്കണം, എന്ത്പഠിക്കണം എന്നൊന്നുംഅവരുടെ ചിന്താമണ്ഡലങ്ങളിൽ കുടിയിരിന്നിട്ടുണ്ടാവില്ല.വിദ്യാർഥികളുടെ അഭിരുചി മനസിലാക്കികൊണ്ടും,അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടും ഈ അവധിവേള നമ്മുടെതാക്കി മാറ്റാന്‍ സാധിക്കണം.

ചിലവീട്ടമ്മമാർ വിദ്യാർഥികളെ അവധിക്കാലത്തും ,ഒന്നുകിൽ പഠനമുറിയിൽതളച്ചിടുന്നവരോ,അല്ലെങ്കിൽ, വീട്ടുജോലിയിൽ മുഴുകാൻ കൽപിക്കകയോ ചെയ്യുന്നവരാണ്.!!!

ഇത് തീര്‍ത്തും അനീതി എന്ന്മാത്രമല്ല, വിദ്യാർഥികളെ മന:സംഘർഷങ്ങളിലേക്ക് നയിക്കാൻ കാരണവും ആയിത്തീരുന്നു.

ഏതൊരു വിദ്യാർഥിസമൂഹത്തെയും പൂർണമായിപരിപോഷിപ്പിച്ചെടുക്കുക എളുപ്പമല്ലെങ്കിലും,ഇന്നിന്റെ സാഹചര്യത്തിന്റെ ഒളിഞ്ഞിരുപ്പുകളെപറ്റി അവരെ ഉൽബുദ്ധരാക്കേണ്ടതായിട്ടുണ്ട്.

ഈ കാലത്തിന്റെ "കോലത്തിന്റെ" കൂടെയല്ല, " കോലങ്ങൾക്ക്‌" നമ്മുടെ സംസ്കാരങ്ങളുമായി ബന്ധമുണ്ടോ എന്നൊക്കെ  തിരിച്ചറിയാൻപറ്റുന്നതരത്തിൽ വിദ്യാർഥി സമൂഹത്തെ എത്തിക്കേണ്ടതായിട്ടുണ്ട്..
അയൽപക്കബന്ധം ,കുടുംബബന്ധം ,രോഗികളെ സന്ദർശിക്കൽ, പാവപെട്ടവരുടെ വീട്  സന്ദർശിക്കൽ, എന്നതിലൊക്കെ അവരെ പ്രാപ്ത്തരാക്കണം. കളികൾ, തമാശകൾ എന്നതിലൊന്നും കൂച്ചുവിലങ്ങുകൾ അരുത്.

ആരോഗ്യം സംരക്ഷിക്കുന്ന ഒരു ജനത തന്നെയായിരിക്കണം ഇനി വെരേണ്ടത്.
അതിനു വിദ്യാർഥി സമൂഹത്തെ അതിന്റെ ഗുണവശങ്ങളെകുറിച്ചി പറഞ്ഞുകൊടുക്കണം.
യോഗപോലുളള അഭ്യാസങ്ങൾക്ക് മന‌:സംഘർഷങ്ങൾ കുറക്കാൻകഴിയുമെന്ന് പല രുംഅനുഭവത്തിൽനിന്നുംപറയുന്ന ഒന്നാണ്. മാത്രമല്ല, ചെറുരോഗങ്ങൾ, അലസത,ഭയം ഇതിൽനിന്നുമൊക്കെ മോചനവുംനേടാം...

നാളെയ്ക്കുവേണ്ടി നാം എന്തൊക്കൊയോ ഉണ്ടാക്കാൻ പരിശ്രമിക്കുന്നു. എന്നാൽ , നല്ലൊരു വിദ്യാർഥി സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍  തന്നെ നാം പകതിയും വിജയിച്ചു...

ലേഖനം / ലഹരിക്കെതിരെയുള്ള ധര്‍മ്മ സമരത്തില്‍ പങ്കാളികളാവുക / ബി.എം പട്ള

ബി.എം പട്ള

വര്‍ദ്ധിച്ച് വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ലോകാവസാനത്തിന്‍റെ ലക്ഷണമായാണ് നബി തിരുമേനി ( സ) പറഞ്ഞിരിക്കുന്നത്. അത്രമാത്രം വ്യാപകമായി ക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ പട്ള ഗ്രാമത്തിന്‍റെ കയ്യൊപ്പുമായി കണക്റ്റിംഗ് പട്ളയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിന് നാളെ തുടക്കം കുറിക്കുകയാണ്.........

ഈ ധാര്‍മ്മികപ്പടയോട്ടം പ്രയാണമാരംഭിക്കുന്നത് ഇത് ഉപയോഗിക്കുന്നവരെയും അതിനടിമപ്പെട്ടവരോടുമുളള വിദ്വേഷമല്ല  , മറിച്ച് അ വരുടെ ദൂഷ്യ സ്വഭാവങ്ങളോടുളള ധാര്‍മ്മിക രോഷമാണ്.

ഇതിന്‍റെ മാസ്മരിക വലയത്തില്‍ കുടുങ്ങി കുടുംബ ബന്ധങ്ങളെ തകര്‍ത്തെറിയുകയും മാനുഷിക മൂല്യങ്ങളെ പിച്ചിച്ചീന്തുകയും അക്രമത്തിലേക്ക് വഴി തെളിക്കുകയും ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ അനുവദിച്ച് കൂടാ....

സമൂഹത്തില്‍ ഇത്രത്തോളം ദുരിതം വിതക്കുന്നതും മനുഷ്യ മനസ്സുകളെ നാശത്തിലേക്ക്  തളളിയിടുന്നതും  ലഹരികളിലൂടെയാണെന്ന വസ്തുത തള്ളിക്കളയാനാകില്ല.

മതത്തിന്‍റെ മൂല്യങ്ങള്‍ അസ്തമിച്ചു കൂടാ....
നിബന്ധനകളില്ലാതെ നമ്മുടെ കുട്ടികള്‍ വളര്‍ന്ന് കൂടാ...
ലക്ഷ്യ ബോധമില്ലാതെ ലഹരിക്കടിമപ്പെട്ട് സദാചാര മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി സമപ്രായക്കാര്‍ അപഥ സഞ്ചാരികളാകുമ്പോള്‍ നമ്മുടെ കൊച്ചനിയന്‍മാരെയും മക്കളെയും ശ്രദ്ധിച്ചേ മതിയാകൂ ....

അതിനാകട്ടെ നമ്മുടെ തുടക്കം.നാട്ടിലുളള എല്ലാവരുടെയും സഹകരണം ഉണ്ടായേ തീരൂ.നമ്മുടെ ദൗത്യം വിജയത്തിലവസാനിക്കണമെങ്കില്‍ നമുക്ക് കെെ കോര്‍ക്കണം...
ഈ പോരാട്ട വീര്യത്തെ ഊതിക്കെടുത്താന്‍ ആരെയും സമ്മതിക്കില്ല.ലക്ഷ്യത്തിലെത്തുന്നത് വരേക്കും...

വ്യത്യസ്ഥ ധ്രുവങ്ങളിലുളള നാട്ടിലെ മത സംഘടകളും രാഷ്ട്രീയ സംഘടനകളും  കണക്റ്റിംഗ് പട്ളയുടെ ഈ ലഹരി വിരുദ്ധ പോരാട്ടത്തിന്  ശക്തിപകരണം.സി.പി നാടിന്‍റെ പൊതു ശബ്ദമാണ്.ഞാനോ നീയോ ഞങ്ങളോ നിങ്ങളോ അല്ല സി.പി.... സി.പി യുടെ പ്രവര്‍ത്തനം നാടിന്‍റെ പൊതു എെക്യം ,നന്മ ,കാരുണ്യം തുടങ്ങിയ കാര്യങ്ങളിലൂന്നിയുളളതാണ്.....

രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് നാടിന്‍റെ വികസനത്തിനാണ്. മത സംഘടനകള്‍  പ്രവര്‍ത്തിക്കുന്നത് പരലോക രക്ഷക്ക് വേണ്ടിയാകുമ്പോള്‍ പ്രാധാന്യമര്‍ഹിക്കേണ്ടത് തന്നെ. പക്ഷേ പരസ്പരം കണ്ടു കൂടാ മിണ്ടിക്കൂടാ ഈ ചിന്താഗതി  നമുക്ക് ഇരു ലോകവും നഷ്ടപ്പെട്ടേക്കാം....

നമുക്കിടയില്‍ ഈ അതിര്‍ വരമ്പുകള്‍ തീര്‍ത്തതാര് ???
അനെെക്യത്തിന്‍റെ വിത്ത് പാകിയതാരാണ്???ഹൃദയങ്ങള്‍ തമ്മില്‍ അകലാന്‍ ആരാണ് കാരണക്കാര്‍???
വേണ്ട നമുക്ക്   ഇതൊന്നും...മനസ്സ് തുറന്ന് സ്നേഹിച്ചൂടെ...  നമുക്കാകണം...നാം നന്നാവണം.നമ്മുടെ സ്വന്തങ്ങളും നന്നാവണം.നമ്മുടെ നാടും നന്നാവണം.നമ്മുടെ സഹോദരങ്ങളും .......

ആ നന്മയുടെ വാഹകരായി  ലഹരിയെന്ന  തിന്മക്കെതിരെ നമുക്കൊന്നിക്കാം...നമ്മുടെ സഹോദരങ്ങള്‍ ഇതില്‍ നിന്നും മോചിരാകുന്നത് വരേക്കും........

ഒരു ലെെക്കോ കമന്‍റിനോ അല്ല ,മറിച്ച് ഈ സന്ദേശം എത്താനുളള ഉപാധിയായി സോഷ്യല്‍ മീഡിയയെ ആശ്രയിച്ചു എന്ന് മാത്രം.....

ലഹരിക്കെതിരെ കണക്റ്റിംഗ് പട്ള നടത്തുന്ന ധര്‍മ്മ സമരത്തില്‍ പങ്കാളികളാവുക